Header Ads

ഞങ്ങള്‍ വെല്ലുവിളിക്കുകയാണ്, ആ സ്റ്റോറികളുടെ പട്ടിക പുറത്ത് വിടാന്‍ ഡോ:സെബാസ്റ്റ്യന്‍ പോള്‍ തയ്യാറാണോ?

#എന്‍.കെ.ഭൂപേഷ് / വിനീത് രാജന്‍

സൗത്ത് ലൈവില്‍ നിന്ന് രാജി വച്ച് പുറത്ത് പോയ എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.കെ.ഭൂപേഷ് സെബാസ്റ്റ്യന്‍ പോളിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നു.

പല തവണ നിങ്ങളുടെ വാദങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞതാണ്. ഇപ്പോഴും ഈ പ്രതികരണത്തില്‍ പ്രസക്തിയുണ്ട് എന്ന് കരുതുന്നുണ്ടോ? 

സൗത്ത് ലൈവുമായി ബന്ധപ്പെട്ട് അതിന്റെ ചീഫ് എഡിറ്റര്‍ പദവിയിലിരിക്കുന്ന സെബാസ്റ്റ്യന്‍ പോള്‍ പല മാധ്യമങ്ങളിലുമായി അസത്യങ്ങളും, അര്‍ദ്ധസത്യങ്ങളും പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പതിനാല് മാധ്യമപ്രവര്‍ത്തകരാണ് സൗത്ത് ലൈവില്‍ നിന്ന് ചീഫ് എഡിറ്റര്‍ എഴുതിയ ഒരു ലേഖനത്തിന്റെ പേരില്‍ പുറത്ത് പോയിരിക്കുന്നത്. സാങ്കേതികമായി രാജിക്കത്ത് നല്‍കി പിരിഞ്ഞ് പോയതാണെങ്കിലും പുറത്താക്കപ്പെട്ടത് എന്ന പ്രയോഗമാണ് ഇവിടെ കൂടുതല്‍ പ്രസക്തം. അതിലേക്ക് നമുക്ക് പിന്നീട് വരാം. മനോരമ ചാനലിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലും, തൊട്ടടുത്ത ദിവസം നാലാമിടം എന്ന പോര്‍ട്ടലിലും സൗത്ത് ലൈവിലെ ഞാനടക്കമുള്ള പതിനാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തീര്‍ത്തും നിരുത്തരവാദപരമായ, ദുസ്സൂചനകള്‍ നല്‍കിക്കൊണ്ടുള്ള ആരോപണങ്ങളാണ് അദ്ദേഹമിപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. അതിന് മറുപടി പറയാതിരിക്കുക വയ്യ. ഞങ്ങളില്‍ ഓരോരുത്തരും ന്യൂസ് റൂമില്‍ നടന്ന സംഭവങ്ങള്‍ ഫേസ്ബുക്കില്‍ പലതവണ, പലപ്പോഴായി എഴുതിയിട്ടുണ്ട്. ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിനുള്ള മറുപടികളൊന്നും അദ്ദേഹത്തില്‍ നിന്ന് ഇല്ലെന്ന് മാത്രമല്ല, പുതുതായി ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കുകയാണ്. ഞങ്ങളുടെ നിലപാടുകളില്‍ സംശയം ജനിപ്പിക്കുന്നതായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുമ്പോള്‍ പലതും തുറന്ന് പറയാതിരിക്കാനാവില്ല. ഭേദപ്പെട്ട സേവനവേതന വ്യവസ്ഥകളെല്ലാം ഇട്ടെറിഞ്ഞ് സൗത്ത് ലൈവില്‍ നിന്ന് പടിയിറങ്ങിപ്പോന്നത് ഉറച്ച നിലപാടുകളുള്ളതുകൊണ്ടായിരുന്നു എന്ന് ബഹുമാനപ്പെട്ട സെബാസ്റ്റ്യന്‍ പോള്‍ സാറിന് മനസ്സിലാവാത്തത്, സ്വയം ന്യായീകരിക്കാനുള്ള വ്യഗ്രതകൊണ്ട് സ്വന്തം ചിന്തയില്‍ ഇരുട്ടുകയറിയതുകൊണ്ടായിരിക്കണം. സൗത്ത് ലൈവ് എന്ന സ്ഥാപനത്തിനെതിരെ സെബാസ്റ്റ്യന്‍ പോള്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ ഡെസ്കിന് നേതൃത്വം നല്‍കിയ ആളെന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ട് തന്നെ ഇത് പ്രസക്തമാണ്.

