Header Ads

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി: വ്യാജ ചരിത്ര നിര്‍മ്മിതികളോടുള്ള കലഹം


#ടി.ഡി രാമകൃഷ്ണന്‍/ അലിഫ് ഷാ


ഈ വര്‍ഷത്തെ വയലാര്‍ പുരസ്കാരം നേടിയ ടി.ഡി.രാമകൃഷ്ണന്റെ 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന പുസ്തകത്തിന്റെ രചനപശ്ചാത്തലത്തെ കുറിച്ച് എഴുത്തുകാരന്‍ സംസാരിക്കുന്നു. 


മലയാള നോവല്‍ സാഹിത്യശാഖയില്‍ പ്രമേയത്തിലും ആഖ്യാനത്തിലും ശ്രദ്ധേയമായ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന പുതിയ കാലത്ത്, സിംഹള-തമിഴ് സംഘര്‍ഷ പരിസരങ്ങളുടെ വര്‍ത്തമാനത്തില്‍ നിന്ന് ഭൂതകാലത്തേയ്ക്ക്, മിത്തുകളും ചരിത്രവും ഇഴചേര്‍ത്ത് ഭാഷ കൊണ്ടൊരു പാലം പണിയുകയാണ് ടി. ഡി രാമകൃഷ്ണന്‍. വാഴുന്നവരുടെ വീരാപദാനങ്ങള്‍ കൊണ്ട്, അപ്രിയ സത്യങ്ങള്‍ക്കു മേല്‍ കെട്ടിയുയര്‍ത്തുന്ന ചരിത്ര നര്‍മ്മിതികളോടുള്ള കലാപമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ഇതു മറ്റൊരു തരത്തില്‍, ചരിത്രത്തില്‍ പേരു പോലും അടയാളപ്പെടുത്താതെ പോയ മനുഷ്യ വിമോചന പോരാളികളുടെ മുഖമില്ലാത്ത ശബ്ദങ്ങള്‍ക്കുള്ള അക്ഷരങ്ങള്‍ കൊണ്ടുള്ള അര്‍ച്ചന കൂടിയാവുകയാണ്.

 ജാതിയും മതവും രാജ്യാതിര്‍ത്തികളും ആയുധമണിയാനുള്ള അടയാള വാക്യങ്ങളാകുന്ന കാലത്ത് മനുഷ്യനിലെ ഹിംസാത്മകതയോട് മാനവീകതയുടെ പക്ഷത്തു നിന്ന് സര്‍ഗ്ഗാത്മകമായ ഒരു സംവാദത്തിനു ഇടം ഒരുക്കുകയാണ് സുഗന്ധി.  സുഗന്ധിയുടെ രചനാ പശ്ചാത്തലങ്ങളെ കുറിച്ച്, സുഗന്ധി മുന്നോട്ടു വെക്കുന്ന പ്രമേയത്തിന്‍റെ വര്‍ത്തമാന സംവാദ സാധ്യതകളെ കുറിച്ച് ടി ഡി രാമകൃഷ്ണന്‍ മനസ്സു തുറക്കുന്നു.

ചരിത്രത്തിന്‍റെയും മിത്തുകളുടെയും നൂല്‍പ്പാലത്തിലൂടെയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ പ്രയാണം. ഇങ്ങിനെ റിയലിസവും ഫാന്‍റസിയും കൂടിച്ചേരുന്ന ഒരു രീതി മലയാളത്തില്‍ വളരെ വിരളമാണ്. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്തായിരുന്നു ഈ ശൈലിയിലേക്ക് എത്താനുള്ള പ്രചോദനം ?

സുഗന്ധിയില്‍ നമ്മുടെ തൊട്ടടുത്ത് കിടക്കുന്ന ഒരു രാജ്യത്തെ ദീര്‍ഘകാലം നീണ്ടു നിന്ന ആഭ്യന്തരയുദ്ധവും അതിലെ ലക്ഷക്കണക്കിന് ആളുകള്‍ വധിക്കപ്പെട്ട വംശഹത്യയും ആണ് പശ്ചാത്തലമാക്കിയിട്ടുള്ളത്. നമ്മളതിന്‍റെ ഒരു ചരിത്രപരമായ അന്വേഷണമാണ് നടത്തുന്നത്. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്‍റെ മുന്നില്‍ ഉണ്ടായിരുന്ന ചാലഞ്ച് ഇത് ഒരു ഡോകുമെന്‍റേഷനായി ചെയ്യണോ അതോ അതിന്‍റെ ഒരു ഫിക്ഷണല്‍ തലത്തില്‍ പോകണോ എന്നതായിരുന്നു. ഞാന്‍ ശ്രീലങ്കന്‍ തമിഴ് പുസ്തകങ്ങള്‍ പലതും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈഴത്തമിഴ് എഴുത്തുകാരുമായി എനിക്ക് ബന്ധവുമുണ്ട്. അതുകൊണ്ട് ആ ഇഷ്വൂവിന്‍റെ പല വശങ്ങള്‍, അതും പുറമേ നിന്ന് നോക്കിക്കാണുന്നതിനപ്പുറമുള്ള തലങ്ങള്‍ എനിക്കറിയാം.

പക്ഷെ അതൊരു ഡോകുമെന്‍റേഷന്‍ എന്ന നിലയില്‍ ചെയ്യുകയാണെങ്കില്‍ അതിന്‍റെ സ്വാധ്യത കുറച്ച് ലിമിറ്റഡ് ആയിപ്പോകും. അതിനപ്പുറത്തേക്ക്, കഥ പറയുന്ന സാധ്യതയുടെ തലത്തിലേക്ക് ഈ വിഷയം വളരേണ്ടതുണ്ട്. കാരണം ഇത് നമ്മുടെ ഒരു immediate past (സമീപ ഭൂതകാലം) ആണ്. റിയല്‍ ആയി നടന്ന കാര്യങ്ങള്‍ ആയതിനാല്‍ fictional possibility  (കല്‍പനാ സൃഷ്ടമായ) എന്ന തരത്തില്‍ പല കാര്യങ്ങളെയും അനക്കാന്‍ പറ്റില്ല. അത് കൊണ്ടാണ് ഈ ഇഷ്വൂ വായനക്കാരില്‍ എത്തണം, പുസ്തകം വായിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടെ അതില്‍ കഥയുടെ പശ്ചാത്തലം കൂടി കൂട്ടിച്ചേര്‍ത്തത് .

ഈ നോവലില്‍ ഒരു പക്ഷെ സുഗന്ധി എന്ന സാങ്കല്‍പിക കഥാപാത്രത്തോളം തന്നെ തിളക്കമുണ്ട് രജനി തിരണഗാമയെന്ന ചരിത്ര കഥാപാത്രത്തിനും. തിരണഗാമ തന്നെ പറയുന്നുണ്ട് "മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആയുധങ്ങളോട് നിരായുധരായി പൊരുതുന്നു നമ്മള്‍ തോല്‍ക്കുകയും സമൂഹം ജയിക്കുകയും ചെയ്യുന്നുവെന്ന്".  ഈ  തിരണഗാമയില്‍ നിന്നാണോ സുഗന്ധി എന്ന കഥാപാത്രത്തില്‍ എത്തിയത്? രജനിയുടെ തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ ജീവിതത്തെ സുഗന്ധിയുടെ കഥാപാത്രത്തിലൂടെ പൂരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നോ താങ്കള്‍?

അങ്ങിനെ പറയാന്‍ വയ്യ. കുറച്ചു കൂടി വ്യത്യാസം ഉണ്ട്. ഞാന്‍ കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷമായി ശ്രീലങ്കന്‍ പൊളിറ്റിക്സിനെ പിന്തുടരുന്ന ആളാണ്. 12 വര്‍ഷം മുമ്പ് 2005 ലാണ് ഞാന്‍ ഷോഭാശക്തിയുടെ നോവല്‍ പരിഭാഷപ്പെടുത്തുന്നത്. അതുപോലെ ഫഹീമ ജഹാനെയും ജയപാലനെയുമൊക്കെ ഇന്‍റര്‍വ്യൂ ചെയ്തത് ഏകദേശം ആ കാലത്താണ്. ആ സമയത്ത് ചെയ്ത അഭിമുഖങ്ങളെല്ലാം എന്‍റെ വ്യക്തിപരമായ അന്വേഷണങ്ങള്‍ കൂടിയാണ്. ശ്രീലങ്കന്‍ പൊളിറ്റിക്സിലെ വയലന്‍സിന്‍റെ രണ്ടു തലങ്ങളില്‍ നില്‍ക്കുന്ന, സിംഹള ഭരണകൂടമാണെങ്കിലും, അവരോടു പൊരുതുന്ന വിമോചന പോരാളികളാണെങ്കിലും കടുത്ത വയലന്‍സ് പ്രാക്ടീസ് ചെയ്യുന്ന ഈ രണ്ട് ഗ്രൂപ്പുകള്‍ക്കിടയില്‍, സമാധാനത്തിനും ശാന്തിക്കും വേണ്ടി സംസാരിക്കുന്ന ഒരു വിഭാഗത്തെയായിരുന്നു ഞാന്‍ തേടിയിരുന്നത്.

