Header Ads

മോഹനേട്ടന് സമയം ഇനിയുമുണ്ട്


സംവിധായകനും എഴുത്തുകാരനുമായ മണിലാല്‍ തന്റെ സുഹൃത്തും സഹയാത്രികനുമായിരുന്ന കെ ആര്‍ മോഹനന്‍ എന്ന പച്ച മനുഷ്യന്റെ സ്നേഹപൂര്‍ണമായ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു


എന്തിനും സാവകാശമുള്ള മനുഷ്യൻ മോഹനേട്ടൻ. ഒന്നിലും അമിതാവേശമില്ലാത്ത  ആൾ മോഹനേട്ടൻ. ഒന്നിലും അവകാശവാദമില്ലാത്തവൻ മോഹനേട്ടൻ.

വർഷങ്ങൾക്കുമുമ്പ് ദൂരദർശനുവേണ്ടി മോഹനേട്ടൻ പാറപ്പുറത്തിന്റെ ത്യാഗം എന്ന സിനിമ ഷൂട്ട് ചെയ്യാൻ തീരുമാനിച്ച സമയം. എന്തുകൊണ്ട് പാറപ്പുറത്ത്, മറ്റുള്ളവരെല്ലാം ഓ.വി.വിജയൻ, കാരൂർ, ബഷീർ, ലളിതാംബിക, എം.ടി എന്നി കൊലകൊമ്പന്മാരെ എടുക്കുന്നു, മോഹനേട്ടൻ  പറഞ്ഞു, ഒന്നു പിശകിപ്പോയാലും കൊഴപ്പമുണ്ടാവില്ല.

അതിന്റെ പ്രൊഡക്ഷൻ മാനേജർ ഞാനായിരുന്നു, ഒരിക്കലും ചെയ്യാത്ത പണിയായിരുന്നു. മോഹനേട്ടൻ അതെന്നോട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല, ഞാനത് ഏറ്റെടുത്തിട്ടുമില്ല, എങ്ങിനെയോ സംഭവിച്ചുപോയി എന്നു മാത്രം. മോഹനേട്ടൻ മുടവൻ മുകളിലും ഞാൻ വെങ്കിടിയുടെ അമൃതയിലുമിരുന്ന് പ്ലാനിംഗുകൾ  നടത്തിക്കൊണ്ടിരിക്കും. വൈകീട്ട് സ്റ്റാച്യുവിലോ മറ്റോ കൂടും. ഓട്ടോറിക്ഷയിൽ രണ്ടുവഴിക്കായി പിരിയും. അന്നെനിക്ക് ഏഷ്യാനെറ്റിന്റെ നാട്ടരങ്ങുമുണ്ട്.

'മോഹനേട്ടാ, അഭിനയിക്കുന്നവരൊക്കെ ആയോ?'

'സോണാ നായരോടും ബാബു അന്നൂരിനോടും പറഞ്ഞിട്ടുണ്ട്. ഒരു കുട്ടിയെ വേണം. അത് നമുക്ക് പാറപ്പുറത്തിന്റെ നാട്ടിൽ നിന്നും എടുക്കാം'. ഷൂട്ടിംഗിനു മൂന്നുനാലു ദിവസം മുമ്പാണത്. തിരുവനനന്തപുരത്തുനിന്നും മാവേലിക്കരയിലേക്ക് യാത്ര തിരിച്ചപ്പോൾ ഞാൻ കാര്യക്ഷമതയുള്ള പ്രൊഡക്ഷൻ മാനേജരെപ്പോലെ ചോദിച്ചു.

'കലാസംവിധായകൻ ആരാ?'

'ഞാനാരോടും പറഞ്ഞിട്ടില്ല. ഇനി ഇപ്പോ ഈ സമയത്ത് ആരെക്കിട്ടാനാ? മണിലാൽ തന്നെ അത് ചെയ്താ മതി'

എനിക്കൊരു ഞെട്ടൽ മാത്രം അനുഭവപ്പെട്ടതോർമ്മയുണ്ട്. ഒരിക്കലും കൈവെക്കാത്തൊരു പോസ്റ്റ്. പ്രൊഡക്ഷൻ കൊളമായാലും ആരും ചോദിക്കില്ല. ഇതിന്റെ പ്രൊഡക്ഷൻ ആരാ ചെയ്തതെന്ന്. കലാസംവിധാനം പ്രകടമല്ലെ.