എന്താണ് ന്യൂസ് റൂമില്‍ അന്ന് സംഭവിച്ചത്? 

രാവിലെ 10. 47നാണ് സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം ഇമെയില്‍ ആയി വരുന്നത്. ആദ്യവായനയില്‍ തന്നെ ലേഖനത്തിന് പ്രതിലോമകരമായ ഉള്ളടക്കമാണെന്ന് മനസ്സിലായതോടെ ആ വിവരം മാനേജ്മെന്റിനെ അറിയിക്കുകയും, അവര്‍ നേരിട്ട് അത് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് അറിയിക്കുകയുമാണ് ചെയ്തത്. എനിക്ക് മാത്രമല്ല അതിന്റെ ഉള്ളടക്കത്തില്‍ എതിരഭിപ്രായം ഉണ്ടായിരുന്നത്. ആ സ്ഥാപനത്തിലെ എഡിറ്റോറിയല്‍ ടീമിനൊന്നാകെ ഒരേ അഭിപ്രായമായിരുന്നു. ആ വിയോജിപ്പാണ് ഞങ്ങള്‍ അറിയിച്ചത്. അതുകൊണ്ട് തന്നെ ആ ലേഖനം പ്രസിദ്ധീകരിക്കാതെ മാറ്റി വയ്ക്കുകയും ചെയ്തു.  ഞങ്ങളുടെ എതിര്‍പ്പിനെ കുറിച്ചറിഞ്ഞ അദ്ദേഹം എന്നെ വിളിക്കുകയും, ലേഖനം പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അത് പ്രസിദ്ധീകരിക്കുന്നതിലുള്ള വിയോജിപ്പ് നേരിട്ട് ഞാന്‍ അറിയിച്ചപ്പോഴും അദ്ദേഹം അത് പ്രസിദ്ധീകരിക്കണമെന്ന് ശാഠ്യം പിടിക്കുകയും, മാനേജ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തി അത് പ്രസിദ്ധീകരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രേഖാമൂലം മാനേജ്മെന്റ് അതാവശ്യപ്പെട്ട ലെറ്റര്‍ അതിന് സാക്ഷ്യം പറയും.

എന്തിന് രാജി വച്ചു? 

സെബാസ്റ്റ്യന്‍ പോള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഞങ്ങള്‍ സൗത്ത് ലൈവില്‍ നിന്ന് രാജി വെച്ച് പുറത്ത് പോയത്. ഇപ്പോള്‍ അദ്ദേഹം പറയുന്നത്, ഞങ്ങള്‍ സെബാസ്റ്റ്യന്‍ പോളിന്റെ രാജി ആവശ്യപ്പെട്ടു എന്ന നിലയിലാണ്. എങ്ങനെയാണ് അദ്ദേഹത്തിന് പച്ചക്കള്ളം ഇങ്ങനെ പറയാനാവുന്നത്? ലേഖനം പ്രസിദ്ധീകരിച്ച ശേഷം ഞങ്ങള്‍ ആ ലേഖനത്തോടുള്ള വിയോജിപ്പ്, അത് സ്ഥാപനത്തിന്റെ അഭിപ്രായമല്ല എന്ന് കാണിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതേ തുടര്‍ന്നാണ് മറ്റൊരു ന്യൂസ് പോര്‍ട്ടലില്‍ അദ്ദേഹത്തിന്റെ ഒരു അഭിമുഖം പ്രസിദ്ധീകരിക്കപ്പെടുന്നത്. അതില്‍  പറഞ്ഞത് ലേഖനത്തോട് അഭിപ്രായവ്യത്യാസമുള്ളവര്‍ പുറത്ത് പോവണമെന്നായിരുന്നു. അതും ഞങ്ങളുമായി ഈ വിഷയത്തില്‍ ഒരു ചര്‍ച്ച പോലും നടത്താതെ തികച്ചും ഏകപക്ഷീയമായ ഒരു പ്രസ്താവനയായിരുന്നു. അത് മാത്രമല്ല, അതിന് ശേഷം തന്നോട് വിയോജിപ്പ് പ്രകടിപ്പിച്ചവരെ പുറത്താക്കണമെന്ന് അദ്ദേഹം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടെന്നും, അല്ലാത്ത പക്ഷം സൗത്ത് ലൈവില്‍ നിന്ന് പുറത്ത് പോകുമെന്നുമുള്ള രീതിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ഞങ്ങളറിഞ്ഞത് പിന്നീടാണ്. അതേ തുടര്‍ന്നാണ് ഞങ്ങള്‍ രാജി വയ്ക്കാന്‍ തീരുമാനിക്കുന്നത്. ചീഫ് എഡിറ്ററായ സെബാസ്റ്റ്യന്‍ പോളിന്റെ ആവശ്യപ്രകാരമാണ് ഈ രാജി എന്ന് ആ രാജിക്കത്തില്‍ കൃത്യമായി തന്നെ ഞങ്ങള്‍  പരാമര്‍ശിച്ചിട്ടുമുണ്ട്. അതുകൊണ്ട് അതിന്റെ പേരില്‍ ഇനി അദ്ദേഹം കള്ളം പ്രചരിപ്പിക്കുകയാണെങ്കില്‍ ആ രേഖകള്‍ ഞങ്ങള്‍ക്ക് പുറത്ത് വിടേണ്ടി വരും.

