Header Ads

പുതുയുദ്ധങ്ങളുടെയും പുതുസ്വപ്നങ്ങളുടെയും പുല്‍മൈതാനങ്ങള്‍


#നിതിന്‍ ബാലന്‍

ആദ്യമായി ഫിഫ അണ്ടര്‍ 17 ലോകകപ്പിന് ഇന്ത്യ ആതിഥ്യമരുളുമ്പോള്‍ ഫുട്ബോള്‍ ലോകം കാണാന്‍ കാത്തിരിക്കുന്ന കളിക്കാരെ കുറിച്ച് നിതിന്‍ ബാലന്‍ എഴുതുന്നു

90 മിനുട്ടിന്റെ ജീവിതമാണത്. സ്വപ്നവും പ്രണയവും എല്ലാമുള്ള ജീവിതം. വെറുമൊരു കളി എന്നതിനേക്കാൾ സ്വീകാര്യതയുണ്ട് ഫുട്‌ബോളിന്. ഫുട്ബോളിനോടുള്ള അഭിനിവേശം മത്സര ഇനമായിരുന്നെങ്കിൽ ഒട്ടും പിന്നിൽ അല്ലാതെ എത്തപ്പെടേണ്ട ഒരു രാജ്യമാണ് ഇന്ത്യ. ക്രിക്കറ്റിന്റെ അപ്രമാധിത്വത്തിലും ഇന്ത്യയുടെ ഫുട്ബോൾ പ്രണയം ഏറെ പ്രശസ്തമാണെന്നതാണ് വസ്തുത. ഫുട്ബോൾ ലോകത്തെ ഉറങ്ങുന്ന ഭീമൻ ആണ് ഇന്ത്യ എന്ന് കളിയെഴുത്തുക്കാരും ഭരണകർത്താക്കളും വിശേഷിപ്പിച്ചതും അത് കൊണ്ടൊക്കെത്തന്നെയാണ്. നാനാത്വത്തിന്റെ ഘടക വിസ്താരം കൊണ്ട് എന്നും വിഭജിക്കപ്പെട്ട ഇന്ത്യൻ ജനതയ്ക്ക് കായിക വിനോദങ്ങളാൽ നേടിയെടുക്കാൻ ആയ ഏകത്വത്തത്തിന് എക്കാലത്തും ചൂണ്ടിക്കാണിക്കാനുള്ള വലിയ മൂല്യമുണ്ട്.

ഇന്ത്യയിൽ ഒരിക്കലും രക്ഷപ്പെടാൻ സാധ്യത ഇല്ലെന്ന് കല്പിക്കപ്പെട്ട ഫുട്ബോൾ ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഇന്ത്യയിൽ ഫുട്‌ബോളിന് ഉണ്ടായ വളർച്ച ഏറെ പ്രശംസനീയം തന്നെയാണ്. നിഷ്കളങ്കബാല്യം മുതല്‍ പൌരുഷത്തിന്റെ പക്വത നേടിയവർ വരെ ഇന്ത്യയുടെ ഫുട്ബോൾ സ്വപ്നങ്ങൾക്കൊപ്പം പറന്നു തുടങ്ങിയിരിക്കുന്നു. ഈ സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്തേക്കാൻ ചെറുതല്ലാത്ത ഒരാവേശം കൂടി എത്തിച്ചേർന്നിരിക്കുകയാണ്.

കൗമാര ലോകകപ്പിന് പന്തുരുളാൻ മണിക്കൂറുകൾ മാത്രം ബാക്കി. ഫിഫ ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങി കേൾക്കുക എന്ന സ്വപ്നത്തിന് 87 വർഷത്തെ ലോകകപ്പ് ചരിത്രത്തിന്റെ തന്നെ പ്രായം ഉണ്ടാകും. എല്ലാ കാത്തിരിപ്പിനും വിരാമം ഇട്ടുകൊണ്ടു ആ സുദിനത്തെ എതിരേക്കാൻ പുരുഷാരം വരുന്ന ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.

ഇന്ത്യൻ ഫുട്‌ബോളിന് അന്തർദേശീയ തലത്തിലെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കാൻ ഈ ലോകകപ്പിന് സാധിക്കും എന്നതിൽ യാതൊരു തര്‍ക്കവുമില്ല. വെറുമൊരു കൗമാര ലോകകപ്പ് എന്ന പേരില്‍ ഇതിന്റെ മാറ്റളക്കേണ്ടതുമില്ല.

