Header Ads

പ്രിയപ്പെട്ട പി കെ


എ.കെ.അബ്ദുള്‍ ഹക്കീം എഡിറ്റ് ചെയ്ത പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കുറിച്ചുള്ള പുസ്തകമായ 'ശിലയില്‍ തീര്‍ത്ത സ്മാരകങ്ങ'ളെ കുറിച്ച്, പുനത്തിലിനെ കുറിച്ച് ലിജീഷ് കുമാര്‍


God of small things - കുഞ്ഞു കുഞ്ഞ് കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്ന് തന്റെ പുസ്തകത്തിന് അരുന്ധതി റോയ് പേരിട്ടില്ലായിരുന്നു എങ്കില്‍, ശിലയില്‍ തീര്‍ത്ത് വച്ച ഈ സ്മാരകത്തിന്, നമ്മള്‍ക്കിനിയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലാത്ത പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന വലിയ മനുഷ്യന്റെ ജീവിത സാക്ഷ്യങ്ങള്‍ക്ക്, പ്രിയപ്പെട്ട അരാജകവാദിയുടെ ആത്മഭാഷണങ്ങള്‍ക്ക്, ഇതിന്റെ എഡിറ്റര്‍ എ.കെ.അബ്ദുള്‍ ഹക്കീം ഒരു പകരപ്പേര് നിര്‍ദ്ദേശിക്കാനാവശ്യപ്പെട്ടാല്‍ ഞാന്‍ ആ പേര് പറയും. 'കുഞ്ഞിക്കാര്യങ്ങളുടെ തമ്പുരാന്‍- പ്രിയപ്പെട്ട കുഞ്ഞിക്ക' എന്ന്.

കാട് പിടിക്കും മുമ്പ് പുനത്തിലിന്റെ സ്മാരകശിലകള്‍ ഒന്നൊന്നായി പെറുക്കിക്കൂട്ടി എ.കെ.അബ്ദുള്‍ ഹക്കീം നിര്‍മ്മിച്ച ഈ ചരിത്രസ്തംഭം, നിഷ്കളങ്കമായ ചിരിയുടെ വശ്യമായ മുഖപടം കാട്ടി വായനക്കാരെ മാടിവിളിച്ച് പുറത്ത് വരുന്നത് ആധുനികതയുടെ അടയാളപ്പെടുത്തലുകളെ ശിലയില്‍ തീര്‍ത്ത് വെക്കാന്‍ സമ്പാദകര്‍ ഏറെയൊന്നും ഒരുമ്പെട്ടിറങ്ങാത്ത മലയാളത്തില്‍ നിന്നാണ് എന്ന ഒറ്റക്കാരണം മതി ഇതിന്റെ എഡിറ്ററെ ആദരവിന്റെ ആശ്ലേഷങ്ങള്‍ കൊണ്ട് മൂടാന്‍. എന്തുകൊണ്ട് ഈ വര്‍ഷത്തെ വി.ടി. കുമാരന്‍ പുരസ്കാരം  എ.കെ.അബ്ദുള്‍ ഹക്കീമിന് എന്ന ചോദ്യത്തിന്റെ ഉത്തരം ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതാണ്.