ഏതൊക്കെയായിരുന്നു ദിലീപിനെതിരെയുള്ള ആ അറുപത്തഞ്ച് സ്റ്റോറികള്‍? 

മനോരമ ചാനലിലും, നാലാമിടത്തിലും ദിലീപിനെതിരെ സൗത്ത് ലൈവ് ചെയ്ത അറുപത്തഞ്ച് സ്റ്റോറികളെ കുറിച്ച് അദ്ദേഹം പറയുന്നത് കേട്ടു. പോലീസ് ഭാഷ്യത്തിനും, കോടതിവ്യവഹാരത്തിന്റെ വാര്‍ത്തകള്‍ക്കുമപ്പുറം എവിടെയാണ് സൗത്ത് ലൈവിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ ഞങ്ങള്‍ ബോധപൂര്‍വ്വം ചെയ്ത ദിലീപിനെതിരായ ആ അറുപത്തഞ്ച് സ്റ്റോറികള്‍? ഞങ്ങള്‍ക്കറിയില്ല.  ഒരു വാര്‍ത്താമാധ്യമമെന്ന നിലയില്‍ അത്തരം വാര്‍ത്തകള്‍ കൊടുക്കാതെ എങ്ങനെയാണ് ആ സ്ഥാപനത്തിന് നിലനില്‍ക്കാനാവുക എന്നത് അദ്ദേഹത്തെ പോലെ ഒരാള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ. അതുകൊണ്ട് അതേ ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ആ അറുപത്തഞ്ച് സ്റ്റോറികള്‍ ഈ പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമാക്കാനുള്ള സാമാന്യ മര്യാദ അദ്ദേഹം കാണിക്കണം. ഞാന്‍, ഞാന്‍, ഞാന്‍ എന്ന് നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കേണ്ടി വരുന്ന ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തോട് ഞങ്ങളൊന്ന് ചോദിക്കട്ടെ, ഒരു വാദത്തിന് വേണ്ടി ആ അറുപത്തഞ്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു എന്നതന്നെ കരുതിയാല്‍,  ഒരു ചീഫ് എഡിറ്ററായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ അക്കാലമത്രയും എവിടെയായിരുന്നു.


വ്യാജമായ കഥകള്‍ പ്രചരിപ്പിച്ച് ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന വിശ്വാസ്യതാനഷ്ടം തിരിച്ചുപിടിക്കാമെന്നാണ് അദ്ദേഹം കരുതുന്നതെങ്കില്‍, ആ നഷ്ടത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഇതെല്ലാം കാരണമാവൂ എന്നോര്‍മ്മിപ്പിക്കട്ടെ. പരസ്പര വിരുദ്ധമായ, എന്തും വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനായി തരംതാഴ്ന്നുകൊണ്ടിരിക്കുകയാണ് സെബാസ്റ്റ്യന്‍ പോള്‍. കാരണം, അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരെല്ലാം മറ്റേതോ സ്വാധീനത്തിലകപ്പെട്ട് സ്വന്തം സ്ഥാപനത്തില്‍ ദിലീപിനെതിരെ വാര്‍ത്തകള്‍ കൊടുത്തിരുന്നു എന്നാരോപിക്കുമ്പോള്‍ സ്വന്തം ചുമതലയില്‍ അദ്ദേഹം പരാജിതനാണെന്ന സമ്മതം കൂടിയാവില്ലെ അത്. എന്തായാലും വ്യാജമായ ആരോപണം അന്തരീക്ഷത്തിലുയര്‍ത്തി സ്വന്തം പ്രതിച്ഛായ നന്നാക്കാന്‍ അദ്ദേഹം ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്. സൗത്ത് ലൈവില്‍ നിന്ന് പുറത്ത് പോയ പതിനാല് പേര്‍ വെല്ലുവിളിക്കുകയാണ്, ഞങ്ങള്‍ പ്രസിദ്ധീകരിച്ച ദിലിപിനെതിരായ ആ അറുപത്തഞ്ച് ലേഖനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ ഡോ: സെബാസ്റ്റ്യന്‍ പോള്‍, താങ്കള്‍ തയ്യാറാണോ?