തീര്‍ച്ചയായും അങ്ങിനെ ഒരു വിഭാഗം ഇല്ലാതിരിക്കില്ല എന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു. ഭരണകൂടവും പ്രഭാകരന്‍റെ നേതൃത്വത്തിലുള്ള പോരാളികളും ഹിംസാത്മകതയില്‍ മല്‍സരിക്കുമ്പോള്‍ അവര്‍ക്കിടയിലെ ചില എഴുത്തുകാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരുടെ റോള്‍ എന്താണ് എന്ന അന്വേഷണമായിരുന്നു എന്നെ രജനി തിരണഗാമയില്‍ എത്തിക്കുന്നത്.

ഞാന്‍ രജനിയെ കുറിച്ചുള്ള No more tears sister എന്ന സിനിമ കാണുന്നു. ഫിലിം കാണുന്നതിനു മുമ്പുതന്നെ ഞാന്‍ അവരെ കുറിച്ച് ധാരാളം വായിക്കുന്നുണ്ട.് ആ പശ്ചാത്തലത്തില്‍ ഉള്ള മറ്റു ആളുകളെ കുറിച്ചു കൂടി അറിയുന്നു. ഈ അന്വേഷണത്തിലൂടെ കണ്ടെത്തിയ രജനിയുടെ ജീവിതം എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരു ബ്രില്യന്‍റ് ആയ ഡോക്ടര്‍! ബ്രിട്ടണിലെ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റിയില്‍ പോയി മെഡിസിനില്‍ റിസര്‍ച്ച് ചെയ്തു അനാട്ടമിയില്‍ ഡോക്ടറേറ്റ് നേടിയ ഡോക്ടര്‍. ശ്രീലങ്കയില്‍ ഉള്ള, പ്രത്യേകിച്ചും  തമിഴ് ഈഴത്തിലുള്ള വിദ്യാസമ്പന്നരെല്ലാം ബ്രിട്ടനിലോ കാനഡയിലോ ആസ്ത്രേലിയയിലോ തങ്ങളുടെ സേഫ്റ്റിക്കു വേണ്ടി സെറ്റില്‍ ചെയ്യുന്ന ഒരു കാലമാണത്. രജനിയുടെ ക്വാളിഫിക്കേഷന്‍ വെച്ച് അവര്‍ക്കും അത് എളുപ്പമായിരുന്നു. എന്നാല്‍ അതിനു തയ്യാറാകാതെ സ്വന്തം മണ്ണിലേക്ക് അവര്‍ തിരിച്ചു പോവുകയാണ്. ജാഫ്നാ മെഡിക്കല്‍ കോളേജ് പുനരുജ്ജീവിപ്പിച്ച് അവിടെ ക്ലാസ് തുടങ്ങി സാധാരണക്കാരുടെ വിഷയങ്ങളില്‍ ഇടപെടാനാണ് അവര്‍ ശ്രദ്ധിച്ചത്. ഒടുവില്‍ അവരുടെ വിദ്യാര്‍ഥികളില്‍ ചിലര്‍ തന്നെയാണ് അവരെ കൊല്ലാന്‍ സൗകര്യം ചെയ്തു കൊടുത്തത് എന്നതാണ് അതിലെ ഏറ്റവും വലിയ ട്രാജഡി.

മെഡിക്കല്‍ കോളേജില്‍ നിന്നു മടങ്ങിവരുന്ന വഴിയില്‍ വീടിനു അടുത്ത് വെച്ചാണു അവരെ വെടിവെച്ചു കൊല്ലുന്നത്. ആര്‍ക്കു വേണ്ടിയാണോ അവര്‍ ജീവിച്ചത് അവരുടെ കൈകള്‍ കൊണ്ട് തന്നെ അവര്‍ മരിച്ചു വീഴുന്നതിനു അവരുടെ മക്കള്‍ സാക്ഷിയായി.  അവരുടെ ജീവിതത്തിന്‍റെ ആ ത്യാഗം എന്നെ ഈ കഥയിലേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്നതു ശരിയാണ്. അതുമാത്രമല്ല 2009 ലെ വംശഹത്യക്ക് ശേഷം ഒരു വിലാസവും അവശേഷിപ്പിക്കാതെ പോയ എന്‍റെ സുഹൃത്തുക്കളായ കുറേ ശ്രീലങ്കന്‍ എഴുത്തുകാരുണ്ട്. അവരുടെ തിരോധാനം എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ നമ്മുടെ കേരളത്തിന്‍റെ ഒരു വിളിപ്പാടകലെ ഉള്ള പ്രദേശമായ ശ്രീലങ്കയെ കുറിച്ചാണ് എന്നുള്ളതാണ് അത്ഭുതം. ലോകത്തിന്‍റെ മറ്റു പലഭാഗങ്ങളിലെ സംഭവങ്ങളൊക്കെ നമ്മെ ബാധിക്കുകയും നാം അതിനെതിരെ പ്രതികരിക്കുകയും ചെയ്യുമ്പോള്‍ ശ്രീലങ്കയിലെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ എന്തുകൊണ്ട് നമ്മെ ചിന്തിപ്പിക്കുന്നില്ലെന്ന ഒരു ചോദ്യം കൂടി ഞാന്‍ ഈ വിഷയത്തിലേക്ക് പ്രവേശിക്കാന്‍ കാരണമായിട്ടുണ്ട്. കൊല്ലപ്പെടുന്നതില്‍ മുക്കാല്‍ പങ്കും തങ്ങള്‍ എന്തിനാണ് കൊല്ലപ്പെടുന്നതെന്ന് പോലും അറിയാത്ത സാധാരണക്കാരായ മനുഷ്യര്‍. അവരില്‍ ഒരാളാണ് രജനി തിരണഗാമയും. അവര്‍ അറിയപ്പെടുന്ന ഒരാള്‍ ആയതുകൊണ്ടു ചര്‍ച്ച ചെയ്യപ്പെടുന്നു എന്നുമാത്രം.

'ഭീകരതക്കെതിരെ വിജയം ആഘോഷിക്കുന്ന സര്‍ക്കാരും പൂര്‍ണ്ണ പരാജയത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന കലാപകാരികളും ഒരേ പോലെ ഭയപ്പെടുന്നത് ജനങ്ങളെയാണ്.  നിര്‍ഭാഗ്യവാന്മാരായ ഈഴത്തിലെ ജനങ്ങളോ അവര്‍ എല്ലാവരെയും! വല്ലാത്ത ഒരു പാരഡോക്സ് ആണത്' എന്ന് നോവലില്‍ പറയുന്നുണ്ട്. ഇത് ഇന്നത്തെ വര്‍ത്തമാന ലോകത്തിന്‍റെ അവസ്ഥ തന്നെയാണ്. ഈ നോവലില്‍ താങ്കള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം ഇതുതന്നെയാണോ?

പല കാര്യങ്ങളും അത്ര ബോധപൂര്‍വ്വമല്ല. സുഗന്ധിയുടെ രചന ഒട്ടും പ്രീ പ്ലാന്‍ഡ് ആയിരുന്നില്ല. എന്നാല്‍ എന്‍റെ മുന്‍ നോവലായ ഇട്ടിക്കോര അങ്ങിനെ ആയിരുന്നു. ഞാന്‍ വയലന്‍സിനെതിരാണ്. അതിന്‍റെ പല കോണുകളില്‍ ഇരുന്നാണ് ഞാന്‍ സുഗന്ധിയെ നോക്കിക്കണ്ടിരുന്നത്. ഭരണകൂടമായാലും വിമോചന പോരാളികളായാലും എല്ലാവരും ആത്യന്തികമായി മനുഷ്യര്‍ക്കെതിരാണ്. നിരപരാധികളായ മനുഷ്യര്‍, അതില്‍ തന്നെ സ്ത്രീകളും കുട്ടികളുമാണ് ഇരകള്‍. ഇരുകൂട്ടര്‍ക്കും ഇതിനു പിന്നില്‍ പല താല്‍പര്യങ്ങളുമുണ്ട്. അതാണ് നമ്മള്‍ problematise ചെയ്യാന്‍  (പ്രശ്നവല്‍ക്കരിക്കാന്‍) ശ്രമിക്കുന്നത്. ഈ വയലന്‍സിന്‍റെ വേരുകള്‍ തേടിയായിരുന്നു  എന്‍റെ അന്വേഷണം. ജനാധിപത്യപരമായ സംവാദാത്മകത നഷ്ടമാകുന്നിടത്താണ് വയലന്‍സ് കയറിവരുന്നത്. Intellectual discourse (ധിഷണാപരമായ സംവാദം) ഇല്ലാതെയാകുന്ന ഒരു സൊസൈറ്റി വയലന്‍സ് ഉദ്പാദിപ്പിക്കുന്നു എന്ന ഉത്തരത്തിലാണു അതെന്നെ എത്തിച്ചത്.

