Header Ads

ജിഗ്‌സ പസ്സൽ :  ഇരുട്ടില്‍ ചൂട്ടു വെളിച്ചമാവുന്ന കഥകള്‍

#ഷാർളി ബെഞ്ചമിൻ

“ചില കഥകൾ  ചരിത്രത്തെ നിർമ്മിക്കുന്നു. എഴുതപ്പെട്ട ചരിത്രങ്ങൾ ആകട്ടെ കഥകളുടെ അത്രപോലും വിശ്വസിക്കാനാവാത്തതാകുന്നു”
ഹിസ് മാസ്റ്റേഴ്സ് വോയിസ് - കഥ  ( ജിഗ്സ പസ്സല്‍ - കഥാസമാഹാരം )


കഥകളുടെ  ചരിത്രനിര്‍മ്മിതി

പതിമൂന്ന്  കഥകളുടെ സമാഹാരമായ ജിഗ്‌സ പസ്സലിലെ ഒരു കഥയായ 'ഹിസ്
മാസ്റ്റേഴ്സ് വോയിസി'ലെ  കഥാപാത്രമായ ഭാസ്കരൻ പറഞ്ഞ വാക്കുകളാണ്
മുകളിൽ ചേര്‍ത്തത്. ചില കഥകൾ ചരിത്രമാകുമെങ്കിൽ ലോകസാഹിത്യത്തില്‍ നിന്ന്   കാമുവും കാഫ്കയും തുടങ്ങി  മേതിൽ രാധാകൃഷ്ണനടക്കമുള്ള മലയാളത്തിലെ തന്നെ മറ്റു പല കഥാകാരന്‍മാരും കഥകളുടെ ചരിത്രത്തെ തന്നെ മാറ്റി മറിച്ചവരാണ്.
 സാമ്പ്രിദായിക രീതികളോട് കലഹിക്കുകയും കഥപറച്ചലിന് മറ്റൊരു രീതി കണ്ടെത്തുവാൻ ശ്രമിക്കുകയും ചെയ്യുന്നു  ജിഗ്സ പസ്സലിലൂടെ  രാജേഷ്‌ ചിത്തിരയും ഈ സമാഹാരത്തില്‍. കവിതാ സമാഹാരമായ ഉളിപ്പേച്ചിന് മലയാളഭാഷയില്‍ നല്‍കപ്പെടുന്ന ഏറ്റവും മികച്ച അവാർഡുകളില്‍ ഒന്ന് – ഗലേറിയ ഗാലന്റ്റ് , യു.എ.ഇ – പ്രവാസി സാഹിത്യത്തിനു  ലഭിച്ച രാജേഷ്‌ ചിത്തിര കവിതയാണ്  കഥയെന്നു പറയാതെ പറയുന്നുണ്ട്. ആദിമദ്ധ്യാന്തമുള്ള  കഥകൾ വായിച്ചു രസിക്കാൻ കൊതിയുള്ളവർക്ക് ഈ പുസ്തകം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നേക്കാം.  ഒരു രസ (പൈങ്കിളി) വായനക്ക് പകരം  ഏറെ ഗൗരവമുള്ള, ഒരു പക്ഷെ ഏറെ സൂക്ഷ്മതയുള്ള വായന ഈ പുസ്തകത്തിലെ കഥകള്‍  ആവശ്യപ്പെടുന്നു. അത്തരം ഒരു വായനയിൽ തെളിഞ്ഞു വരുന്ന അവാച്യമായ അനുഭൂതി വേറിട്ടതാണ് എന്ന് പറയേണ്ടതില്ലല്ലോ. ചുരുക്കി പറയുന്നതിലെ കൗശലം കഥാകാരന്‍ നല്ല കൈയ്യടക്കത്തോടെ വശത്താക്കിയിരിക്കുന്നു എന്ന് ഈ സമാഹാരത്തിലെ കഥകള്‍ സാക്ഷ്യം പറയുന്നുണ്ട്. സുമിത്രയുടെ ഒരു പകല്‍ എന്ന കഥയിലെ മുത്തുമ്മ എന്ന സുഡാനിയെപ്പറ്റി ‘ചുരുട്ടി എറിയപ്പെട്ട പായപോലെ’  എന്ന് എഴുതുമ്പോള്‍ മൊത്തമായി ആ ജീവിതം അവിടെ വെളിപ്പെടുകയാണ്. ചെറിയ സൂചനകളിൽ ഏറെ പറയുന്ന രീതി കഥകളിൽ ഉടനീളം പ്രയോഗിച്ചിട്ടുണ്ട്.  ആസക്തികളുടെ ചതുപ്പുനിലങ്ങൾ എന്ന കഥയിൽ തമിഴത്തി പെണ്ണിനെ ബലാൽസംഗം ചെയ്യുന്നതും കൊലപ്പെടുത്തുന്നതും വിവരിച്ചിരിക്കുന്നത്  വെറും നാല് വാചകങ്ങളിലാണ് !  സൂചനകളിലൂടെ പൊരുൾ തിരിച്ചറിയാൻ കഴിയുന്നവർ വായനാനുഭൂതിയിലേക്കു കടക്കുമ്പോൾ  അല്ലാത്തവർ വെറും കാഴ്ചക്കാരായി മാറും. ദുർഗ്രാഹ്യത, വായനയുടെ ഒഴുക്ക് എന്നിവ ഈ സമാഹാരത്തിലെ ചില കഥകളിലെങ്കിലും  കുറ്റമായി വേണമെങ്കിൽ ചാർത്തിക്കൊടുക്കാം. എന്നാൽ കടുപ്പമുള്ള തോടിനുള്ളിലെ പരിപ്പിന് സ്വാദേറുമെന്നത് നിസ്തര്‍ക്കമാണല്ലോ.