പല മാധ്യമങ്ങളില്‍ പല അഭിപ്രായം എന്ന് നിങ്ങള്‍ക്കൊരു ആരോപണമുണ്ടല്ലൊ? 

സെബാസ്റ്റ്യന്‍ പോളിനുണ്ടായ വലിയ വിശ്വാസ്യതാനഷ്ടവും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പൊതുജനത്തിനുണ്ടായിട്ടുള്ള സംശയങ്ങളും മറ്റാരുടെയെങ്കിലും പേരില്‍ വ്യാജ ആരോപണങ്ങളുന്നയിച്ച് പരിഹരിക്കാമെന്ന മൂഢസ്വര്‍ഗ്ഗത്തിലാണെങ്കില്‍ അദ്ദേഹത്തോട് സഹതപിക്കുകയല്ലാതെ മറ്റ് വഴിയില്ല. അദ്ദേഹം എന്ത് ചെയ്തു എന്നുള്ളതിന്റെ ഉത്തരം ഓരോ നാള്‍ കഴിയുമ്പോഴും ആ നാവില്‍ നിന്ന് തന്നെ സമൂഹം തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ ദിവസം മനോരമയിലെ ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് തന്നെ വിരുദ്ധമായ അഭിപ്രായങ്ങളായിരുന്നു ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ലേഖനത്തില്‍ പറഞ്ഞിരുന്നത് ബലാത്സംഗം ചെയ്ത ആളുടെ മോട്ടീവ് അന്വേഷിക്കേണ്ടതില്ല എന്നായിരുന്നു. ഇന്നലെ ജോണി ലൂക്കോസിനോട് പറഞ്ഞത് മോട്ടീവ് അന്വേഷിക്കണം എന്നാണ്. അതുപോലെ പല കാര്യങ്ങളും മുന്‍ അഭിപ്രായങ്ങളുമായി യോജിച്ച് പോകാത്ത അഭിപ്രായങ്ങളിലേക്ക് മാറേണ്ടതായി വരികയും ചെയ്തു, ഇപ്പോള്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വിളിച്ച് പറഞ്ഞ് സ്വന്തം നിലപാടിനെ സംരക്ഷിക്കേണ്ട ഒരു അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്ന സെബാസ്റ്റ്യന്‍ പോള്‍ എന്ന ചീഫ് എഡിറ്ററുടെ അവസ്ഥയില്‍ അതിയായ ദുഃഖമുണ്ട്.

സൗത്ത് ലൈവില്‍ അദ്ദേഹം തന്നിരുന്ന സ്വാതന്ത്ര്യം നിങ്ങള്‍ ഉപയോഗിച്ചില്ല എന്ന ഒരഭിപ്രായം സെബാസ്റ്റ്യന്‍ പോളിനുണ്ട്