2014 ജനുവരിയിലാണ് സുഗന്ധി മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. ഈ കാലത്തിനു നമ്മുടെ രാജ്യത്തിന്‍റെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുണ്ട് എന്ന് ഇപ്പോള്‍ നമുക്കെല്ലാവര്‍ക്കും അറിയാം. ഫാസിസത്തിന്‍റെ വരവ് അതിഗംഭീരമായ ആഘോഷങ്ങളോടെ ആരംഭിച്ച നാളുകളായിരുന്നു അത്. അതിനെ കുറിച്ചുള്ള തുറന്ന സംവാദം തന്നെയാണ് സുഗന്ധിയിലൂടെ ലക്ഷ്യമാക്കിയത.്

 To generate a discourse (ഒരു സംവാദതലം ഒരുക്കുക) എന്ന് എഴുത്തിനെ കുറിച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എഴുത്ത് എന്നാല്‍ ഉത്തരം നിര്‍മ്മിക്കലല്ല സംവാദത്തിന്‍റെ ഭൂമിക സൃഷ്ടിക്കലാണ്. എഴുത്തുകാരന്‍ എല്ലാത്തിനും ഉത്തരം നല്‍കാന്‍ കഴിയുന്ന അപ്രമാദിത്വമുള്ള ആളൊന്നുമല്ല. അത്തരം ഉത്തരങ്ങള്‍ പ്രസക്തമല്ലാത്ത ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഞാനൊക്കെ അറുപതുകളില്‍ ജനിച്ച് എഴുപതുകളില്‍ വിദ്യാഭ്യാസം നിര്‍വ്വഹിച്ച് എമ്പതുകളില്‍ തൊഴിലുകളില്‍ പ്രവേശിച്ച ഒരാളാണ്. എഴുപത് എഴുപതുകളില്‍ ഞങ്ങളില്‍ ചില ഉത്തരങ്ങള്‍ ഉണ്ടായിരുന്നു അത് കൃത്യമായിരുന്നുവെന്നും ശരി ആയിരുന്നുവെന്നും ഞങ്ങള്‍ വിശ്വസിച്ചു. എന്നാല്‍ 2000 ല്‍ എത്തുമ്പോഴേക്കും അവ അത്ര കൃത്യമല്ലെന്നും അത്ര ലളിതമല്ല കാര്യങ്ങളെന്നും നമ്മള്‍ തിരിച്ചറിയുന്നു.

സുഗന്ധിയില്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചു വരുന്ന ഒരു വാക്യമാണ് 'അത്ര ലളിതമല്ല കാര്യങ്ങള്‍' എന്നത്. ശ്രീലങ്കയിലായിരുന്നാലും ലോകത്ത് എവിടെ തന്നെയായിരുന്നാലും വളരെ വ്യാപകമായി വര്‍ദ്ധിച്ചു വരുന്ന വയലന്‍സിന്‍റെയും ആര്‍ത്തിയുടെയും ഒക്കെ കാര്യ കാരണങ്ങളെ കണ്ടെത്താനും അതിനൊരു പ്രതിവിധി നിര്‍ദേശിക്കാനും കഴിയുന്ന ഒരാളല്ല എഴുത്തുകാരന്‍. എന്നാലും ഇതാണ് സോഷ്യല്‍, കള്‍ച്ചറല്‍, പൊളിറ്റിക്കല്‍ റിയാലിറ്റി എന്ന് സമൂഹത്തിന്‍റെ മുന്നിലേക്ക് വെക്കുകയാണ് എഴുത്തുകാരന്‍. വായനക്കാരന്‍ കൂടി ഉള്‍പ്പെടുന്ന ഒരു സംവാദ തലം അതിലൂടെ രൂപപ്പെടുന്നു. ഓരോ വാക്കും വായനക്കാരനുമായി സംവദിച്ച് യോജിക്കാവുന്നതോ വിയോജിക്കാവുന്നതോ ആയ പുതിയ ഒരു തലം രൂപപ്പെടുന്നു. അങ്ങിനെ ഉണ്ടായിത്തീരുന്ന ബഹുസ്വരതയില്‍ നിന്നും പലതും ഉരുത്തിരിഞ്ഞു വരുന്നു. അത്രയേ നമുക്ക് സാധ്യമാകൂ.


ഈ നോവലിനെക്കുറിച്ചു നടക്കുന്ന പല ചര്‍ച്ചകളിലും താങ്കള്‍ പറഞ്ഞു കാണുന്നുണ്ട് ഞാനൊരു ചരിത്രകാരനല്ലെന്ന്. എന്നാല്‍ ചരിത്ര വസ്തുതകളെ ചേര്‍ത്തുപിടിച്ചാണ് നോവല്‍ വളരുന്നതും. ഇതില്‍ നിന്നും ഭരണ കൂടത്തിന്‍റെ വ്യാജ ചരിത്ര നിര്‍മ്മിതികളോടുള്ള കലഹമായി താങ്കളുടെ നോവലിനെ നോക്കിക്കാണാമോ? അതല്ലെങ്കില്‍ ഭാവനയിലൂടെ ചരിത്രത്തിന്‍റെ ദിശ തിരിച്ചു താങ്കള്‍ എന്താണു പറയാന്‍ ശ്രമിച്ചിരിക്കുന്നത്?

ഞാന്‍ ഒരു ചരിത്രകാരനല്ല എന്ന് ചില ചര്‍ച്ചകളുടെ ഭാഗമായി സാന്ദര്‍ഭികമായി പറഞ്ഞതാണ്. ചരിത്ര പഠനവിദ്യാര്‍ഥികള്‍, ചരിത്രം ആധികാരികമായി അറിയണം എന്നാഗ്രഹിക്കുന്നവര്‍ എന്നിവരെ സംബന്ധിച്ചിടത്തോളം അതിനുള്ള ഒരു ഉപാധിയായിട്ട് എന്‍റെ കൃതികള്‍ സ്വീകരിക്കേണ്ടതില്ല എന്ന അര്‍ത്ഥത്തിലാണ് അത് എടുക്കേണ്ടത്. കാരണം ഞാന്‍ അക്കാദമിക് ആയി അതിന്‍റെ ഗൗരവത്തോടെ, അതിന്‍റെ methodology (പദ്ധതി ശാസ്ത്രം) ഉപയോഗിച്ച് ചരിത്രത്തെ സമീപിക്കുകയും ഒരു ചരിത്രകാരന്‍ എന്ന നിലയ്ക്ക് എന്‍റെ സര്‍ഗ്ഗാത്മകതയെ മുന്നോട്ട് കൊണ്ട് പോകുകയും ചെയ്യുന്ന ആളല്ല. ആ കാര്യത്തിലാണെങ്കില്‍ അതില്‍ competent  ആയ (പ്രാപ്തി) ഒരു പാടു പേരുണ്ട്. എം ജി എസ്, റൊമീലാ ഥാപ്പര്‍, രാജന്‍ ഗുരുക്കള്‍ എന്നിവരെ പോലുള്ളവര്‍. അവര്‍ ചരിത്രം എന്ന ജ്ഞാന മേഖലയിലെ വിദഗ്ദരാണ്.