മരീചം എന്ന കഥയിൽ ആദിവാസിയായ മാരി സംസാരിക്കുന്ന ഭാഷ  നഗരത്തിലെ
 അലക്കിത്തേച്ച ഭാഷയിൽ നിന്ന് വേറിട്ടു നിന്നു എന്ന് പറയുന്നുണ്ട്. ഇതുപോലെ കാവ്യഭാഷയിൽ നിന്നും  കുതറി മാറി ഗ്രാമ്യ ഭാഷയിലേക്ക് മാറാനുള്ള ശ്രമം ചിത്തിര  ചില കഥകളിൽ നടത്തുന്നു. ‘ ഗുലാം പെരിശ്, കൊന്ത , കൂദാശ’ എന്ന കഥ ഇതിന് ഉദാഹരണം.  “ കണ്ണ് തൊറന്ന് നോക്കിയപ്പോ  എന്നെ നോക്കിയങ്ങേരു ഒരു ചിരി പാസ്സാക്കി. ഞാനപ്പോ മൊത്തം കണ്ണങ്ങു തുറന്നേച്ചും എണീക്കാൻ നോക്കി. ചുറ്റുമുണ്ടല്ലോ കണ്ണിൽ കുത്ത്യാ അറിയാത്ത ഇരുട്ടാ …”  എന്നിങ്ങനെയുള്ള ഭാഗങ്ങളിൽ  അത് മിഴിവാർന്നു നിൽക്കുന്നു.

അശാന്തിയുടെ ബിംബകല്‍പ്പനകള്‍

ആധുനീക ലോകത്തെ സംബന്ധിച്ച  ഭീതിയും ആശങ്കകളും തന്റെയുള്ളില്‍ പടർന്നു കയറുമ്പോൾ കഥാകൃത്ത്‌ അതിനെ അക്ഷരങ്ങളിലൂടെ കഥാപരിസരങ്ങളുടെ ബാഹ്യലോകത്തേക്ക് അഴിച്ചുവിടുന്നു.  ഇവിടെയാണ് മുൻപ് പറഞ്ഞ ചരിത്ര നിർമ്മിതികൾ ഉണ്ടാകേണ്ടത്. കല കലക്ക് വേണ്ടി എന്ന് വാദിക്കുന്നവർക്കും കഥയിൽ ഗുണപാഠം  തിരയുന്ന ‘രാഷ്ട്രീയ’ വാദികൾക്കും അപ്പുറമാണ് മനുഷ്യ ജീവിതം എന്ന് ഇതിലെ ഓരോ കഥയും അടയാളപ്പെടുത്തുന്നു എന്ന് പറയാതെ വയ്യ.   ഗുണപാഠം പറഞ്ഞു അവസാനിപ്പിക്കുന്നപോലെ ലളിതമല്ല ജീവിതമെന്നാണ്  ഇതിലെ ഓരോ കഥാപാത്രങ്ങളുടെയും നിയോഗം വെളിപ്പെടുത്തുന്നത്. വര്‍ത്തമാന കാലത്തിന്റെ അശാന്തങ്ങളായ ബിംബകല്‍പ്പനകള്‍ വായനയിലുടനീളം അനുവാചകനെ വേട്ടയാടാന്‍ പോന്നതാണ്.