മോഹനേട്ടനോട് നോ പറഞ്ഞില്ല. തൃശൂരിൽ നിന്നും ആരെയൊക്കെയൊ വിളിച്ചുവരുത്തി. ഒരാൾ സന്തോഷ് ചന്ദ്രനാണെന്ന് (ഇപ്പോൾ ലണ്ടനിൽ) ഓർമ്മയുണ്ട്.  മാവേലിക്കര ചെന്നതിനുശേഷം തിരക്കഥ ആദ്യമായി വായിച്ചു. പരുമലയിൽ പോയി കട്ടിയും കലങ്ങളും മറ്റു സാധനങ്ങളും വാങ്ങി. ഈ സിനിമ അടുക്കളക്ക് പ്രാധാന്യമുള്ളതാണ്. മോഹനേട്ടനെപ്പോലെ അടുക്കളയും എന്നെ ആഞ്ഞുവലിക്കുന്ന സ്ഥലമാകുന്നു. ആയതിനാൽ കാര്യങ്ങൾ എളുപ്പമായി. ഓണാട്ടുകാരൻ പട്ടാളക്കാരൻ നാട്ടിൽ വരുന്നതും വീടിനെ  രുചിച്ചും രമിച്ചും തികട്ടിയും തിരിച്ചുപോകുന്നതുമാണ് കഥ.

രാവിലെ മാർക്കറ്റിൽ പോയി വലിയ വിലക്ക് മീൻ  വാങ്ങി അത്  പാചകം ചെയ്ത് പട്ടാളക്കാരന്റെ ഭാര്യയുടെ അടുക്കളയൊരുക്കിക്കൊടുത്തു. ഷൂട്ടിംഗ് നടന്ന പറമ്പിൽ നിന്നും വഴുതന പൊട്ടിച്ച് എന്തോ കളർ ചേർത്ത് ഭഷ്യയോഗ്യമല്ലാത്ത അച്ചാറുണ്ടാക്കി. പട്ടാളത്തിന് കൊണ്ടുപോകേണ്ടതാണ്. കലാസംവിധാനം തരക്കേടില്ലാത്ത പണിയാണെന്ന്  രുചിച്ചറിഞ്ഞത് അന്ന്.

മീനും മറ്റും വാങ്ങിയ ബില്ലിന്മേൽ മോഹനേട്ടൻ ഒന്നു ഞെട്ടിയെങ്കിലും അത് രാത്രിയിലെ ടച്ചിംഗ്സിനുപയോഗിക്കാം എന്ന് ആശ്വസിക്കുകയും ചെയ്തു. മണിലാലിന്റെ കലാസംവിധാനം തരക്കേടില്ല എന്ന് ചിരിയിലെഴുതി സർട്ടിഫൈ ചെയ്തു.

ആ ഷൂട്ടിംഗ് നാളുകൾ സന്തോഷത്തിന്റേതായിരുന്നു. രാവിലത്തെ നടത്തവും റിലാക്സ് ചെയ്തുള്ള ഷൂട്ടിംഗും രാത്രിയിലെ കൂടലും ഒരുമിച്ചുള്ള വാസവുമൊക്കെ മോഹനേട്ടനിലേക്കുള്ള  എന്റെ  യാത്രയുടെ തുടക്കമായിരുന്നു. പിന്ന  മോഹനേട്ടനൊപ്പം കേരളം മുഴുവൻ യാത്ര ചെയ്തു. ദൂരദർശനുവേണ്ടിത്തന്നെ  ഡോക്യൂമെന്റ്റികൾ നിർമ്മിക്കാൻ. ലൈബ്രറി മൂവ്മെന്റ്, കലാമണ്ഡലം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള  സിനിമായാത്രയിൽ പ്രിയനന്ദനനും  കാമറയിലെ കെ.ജി.ജയനും, സൗണ്ടിലെ കൃഷ്ണകുമാറുമൊക്കെയുണ്ടായിരുന്നു. എല്ലാവരും ഒരേ താളമുള്ളവർ.

