Header Ads

എപ്പോഴൊക്കെയാണോ, എവിടെയൊക്കെയാണോ ആവശ്യം, അവിടെയെല്ലാം ഞാന്‍ സത്യം തുറന്ന് പറയും


# പ്രകാശ് രാജ്/ മുരളീധര ഖജാനെ

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെ പ്രധാനമന്ത്രിയുടെ മൗനത്തെ വിമര്‍ശിച്ച നടനും സംവിധായകനും നിര്‍മ്മാതാവുമായ പ്രകാശ് രാജ് സോഷ്യല്‍ മീഡിയയിലെ ഹിന്ദുത്വ ആക്ടിവിസ്റ്റുകളുടെ സൈബര്‍ ആക്രമണങ്ങള്‍ക്കും ട്രോളുകള്‍ക്കും വിധേയനായിക്കൊണ്ടിരിക്കുകയാണ്. പ്രകാശ് രാജ് തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നു. ദി ഹിന്ദു ദിനപ്പത്രം പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ മലയാള പരിഭാഷ. 

പ്രധാനമന്ത്രിക്കെതിരായ നിങ്ങളുടെ പ്രതികരണങ്ങള്‍ ഒരു കടന്നല്‍ കൂടിളക്കിയത് പോലെയായിരുന്നു. താങ്കളിത് മുന്‍കൂട്ടി കണ്ടിരുന്നോ? അതോ പറഞ്ഞതില്‍ കുറ്റബോധം തോന്നുന്നുണ്ടോ? 

ഗൗരി ലങ്കേഷിന്റെ അത്യന്തം ഹീനമായ, ദാരുണമായ, ഭീരുത്വപരമായ കൊലപാതകം എന്നെ ആഴത്തില്‍ അസ്വസ്ഥമാക്കിയിരുന്നു. മനുഷ്യത്വരഹിതമായ ആ കൊലപാതകത്തിന്റെ ആഘോഷങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു . ട്വിറ്ററില്‍ മോദി പിന്തുടരുന്നവര്‍ പോലും ആ കൊലപാതകത്തെ ആഘോഷിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ഭയപ്പെട്ടു. ജനാധിപത്യ ഇന്ത്യയിലെ ഉത്തരവാദിത്തപ്പെട്ട പൗരന്‍ എന്ന നിലയില്‍ ആ വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനം എന്നെ അസ്വസ്ഥനാക്കി. അതിലാണ് ഞാന്‍ പ്രതികരിച്ചത്. അതൊരു കുറ്റമാണോ?

താങ്കളിപ്പോള്‍ 'ആന്റി മോദി'യായി മുദ്രകുത്തപ്പെട്ടിരിക്കുന്നു 

ഞാന്‍ പറഞ്ഞല്ലോ പ്രധാനമന്ത്രിയുടെ മൗനം എന്നെ അസ്വസ്ഥനാക്കി എന്ന്. എനിക്കവകാശമുണ്ട് അത് പറയാന്‍. അതിന് എങ്ങനെയാണ് അവര്‍ക്ക് എന്നെ ആന്റി മോദി എന്ന് വിളിക്കാനാവുക. ഞാന്‍ മോദിക്കെതിരല്ല. ഇപ്പോള്‍ അദ്ദേഹം ഒരു രാഷ്ട്രീയ കക്ഷിയുടെ മാത്രം നേതാവാണെന്ന് ഞാന്‍ കരുതുന്നുമില്ല. ഭൂരിപക്ഷത്താല്‍ തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം എന്റെയും പ്രധാനമന്ത്രിയാണ്. അദ്ദേഹം ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്നത് ഈ രാജ്യത്തെയും ഇവിടുത്തെ പൗരന്മാരെയുമാണ്. മതേതര ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് അദ്ദേഹം. പല വിഷയങ്ങളിലും എനിക്ക് അദ്ദേഹത്തോട് എതിര്‍പ്പുണ്ട്. സത്യസന്ധമായും ജനാധിപത്യപരമായുമുള്ള നിലപാടുകള്‍ പറയുന്നതിനുള്ള വിലയാണ് ഇപ്പോള്‍ ഞാന്‍ നല്‍കിക്കൊണ്ടിരിക്കുനത്. ഞാനൊരു ഭീരുവൊന്നുമല്ല. സമൂഹം എന്നിലര്‍പ്പിച്ച ഉത്തരവാദിത്വത്തില്‍ നിന്നൊളിച്ചോടുകയുമില്ല.

ഞാന്‍ എന്ത് പറഞ്ഞു എന്നതിന് ഉത്തരവാദി ഞാന്‍ തന്നെയാണ്, അതാണ് പ്രകാശ് രാജിന്റെ ഐഡന്റിറ്റി. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന ട്രോളുകളൊന്നും തന്നെ എന്റെ നിലപാടുകളെ നേരിടുന്നതിന് മാത്രം ശക്തവുമല്ല. എവിടെയെങ്കിലും നിലപാട് തുറന്ന് പറയണമെന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ വരും വരായ്കകളെ കുറിച്ചാലോചിക്കാതെ നിര്‍ഭയമായി തന്നെ  ആ നിലപാട് ഞാന്‍ തുറന്ന് പറയുക തന്നെചെയ്യും. അതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. അതില്‍ മറുത്തൊരു ചോദ്യവുമില്ല.