ഈ സ്ഥാപനം ഉണ്ടാക്കിയെടുത്ത എം.പി.ബഷീര്‍ ഒരു പ്രത്യേകസാഹചര്യത്തില്‍ ഈ സ്ഥാപനം വിട്ടു പോയപ്പോള്‍ ആ ചുമതല ഞാന്‍ ഏറ്റെടുത്ത് കൊള്ളാമെന്ന് സ്വന്തം നിലയ്ക്ക് തയ്യാറായി വന്ന ആളാണ് സെബാസ്റ്റ്യന്‍ പോള്‍. മാസത്തില്‍ ഒന്നോ രണ്ടോ തവണ പത്രമോഫീസില്‍ വന്ന് പോവാറുണ്ടായിരുന്ന അദ്ദേഹം സമ്മാനിച്ചതല്ല സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യം. ഒരു പ്രത്യേക ചരിത്രസന്ധിയില്‍ ഈ സ്ഥാപനം തുടങ്ങുമ്പോള്‍ സഹദേവന്‍ സാറടക്കമുള്ള നിരവധി പേരുമായി കണ്‍സള്‍ട്ട് ചെയ്യുകയും, അവരുടെ ഉപദേശനിര്‍ദ്ദേശാനുസരണം ഒരു പ്രത്യേക പ്രവര്‍ത്തനരീതി സ്വീകരിക്കുകയും അത് തുടര്‍ന്നുകൊണ്ട് പോരുകയുമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ നാല് മാസം മുമ്പ് ചീഫ് എഡിറ്ററുടെ ചുമതലയേറ്റെടുത്ത് സെബാസ്റ്റ്യന്‍ പോള്‍ ഞങ്ങള്‍ക്ക് പ്രഖ്യാപിച്ചതായിരുന്നില്ല ആ ന്യൂസ് റൂമിന്റെ സ്വാതന്ത്ര്യം. ഒരുപക്ഷേ, അദ്ദേഹമത് ഇപ്പോഴത്തെ അവസ്ഥയില്‍ മറന്നുപോയതാണെന്നാണ് ഞങ്ങള്‍ കരുതുന്നത്.

സൗത്ത് ലൈവിന്റെ രാഷ്ട്രീയമെന്നത് ചീഫ് എഡിറ്ററുടെ താത്പര്യങ്ങളാണോ? 

തന്റെ രാഷ്ട്രീയത്തിന് വിരുദ്ധമായ വാര്‍ത്തകള്‍ പോലും സൗത്ത് ലൈവില്‍ പ്രസിദ്ധീകരിച്ചു എന്ന് സെബാസ്റ്റ്യന്‍ പോള്‍ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് അനുഗുണമായി പ്രവര്‍ത്തിക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത സ്ഥാപനമായിരുന്നില്ല സൗത്ത് ലൈവ് എന്നാദ്യമേ അദ്ദേഹത്തോട് പറയട്ടെ. അത്തരം വാര്‍ത്തകള്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് തന്നെയാണ് ഒരു പത്രം ചെയ്യേണ്ടത് എന്ന് സെബാസ്റ്റ്യന്‍ പോള്‍ എന്ന അദ്ധ്യാപകനെ ഓര്‍മ്മപ്പടുത്തേണ്ടി വരുന്നതില്‍ വിഷമമുണ്ട്. അതുകൊണ്ട് എഡിറ്റോറിയല്‍ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചും മാധ്യമധര്‍മ്മത്തെ കുറിച്ചും ഇക്കാലമത്രയും പറഞ്ഞ ആ മനുഷ്യന്‍ ഇനിയും ആ പുസ്തകങ്ങള്‍ ഒരാവര്‍ത്തി കൂടി വായിക്കുകയോ, തന്റെ പഴയ അനുഭവങ്ങളിലൂടെ കടന്നുപോവുകയോ ചെയ്യുന്നതായിരിക്കും നല്ലത്. അല്ലാതെ ഇത്തരം അസംബന്ധങ്ങള്‍ വിളിച്ച് പറഞ്ഞ് കൂടുതല്‍ അപഹാസ്യനാവരുത്.

ഡെസ്കില്‍ ഗുരുതരമായ അബദ്ധം സംഭവിച്ചപ്പോള്‍ പോലും അദ്ദേഹം നിങ്ങള്‍ക്കൊപ്പം നിന്നിരുന്നു? 

കെ.സുധാകരനെ കുറിച്ചുള്ള ഒരു വാര്‍ത്തയില്‍ തെറ്റ് സംഭവിച്ച് ജി.സുധാകരന്റെ പേരില്‍ ആ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ഈ ഡെസ്കിലുള്ളവര്‍ തന്നെയായിരുന്നു അത് കാണുകയും തിരുത്തുകയും ചെയ്തത്. ഇതേ പത്രത്തിലൂടെയാണ് ഞങ്ങള്‍ മാപ്പ് പറഞ്ഞതും. ഒരു ജൂനിയര്‍ സബ് എഡിറ്റര്‍ക്ക് സംഭവിച്ച പിഴവില്‍ മന്ത്രി സുധാകരനെ ഞങ്ങളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ തന്നെ നേരിട്ട് കണ്ട് ഖേദം പ്രകടിപ്പിച്ചതുമാണ്. ഡെസ്കുകളില്‍ വല്ലപ്പോഴും സംഭവിക്കുന്ന ഈ അബദ്ധം അദ്ദേഹം അറിയുന്നത് സംഭവം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ആരോ ഫോണില്‍ വിളിച്ച് പറഞ്ഞപ്പോഴാണെന്നുള്ളത് ഈ സ്ഥാപനത്തിലെ എല്ലാവര്‍ക്കും അറിയുന്നതാണ്. പിന്നെ എന്തിനാണ് അദ്ദേഹം ഇങ്ങനെ ഒന്നിന് പുറകെ ഒന്നായി കള്ളം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്ന് മാത്രം മനസിലാവുന്നില്ല.