ഡോക്യൂമെന്ററിക്കുവേണ്ടി കൃഷ്ണകുമാറിന്റെ ഒരു ബന്ധുസ്ത്രീയെ ഷൂട്ട് ചെയ്യാൻ പയ്യന്നൂരിൽ പോയി. അവർ  ചർക്കയിൽ നൂൽ നിർമ്മിച്ചുകൊണ്ടിരിക്കയായിരുന്നു. ഗാന്ധിയുടെ സ്വദേശി ആഹ്വാനം മനസാവരിച്ചായിരുന്നു ചർക്കയിലെ ഈ രാപ്പകൽ സമരം അവർ  തുടങ്ങിയത്. ഷൂട്ട് ചെയ്ത് പുറത്തിറങ്ങിയതിനുശേഷം ഞാൻ പറഞ്ഞു, ആ അമ്മയോട് കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞാലോ.....?

എന്ന് പറഞ്ഞു ഞാൻ വാക്കുകൾ അർദ്ധോക്തിയിൽ നിർത്തി.

'എന്ത്?' - മോഹനേട്ടൻ ജിഞ്ജാസയിൽ  ചോദിച്ചു.

'സ്വാതന്ത്യം കിട്ടിയ കാര്യം , അവർ അറിഞ്ഞിട്ടില്ലെങ്കിലോ,ഞാൻ ഗൗരവത്തിൽ പറഞ്ഞു'

മോഹനേട്ടൻ എന്റെ തമാശയേയും മറികടന്ന് പറഞ്ഞു. 'ചെലപ്പോ അറിഞ്ഞിട്ടാവില്ലാ ലെ..'

എന്റെ  പത്തി മടങ്ങി. തൃശൂർക്കാർ തമ്മിൽ മുട്ടുമ്പോൾ അങ്ങിനെയാണ്.

അന്നു രാത്രി ഞങ്ങൾ താമസിച്ച ഹോട്ടലിലേക്ക്  ആരൊക്കെയൊ എന്തൊക്കെയൊ ആക്രോശിച്ചുകൊണ്ട് കല്ലെറിയൽ ആരംഭിച്ചു. ചെകുത്താന് നേരെയുള്ള കല്ലെറിയൽ കർമ്മം പോലെ തുരുതുരാ ആയിരുന്നു അത്.  മോഹനേട്ടനും ഞാനും ഒരേ മുറിയിൽ. ഞങ്ങളുടെ ജനവാതിലിന്റെ ഒരു ചില്ല് കല്ലേറിൽ തകർന്നു. മുറിയിലാകെ കുപ്പിച്ചില്ലുകൾ ചിതറി. ഞാൻ എഴുന്നേറ്റ് പുതപ്പും തലയിണയും കയ്യിലെടുത്ത് മോഹനേട്ടനോട്  യാത്ര പറയുന്ന മട്ടിൽ പറഞ്ഞു.

'ഗുഡ് നൈറ്റ്'

'മണിലാൽ എങ്ങട് പോണ്'

ഞാൻ പറഞ്ഞു - 'കട്ടിലിന്നടിയിലേക്ക്'

'മണിലാലിന്റെ ഒരു കാര്യം'

എവിടെ വീണാലും കൂർക്കം വലിക്കുന്ന കാലമായിരുന്നു അത്. മോഹനേട്ടന് എന്നും  അങ്ങിനെത്തന്നെ. പക്ഷെ അന്ന മോഹനേട്ടൻ ഉറങ്ങിയിട്ടുണ്ടാവുമോ.

മോഹനേട്ടനിലേക്ക് ഞാനും എന്നിലേക്ക് മോഹനേട്ടനും, അത് വലിയൊരു യാത്രയിലൂടെ സംഭവിക്കുകയായിരുന്നു. മോഹനേട്ടൻ പെരിങ്ങാവിലും ഞാൻ മോഹനേട്ടന്റെ മുടവൻ മുകളിലും നിത്യ സന്ദർശകരായി. 

രാഖിച്ചേച്ചിയുള്ളപ്പോൾ മോഹനേട്ടന് കൃത്യതയുണ്ടായിരുന്നു. അവർ പോയശേഷം മോഹനേട്ടന്റെ ബാഗിന്റെ വലിപ്പം കൂടി. ഒരു ദിവസത്തേക്കാണ് യാത്രയെങ്കിലും ഒന്നുരണ്ടു ജോഡി ഡ്രസുകൾ അതിൽ കരുതുമായിരുന്നു. പലപ്പോഴും അവസാനനിമിഷം ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്ത് സൗഹൃദത്തിന്റെ നീളം കൂട്ടുമായിരുന്നു. എന്റെ ഏകാന്തതക്ക് മോഹനേട്ടൻ പലപ്പോഴും കൂട്ടായിയിരുന്നു. തിരുവനന്തപുരത്ത് ഞാനെത്തുമെന്നറിഞ്ഞാൽ  അണ്ടർഗ്രൗണ്ടിലെ മുറിയൊതുക്കി മോഹനേട്ടൻ  കാത്തിരിക്കുമായിരുന്നു. എഡിറ്റിംഗ് റൂമിനുവേണ്ടിയായിരുന്നു ആ മുറി സങ്കല്പം  ചെയ്തിരുന്നത്.

