Header Ads

പരിഹാസങ്ങള്‍ക്ക് നേരെയുള്ള ചോദ്യങ്ങളും രാഹുലിന്റെ നേതൃത്വവും


എഡിറ്റോറിയല്‍


രാഹുല്‍ ഗാന്ധി ഉടന്‍ തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കും. സോണിയ ഗാന്ധി ആ തീരുമാനം അറിയിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിരന്തരമായ ആവശ്യം അംഗീകരിക്കപ്പെടാന്‍ പോവുകയാണ്. 131 വർഷം പഴക്കമുള്ള കോൺഗ്രസ്സിന്റെ തലപ്പത്തേക്ക് യുവാവായ രാഹുല്‍ഗാന്ധിയുടെ കടന്ന് വരവ് ഇന്ത്യയില്‍ തകര്‍ന്ന് കിടക്കുന്ന കോണ്‍ഗ്രസിന് ഒരല്പമെങ്കിലും ആശ്വാസമാവുമെന്ന് തന്നെ കരുതാം. രാജ്യം കാവിവത്കരിക്കപ്പെടുമ്പോള്‍, ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ വൈകിയെങ്കിലുമുണ്ടാവുന്ന ഈ മാറ്റം ഇന്ത്യയിലെ ജനാധിപത്യവിശ്വാസികള്‍ക്കെങ്കിലും സന്തോഷം പകരുന്നത് തന്നെയാണ്.

നെഹ്രു-ഗാന്ധി കുടുംബത്തിലെ ഏക അംഗം എന്ന നിലയില്‍ 2004-ൽ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുന്നതിന് വേണ്ടി വര്‍ഷങ്ങളോളം കോണ്‍ഗ്രസിനെ നയിച്ച സോണിയാഗാന്ധിക്ക് രാഹുല്‍ ഗാന്ധിയിലേക്ക് അധികാരം കൈമാറാനുള്ള തീരുമാനമെടുക്കാന്‍ നീണ്ട കാലത്തെ ആലോചന വേണ്ടി വന്നു. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ശക്തയായ രാഷ്ട്രീയ മുഖം എന്ന് സോണിയയെ ലോകം വാഴ്ത്തിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഈ ഒരു തീരുമാനത്തിലെത്താനുള്ള ആലോചനകള്‍ ഒട്ടേറെ തവണ ചര്‍ച്ചയാക്കപ്പെട്ടപ്പോഴൊക്കെ ഒന്നുകില്‍ രാഹുല്‍ ഗാന്ധി സ്വമേധയാ ഒഴിഞ്ഞ് നിന്നു, അല്ലെങ്കില്‍ പാര്‍ട്ടിയിലെ ചില പക്ഷങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കാലം പിന്നീട് പ്രിയങ്കയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിത്തുടങ്ങി. നിശബ്ദനാവുകയോ, നിരന്തരം പോരാടേണ്ട അവസരങ്ങളില്‍ രാജ്യം വിട്ട് പോവുകയോ ചെയ്തിരുന്ന രാഹുല്‍ ഗാന്ധിയേക്കാള്‍ കോണ്‍ഗ്രസിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്നവര്‍ പോലും പ്രിയങ്ക എന്ന പേരിനോട് താത്പര്യം കാണിച്ചു തുടങ്ങി.

244 സീറ്റുകള്‍ നേടിയ 1991ന് ശേഷം 2009ല്‍ 206 സീറ്റുകളുടെ വലിയ ഭൂരിപക്ഷം ലഭിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 2014 ൽ 44 സീറ്റുകളിലേക്കായിരുന്നു ചുരുങ്ങിപ്പോയത്. സോണിയാ ഗാന്ധി എന്ന ടൈം മാസഗസിന്‍ വാഴ്ത്തിയ ഇന്ത്യയിലെ കരുത്തയായ വനിതയ്ക്ക് ആ തെരെഞ്ഞെടുപ്പില്‍ അടിപതറി. കൂടെ നിന്നവരെല്ലാം അഴിമതിയുടെ കയങ്ങളിലേക്ക് എടുത്തുചാടിയപ്പോള്‍ പ്രതികരിക്കാനാവാതെ പോയതാണ് അവര്‍ക്ക് വിനയായത്. അഴിമതിവിരുദ്ധ ഇന്ത്യയെന്ന മുദ്രാവാക്യം അണ്ണാ ഹസാരെ എന്ന അഭിനവ ഗാന്ധിയിലൂടെ സംഘപരിവാര്‍ ഏറ്റെടുത്തപ്പോള്‍ എതിര്‍ടീമില്ലാത്ത കളിക്കളമാണ് അന്ന് ബി ജെ പിക്ക് ലഭിച്ചത്. അവരത് ഭംഗിയായി ഉപയോഗിക്കുകയും ചെയ്തു.