രതിയുടെ അഗ്നിസഞ്ചാരങ്ങള്‍

തീവിഴുങ്ങിപ്പക്ഷി എന്ന കഥയില്‍ ഒരു നാഗത്തെപ്പോലെ അഗ്നി വേഴ്ചയിലേർപ്പെടുന്ന  ശങ്കരൻ  വായനക്കാരന്റെ സിരകളിലും  അഗ്നി പടർത്തുന്നു. തീപ്പന്തങ്ങൾ കൊണ്ട് നൃത്തം ചെയ്യുന്ന ശങ്കരനും പിന്നീട് മകൻ ദത്തനും അടയിരിക്കാൻ തണുപ്പാവശ്യമുള്ള തീവിഴുങ്ങി പക്ഷികളാണെന്ന് പറയുമ്പോൾ അവിടെ പ്രകടമാകുന്നത് കാമാഗ്നിയാണ്‌.  പല  കഥകളിലും രതി ഒരു സൂചകമായോ പ്രകടമായോ കടന്നുവരുന്നുണ്ട് . അസംതൃപ്തമായ ഒരു മനുഷ്യാവസ്ഥയെ അടയാള വാക്യങ്ങളായി കാമം പല കഥകളിലും പ്രത്യക്ഷപ്പെടുന്നു. അരാന്തയുടെ ആത്‌മഹത്യാവൃത്താന്തം  എന്ന കഥയിൽ അരാന്തയുടെ കാമുകൻ, വിക്ടർ, സ്ത്രീ ശരീരത്തിന് പിന്നാലെ  ഭ്രാന്തമായി പായുന്നവനാണ്. ‘ആസക്തിയുടെ ചതുപ്പു നിലങ്ങളി’ലെയും ‘യാത്രാവസാന’ത്തിലെയും  നായകന്റെ അവസ്ഥയും ഇത് തന്നെ.  ഒരിടത്തു സ്വാസ്ഥ്യം തേടിയ അലച്ചിൽ തുടരുമ്പോൾ മറ്റൊരിടത്തു കാമുകിയാവട്ടെ ചിതറി തെറിച്ചു ഒരു ചുവന്ന രേഖയായി റോഡിന്റെ അനന്തതയിൽ അലിയുന്നു. ‘ആസക്തിയുടെ ചതുപ്പു നിലങ്ങളി’ലെ  നാല് പേജുകൾക്കുള്ളിൽ സ്വവർഗരതി ഉൾപ്പെടെ നാലു വേഴ്ചകൾ സംഭവിക്കുന്നുണ്ട്. എന്നിട്ടും  അശാന്തമായ മനസ്സുമായി ദാഹം തീരാതെ ഫണം വിടർത്തിയ കാമവുമായി അയാൾ അലഞ്ഞു നടക്കുന്നു. ഒരു കുഞ്ഞിനുവേണ്ടി തീവ്രമായി ആഗ്രഹിക്കുമ്പോഴും  ‘സുമിത്രയുടെ ഒരു പകലി’ൽ  അവളുടെ ശരീരം കാമിക്കുന്ന കാമുകനുണ്ട്. കുട്ടികൾക്കായി ദാഹിക്കുന്ന ജോസിലിനും സുമിത്രയും
 അസംതൃപ്തമായ മാതൃത്വത്തിന്റെ  വ്യത്യസ്ത ഉദാഹരണങ്ങളാണ്.