തീരദേശത്ത് ജനിച്ചതിന്റെ പേരിൽ ചില താല്പര്യങ്ങൾ ഞങ്ങളിൽ തുല്യമായിരുന്നു. മീനിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. മീൻ വാങ്ങൽ മോഹനേട്ടന്റെ പ്രധാനമായ ഒരു കാര്യമായിരുന്നു,എന്റേയും. തൃശൂർ മീൻ മാർക്കറ്റിൽ ഞങ്ങൾ പോയതിന് കണക്കില്ല. എത്ര വാങ്ങിയാലും മോഹനേട്ടന് മതി വരില്ല. പെരിങ്ങാവിലെ അടുക്കള സജീവമാകുന്നത് മോഹനേട്ടൻ വരുമ്പോഴാണ്. എല്ലാ നല്ല സിനിമക്കാരും പാചകക്കാരാണ്,മോഹനേട്ടൻ പറയും. എല്ലാ നല്ല പാചകക്കാരും നല്ലത് പോയിട്ട്  സിനിമക്കാർ പോലുമല്ല. ഞാൻ  കൗണ്ടർ പണിയും.

പാചകം കഴിയുമ്പോൾ മോഹനേട്ടന്റെ സൗഹൃദഞെരമ്പ് ത്രസിച്ചുണരും, 'നമുക്ക് എല്ലാവരേയും വിളിച്ചാലോ'

അജിത് പ്രിന്റെക്സ്, അസലു, ഗോപീകൃഷ്ണൻ, എ.വി.ശശീധരൻ, പരമു, ശില്പിരാജൻ, രമേഷ്, ഗോപിനാഥ്, സഗീർ, ശ്രീനി ഇവരൊക്കെയാണ് മോഹനേട്ടൻ പറയുന്ന ഈ എല്ലാവരും. മോഹനേട്ടൻ വിളിച്ചാൽ  അവർ വരും. മോഹനേട്ടൻ അവർക്ക് സിനിമക്കാരനല്ല, ഒരു മനുഷ്യൻ, പച്ച മനുഷ്യൻ. ചാരിയിരുന്ന് ചർച്ച ചെയ്യാനും  ചൂടാവാനും പറ്റുന്ന മനുഷ്യൻ. ഞാനറിയാത്ത  സൗഹൃദങ്ങളും മോഹനേട്ടന് തൃശൂരിലുണ്ട്. കവി കെ.ആർ.ടോണിയെ ഇഷ്ടമായിരുന്നു, നല്ല തൃശൂർക്കാരൻ എന്ന് സാക്ഷ്യപ്പെടുത്തും.

അവസാന കാലത്ത് മോഹനേട്ടന് തൃശൂരിനോട് സ്നേഹം കൂടിക്കൂടി വരുന്നത് ഞാനറിഞ്ഞു. തൃശൂരിൽ വീട്, ഫ്ലാറ്റ്, തൃശൂർ സുഹൃത്തുക്കൾ, തൃശൂർ പൂരം, തൃശൂർ പശ്ചാത്തലമുള്ള സിനിമ എന്നിങ്ങനെ തൃശൂർ വർത്തമാനങ്ങൾ മോഹനേട്ടനിൽ  സജീവമായിക്കൊണ്ടിരുന്നു. തൃശൂർ പശ്ചാത്തലമുള്ള  സന്തോഷ് എച്ചിക്കാനത്തിന്റെ കഥ സിനിമയാക്കുന്നതിനെപ്പറ്റിയും പറയുമായിരുന്നു.

നമുക്ക് ചെയ്യാം എന്ന് മോഹനേട്ടന്റെ താല്പര്യത്തിന് മുകളീൽ ഞാൻ ആവേശം പണിതുയർത്തുമ്പോൾ മോഹനേട്ടൻ പറയും, വരട്ടെ....