ഇന്നത്തെ വര്‍ത്തമാനസാഹചര്യം കോണ്‍ഗ്രസിന് പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നുണ്ട്. മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധതയ്ക്ക് കിട്ടിയ അടിയായിപ്പോയി ജയ് ഷായ്ക്കെതിരെയുള്ള ആരോപണങ്ങള്‍. അതോടൊപ്പം കറന്‍സി നിരോധനവും, തയ്യാറെടുപ്പില്ലാതെ നടപ്പിലാക്കിയ ജി എസ് ടിയും സര്‍ക്കാരിനെതിരായ ആയുധമായി വന്നു. പല സംസ്ഥാനങ്ങളിലും സംഘപരിവാറിനൊപ്പം നിന്നിരുന്നവര്‍ വിഘടിച്ച് തുടങ്ങി. പ്രത്യക്ഷമായി ആളുകള്‍ സര്‍ക്കാരിനെതിരായി രംഗത്ത് വന്നു. ഒപ്പമുണ്ടായിരുന്ന യശ്വന്ത് സിന്‍ഹയും അരുന്‍ ഷൂരിയുമെല്ലാം നിരന്തരം സര്‍ക്കാരിനെതിരെ വാക്പോരുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

ഈ അവസരത്തിലാണ് രാഹുല്‍ ഗാന്ധി എന്ന ചെറുപ്പക്കാരന് കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടി വരുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ഉയര്‍ത്തിക്കാണിക്കാന്‍ തക്ക പക്വമതിയായിക്കഴിഞ്ഞിരിക്കുന്നു ഇപ്പോള്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിനെതിരെയുള്ള തുടര്‍ച്ചയായ പ്രസ്താവനകള്‍ അത് വെളിവാക്കുന്നുണ്ട്. പഴയ പോലെ ബി ജെ പിക്ക് അവഗണിക്കാനാവാത്ത, നിരന്തരം മറുപടി നല്‍കേണ്ടിവരുന്ന ഒരു തലത്തിലേക്ക് എതിരാളികളുടെ 'പപ്പുമോന്‍' വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.

കോണ്‍ഗ്രസ് എന്ന സങ്കീര്‍ണമായ രാഷ്ട്രീയബോധത്തിന്റെ ഉള്ളറകള്‍ മനസിലാക്കാന്‍ രാഹുല്‍ എന്ന വ്യക്തിയ്ക്ക് സാധിക്കുമോ എന്നുള്ളതാണ് ഇനി ഇന്ത്യന്‍ ജനാധിപത്യവിശ്വാസികള്‍ ഉറ്റുനോക്കുന്നത്. പല സംസ്ഥാനങ്ങളിലും സംഘടനയ്ക്കപ്പുറത്ത്, പല നേതാക്കളുടെ കയ്യിലാണിപ്പോള്‍ പാര്‍ട്ടി. അതിനെ എങ്ങനെ കൈകാര്യം ചെയ്യാനാണ് രാഹുലിന് സാധിക്കുക എന്ന് വീക്ഷിക്കേണ്ടതുണ്ട്. മൃദുഹിന്ദ്വത്വത്തില്‍ നിലനില്‍ക്കുന്ന, ജനാധിപത്യപരമായ നിലപാട് തീവ്വ്രദേശീയതയുടെ കാലത്ത് എങ്ങനെ രാഷ്ട്രീയത്തില്‍ പ്രായോഗികവത്കരിക്കപ്പെടും എന്നാണ് ഇനി നാം കാണാനിരിക്കുന്നത്. നിരന്തരം സംവാദസാധ്യതകള്‍ തുറന്നിടുമ്പോഴും രാഹുലിനെ വ്യക്തിപരമായി കടന്നാക്രമിക്കുകയും, രാഹുല്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയുമാണ് ബി ജെ പി ചെയ്യുന്നതെങ്കില്‍ തീര്‍ച്ചയായും രാഹുല്‍ ഗാന്ധി എന്ന യുവനേതാവിന്റെ വളര്‍ച്ച ഇന്ത്യന്‍ രാഷ്ട്രീയം കാണാന്‍ പോവുന്നതേയുള്ളൂ.