രാത്രിയുടെയും ഇരുട്ടിന്‍റെയും അധിനിവേശങ്ങള്‍ 

രാത്രിയും ഇരുട്ടുമാണ് ഈ സമാഹാരത്തിലെ കഥകളിൽ ആവർത്തിച്ചു വരുന്ന മറ്റൊരു അവസ്ഥാ വിശേഷം. ഒരു ചിത്രകാരനെപ്പോലെ ഇരുണ്ട കാൻവാസിൽ കഥാകാരന്‍  കഥാപാത്രങ്ങളെ കോറിയിടുന്നു.  ‘കിനാപ്പാറാവി’ ൽ കഥ നടക്കുന്നത്മു ഴുവൻ രാത്രിയാണ്. അരാജകമായ സമകാലീന സാഹചര്യങ്ങളിൽ നമുക്കുള്ളതൊക്കെ ഞൊടിയിടയിൽ നഷ്ടപ്പെടുന്നതിനെപറ്റി ഗൂർഖയായ പ്രതാപ് സിംഗിലൂടെയും  കഥപറയുന്ന ‘ഞാനി’ലൂടെയും കഥാകൃത്ത്  മുന്നറിയിപ്പ് നൽകുന്നു. “പുറത്തു ആരോ അട്ടി ഇറക്കി വെച്ചതുപോലെ ഇരുട്ടിന്റെ കെട്ടുകൾ“ (കിനാപ്പാറാവ്)  എന്നും പുറത്തു ആടയാഭരണങ്ങൾ അഴിച്ചുവെച്ച് നഗ്നമായ രാത്രി ഇരുട്ടിനെ പല കഷണങ്ങളായി മുറിച്ചു വെച്ച ജനാലയിലൂടെ എനിക്ക് മുന്നിൽ വെളിവായി ‘ ( ആസക്തിയുടെ ചതുപ്പു നിലങ്ങൾ ) എന്നും എഴുതാൻ ഒരു കവി മനസ്സിനേ കഴിയൂ. അരാന്തയുടെ ആത്മഹത്യാ വൃത്താന്തത്തിലും, തീവിഴുങ്ങി പക്ഷിയിലും  ഇരുട്ടും ദുസ്വപ്നങ്ങളും ആവർത്തിച്ചു വരുന്നു. ആസുരമായ ഈ കാലത്തിലെ അരക്ഷിതമായ അവസ്ഥയാണ് രാത്രിയിലൂടെ ചിത്തിര വരച്ചു കാട്ടുന്നത്. കൊടും കാട്ടിലൂടെ  ഇരുട്ടിലൊരു ചൂട്ടു കറ്റ തെളിച്ച്  നേരിനെ തിരയുന്ന ദൗത്യമാണ് അദ്ദേഹം ഇവിടെ ഏറ്റെടുത്തിരിക്കുന്നത്.