ഇനിയും എത്രയോ സമയം കിടക്കുന്നു. അതായിരുന്നു മോഹനേട്ടന്റെ ജീവിതത്തോടുള്ള എന്നത്തേയും  സമീപനം. ഇപ്പോൾ ആലോചിക്കുമ്പോൾ മരണത്തെ  അബോധത്തിൽ കണ്ടായിരിക്കുമോ ഇതെന്ന് തോന്നിപ്പോവുന്നു.

ഓണക്കാലത്ത്  സൗഹൃദത്തിന്റെ നിറചിരിയുമായി മോഹനേട്ടൻ തനിനാടനായി തൃശൂരിൽ പരന്നൊഴുകുമായിരുന്നു. അഞ്ചെട്ടു സദസിലെങ്കിലും സാന്നിദ്ധ്യമറിയിക്കും. ചാവക്കാട്ടെ സുഹൃത്തുക്കൾ വർഷം തോറും നടത്തിവരാറുള്ള ഓണസദ്യക്ക് എല്ലാവരേക്കാളും താല്പര്യമായിപ്പറയുക മോഹനേട്ടനായിരിക്കും. ഓണമാഘോഷിക്കുക എന്നതായിരുന്നില്ല, മോഹനേട്ടനെ മോഹനേട്ടനാക്കിയ സൗഹൃദത്തെ ഊട്ടിയുറപ്പിക്കുക എന്ന നിലക്കാണ്. ഇനിയിത് തുടരണോ എന്ന് കഴിഞ്ഞവർഷം ശ്രീരാമേട്ടൻ (വി.കെ.ശ്രീരാമൻ) താല്പര്യക്കുറവ് പറഞ്ഞപ്പോൾ മോഹനേട്ടൻ തറപ്പിച്ചു പറഞ്ഞു, വേണം.

മോഹനേട്ടൻ ഇല്ലാതെ ഇക്കുറി ചാവക്കാട്ടെ ഓണം  കടന്നുപോയി. മോഹൻ ദാസിനും കോയക്കും പി ടിക്കും ഗീതേച്ചിക്കും ജോർജ്ജ് മാഷിനും സുബ്രമണ്യനും റഫീക്ക് അഹമ്മദിനും രവി സമുദ്രക്കും ബാബുക്കക്കുമൊക്കെ മോഹനേട്ടന്റെ അഭാവം ബാധിച്ചത് ഏത് വിധത്തിലായിരിക്കും.

ഗോവൻ ഫെസ്റ്റിവൽ  മോഹനേട്ടനെ ഫുൾ ഫോമിൽ എത്തിക്കും. ആഘോഷങ്ങളിൽ മോഹനേട്ടൻ ഞങ്ങളേക്കാൾ ചെറുപ്പമാവും. മോഹനേട്ടനായിരുന്നു ഞങ്ങളുടെ പോളിറ്റ് ബ്യൂറോ.

മോഹനേട്ടന് ശാലിനി എന്നൊരു കൂട്ടുകാരിയുണ്ടവിടെ. എം.വി.ദേവന്റെ മകൾ, ഞങ്ങൾക്കും  പ്രിയപ്പെട്ടവർ. മോഹനേട്ടന്റെ രണ്ടാമത്തെ സിനിമ പുരുഷാർത്ഥത്തിന്റെ  പ്രിവ്യൂ നടക്കുമ്പോൾ ശാലിനിയും  ഉണ്ടായിരുന്നു. ശാലിനി പ്രദർശന സമയത്ത് എത്താൻ വൈകുമെന്ന് ദേവൻ മോഹനേട്ടനോട് ഒന്നു പറഞ്ഞുപോയി. മോഹനേട്ടൻ പറഞ്ഞു, അവൾ വന്നിട്ടേ  പ്രദർശനം തുടങ്ങൂ.

ഇക്കാര്യം ശാലിനി പറയുന്നത് ഗോവയിൽ വെച്ച്, മോഹനേട്ടൻ അത് ഓർക്കുന്നതും അപ്പോൾ മാത്രം. കാത്തിരിപ്പ്  സംഭവത്തിന് ശേഷം ശാലിനിക്ക്  വല്ലാത്തൊരു സ്നേഹബിംബമാണ് മോഹനേട്ടൻ. പതിനാറുകാരിക്ക് വേണ്ടി ഫിലിം അരമുക്കാൽ മണിക്കൂർ നീട്ടിവെച്ച  താടിക്കാരൻ സംവിധായകൻ.