ട്രോള്‍ ചെയ്യുന്നവരോടെ എന്തെങ്കിലും പറയുവാനുണ്ടോ?

എന്നെ ട്രോള്‍ ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യാന്‍ എനിക്കൊരു ഉദ്ദേശവുമില്ല. കാരണം, ഞാന്‍ ജനാധിപത്യത്തിലും ആശയസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു. ഞാന്‍ അവരിലൂടെയാണ് ഈ രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പഠിക്കുന്നത്. അവര്‍ സ്വയം ചിന്തിച്ച് തുടങ്ങുമെന്ന് തന്നെയാണ് ഇപ്പോഴും എന്റെ പ്രതീക്ഷ.  എന്തുകൊണ്ടാണ്, എങ്ങനെയാണ് എതിര്‍സ്വരങ്ങളെ ഇല്ലാതാക്കുന്ന ഒരു ചുറ്റുപാട് ഈ സമൂഹത്തില്‍ ഉയര്‍ന്നു വന്നത് എന്ന ചോദ്യമാണ് എന്നെ ഇപ്പോള്‍ വേട്ടയാടിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് താങ്കളുടെ പ്രതികരണങ്ങള്‍ പ്രത്യേക ശ്രദ്ധ നേടിയത്. താങ്കളും രാഷ്ട്രീയത്തിലേക്ക് കടക്കുന്നു എന്ന രീതിയില്‍ ചില വായനകളും ഇതേ തുടര്‍ന്നുണ്ടായിരുന്നു? 

ഞാന്‍ ഉദ്ദേശിച്ചത് തെറ്റായി വായിക്കപ്പെടുകയാനുണ്ടായത്. ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കൂകയായിരുന്നുവെങ്കില്‍ ഞാന്‍ നിങ്ങളെ നേരിട്ട് കാണുകയും അത് തുറന്ന് പറയുകയും ചെയ്യുമായിരുന്നു. സാമൂഹികമായി പ്രതിബദ്ധതയുള്ള, വിവേകമുള്ള കലാകാരന്മാരുടെ പ്രസ്താവനകള്‍ വരികള്‍ക്കിടയിലൂടെ വായിക്കുന്നത് അവസാനിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

തെലുങ്കാനയിലെ ഒരു ഗ്രാമം ഞാന്‍ ദത്തെടുത്തിട്ടുണ്ട്. കാരണം, സമൂഹത്തില്‍ ഇത്തരമൊരു സ്ഥാനം നേടാന്‍ എന്നെ പ്രാപ്തരാക്കിയവരെ ഞാന്‍ സ്നേഹിക്കുന്നു. ആ ഉത്തരവാദിത്വം എനിക്ക് തിരിച്ചും ഈ സമൂഹത്തിന് നല്‍കണം. ഞാന്‍ ഒരു കര്‍ഷകനെ സഹായിക്കുമ്പോള്‍ അവരെ അതിരുകള്‍ കൊണ്ട് വേര്‍തിരിക്കില്ല. അവര്‍ക്ക് ഒരു അതിരുകളുമില്ല. സാര്‍വ്വജനികനായി ജീവിക്കാനും ഒരു മനുഷ്യനെ പോലെ പ്രതികരിക്കുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എങ്ങനെയാണ് താങ്കള്‍ സ്വയം അടയാളപ്പെടുത്തുന്നത്- പ്രാകാശ് രാജ് ആണോ അതോ പ്രകാശ് റായ് ആണോ? ഒന്ന് നിങ്ങള്‍ക്ക് പേരും പ്രശസ്തിയും നല്‍കും, മറ്റൊന്ന് നിങ്ങളുടെ പാരമ്പര്യവും? 

കര്‍ണാടകയിലെ ജനങ്ങള്‍ എന്നെ പ്രകാശ് റായ് എന്ന പേരിലാണ് അറിയുക. കര്‍ണാടകയ്ക്ക് പുറത്തും, ഇന്ത്യയ്ക്ക് പുറത്തും ഞാന്‍ പ്രകാശ് രാജ് ആണ്. ഏതൊരു അഭിനേതാവും സിനിമയില്‍ വന്ന ശേഷം ലഭിക്കുന്ന പേരിനെയാണ് വിലമതിക്കുക. രാജ്കുമാറിന്റെ യാഥാര്‍ത്ഥ പേര് മുത്തുരാജ് എന്നായിരുന്നു. പ്രൊഫഷണലായ കാരണങ്ങള്‍ കൊണ്ട് അഭിനേതാക്കള്‍ പലപ്പോഴും സ്ക്രീന്‍ നെയിമുകള്‍ സ്വീകരിക്കാറുണ്ട്. അവര്‍ പ്രതിനിധീകരിക്കുന്ന പ്രദേശത്തിന്റെ ഐഡന്റിറ്റിക്കപ്പുറത്ത് അതിന് മറ്റൊന്നും ചെയ്യാനുമാവില്ല.

കടപ്പാട്: ദി ഹിന്ദു

Powered by Blogger.