നിർമ്മാണാത്മകമായ മനസാനിധ്യവും ദ്രുത ചലനങ്ങൾ കൊണ്ട് നിറഞ്ഞ കളിയഴകും സമർത്ഥമായ പന്തടക്കവും ഒത്തുചേർത്ത്, വിശിഷ്ടമായ കളിയഴക് കൊണ്ട് ലോകത്തെ കോടാനു കോടി ജനങ്ങളുടെ ഹൃദയത്തെ കീഴടക്കിയ ഇതിഹാസങ്ങൾ പലരും തങ്ങളുടെ വരവ് അറിയിച്ചത് കൗമാര ലോകകപ്പിലൂടെ തന്നെ ആയിരുന്നു. ലോകത്തിലെ എണ്ണിയാൽ ഒടുങ്ങാത്ത ഫുട്ബോൾ പ്രേമികൾ ഇനി ഇന്ത്യയിലേക്ക് കണ്ണും നട്ട് ഇരിക്കുന്നത് നാളെയുടെ താരങ്ങൾ ആയേക്കാവുന്ന ചെറുപ്പക്കാരുടെ പ്രകടനങ്ങൾ വിലയിരുത്താൻ വേണ്ടിത്തന്നെയാണ്.

തുകൽ പന്തിനെ തഴുകിയുണർത്തി, ചോരത്തിളപ്പോടെ ഗാലറികളിൽ ആഘോഷം നിറക്കുന്ന യുവതാരങ്ങളുടെ താരോദയങ്ങള്‍ക്കായി അക്ഷമരായി കാത്തിരിക്കുന്നവർ അനവധിയാണ്. ഇതിൽ കല്പിക്കപ്പെട്ട പ്രതീക്ഷയുടെ പ്രകടനം കാഴ്ച വെക്കുന്നവർ ഉണ്ടാകും, നിരാശയുടെ കയ്പ്പുനീർ കുടിച്ചവരുണ്ടാകും. ഇതിനു രണ്ടിനുമിടയിൽ അപ്രതീക്ഷിതമായ ഉദിച്ചുയരുലകൾ ഉണ്ടാകും. പുൽ മൈതാനിയിൽ ആദ്യ വിസിൽ ഉയരുന്നതിന് മുൻപ്  നാളെയുടെ ഇതിഹാസങ്ങൾ ആയേക്കാവുന്ന കൗമാര പ്രതിഭകൾ ആരെല്ലാം ആകുമെന്നതാണ് ഫുട്ബോള്‍ ലോകം ഉറ്റ് നോക്കുന്നത്.

ആബേൽ റൂയിസ്പ്രഭാപൂരിതങ്ങളായ അനവധി ഇതിഹാസങ്ങളെ വാർത്തെടുത്ത ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിൽ നിന്ന് വരുന്ന ആബേൽ റൂയിസ്. ലാ മാസിയയുടെ ഉത്പന്നം എന്നത് മാത്രം മതി അയാളുടെ കഴിവ് എന്തെന്ന് വിലയിരുത്താന്‍. തികഞ്ഞ പന്തടക്കത്തോടെ നേടുന്ന ഗോളുകളാണ് റൂയിസിനെ വേറിട്ട് നിർത്തുന്നത്. മികച്ച നായകപടവം ഉള്ള റൂയിസിന്റെ മികവിൽ സ്‌പെയിൻ നാഷണൽ ടീം ഈ വര്‍ഷം നേടിയ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് അവർക്ക് നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല. ബാഴ്‌സാ ഉത്പന്നം ആണെങ്കിലും റൂയിസിന് പിറകെ ഇപ്പോൾ തന്നെ വമ്പൻ ക്ലബുകൾ കൂടിയിട്ടുണ്ട് എന്നത് തന്നെ അയാളിലെ കഴിവുകളിൽ എത്രത്തോളം പ്രതീക്ഷ വെക്കാം എന്നതിന് തെളിവ് ആണ്.

അമിനെ ഗൗയിരി


നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും വമ്പൻ ശക്തികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഫ്രഞ്ച് സീനിയർ ടീമിന്റെ കൗമാര ടീമിന് കരുത്തേകുന്ന ചെറുപ്പക്കാരിൽ പ്രമുഖൻ അമിനെ ഗൗയിരി ആയിരിക്കും. ഒളിമ്പിയാക്കോസ് U-17 ടീമിന് വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന അമിനെ എതിരാളിക്കോട്ടയിൽ വിള്ളൽ വീഴ്ത്തും എന്നത് തീർച്ച. ക്വാളിഫയിങ് മത്സരങ്ങളിൽ മാൻ-റ്റു-മാൻ മർക്കിങ്ങിന് ഇടയിലൂടെയും അസിസ്റ്റുകൾക്കൊണ്ടും ഗോൾ നേടിയും ഗൗയിരി കാണികളുടെയും കളിയെഴുത്തുകാരുടേയും പ്രശംസ പറ്റിയിരുന്നു.