സമ്മര്‍ദ്ദ തന്ത്രം പലപ്പോഴായി മാനേജ്മെന്റില്‍ അദ്ദേഹം നടപ്പിലാക്കി എന്ന് നിങ്ങള്‍ക്ക് ഒരു ആരോപണമുണ്ട്? 

വിയോജനക്കുറിപ്പ് പ്രസിദ്ധീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടു കൂടി അത് ഉപയോഗിക്കാതെ പുറത്ത് പോയി എന്ന് എത്ര നിഷ്കളങ്കതയോടെയാണ് അദ്ദേഹം അസത്യം പറയുന്നതെന്ന് നോക്കൂ. ലേഖനം പ്രസിദ്ധീകരിച്ചത് തന്നെ മാനേജ്മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണെന്നതിന് തെളിവുണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. അതിന് ശേഷമുണ്ടായ സംഭവവികാസങ്ങളും അതുപോലെ തന്നെയാണ്. വിയോജിപ്പുള്ളവര്‍ക്ക് രാജി വെച്ചു പോവാം എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് പുറകെ മാനേജ്മെന്റില്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തുകയാണ് അദ്ദേഹം ചെയ്തത്. വിയോജിപ്പറിയിച്ച ഞങ്ങള്‍ മൂന്ന് പേരോടായിരുന്നു ഏറെ എതിര്‍പ്പ്. അവര്‍ പോയതിന് ശേഷമേ ഇനി ഓഫീസിലേക്കുള്ളൂ എന്നതായിരുന്നു അദ്ദേഹം  അന്നെടുത്ത നിലപാട്. ആ സമയത്ത് വിയോജനക്കുറിപ്പെഴുതാനുള്ള യാതൊരു സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അതുപോലെ, അദ്ദേഹത്തിന്റെ തന്നെ അഭിപ്രായപ്രകാരം വിയോജിപ്പുള്ള ഞങ്ങള്‍ പുറത്ത് പോയപ്പോള്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന ആരോപണം അത് ബാഹ്യമായ എന്തോ സ്വാധീനം മൂലമാണെന്നാണ്. നിലപാട് തറയുള്ള സഹപ്രവര്‍ത്തകരെ സെബാസ്റ്റ്യന്‍ പോള്‍  ഇതുവരെ കാണാതെ പോയതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്.

ഒരു ചീഫ് എഡിറ്ററാണെന്നും, ടീം ലീഡറാണെന്നും യഥാര്‍ത്ഥത്തില്‍ സെബസ്റ്റ്യന്‍ പോള്‍ മറന്നു പോയി. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പിലാക്കുന്ന ഒരു ഫ്യൂഡല്‍ കടയാണ് ഈ സ്ഥാപനം എന്ന തോന്നലാണ് അദ്ദേഹത്തെ ഇപ്പോള്‍ നയിക്കുന്നത് എന്ന് ഓര്‍മ്മിപ്പിക്കേണ്ടി വരികയാണ്. സഹപ്രവര്‍ത്തകരുടെ വിശ്വാസ്യതയെയാകെ സംശയിക്കത്തക്കതാണെന്ന് പറയുന്ന ആദ്യത്തെ ചീഫ് എഡിറ്റര്‍ അദ്ദേഹമായിരിക്കും. അതിന്റെ പിന്നിലെ താത്പര്യങ്ങളെന്തെന്നുള്ളത് ഇത്തരം സംവാദങ്ങളിലൂടെ തന്നെ പുറത്ത് വരട്ടെ. എന്തായാലും അദ്ദേഹം ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്കെല്ലാം അദ്ദേഹത്തെക്കൊണ്ട് തന്നെ കാലം മറുപടി പറയിപ്പിക്കുമെന്ന് തന്നെയാണ് ഞങ്ങളിപ്പോഴും ഉറച്ച് വിശ്വസിക്കുന്നത്.

Powered by Blogger.