അമേരിക്കയിലെ സന്ദര്‍ശനവേളയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോള്‍ ഇതുവരെ കാണാത്തെ ഒരു രാഹുലിനെ ആയിരുന്നു നാം കണ്ടത്. തന്റെ രാഷ്ട്രീയ എതിരാളിയെ വ്യക്തിപരമായി എതിരിടാതെ, തീര്‍ത്തും രാഷ്ട്രീയമായി തന്നെ അദ്ദേഹം വിമര്‍ശിച്ചു. മോദി തന്റെയും പ്രധാനമന്ത്രിയാണെന്ന് പറഞ്ഞ്, നോട്ടുനിരോധനത്തെയും ജി എസ് ടിയെയും കൃത്യമായ കണക്കുകളാല്‍ ചോദ്യം ചെയ്തു. അതിന് മുമ്പ് ബാഗ്ലൂരിലെ ഒരു യൂണിവേഴ്സിറ്റിയില്‍ ആയിരുന്നു അദ്ദേഹം ഇതുപോലെ സംസാരിച്ചത്. എപ്പോഴും വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ അദ്ദേഹം തയ്യാറാവുന്നു. അവരെ കേള്‍ക്കുന്നു.

അതുകൊണ്ടൊക്കെത്തന്നെയാണ് ഇതില്‍ നിന്നെല്ലാം മാറി, റേഡിയോയിലൂടെ മാത്രം ജനങ്ങളെ അഭിസംബോധന ചെയ്യുകയും, അര്‍ദ്ധരാത്രികളില്‍ ജനങ്ങളെ ഞെട്ടിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാനമന്ത്രിയ്ക്ക് ഇക്കാലമത്രയും പരിഹസിച്ച ആ ചെറുപ്പക്കാരനെ നേരിടാനാവാതെ പോവുന്നതും. വാജ്പേയി എന്ന മനുഷ്യന്‍ പരാജയപ്പെട്ടത് അന്ന് ഉയര്‍ന്നുവന്ന ഒരു പ്രതിപക്ഷ ഐക്യത്തിന്റെ ഫലമായിട്ടായിരുന്നു എന്ന് ഓര്‍ക്കേണ്ട സമയമാണിപ്പോള്‍. അടുത്ത പത്ത് വര്‍ഷം എതിരാളികളില്ലാതെ ഭരിക്കാമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് ഒരു മത്സരം വരുന്നതിന്റെ അസ്വസ്ഥത തുടങ്ങിയിരിക്കുന്നു. ഗുജറാത്തില്‍ അത് പ്രകടമായി തന്നെ കാണാനുമുണ്ട്.

സോണിയ കളിക്കളത്തില്‍ നിന്ന് ഇനി മാറുകയാണ്. ഫുട്ബോള്‍ മത്സരത്തിനിടയ്ക്ക് പരിക്കേറ്റ കളിക്കാരനെ പിന്‍വലിച്ച് ഊര്‍ജ്ജസ്വലനായ കളിക്കാരനെ കളത്തിലേക്കിറക്കുന്ന പോലെ കളിയുടെ നിയന്ത്രണം രാഹുലിലേക്ക് വന്നിരിക്കുന്നു. വിദേശ പൗരത്വം, കത്തോലിക്ക് പാരമ്പര്യം, ബോഫേഴ്സ് എന്നിങ്ങനെ വ്യക്തിപരമായുയര്‍ന്ന രാഷ്ട്രീയ വിലക്കുകളെ അതിജീവിച്ച് നീണ്ട കാലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിച്ച അമ്മയുടെ മകന് എന്ത് ചെയ്യാനാവും എന്നതാണ് ഇനി രാഷ്ട്രീയലോകം ഉറ്റുനോക്കുന്നത്.

Powered by Blogger.