1988ല്‍ നടത്തിയ കാരൂര്‍ സ്മാരക പ്രഭാഷണം പ്രിയപ്പെട്ട ടി.പത്മനാഭന്‍ അവസാനിപ്പിക്കുന്നത് (ആ പ്രസംഗത്തില്‍ കഥയുടെ നാലാം തലമുറയെ കുറിച്ച്, അതായത് ആധുനികരുടെ തലമുറയെക്കുറിച്ച് വിശദമായിത്തന്നെ പത്മനാഭന്‍ സംസാരിക്കുന്നുണ്ട്. ഒന്നിനോടും കടപ്പാടും വിധേയത്വവും ഇല്ലെന്ന് പ്രസംഗിച്ച്- റിബലായും കോമാളിയായും വേഷം മാറി- അസ്തിത്വദുഃഖത്തിന്റെ ഭാരവും പേറിവന്ന ഈ തലമുറയുടെ പ്രതിനിധികളില്‍ ഒരാളായി പുനത്തിലിനെ അദ്ദേഹം ഉദാഹരിക്കുന്നുമുണ്ട്. പക്ഷേ മലയാളബ്ഃആഷയ്ക് ഇവര്‍ ചെയ്ത നിസ്തുലമായ സേവനങ്ങളുടെ കാര്യത്തില്‍ അദ്ദേഹത്തിന് തര്‍ക്കമുണ്ടായിരുന്നില്ല) ഞാന്‍ പറഞ്ഞുവന്നത് ആ പ്രസംഗത്തിന്റെ അവസാന ഭാഗത്തെ കുറിച്ചാണ്. അവിടെ കഥയെഴുത്തുകാരോടത്രയുമായി ടി.പത്മനാഭന്‍ പറയുന്നുണ്ട്, കഥയുടെ ലോകത്തില്‍ ഹൃദയമാണ് പ്രധാനം, ബുദ്ധി പിന്നീടേ വരുന്നുള്ളൂ എന്ന്. നക്ഷത്രങ്ങളിലെത്താന്‍ പ്രയാസമാണെങ്കിലും നിങ്ങളുടെ ലക്ഷ്യം നക്ഷത്രങ്ങള്‍ തന്നെയാവട്ടെ എന്ന്.

ഇപ്പറഞ്ഞ ഒരു പാതിയെ പുനത്തിലിനും രണ്ടാമത്തെ പാതിയെ ഹക്കീം മാഷിനും ഞാന്‍ പകുത്ത് കൊടുക്കുകയാണ്. പുനത്തിലിന്റെ കഥകളില്‍ അങ്ങോളമിങ്ങോളം നാം കണ്ട കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍ സാക്ഷി ഹൃദയമാണ് പ്രധാനം, ബുദ്ധി പിന്നീടേ വരുന്നുള്ളൂ. കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍ എന്നത് പുനത്തിലിന്റെ ഒരു കൃതിയുടെ പേരാണ്. ആ കൃതിയിലൂടെ കുഞ്ഞിക്ക നമ്മളോട് സംസാരിച്ചത് ഹൃദയം കൊണ്ടായിരുന്നു. തലച്ചോറു കൊണ്ടല്ല.

പുസ്തക എഡിറ്റിംഗ് എന്നാല്‍ കുറേ ലേഖനങ്ങള്‍ വാരി തുന്നിക്കെട്ടലല്ല. ഉള്ളടക്കത്തിന്റെ രൂപരേഖാവിന്യാസം നിശ്ചയിക്കുന്നതില്‍ പോലും എഡിറ്ററുടെ അസാമാന്യമായ ആസൂത്രണമികവ് ആവശ്യമാണതില്‍. പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരനെ വൈകാരികമായും വൈചാരികമായും പിന്തുടരാന്‍ കഴിയുന്ന രീതിയില്‍ സാഹിത്യ ചരിത്രത്തിന്റെയും ജീവചരിത്രത്തിന്റെയും സംസ്കാരപഠനത്തിന്റെയും മേഖലകളെ കൂട്ടിയിണക്കുക എന്നത് നക്ഷത്രങ്ങളാണ് ലക്ഷ്യം എന്ന ധീരമായ പ്രഖ്യാപനങ്ങളാണ്.