കഴിഞ്ഞ തവണ ഗോവയിൽ  നിന്നും മോഹനേട്ടൻ വിളിച്ചു, 'മണിലാലേ ഞാൻ ശാലിനിയുടെ  വീട്ടിൽ പോയി. ഊണ് കഴിച്ചു'

ഞാൻ  പിണക്കം നടിച്ചു. 'അതെന്തു പണിയാ മോഹനേട്ടാ,എന്നെക്കൂട്ടാതെ..'

'അതിന് മണിലാൽ തൃശൂരല്ലെ'

ഫെസ്റ്റിവൽ അനൗൺസ് ചെയ്തപ്പോൾ ശാലിനി വിളിച്ചു. മോഹനേട്ടനില്ലാതെ,അതെ മോഹനേട്ടനില്ലാതെ....

ഗോവാപ്പോക്കിന് ടിക്കറ്റ് ചെയ്യാൻ മോഹനേട്ടനെ വിളിക്കുമ്പോൾ പറയും, നിങ്ങള് ബുക്ക് ചെയ്തോളൂ. ഞാൻ ജോസഫ് ഗ്രൂപ്പിന്റെ കൂടെ വന്നോളാം. പക്ഷെ ഒരുമിച്ച് ഒരേ ട്രെയിനിലായിരിക്കണം.

കിടപ്പ് ആ ഗ്രൂപ്പിന്റെ ഒപ്പമെങ്കിലും കറക്കം ഞങ്ങൾക്കൊപ്പമായിരിക്കും. വി.കെ. ജോസഫിനെപ്പോലെ ഇസ്തിരിയിട്ട നല്ല  നടപ്പുകാരനല്ല മോഹനേട്ടൻ. ഞങ്ങളെപ്പോലെ  വന്നപടിചന്തം ശീലിച്ചവനായിരുന്നു.

നമുക്കൊരേ പ്രായം നമുക്കൊരേ മോഹം എന്ന് ഊറ്റം കൊണ്ട് നടക്കുന്നവരായിരുന്നു വെങ്കിടിയും ഗൗരിയും പ്രസന്നനും നീലനും എം.ആർ.രാജനും  ടോമിയും ടെലിഫോൺ ശശിയുമൊക്കെയുള്ള  മോഹനേട്ടൻ സംഘം. തിരുവനന്തപുരത്ത് വന്നു താമസിക്കുന്ന എല്ലാവരുടേയും ലോക്കൽ ഗാർഡിയൻ ആയിരുന്നു മോഹനേട്ടൻ.

ഗോവയിൽ താമസിക്കുന്ന തീരദേശക്കാരൻ രാജീവ് എല്ലാ വർഷവും ഞങ്ങൾക്കുവേണ്ടി പാർട്ടിയൊരുക്കും. വീടിനുമുന്നിലെ കാട്ടിലായിരിക്കും  വിരുന്നരങ്ങ്. മോഹനേട്ടന് അതേറ്റവും ഇഷ്ടപ്പെട്ട ഗോവൻ സംഭവമായിരുന്നു.

ഗോവയിലെത്തിയാൽ മോഹനേട്ടൻ പറയും. 'രാജീവിന്റെ വീട്ടിൽ പോണ്ടെ'

ആശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ പറഞ്ഞു.

'മോഹനേട്ടാ, ആദ്യം പ്രേംജിയുടെ ഡോക്യൂമെന്ററി. അത് കഴിഞ്ഞ് ഫീച്ചർ. നമുക്ക് കോമളൻ കുട്ടിയെ വിളിക്കാം. അബുദാബിയിലെ കോമളൻ കുട്ടി കാശ് അരയിൽ കെട്ടി നടപ്പാണ്. മോഹനേട്ടൻ എന്ന് സിനിമ ചെയ്യുന്നുവോ അന്നിറക്കാൻ'

എന്റെ വർത്തമാനം കേട്ട് മോഹനേട്ടൻ ഒന്ന് ചിരിക്കുകമാത്രം ചെയ്തു. അത്  സിനിമാ താല്പര്യത്തിലേക്കും സൗഹൃദത്തിലേക്കും നീട്ടിയ അവസാനത്തെ ചിരിയായിരുന്നു. മോഹനേട്ടൻ  ചിരിച്ചത് പല്ലുകൊണ്ട് മാത്രമായിരുന്നില്ല. തൂവെള്ളത്താടികൊണ്ടും മുഴുവൻ ശരീരം കൊണ്ടും കൂടിയായിരുന്നു. ഹൃദയത്തിൽ നിന്നും തുളുമ്പുന്ന സ്വാഭാവികമായ ആർജ്ജവത്തിൽ.