എന്നെ സംബന്ധിച്ചിടത്തോളം നോവലില്‍ കഥ എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്, ബാക്കി  എല്ലാ ഡയമന്‍ഷനിലും പൊളിറ്റിക്കലായിട്ടും ഫിലോസഫിക്കലായിട്ടും എല്ലാ മാനങ്ങള്‍ ഉണ്ടായിരിക്കുമ്പോഴും അതില്‍ കഥയുടെ ഒരു തലം ഉണ്ട്. കഥ പറയാനായി പല സാധ്യതകളും ഉപയോഗപ്പെടുത്തുന്നുണ്ട്. നോവലിസ്റ്റിനെ സംബന്ധിച്ചിടത്തോളം ചരിത്രം കഥ പറയാനുള്ള ഒരു സാധ്യതയാണ്. കാരണം ചരിത്രം എന്നു പറഞ്ഞ് നമ്മള്‍ പവിത്രമായി കണക്കാക്കുന്ന പലതും പലപ്പോഴും വളരെ ചെറിയ ഒരു വിഭാഗത്തിന്‍റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്, ഭരണാധികാരികളുടെ  ഹിതം അനുസരിച്ച് തയ്യാറാക്കപ്പെടുന്നതും വ്യാഖ്യാനിക്കപ്പെടുന്നതുമാണ്. അതില്‍ യഥാര്‍ത്ഥ ചരിത്രത്തിലെ ബഹുഭൂരിപക്ഷം ആളുകളും പുറന്തള്ളപ്പെടുന്നു. ഇവിടെ ഒരു microscopic minority യുടെ (സൂക്ഷ്മതല ന്യൂനപക്ഷം) മാത്രമാണ് ചരിത്രമായി ആഘോഷിക്കപ്പെടുന്നത്. ഭാവിയില്‍  ഇന്ത്യയുടെ ചരിത്രം അമ്പതോ നൂറോ കൊല്ലം കഴിഞ്ഞു രേഖപ്പെടുത്തുമ്പോള്‍ ഞാനോ നിങ്ങളോ അതില്‍ ഉണ്ടാകില്ല. നമ്മളൊക്കെ നിര്‍ദാക്ഷിണ്യം പുറത്താക്കപ്പെടുന്ന ഈ ചരിത്രം പിന്നെ ആരുടേതാണ്? അങ്ങിനെയുള്ള ഈ accepted history യെ (അംഗീകൃത ചരിത്രം) നാം അത്ര പവിത്രതയോടെ  പറയേണ്ടതില്ല എന്ന ഒരു argument (വാദഗതി) ആണു ഞാന്‍ മുന്നോട്ടു വെക്കുന്നത്.

ഞാന്‍ പറഞ്ഞു വരുന്നത് ചരിത്രം നമുക്ക് കഥ പറയാനുള്ള ഒരു സാദ്ധ്യതയാണെന്നാണ്. അതിനെ ചരിത്രത്തിന്‍റെ ഭാഗമായി എടുക്കരുത്. ഉദാഹരണത്തിന് നമ്മുടെ ഇന്ത്യന്‍ mythology (പൗരാണിക ശാസ്ത്രം) എടുത്ത് അത് നമ്മുടെ ചരിത്രമാണെന്നു പറഞ്ഞാല്‍ എന്തൊരു അബദ്ധമായിരിക്കും? നമ്മുടെ ഇതിഹാസങ്ങള്‍ നമ്മുടെ ചരിത്രമാണെന്നു വരുമ്പോള്‍ അതെന്തൊരു ദുരന്തമാണ്?

എഴുത്തുകാരന്‍ എന്ന നിലയില്‍ എന്‍റെ അനുഭവം വെച്ചു നോക്കുമ്പോള്‍, ഭാവന കൊണ്ട് സൃഷ്ടിക്കുന്ന കാര്യങ്ങളെ യഥാര്‍ത്ഥ്യമെന്നു വിശ്വസിക്കുന്ന ഒരു വിഭാഗം ഉണ്ടായി വരിക എന്നത് സ്വാഭാവികമാണ്. ഇട്ടിക്കോര എന്ന ഒരാള്‍ കുന്ദംകുളത്ത് ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്ന കുറേ വായനക്കാരുണ്ട്. എന്നാല്‍ അതില്‍ യാതൊരു സത്യവുമില്ല. അതു പോലെ കാളിദാസന്‍ അദ്ദേഹത്തിന്‍റെ കാലത്ത് എങ്ങിനെയാണ് തന്‍റെ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ടാവുക എന്ന് ആലോചിച്ചു നോക്കൂ. കാളിദാസന്‍ എന്ന എഴുത്തുകാരന്‍റെ ക്രിയേറ്റിവിറ്റിയുടെ എറ്റവും ഉദാത്തമായ ഒരു തലമാണ് അദ്ധേഹത്തിന്‍റെ കൃതികളില്‍ നമ്മള്‍ കാണുന്നത്. ആ കാലഘട്ടത്തിലെ മറ്റു പുരാണ ഇതിഹാസങ്ങളെ സംബന്ധിച്ചിടത്തോളവും ഇതാണ്  യാഥാര്‍ത്ഥ്യം.  ഏറ്റവും ഉദാത്തമായ കലയെ യാഥാര്‍ത്ഥ്യമെന്നു ധരിച്ച് ചരിത്രപരമായ മാനം നല്‍കുന്ന രീതിയിലുള്ള political manipulation  (രാഷ്ട്രീയ കൗശലത്തിലൂടെയുള്ള ചരിത്രത്തിന്‍റെ അപനിര്‍മിതി) ആണ് ഇന്നു നടക്കുന്നത.് അത്തരം സമീപനങ്ങളോട് ഞാന്‍ എതിരാണ്. ഫിക്ഷനെ ഫിക്ഷന്‍ ആയി തന്നെ കാണുക.

കഥ പറയാനായി ചരിത്രത്തെയും മിത്തുകളെയും പുരാണങ്ങളെയും ഒക്കെ കൂട്ടുപിടിക്കാവുന്നതാണ്. അതിലൂടെ നമ്മള്‍ പറയാന്‍ ശ്രമിക്കുന്നത് ചരിത്രത്തില്‍ നിന്നും പുറത്താക്കിയവരെ കുറിച്ചാണ്. ഉദാഹരണമായി ശ്രീലങ്കയില്‍ 80,000 മുതല്‍ 90,000 വരെ മുസ്ലിംകളെ എല്‍ ടി ടി ഇ യുടെ കാലത്ത് 150 രൂപയും രണ്ടു ജോഡി വസ്ത്രവും മാത്രം കൊണ്ടുപോകാന്‍ അനുവദിച്ചു കൊണ്ട് ജാഫ്നയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. അതൊന്നും  ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. അക്കാലത്ത് അവരുടെ സമ്പത്ത് മുഴുവന്‍ കൊള്ളയടിച്ച് അവരെ ആട്ടിയോടിച്ചു. അങ്ങിനെ ആട്ടിയോടിക്കപ്പെട്ടവരില്‍ ഒരാളായിരുന്ന ഫഹീമ ജഹാന്‍ എന്ന എഴുത്തുകാരി അവരുടെ അനുഭവം ഒരു ഇന്‍റര്‍വ്യൂവില്‍ എന്നോട് പറഞ്ഞതാണിത്. അത്തരം രേഖപ്പെടുത്താതെ പോയ ചരിത്രം കൂടി ചേരുന്നതാകണം യഥാര്‍ത്ഥചരിത്രം. അങ്ങിനെയുള്ള പാര്‍ശ്വവല്‍കരിക്കപ്പെട്ട സാന്നിധ്യങ്ങളെ കൂടി വ്യാജ ചരിത്രങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

നോവലില്‍ ഒരിടത്ത് മഹേന്ദ്ര വര്‍മ്മന്‍ ദേവനായികയെ അന്തപ്പുരത്തിലേക്ക് ക്ഷണിക്കുമ്പോള്‍ തന്‍റെ അറിവോ കഴിവോ മനസ്സിലാക്കാതെ തന്നെ ഒരു ഉടല്‍ മാത്രമായി സ്വീകരിക്കുന്നതില്‍ സുഗന്ധി ഉള്ളില്‍ ഒരു വേദന അനുഭവിക്കുന്നുണ്ട്. നോവലിലെ മറ്റൊരിടത്ത് 'ഉഴാനും വിത്ത് വിതക്കാനും' ഉള്ള ഒരു ഉപകരണം എന്ന് സ്ത്രീത്വത്തെ വിശേഷിപ്പിക്കുന്നു. ഇതേ നോവലില്‍ 'പെണ്ണ് ഒരു പുഴയാണ് ' എന്നൊക്കെ പ്രയോഗവും കാണുന്നുണ്ട്.  ഒരു പക്ഷെ താങ്കളുടെ മുന്‍ നോവലായ ഇട്ടിക്കോരയിലും ഇതേ പോലെ സ്ത്രീയെ കേവലം ഒരു ഭോഗവസ്തുവായി പരിമിതപ്പെടുത്തി ഒരു നിശബ്ദ മെയില്‍ ഷോവനിസം കടന്നുവരുന്നത് കാണാം. അത് ഈ കാലത്തിന്‍റെയാണോ അതോ താങ്കളുടെ തന്നെ ഒരു നിരീക്ഷണമാണോ?

 എന്‍റെ ആദ്യ നോവലായ ആല്‍ഫ മുതല്‍ ഇട്ടിക്കോരയിലും സുഗന്ധിയിലും വരെ ഈ നിലപാട് തന്നെയാണ് ഞാന്‍ തുടരുന്നത്.