ആത്മാന്വേഷണങ്ങളും കഥകളിലെ സൂക്ഷ്മ രാഷ്ട്രീയവും

വ്യക്തികേന്ദ്രീകൃതമായ ആത്മാന്വേഷണങ്ങൾക്കപ്പുറം നാം അധിവസിക്കുന്ന സാമൂഹ്യാവസ്ഥയിലേക്ക് മാറുന്ന ചില കഥകൾ കൂടി 112 പേജുള്ള  ഈ സമാഹാരത്തിലുണ്ട്. രാഷ്ട്രീയ കഥകൾ എന്ന് വിശാലമായ അർത്ഥത്തിൽ പറയാവുന്നവയാണിത്.  ‘18  Tir’  പറയുന്നത് ഇറാനിലെ ജനത നേരിടുന്ന സ്വത പ്രതിസന്ധിയാണ്.  1999 ജൂലൈ  18 ന് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ചും  രാജ്യത്തെ അടിച്ചമർത്തലിനെക്കുറിച്ചും പറയാൻ ഫാത്തിമയുടെ മുടി മുറിക്കുന്ന ഉചിതമായ ദൃശ്യമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ജനങ്ങളെ അടിച്ചമർത്താൻ ഫാസിസ്റ്റ് രീതികൾ സ്വീകരിക്കുന്ന എല്ലാ രാഷ്ട്രങ്ങളുടെയും പൊതു സൂചകമായി ഇതിനെ കാണാം. ‘കിനാപ്പാറാവി’ൽ അരക്ഷിതമായ സാമൂഹ്യ ക്രമത്തിൽ വ്യക്തികൾ കാലിനടിയിൽപ്പെട്ട  പുഴുക്കളെപ്പോലെ ഞെരിഞ്ഞമർന്നു പോകുന്നുവെങ്കില്‍ ’ഹിസ് മാസ്റ്റേഴ്സ് വോയിസി’ൽ  അടിമുടി രാഷ്ട്രീയമാണ്. ഭാസ്കരൻ ഈ കഥയില്‍ ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ്. ‘മാരീച’ത്തിൽ ആദിവാസികളെ എങ്ങനെ പാർശ്വവത്കരിക്കുകയും അവരില്‍  തീവ്രവാദത്തിന്റെ ചാപ്പ കുത്തുന്നത് എങ്ങനെയെന്നും എന്നും ചില സൂചനകളിലൂടെ വിശദമാക്കുന്നു. ഭരണകൂടത്തിന്റെ ഇരകളാകാൻ വിധിക്കപ്പെട്ടവരുടെ  അവസ്ഥ വിവരിക്കുന്ന കഥയാണിത്. ജിഗ്‌സ പസ്സലിൽ  എത്തുമ്പോഴേക്ക് ഭരണകൂട ഭീകരത അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നു. രാജ്യം വിട്ട് പലായനം ചെയ്യേണ്ടിവരുന്നവർ മാനം വിൽക്കേണ്ടി വരുന്നതും ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാകേണ്ടി വരുന്നതുമാണ് കഥാതന്തു. ഈ സമാഹാരത്തിലെ മികച്ച കഥകളിലൊന്നാണിത്. ചില കഥകളിൽ കഥാകാരന്‍ വാക്കുകൾ കൊണ്ട് വരച്ചിട്ടിരിക്കുന്ന ബിംബങ്ങൾ വായന കഴിഞ്ഞിട്ടും നമ്മോടൊപ്പം കൂടും . ശങ്കരൻ  അഗ്നി വേഴ്ചയിൽ ഏർപ്പെട്ടു (തീവിഴുങ്ങിപ്പക്ഷി) എന്ന് പറയുമ്പോഴും  ‘നല്ല  ചൂടത്ത്‌

മൂടിപുതച്ചു കിടന്നു നീരാവി ചികിത്സ ചെയ്തോണ്ടിരുന്ന ഓട്ടോ “ (ഗുലാം പെരിശ് ) എന്ന് പറയുമ്പോഴും ഒരു ചലച്ചിത്രത്തിലെന്നോണം നമുക്ക് കാഴ്ച്ചകൾ കാണാനാവുന്നു. കാലദേശങ്ങൾക്ക് അതീതമായ, ഒരു സാര്‍വലൌകികമായ അടിത്തറയില്‍ നിൽക്കുന്നതാണ് ചിത്തിരയുടെ കഥകൾ. 

ഭയവും, ആസക്തിയും  ( ആസക്തിയുടെ ചതുപ്പു നിലങ്ങൾ എന്നൊരു കഥ തന്നെയുണ്ട് ഈ സമാഹാരത്തില്‍ ),കാമവും, ഇരുട്ടും ഒക്കെ നിറഞ്ഞ കഥകൾ വായിച്ചു കഴിയുമ്പോൾ ഈ കാലഘട്ടത്തെക്കുറിച്ച് ആശങ്കയുള്ളവർ ഒരു നെടുവീർപ്പെങ്കിലും ഉതിർക്കും. ചെറു തീപ്പൊരികൾ അത്തരം നിശ്വാസങ്ങളിൽ നിന്നാണ് അഗ്‌നിജ്വാലകളായി പടർന്നു കയറുന്നത്. പ്രമുഖ കഥാകൃത്ത്‌ പി ജെ ജെ ആന്റണി, നിധിന്‍ വി.എന്‍ തുടങ്ങിയവരുടെ കുറിപ്പുകളും നിഹാരിക യുടെ ചിത്രങ്ങളും ഈ പുസ്തകത്തിലെ കഥകളോട് ഏറെ ചേര്‍ന്ന് നില്‍ക്കുണ്ട്. ലോഗോസ് ബുക്ക്സ് ആണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍.
Powered by Blogger.