എ.കെ.അബ്ദുള്‍ ഹക്കീം
സമ്പന്നമായ സൗഹൃദകാലത്തെ കുറിച്ച് എ.കെ.അബ്ദുള്‍ ഹക്കീമുമായി നടത്തുന്ന സംഭാഷണത്തിലൊരിടത്ത് ആദ്യമായി വി.കെ.എന്നിനെ കണ്ട ഓര്‍മ്മ പങ്ക് വെക്കുന്നുണ്ട് പുനത്തില്‍.  1972ലാണത്. അളകാപുരി ഹോട്ടലിന്റെ മുറ്റത്ത് വെച്ച് തിക്കോടിയനാണ് പരിചയപ്പെടുത്തിയത്. "ഇതാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള". ഉടനടി വന്നു വി.കെ.എന്നിന്റെ മറുപടി. He is not Punathil Kunjabdulla, He is son of mr. Punathil Kunjabdulla എന്ന്. പുനത്തിലിന്റെ കൃതികളിലെല്ലാം അയാളുണ്ട്. പ്രായമാവുമ്പോഴും പ്രായമാവാത്ത ഒരാള്‍. തനിക്ക് പ്രായമായെന്ന് സമ്മതിച്ച് തരാത്ത ഒരാളല്ല, ഇയാള്‍ക്കെത്ര വയസ്സുണ്ടാവുമെന്ന് നമേക്കൊണ്ട് അമ്പരിപ്പിക്കുന്ന ഒരാള്‍.

ഈ പുസ്തകത്തിന്റെ ഇരുനൂറാം പുറത്തില്‍ ആത്മകഥയിലെ കുഞ്ഞബ്ദുള്ളയെ ഓര്‍ത്തെടുക്കുന്നുണ്ട് ആര്‍.വി.എം.ദിവാകരന്‍. അത് കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ സുന്ദരിയായ വേലക്കാരി മറിയം കുഞ്ഞ്, കുഞ്ഞബ്ദുള്ളയെ കുളിപ്പിച്ചതിന്റെ ഓര്‍മ്മയാണ്. പുനത്തിലെഴുതി- ഇത്രയും സുഖാനുഭൂതിയോടെ പിന്നീടൊരിക്കലും ഞാന്‍ കുളിച്ചിട്ടില്ല. ഇതുപോലെ ആരും കുളിപ്പിച്ച് തന്നിട്ടുമില്ല. പറയൂ, ഈ എഴുത്തുകാരന് എത്ര പ്രായമുണ്ടാവും? 2006ലാണ് നഷ്ടജാതകം എന്ന ആത്മകഥ പുറത്തിറങ്ങുന്നത്. 1940 ലാണ് കുഞ്ഞബ്ദുള്ളയുടെ ജനനം. 2006ല്‍ കുഞ്ഞബ്ദുള്ളയ്ക്ക് അറുപത്താറ് വയസാണ്. തന്റെ പതിനാറാം വയസ്സില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കല്യാണരാത്രി എന്ന ആദ്യകഥയില്‍ കണ്ട അതേ കുഞ്ഞബ്ദുള്ളയെയാണ് അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം മറിയത്തിന്റെ ഓര്‍മ്മയില്‍ കോരിത്തരിക്കുന്നത്. വി.കെ.എന്‍ പറഞ്ഞതാണ് ശരി. He is not Punathil Kunjabdulla, He is son of mr. Punathil Kunjabdulla.

ഇതിലൊരിടത്ത് തൊണ്ണൂറാം വയസ്സില്‍ പന്ത്രണ്ടുകാരനെപ്പോലെ വരയ്ക്കാന്‍ ശാഠ്യം പിടിയ്ക്കുന്ന പിക്കാസോവിനെ കുറിച്ച് പറയുന്നുണ്ട് ആര്‍ടിസ്റ്റ് ജയന്‍ ശിവപുരം. കലാകാരനിലെ കുട്ടിയെ മുതിരാന്‍ വിടരുത് എന്ന നിബന്ധന ഉണ്ടായിരുന്നു പുനത്തിലിന്. തന്റെ ഉള്ളിലെ കുട്ടി വയസറിയിക്കുന്ന ദിവസം താന്‍ എഴുത്ത് നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടയാള്‍. അയാള്‍ മാധവിക്കുട്ടിയുടെ പുരുഷ ജന്മമാണെന്ന് ജയന്‍ ശിവപുരം പറയുന്നു.