മനുഷ്യനില്‍ നമ്മള്‍ കല്‍പ്പിച്ചു കൊടുക്കുന്ന മഹത്തായ തലം മാത്രമല്ല ഉള്ളത് അത് സമൂഹത്തിന്‍റെ പല തരത്തിലുള്ള compulsions ന്‍റെ (സമ്മര്‍ദ്ദം) ഭാഗമായി അനുസരിക്കാന്‍ അവന്‍ നിര്‍ബന്ധിക്കപ്പെടുന്നതാണ്. സാധാരണ നിലയില്‍ അവനില്‍ സ്വാര്‍ത്ഥതയുണ്ട്, ആര്‍ത്തിയുണ്ട്, പണത്തോടും അധികാരത്തോടുമുള്ള ദുരയുണ്ട്. ലൈംഗികാസക്തിയുണ്ട്, ആക്രമണോല്‍സുകതയുണ്ട്. ഈ ആസക്തികളും അഭിവാജ്ഞകളും നിയന്ത്രിക്കാനാണ് പല പ്രത്യയശാസ്ത്രങ്ങളുടെ പേരിലും മത ങ്ങളുടെ പേരിലും അവനെ മെരുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പ്രത്യയശാസ്ത്രങ്ങളെ തന്‍റെ ഇംഗിതത്തിനനുസരിച്ച് രൂപപ്പെടുത്താനും മാറ്റിയെടുക്കാനുമാണ് അവന്‍റെ ശ്രമം. എല്ലാം ത്യജിച്ച് മനുഷ്യകുലത്തെ സംസ്കരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് വളരെ microscopic minority യാണ്. (സൂക്ഷ്മതല ന്യൂനപക്ഷം) മനുഷ്യ പുരോഗതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന്‍റെ പ്രധാന ചാലകശക്തി അവനില്‍ സ്വാഭാവികമായി കുടികൊള്ളുന്ന അവന്‍റെ സ്വാര്‍ത്ഥതയാണ്. 'എനിക്ക് ' 'എന്‍റെ' എന്നീ ശബ്ദങ്ങളാണ് അവനെ നയിക്കുന്നത്. ഈ ഞാന്‍ എഴുതുമ്പോള്‍ അത് കൂടുതല്‍ പേര്‍ വായിക്കണം. മറ്റുള്ളവര്‍ക്കിടയില്‍ എനിക്കൊരു സ്ഥാനം വേണം എന്നൊക്കെയുള്ള ചിന്തകള്‍ എനിക്കു പോലുമുണ്ട്. അതൊക്കെ സാമൂഹിക യാഥാര്‍ത്ഥ്യം തന്നെയാണ്.

നമ്മുടെ സമൂഹത്തിന്‍റെ  സ്ത്രീകളോടുള്ള സമീപനം തീര്‍ച്ചയായും മെയില്‍ ഷോവനിസ്റ്റിക് താല്‍പര്യങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്നവയാണ്. അതുകൊണ്ടാണ് ആല്‍ഫ മുതല്‍ സുഗന്ധി വരെയുള്ള കൃതികളില്‍ സ്ത്രീയെ അത്തരത്തില്‍ ചിത്രീകരിക്കേണ്ടി വരുന്നത്.

ആചാര്യന്‍റെ നിര്‍വ്വാണത്തിലൂടെ നോവലില്‍ അവതരിപ്പിക്കപ്പെടുന്ന കാമം പൊതു സമൂഹത്തിന്‍റെ കണ്ണിലെ അശ്ലീലതയില്‍ നിന്ന്  ദൈവികമായ ഒരനുഷ്ടാനത്തിലേക്ക് മാറുന്നുണ്ട്. നോവലിലെ അതു വരെയുള്ള കാമ മോഹിതങ്ങളായ എല്ലാ രതിലീലകള്‍ക്കും പ്രായശ്ചിത്തമാവുകയാണോ അത്?

നമ്മുടെ സങ്കുചിത സാംസ്കാരിക ഗര്‍വ്വുകള്‍ക്കുമപ്പുറം ഇത്തിരി കൂടി വിശാലമായ കാഴചപ്പാടിലെ നമ്മുടെ സംസ്കാരത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്. ഒരു സഹസ്രാബ്ദം മുമ്പുള്ള ഒരു കാലം. അന്ന് ഇന്ത്യ എന്നൊരു പേരുപോലുമില്ല. പല രാജ്യങ്ങളായി പരന്നു കിടക്കുന്ന ഈ പ്രദേശം. ഈ orient (പൗരസ്ത്യദേശം) ശ്രീലങ്ക ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ പ്രദേശങ്ങളെല്ലാം കൂടിയത്. ഈ ഭാഗത്ത് അന്ന് നിലനിന്നിരുന്ന ഫിലോസഫിക്കലായ സംവാദങ്ങള്‍, രതിയെ അവര്‍ സമീപിച്ചിരുന്ന രീതി, കാഴ്ചപ്പാടുകള്‍ അതെല്ലാം വ്യത്യസ്തമായിരുന്നു. ഇപ്പോള്‍ നമ്മള്‍ മഹത്തായ പാരമ്പര്യം എന്ന് ഘോഷിക്കുന്ന സംസ്കാരത്തിന് 150 കൊല്ലത്തിനപ്പുറം പഴക്കമില്ല.1000 കൊല്ലം മുമ്പ് രതിയെ അവര്‍ സര്‍ഗാത്മകമായി സമീപിച്ചിരുന്നു. അന്ന് രതിയില്‍ ഒരു പാപത്തിന്‍റെ അംശം കണ്ടിരുന്നില്ല. യൂറോപ്യന്‍സിന്‍റെ ആഗമനമാണ് ഈ കാഴ്ചപ്പാടുകളെ തിരുത്തുന്നത്. 'ക്രിസ്ത്യാനിറ്റി'  അതില്‍ റോമന്‍ ക്രിസ്ത്യാനിറ്റിയാണ് ഇതിനെ sin (പാപം ) എന്ന് വിശേഷിപ്പിക്കുന്നത്. ലോകത്ത് തന്നെ രതിശാസ്ത്രത്തെ കുറിച്ച് ആധികാരിക ഗ്രന്ഥം എഴുതപ്പെടുന്നത് നമ്മുടെ നാട്ടിലാണ്.

പ്രണയവും രതിയും കലാപവും ചെറുത്തു നില്‍പ്പും പീഡനവും ദൈവശാസ്ത്രവും  ആത്മീയതയും ഗണിതവും താന്ത്രിക വിദ്യയും ചരിത്രവും ഇതിഹാസവും എല്ലാം  മാറി മാറി  വരുന്ന ഒരു നോവലാണിത്. ഒരു പക്ഷെ താങ്കളുടെ എറ്റവും മികച്ച രചന ഇതാണെന്ന് പറയാമോ?

ഒരിക്കലും അങ്ങിനെ തോന്നിയിട്ടില്ല. എന്നാല്‍ അതാതു കാലത്ത് സാധ്യമായ പരമാവധി മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചു കൊണ്ട് സമൂഹവുമായി സംവദിക്കാനാവുന്ന ഒരു പ്രമേയം കൊണ്ടുവരാന്‍ കഴിഞ്ഞു എന്ന സംതൃപ്തിയുണ്ട്. പൂര്‍ണ്ണ സംതൃപ്തി തന്ന ഒന്നാണോ എന്ന് ചോദിക്കുമ്പോള്‍ ഇതെന്നല്ല ഒരു കൃതിയും ഒരെഴുത്തുകാരനും പൂര്‍ണ്ണസംതൃപ്തി നല്‍കും എന്നു ഞാന്‍ വിശ്വസിക്കുന്നില്ല.

ഒന്നുകൂടി മാറ്റിയെഴുതാന്‍ കഴിയുമായിരുന്നു എന്ന് എന്‍റെ എല്ലാ എഴുത്തിനെ കുറിച്ചും ആലോചിക്കുന്ന ആളാണ് ഞാന്‍. സമയ നിശ്ചിതമായ ഒരു പരീക്ഷയില്‍ കുട്ടിക്കാലത്ത് ഞാന്‍ അനുഭവിച്ച 'മനസ്സില്‍ ഉണ്ടായിരുന്ന പൂര്‍ണ്ണതയില്‍ എത്തിയോ' എന്ന സന്ദേഹം എല്ലാ രചനകള്‍ക്ക് ശേഷവും എന്നെ അലട്ടാറുണ്ട്. സുഗന്ധി തന്നെ ലക്കങ്ങളായി വന്നു കൊണ്ടിരിക്കുമ്പോഴും പല അധ്യായങ്ങളുടെയും മിനുക്കുപണികള്‍ അതിന്‍റെ അവസാന മിനിറ്റുകളിലാണ് തീര്‍ത്ത് അയച്ചിരുന്നത്.