മോഹനേട്ടന്റെ സിനിമാ വണ്ടിയിൽ ഞാനും കുറെ സഞ്ചരിച്ചിട്ടുണ്ട്. പ്രിയനും മറ്റുള്ളവരുമൊക്കെ കൈനിറയെ പ്രതിഫലവുമായി തിരികെ പോകുമ്പോൾ മോഹനേട്ടൻ എനിക്ക് മാത്രം ഒന്നും തന്നില്ല. ഒരിക്കൽ ഷൂട്ടിംഗ് കഴിഞ്ഞുപോകുമ്പോൾ ഷൂട്ട് ചെയ്ത യൂമാറ്റിക് കാസറ്റുകളുടെ പെട്ടി തന്നിട്ട് പറഞ്ഞു, മണിലാലിന് ആവശ്യം വരും. ഞങ്ങൾക്കിടയിലെ ചാലകശക്തി പൈസക്കപ്പുറമെന്ന് എന്നേക്കാൾ മോഹനേട്ടൻ മനസിലാക്കിയിട്ടുണ്ടായിരിക്കണം.

പവിത്രൻ, മാടമ്പ്, സി വി ശ്രീരാമൻ, വി കെ ശ്രീരാമൻ, ചിന്ത രവീന്ദ്രൻ, പി ടി കുഞ്ഞുമുഹമ്മദ്, റഹീം വക്കീൽ, ജോർജ്ജ് മാഷ്, മുല്ലനേഴി  തുടങ്ങിയർ ഉൾക്കൊള്ളുന്ന ഘരാനയുടെ  ഭാഗമാണ് മോഹനേട്ടനും. ഞങ്ങളൊക്കെ ഇവരെ കണ്ട് വളർന്നവർ. ആകർഷണത്തിൽ  ഒപ്പം കൂടിയവർ. ടി വി ചന്ദ്രനും കെ കെ ചന്ദ്രനും എം.ആർ.രാജനുമൊക്കെ ഈ ഘരാനയുടെ ഭാഗമായി മാറിയവർ.

മറ്റുള്ളവരുടെ ഓരോ ഇനീഷ്യേറ്റീവും മോഹനേട്ടന് പ്രിയപ്പെട്ടതായിരുന്നു. എന്റെ ഷോർട്ട് ഫിലിമായാലും ഡോക്യൂമെന്ററിയായാലും പുസ്തകമായാലും  അതിന്റെ ഓരോ വളർച്ചയും മോഹനേട്ടനും  അറിഞ്ഞുകൊണ്ടിരിക്കും. എല്ലാറ്റിനേയും പ്രോത്സാഹിപ്പിച്ചശേഷം മോഹനേട്ടൻ പറയും. ഫീച്ചർ ചെയ്യണം.

തൃശൂർ പശ്ചാത്തലമാക്കി പുതിയ സിനിമയുടെ ഷൂട്ടിംഗിലേക്ക് തയ്യാറാവുമ്പോൾ കുറേ കാര്യങ്ങളിലെങ്കിലും അഭാവമായി എന്നെ ശൂന്യനാക്കുന്നത് മോഹനേട്ടനാണ്. പിന്നെ എ വി ശശീധരൻ എന്ന ശശിയും.

ഇല്ലാതായി എന്ന സത്യത്തോടൊപ്പം ഞാൻ  ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന മറ്റൊന്നു കൂടിയുണ്ട്. ഓട്ടോയിറങ്ങി ഗേറ്റിൽ തട്ടി എന്നെ വിളിച്ചുകൊണ്ട് ബാഗ് തൂക്കി അകത്തേക്ക് വരുന്ന മറ്റൊരു മോഹനേട്ടൻ.

മണിലാല്‍

സംവിധായകന്‍, എഴുത്തുകാരന്‍. നിരവധി ഡോക്യുമെന്ററികളും ടെലിഫിലിമുകളും ചെയ്തിട്ടുണ്ട്. തൃശൂര്‍ സ്വദേശി.
Powered by Blogger.