ജോഹ് സർജന്റ്


കൗമാരകാർക്കിടയിൽ ഉയർന്നു കേൾക്കുന്ന മറ്റൊരു പേരാണ് ജോഹ് സർജന്റ് എന്ന അമേരിക്കൻ മുന്നേറ്റനിര താരം. വലിയ ഫുട്‌ബോൾ പാരമ്പര്യം അവകാശപ്പെടാൻ അമേരിക്കക്ക് ആവില്ലെങ്കിലും അമേരിക്കയിൽ ഫുട്‌ബോൾ ഏറെ പ്രീതി നേടിക്കൊണ്ടിരിക്കുന്ന സാഹചര്യം ആണ് ഇപ്പോഴുള്ളത്. ഡ്രിബ്ലിങ്ങ് മികവ് കൊണ്ട് ഗോൾ നേടുന്ന സർജന്റ് U-20 ലോകകപ്പിൽ ഇപ്പോഴേ അമേരിക്കക്കു വേണ്ടി അങ്കത്തിനിറങ്ങി.  ക്വാട്ടറിൽ തോറ്റ് പുറത്തായി എങ്കിലും 2 ഗോൾ നേടാനായ ജോഹ് ന് പിന്നാലെയും വമ്പൻ ക്ലബുകൾ ഉണ്ട്.

യൂസഫ് കൊയ്റ്റ


കണ്ടിരിക്കേണ്ട മറ്റൊരു പ്രതിഭ യൂസഫ് കൊയ്റ്റ എന്ന മാലി ഗോൾ കീപ്പർ ആണ്. ഫുട്ബോൾ പ്രേമികളുടെ ഇടയിൽ ഇതിനോടകം കൊയ്റ്റ പേരെടുത്തു കഴിഞ്ഞു. U-17 ആഫ്രിക്കന്‍ നേഷൻസ് കപ്പിൽ മാലിയെ ജേതാക്കളാക്കുന്നതിൽ കൊയ്റ്റ വലിയ പങ്ക് വഹിച്ചിരുന്നു. യോഗ്യത മത്സരങ്ങളിൽ മിക്കതിലും ക്ളീൻ ഷീറ്റ് വഴങ്ങിയ കൊയ്റ്റയെ കീഴ്പ്പെടുത്താൻ എതിർ ടീമിന് ഏറെ പരിശ്രമിക്കേണ്ടി വരുമെന്ന് തീര്‍ച്ച.

ബ്രിക്ക്സ് U-17 മത്സരത്തിൽ സാക്ഷാൽ കാനറികൂട്ടത്തിന്റെ വല കുലുക്കിയ കോമൾ തട്ടൽ ആണ് ഇന്ത്യയുടെ പ്രതീക്ഷ. മെക്സിക്കോയുടെ ജയ്‌റോ ടോറസ് ഇന്ത്യയുടെ സ്വന്തം അനിങ്കേത് യാദവ് ഇറാഖി ഫോർവേഡ് ദാവൂദ് തുടങ്ങി വിശേഷണങ്ങൾ ആവശ്യം ഇല്ലാത്ത മഹാ പ്രതിഭകൾ അനവധിയാണ്. എണ്ണിയാൽ ഒടുങ്ങാത്ത മഹാ പ്രതിഭകളുടെ സംഗമ വേദിയാവുകയാണ് ഈ കൗമാര ലോകകപ്പും. വിനീഷ്യസ് ജൂനിയർ എന്ന സൂപ്പർ താരത്തിന്റെ അഭാവം ബ്രസീൽ ആരാധകർക്കൊപ്പം ഓരോ ഫുട്ബോൾ പ്രേമിയുടെയും നഷ്ടമാണെന്നത് തീർച്ചയാണ്. എങ്കിലും ഒരാളുടെ അഭാവത്തിൽ അയാളോടൊപ്പം കിടപിടിക്കുന്ന, ഒരുപക്ഷേ അയാളെക്കാൾ കഴിവുള്ള പ്രതിഭകൾ എന്നും ഫുട്‌ബോൾ ലോകത്ത് ഉദിച്ചുയർന്നിട്ടുണ്ട്.
   
ഇനിയുള്ള ഓരോ ദിനവും ജനസംഖ്യ നിരക്കിൽ രണ്ടാമതുള്ള ഇന്ത്യക്ക് ചരിത്രം ആണ്. എന്നും തഴയപ്പെട്ട കായിക ഇനത്തിന് ഉദിച്ചുയർന്നു പൊങ്ങാനുള്ള അവസരമാണ്. ഇന്ത്യയുടെ സ്വപ്നങ്ങൾ ചിറകടിച്ചുയർന്നുയർന്നു പറക്കട്ടെ.  ഒപ്പം റൊണാള്‍ഡീന്യോയും ഫിഗോയും ക്രൂസും തുടങ്ങി നിലവിലെ അനേകം ഇതിഹാസങ്ങൾ തിളങ്ങി തെളിഞ്ഞ ഇടത്ത് ഈ യുവാക്കാൾക്കും തിളങ്ങി പയറ്റി തെളിയാനാവട്ടെ.

ഇത് നല്ലൊരു തുടക്കം ആണ് ഇവിടെ നിങ്ങളുടെ വിജയത്തെ ആഘോഷമാക്കാൻ, എല്ലാം മറന്നു നിങ്ങള്‍ക്കൊപ്പം ആവേശത്തിന്റെ കൊടുമുടികള്‍ താണ്ടാന്‍ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന ഒരു ജനത നിങ്ങളോടൊപ്പം തന്നെയുണ്ട്.

Powered by Blogger.