മറ്റു എഴുത്തുകാരെ എടുത്തു നോക്കിയാല്‍ മനുഷ്യരെല്ലാം അദൃശ്യമായ ഒരു വിധിച്ചരടില്‍ ചലിക്കുന്ന പാവകളാണെന്നാണ് ആനന്ദിന്‍റെ പല രചനകളും പറഞ്ഞു വെക്കുന്നത്. ഒരു പക്ഷെ എല്ലാ പോരാട്ടങ്ങളും കലാപങ്ങളും പരാജയപ്പെട്ട് മൃതിയുടെയും വീണൊടുങ്ങലിന്‍റെയും തീരാവേദനകളിലാണ് സുഗന്ധിയും അവസാനിക്കുന്നത്. മനുഷ്യ പ്രയത്നങ്ങളുടെ എല്ലാ സാധ്യതകള്‍ക്കുമപ്പുറത്ത് നിസ്സഹായതയും ഭീതിയുമാണ് ഇത്തരം നോവലുകള്‍ വായനക്കാരില്‍ അവശേഷിപ്പിക്കുന്നത് എന്നു പറഞ്ഞാല്‍?

നിങ്ങളുടെ ഒരു നിരീക്ഷണം ആണത്. ഞാന്‍ അതിനോട് വിയോജിക്കുന്നില്ല. എന്നാലും നേരത്തെ പറഞ്ഞപോലെ അതാണു വര്‍ത്തമാന യഥാര്‍ത്ഥ്യം. മനുഷ്യന്‍ നിസ്സഹായനായി പോകുന്നത് മനുഷ്യന്‍റെ തന്‍റെ മുന്നിലാണ്. ഇവിടെ മനുഷ്യകുലം സ്നേഹത്തിലേക്കും ദയയിലേക്കും കരുണയിലേക്കും വരണം എന്നാഗ്രഹിക്കുന്ന, അതിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന മതങ്ങളും പ്രത്യയശാസ്ത്രങ്ങളുമെല്ലാം നിസ്സഹായമായി വീണുപോകുന്നു. മനുഷ്യന്‍ അവന്‍റെ തന്നെ ഉള്ളിലുള്ള ആര്‍ത്തിക്കും അധികാരത്തോടുള്ള അഭിവാജ്ഞക്കും മുന്നില്‍ പരാജയപ്പെടുന്നു.

അവന്‍റെ ഉള്ളിലുള്ള ഹിംസാത്മകതക്കു മുന്നില്‍ അവനടങ്ങുന്ന സമൂഹം തോറ്റു പോകുന്നത് ഒരു ദുരന്തമാണ്. അതിനെ മറികടക്കാനാണ് ഇവിടെ പല പ്രത്യയ ശാസ്ത്രങ്ങളും പ്രവര്‍ത്തിക്കുന്നത്. പ്രവാചകനായാലും ബുദ്ധനായാലും മറ്റേതു പരിഷ്കര്‍ത്താക്കളായാലും മനുഷ്യനെ ഇത്തരം ഹിംസകളില്‍ നിന്ന് പുറത്തുകൊണ്ടു വരാനാണ് ശ്രമിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ അതെല്ലാം പരാജയപ്പെട്ടു പോകുകയാണ്. ആ യാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുകയാണ് എഴുത്തുകാര്‍. അല്ലാതെ ആനന്ദിനെ പോലുള്ള എഴുത്തുകാര്‍ spessimists ( നൈരാശ്യവാദികള്‍) ആകുന്നതിനാല്‍ സമൂഹം അങ്ങിനെ ആയിപ്പോകുന്നതല്ല.

എന്നോട് പലരും ചോദിക്കാറുള്ളത് ലോകത്തെ ഇത്ര ഇരുണ്ട കണ്ണിലൂടെയാണോ നിങ്ങള്‍ നോക്കിക്കാണുന്നത്ڈഎന്നാണ്. പക്ഷെ ഓരോ ദിവസവും ഓരോ മണിക്കൂറും നമ്മുടെ മുന്നില്‍ എത്തുന്ന വാര്‍ത്തകള്‍ അതാണ് നമ്മില്‍ നിറക്കുന്നത്. നമ്മുടെ ഉള്ളിലുള്ള മാനുഷീകനډകളെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഇവ അട്ടിമറിക്കുന്നു. മനുഷ്യര്‍ തന്നെയാണോ ചെയ്യുന്നത് എന്നുപോലും വിശ്വസിക്കാന്‍ കഴിയാത്ത വിധമാണ് കാര്യങ്ങള്‍! ഒരു സാങ്കല്‍പ്പിക അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവും ജീവിക്കുന്നു എന്നതുകൊണ്ടു മാത്രം പരസ്പരം പൊരുതി മരിക്കുകയാണ് മനുഷ്യര്‍! എന്താണ് ശത്രുതയുടെ മാനദണ്ഡം എന്നു പോലും അറിയാതെയാണ് അവര്‍ പൊരുതുന്നത്. ഗുലാം അലി ഇവിടെ വന്നു പാടുമ്പോള്‍ ആ ഗായകന്‍ എങ്ങിനെയാണ് ഇന്ത്യക്കാരന് ശത്രുവാകുന്നത്?

അഞ്ചുവര്‍ഷം മുമ്പ് ഷാര്‍ജയില്‍ വെച്ച് ഒരു പാകിസ്ഥാന്‍കാരനെ പരിചയപ്പെട്ടു. രാജസ്ഥാന്‍ ബോര്‍ഡറില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവകാശതര്‍ക്കങ്ങളില്‍ പിടിച്ചെടുക്കപ്പെട്ട ഒരു ഗ്രാമമാണ് അയാളുടേത്. അതു കൊണ്ടുതന്നെ ആ ഭൂപ്രദേശത്തേക്ക് കഴിഞ്ഞ 40 വര്‍ഷമായി അയാള്‍ പോയിട്ടില്ല.

നിങ്ങള്‍ എന്‍റെ ദുഷ്മന്‍ ആണെന്നാണു അദ്ധേഹം എന്നോടു പറഞ്ഞത്. അയാള്‍ എനിക്കെങ്ങിനെയാണ് ശത്രുവാകുന്നത്? രാഷ്ട്രീയ അധികാരങ്ങളുടെ അതിര്‍ത്തി രേഖകള്‍ക്കപ്പുറത്തും ഇപ്പുറത്തും ജീവിക്കുന്നതിനാല്‍ ഒരു സ്റ്റേറ്റ് മറ്റൊരു സ്റ്റേറ്റിന്‍റെ, ഒരു രാജ്യം മറ്റൊരു രാജ്യത്തിന്‍റെ,  ഒരു ജനത മറ്റൊരു ജനതയുടെ ശത്രുവാകുന്നതു പോലെയുള്ള അസംബന്ധം മറ്റെന്താണുള്ളത്?

ഞാന്‍  ഫ്രാന്‍സിസ് ഇട്ടിക്കോരയില്‍ cannibalism (നരഭോജനം)  ഒരു metaphor (രൂപകം) ആയിട്ടാണു ഉപയോഗിക്കുന്നത്. അതിനുള്ള കരണമിതാണ്. എന്തൊരു ദുരന്തമാണിത്? ആ ദുരന്തം നമ്മെ ഭയപ്പെടുത്തുന്നില്ലേ? ഇതിനെതിരെ സര്‍ഗ്ഗാത്മകമായ സംവാദങ്ങള്‍  സാധ്യമാക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്. അത് യഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ചു കൊണ്ടൂ മാത്രമേ സാധിക്കൂ illussion നിലൂടെ (മിഥ്യാ ധാരണ) അത് സാധ്യമല്ല. അതിനാല്‍ മനുഷ്യന്‍റെ ആര്‍ത്തിയേയും സ്വാര്‍ത്ഥതയേയും, ഹിംസയേയും പ്രശ്നവല്ക്കരിച്ചു കൊണ്ടു മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയൂ.

വര്‍ത്തമാനകാലത്ത് രോഹിത് വെമുലയെന്ന ഒരു ചെറുപ്പക്കാരന്‍ കടുത്ത ജാതീയ പീഡനങ്ങള്‍ സഹിക്കാനാവാതെ മരണത്തിനു കീഴടങ്ങുന്നു. തന്‍റെ അഭിമാനവും അസ്തിത്വവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ കടുത്ത മാനസീക പീഡനം സഹിക്കാന്‍ കഴിയാതെ പോകുകയാണ് അയാള്‍ക്ക്. അതൊരു കണ്മുന്നിലുള്ള സത്യമാണ്. ഇവിടെ അനീതിക്കെതിരെ പോരാട്ടം തുടരുമ്പോഴും ഈ വീഴ്ച ഒരു സത്യമാണ്. എന്‍റെ ചെറുപ്പത്തില്‍ 'കരിങ്കുട്ടി പൂമുഖത്ത് കൂടി കയറരുതെന്നു പറഞ്ഞിട്ടില്ലേ?' എന്ന് എന്ന് അയല്‍വീട്ടിലെ മുത്തശ്ശി എന്നെ വഴക്കു പറഞ്ഞിരുന്നു. ഒരു ആറു  വയസ്സുകാരനു താങ്ങാന്‍ കഴിയാത്ത ഒരു അവസ്ഥയായിരുന്നു അത്. ഞാന്‍ കറുത്തവനായി ജനിച്ചുപോയതിനാല്‍ ബന്ധുക്കളായിരുന്നിട്ടു കൂടി പൂമുഖത്ത് കൂടി എനിക്ക് പ്രവേശനം നിഷേധിക്കുന്ന അവസ്ഥ.

കേരളത്തിനു പുറത്തൊക്കെ ഈ ജാതിവ്യവസ്ഥ ഇപ്പോഴും വളരെ ക്രൂരമാണ് . ജാതി വ്യവസ്ഥയും അതിന്‍റെ പേരിലുണ്ടാകുന്ന അവഗണനകളും മാറ്റി നിര്‍ത്തപ്പെടലുകളും വളരെ ഭീകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. മാനസീകമായ കരുത്തോടെ അതിനെ നേരിടാന്‍ എല്ലാവര്‍ക്കും കഴിയുന്നില്ല. രോഹിത് വെമുലക്കും അതു കഴിഞ്ഞില്ല.

അല്പകാലം മുമ്പ് തന്‍റെ സഹജീവികളെ രക്ഷിക്കാന്‍ വേണ്ടി ഓടയിലിറങ്ങി സ്വജീവന്‍ ത്യജിച്ച കോഴിക്കോട്ടുകാരനായ നൗഷാദിനെ കുറിച്ച് അയാള്‍ എന്തൊരു മണ്ടത്തരമാണ് ചെയ്തത് എന്ന് കഴിഞ്ഞദിവസങ്ങളില്‍ ചിലര്‍ ചോദിക്കുന്നത് കേട്ടില്ലേ?

അങ്ങിനെ ഒരുപാടു മണ്ടന്മാര്‍ ഇപ്പോഴും ജീവിക്കുന്നത് കൊണ്ടാണ് ഇപ്പോഴും ഈ സമൂഹത്തില്‍ നന്മയെകുറിച്ചുള്ള പ്രതീക്ഷയുടെ പ്രകാശം ബാക്കി നില്ക്കുന്നത്! ഇവരുടെ ഒക്കെ കണക്കില്‍ പ്രധാനമന്ത്രിയാകാന്‍ ശ്രമിക്കാതിരുന്ന ഗാന്ധിജിയും മണ്ടനാണ്. അതുപോലെ സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ബുദ്ധി പ്രയോഗിച്ച് നിലവിളി കേള്‍ക്കുമ്പോള്‍ നിസ്സംഗത പുലര്‍ത്താത്ത നൗഷാദ് മണ്ടനാകുന്നു. പി എഛ് ഡി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കാത്ത രോഹിത് മണ്ടനാകുന്നു. രോഹിതിന് സമൂഹത്തിന്‍റെ ഒരു വിഷയത്തിലും ഇടപെടാതെ പി എഛ് ഡി പൂര്‍ത്തിയാക്കി വേറെ ഏതെങ്കിലും രാജ്യത്ത് പോയി നല്ല ജോലി എടുത്ത് ജീവിക്കാമായിരുന്നു. ഇത്തരം മണ്ടന്മാര്‍ ലോകത്ത് നിലനിന്നത് കൊണ്ടാണ് ഇപ്പോഴും കുറച്ചെങ്കിലും മനുഷ്യത്വത്തിന്‍റെ പ്രതീക്ഷ ഇവിടെ ബാക്കി നില്‍ക്കുന്നത്.

കുതിരമുഖി, സിംഹബാഹു എന്നിങ്ങിനെയുള്ള മിത്തുകളും നോവലില്‍ ചരിത്രത്തിനൊപ്പം ഒത്തു കൊണ്ട് പോകാന്‍ കഴിയുന്നുണ്ട്. 'ദേവനായകീ ഒരേ സമയം റാഡിക്കലായും മിസ്റ്റിക്കായും നിങ്ങള്‍ക്ക്  എങ്ങിനെയാണ് സംസാരിക്കാന്‍ കഴിയുന്നത്' എന്ന് നോവലില്‍ ഒരിടത്ത് ചോദിക്കുന്നുണ്ട്.  അതെ ചോദ്യം ഈ നോവലിനെ കുറിച്ച് താങ്കളോട് ചോദിച്ചാല്‍ ...?

മിത്തുകളെ കുറിച്ച്  ലെവി സ്ട്രോസിന്‍റെയൊക്കെ ചില പഠനങ്ങളുണ്ട്. മിത്തുകള്‍  മനുഷ്യവംശത്തിന്‍റെ ചരിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ്. മനുഷ്യ വര്‍ഗ്ഗത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ രേഖപ്പെടുത്തപ്പെടാത്ത ചരിത്രത്തില്‍ പല ഘട്ടങ്ങളിലായി വന്നു ചേരുന്ന ഈ മിത്തുകളും ഭാവനയുമാണ് അതിനെ ഒരു creative
process ല്‍ (സര്‍ഗ്ഗാത്മക പരിണാമക്രമം) നിലനിര്‍ത്തുന്നത്. ഈ mythical ആയിട്ടുള്ള (ഗൂഢാര്‍ത്ഥകഥ) ഒരു തലം അതാണ് മനുഷ്യന്‍ സ്വപ്നം കാണുന്നത്. മനുഷ്യന് സ്വപ്നം കാണാന്‍ കഴിയാത്ത അവസ്ഥ എന്നത് മനുഷ്യന്‍റെ ജീവിതത്തെ എത്ര വിരസമാക്കും എന്നു ചിന്തിച്ച് നോക്കൂ. ഇത്ര ക്രൂരവും വേദനാപൂര്‍ണ്ണവുമായ ഒരു ജീവിതത്തിലും നമുക്ക് പ്രതീക്ഷ നല്‍കുന്നത് ചില സ്വപ്നങ്ങളാണ്. ആ സ്വപ്നങ്ങള്‍ തന്നെയാണ് മിത്തുകള്‍. മിത്തുകള്‍ പലപ്പോഴും കെട്ടുകഥകളും കേട്ടുകേള്‍വികളും, ഭാവനയും എല്ലാം കൂടി പൊലിപ്പിച്ചെടുക്കുന്നവയാണ്. ഓരോ മിത്തും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നതോടെ അവരുടെ ക്രിയേറ്റിവിറ്റി കൂടി കലര്‍ന്ന് മറ്റൊരു മിത്താകുന്നു.

ഭാവന മനുഷ്യന്‍റെ വലിയ ഒരു സാധ്യതയാണ.് അവ പലപ്പോഴും യുക്തിസഹമായിരിക്കണം എന്നില്ല. യാഥാര്‍ത്ഥ്യത്തെ അടിസ്ഥാനപരമായി നിര്‍ത്തി  യുക്തിയിലൂടെ മുന്നോട്ടു പോയി ഭാവനയിലൂടെയാണ് കഥയുടെ മാസ്മരലോകത്തേക്ക് കടക്കുന്നത്. റിയാലിറ്റിയെ അതുപോലെ ആഖ്യാനം ചെയ്യുകയല്ല ചെയ്യുന്നത്. എന്നാല്‍ റിയാലിറ്റിയില്‍ നിന്നേ നമുക്കത് സാധ്യമാകൂ. അതുകൊണ്ടു തന്നെ സുഗന്ധിയിലും ഇത്തരം cotnradictions (വൈരുദ്ധ്യങ്ങള്‍) ധാരാളം കാണാം.

കഥ പറയുന്ന എന്നെ സംന്ധിച്ചിടത്തോളം മുന്‍ഗണന വായനക്കാരനെ കഥയുടെ മാസ്മര ലോകത്ത് എത്തിക്കുക എന്നതു തന്നെയാണ്. പുതിയ കാലത്ത് എഴുത്തുകാരന്‍ നേരിടുന്നഎറ്റവും വലിയ വെല്ലുവിളി വായനക്കാരനെ പുസ്തകത്തില്‍ തന്നെ വ്യാപൃതനാക്കുക എന്നതാണ്. സോഷ്യല്‍ മീഡിയകളും മറ്റു മാധ്യമങ്ങളും സമൂഹത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്തുമ്പോള്‍, മറ്റു പല സാധ്യതകളുമുള്ള അവന്‍റെ മുന്നില്‍ ഈ പുസ്തകം വായിക്കാനുള്ള താല്‍പര്യത്തില്‍ നിലനിര്‍ത്തുക എന്നത് ചെറിയ കാര്യമല്ല. അതാണ് ഡോകുമെന്‍റേഷനും കഥയും തമ്മിലുള്ള വ്യത്യാസം.

മലയാളത്തില്‍ പുതിയകാലത്ത് ശ്രദ്ധേയമായി ഒന്നും സംഭവിക്കുന്നില്ല എന്നമട്ടില്‍ മലയാള സാഹിത്യം നേടിയെടുത്ത ഭാഷാപരവും സാംസ്കാരികവുമായ മേന്മകളെ തന്നെ പാടേ നിരാകരിക്കുന്ന ചില പ്രസ്ഥാവനകള്‍ ഈയടുത്ത് പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു കേട്ടു. എന്താണ് അതിനെ കുറിച്ചുള്ള അഭിപ്രായം?

എന്തുതന്നെ പറഞ്ഞാലും കഴിഞ്ഞ10 വര്‍ഷമായി മലയാളത്തില്‍ ഫിക്ഷന്‍ വളരെ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. എല്ലാവരും വളരെ വ്യത്യസ്തമായി എഴുതുന്നവരാണ്. കെ ആര്‍ മീരയുടെ ആരാച്ചാര്‍, സുഭാഷ് ചന്ദ്രന്‍റെ മനുഷ്യന് ഒരു ആമുഖം, സന്തോഷ് കുമാറിന്‍റെ അന്ധകാരനഴി, ബെന്യാമിന്‍റെ ആടുജീവിതം എന്നിവയൊക്കെ വളരെ നല്ലരീതിയില്‍ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അവയെല്ലാം വളരെ വ്യത്യസ്ത രീതികളില്‍ എഴുതപ്പെട്ടവയാണ്.

 90 കളില്‍ ഇവിടെ ഉണ്ടായിരുന്ന കാര്യമായ ചര്‍ച്ച ഇനി ഇവിടെ നോവലുകള്‍ ഒന്നും ഉണ്ടാകില്ല എന്നായിരുന്നു അതിനുള്ള ഒരു intellectual stamina (ധൈഷണിക പ്രാപ്തി) പുതിയ തലമുറയിലെ എഴുത്തുകാര്‍ക്ക് ഇല്ല എന്നായിരുന്നു അക്കാലത്തെ നിരൂപക നിരീക്ഷണം. എന്നാല്‍ 2016  ല്‍ എത്തി നില്‍ക്കുന്ന നോവല്‍ സാഹിത്യത്തില്‍ വിഷയത്തിന്‍റെ കാര്യത്തിലും ആഖ്യാനത്തിന്‍റെ കാര്യത്തിലും വളരെ ഗൗരവമായ ഇടപെടലുകളാണ് വന്നിട്ടുള്ളതും വന്നുകൊണ്ടിരിക്കുന്നതും. പുസ്തകങ്ങള്‍ മരിക്കും എന്ന് വിധിയെഴുതിയവര്‍ക്കു മുന്നില്‍ കൂടുതല്‍ പുസ്തകങ്ങളും വായനക്കാരുമായി നോവല്‍ സാഹിത്യം വളരെയേറെ മുന്നേറിക്കഴിഞ്ഞു.

ബെന്യാമിന്‍റെയും മീരയുടെയുമെല്ലാം പുസ്തകങ്ങള്‍ ഇത്ര കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് തന്നെ മലയാള നോവല്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. യുവാക്കളാണ് പുതിയ കാലത്ത് കൂടുതല്‍ വായനക്കാര്‍. തല മുതിര്‍ന്നവര്‍ എന്ന് പറഞ്ഞു മലയാള സാഹിത്യത്തെ നിര്‍വ്വചിക്കുന്ന പലരോടും ഇത്തരം വിഷയങ്ങളില്‍ എനിക്കു യോജിപ്പുമില്ല. രാഹുല്‍ എന്നൊരു വയനാട്ടുകാരനായ ചെറുപ്പക്കാരനുണ്ടായിരുന്നു. മലയാളം കമ്പ്യൂടിങ്ങിനു പല ശ്രദ്ധേയമായ സംഭാവനകളും നല്‍കിയ ഒരാള്‍. അദ്ദേഹം രാത്രി 11 മണിക്ക് ڇഒരു യാത്ര പോകാന്‍ തോന്നുന്നു. എവിടേയ്ക്കെങ്കിലുംڈ എന്ന് എഴുതി വെച്ച്  ആത്മഹത്യ ചെയ്യുകയായിരുന്നു. രാഹുലിനെ പറ്റി പറയാതെ മലയാള ഭാഷയുടെ സാങ്കേതിക വളര്‍ച്ചയുടെ ചരിത്രം പൂര്‍ണ്ണമാകില്ല. നമ്മുടെ ഭാഷയെ ടെക്നോഫ്രെണ്ട്ലി ആക്കി വളര്‍ത്തിയെടുത്തതില്‍ ഇത്തരം നിരവധി ചെറുപ്പക്കാരുടെ നിസ്വാര്‍ത്ഥമായ സംഭാവനകളുണ്ട്. അവരെല്ലാം മികച്ച വായനക്കാരുമാണ്. എനിക്ക് അവരിലാണു പ്രതീക്ഷ.

പഴയ തലമുറയുടെ സാഹിത്യത്തെ സ്നേഹിക്കുകയും അതിന്‍റെ നല്ല വശങ്ങളെ സ്വീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഈ പുതിയ തലമുറയ്ക്കു വേണ്ടിയാണ് എന്‍റെ എഴുത്ത്.

മലയാളത്തില്‍ പുതിയതായി ഒന്നും സംഭവിക്കുന്നില്ലെന്നാണ് ഇപ്പോള്‍ ചിലരുടെ നിരീക്ഷണം. ഇത് ഒന്നുകില്‍ മലയാള സാഹിത്യത്തെ ഒട്ടും മനസ്സിലാക്കാതെയോ ചില മുന്‍ ധാരണളില്‍ രൂപപ്പെടുത്തപ്പെടുന്നതോ ആണ്. എന്‍റെ അഭിപ്രായത്തില്‍ ലോകത്തെ ഏതൊരു ഭാഷയോടും കിടപിടിക്കാവുന്ന ഭാഷ തന്നെയാണ് മലയാളം. മലയാള ഭാഷക്ക് കരുത്തുപോരെന്ന് ചിലര്‍ ആക്ഷേപിക്കാറുണ്ട്. അത്തരം പരിമിതിയികളിലൊന്നും ഒതുങ്ങാതെ മലയാളസാഹിത്യം പ്രത്യേകിച്ചു നോവല്‍   മുന്നേറുകയാണ്. മലയാളത്തില്‍ ഒന്നും സംഭവിക്കുന്നില്ലെന്നു പ്രഖ്യാപിക്കുന്നവര്‍ ഈ ഭാഷയേയും പുതിയ കാലത്തെ രചനകളേയും ശരിയായി മനസ്സിലാക്കാത്തവരും പുച്ഛത്തോടെ സമീപിക്കുന്നവരുമാണ്. അവരുടെ സാഹിത്യ കൃതികളെ ബഹുമാനിക്കുമ്പോള്‍ തന്നെ ഇത്തരം അപക്വമായ നിരീക്ഷണങ്ങളോട് വിയോജിക്കാതെ വയ്യ.

തകഴിക്കും ബഷീറിനും സി.വി രാമന്‍പിള്ളക്കും ശേഷം മലയാള സാഹിത്യം വളര്‍ന്നിട്ടില്ലെന്നു പറയുമ്പോള്‍ ഇവര്‍ റദ്ദുചെയ്യുന്നത് ആരെയൊക്കെയാണ്? ഒ.വി വിജയനെ, എം.മുകുന്ദനെ, സാറടീച്ചറെ അങ്ങിനെ പ്രമുഖരായ നിരവധി മലയാള എഴുത്തുകാരെ പൂര്‍ണ്ണമായി തമസ്കരിക്കുന്ന നിരീക്ഷണമാണത്. മലയാള സാഹിത്യത്തിന്‍റെയും ഭാഷയുടേയും എല്ലാ വളര്‍ച്ചയെയും കണ്ണടച്ച് നിരാകരിക്കുന്ന ഇത്തരം സ്വയം പ്രഖ്യാപിത വിധി തീര്‍പ്പുകളോട് എനിക്കൊരിക്കലും സമരസപ്പെടാന്‍ കഴിയില്ല.

Powered by Blogger.