മറ്റൊരിടത്ത് മണര്‍ക്കാട് മാത്യു കുഞ്ഞിക്കയുടെ രാത്രികളെ കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. മലമുകളിലെ അബ്ദുള്ള, ഭജന പാടിയുറക്കിയ സുബൈര്‍ അബ്ദുള്ള, അലീഗഢിലെ ബഷീര്‍, ദ്വാരകയിലെ രാധയുടെ കൃഷ്ണന്‍, അങ്ങനെ തീക്ഷ്ണ വികാരങ്ങളുള്ള യുവാക്കള്‍ രാത്രിയുടെ ഏകാന്തതകളില്‍ എന്നും കുഞ്ഞിക്കയെ സന്ദര്‍ശിക്കുന്നുണ്ടാവുമെന്ന്. പിന്നെ എങ്ങനെയാണ് പുനത്തിലിന് വയസാവുക?

ചെറുകഥയിലേക്ക് രംഗപ്രവേശം ചെയ്ത് ഒരു പതിറ്റാണ്ടിനിപ്പുറം കുഞ്ഞബ്ദുള്ള കാലുറപ്പിച്ച് തുടങ്ങിയ കാലത്താണ് വടകരയില്‍ നിന്നുള്ള വി ടി കുമാരന്‍ മാഷിന്റെ 'വോള്‍ഗയിലെ താമരപ്പൂക്കള്‍' എന്ന സമാഹാരം വരുന്നത്. 1969ല്‍. മൂന്ന് പതിറ്റാണ്ടിന് ശേഷം കുഞ്ഞബ്ദുള്ളയുടെ കഥയിലും വോള്‍ഗ വന്നു. 2001ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 'വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍' എന്ന പുസ്തകത്തിനായിരുന്നു.

ഹക്കീം മാഷിന്റെ പുനത്തിലിനെ കുറിച്ചുള്ള പുസ്തകം വി.ടി.കുമാരന്‍ പുരസ്കാരത്തിനര്‍ഹമായ വിവരം അറിഞ്ഞപ്പോള്‍ പെട്ടെന്ന് തോന്നിയൊരു കൗതുകം ഞാന്‍ പങ്കുവെച്ചു എന്നേയുള്ളൂ. ഒരേ കാലത്ത് സാഹിത്യരചന നടത്തിയ, ഒരേ ദേശത്ത് ജിവിച്ച ഈ രണ്ട് പ്രതിഭകള്‍ക്കും ഇടയിലുണ്ടായിരുന്നത് എന്താണെന്ന് എനിക്കറിയില്ല. ഒരുപക്ഷേ, അവരുടെ സന്തത സഹചാരി എന്ന നിലയില്‍ ടി.രാജന്‍ മാഷെ പോലെയുള്ളവര്‍ക്ക് ആധികാരികമായി അത് പറയാനായേക്കും. ഈ പുസ്തകത്തിന്റെ മുന്നൂറാം പുറത്തില്‍ സ്നേഹിച്ചും കലഹിച്ചും കടന്നുപോയ നാല് പതിറ്റാണ്ട് നീണ്ട ഊഷ്മള സൗഹൃദത്തെ കുറിച്ച് ഹൃദയത്തില്‍ തൊട്ട് രാജന്‍ മാഷ് എഴുതുന്നുണ്ട്.

പലര്‍ ചേര്‍ന്ന് വികസിപ്പിച്ചതാണെങ്കിലും എഡിറ്ററുടെ കയ്യടക്കത്തിന്റെ മികവു കൊണ്ട് പുനത്തിലിന്റെ സര്‍ഗ്ഗലോകത്തെ ഏകാഗ്രമായും സമഗ്രമായും പിന്തുടരുന്നുണ്ട് 'ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍'. 2017ല്‍ മാതൃഭൂമി ബുക്ക്സിലൂടെ ഇത് പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ പ്രസാധകനും എഡിറ്ററും ഒരേപോലെ ഉന്നയിക്കുന്ന രാഷ്ട്രീയം പുതിയ കാലം പുനത്തിലിനെ വായിക്കേണ്ടതുണ്ട് എന്നത് തന്നെയാണ്.

മാധവിക്കുട്ടി മതം മാറിയപ്പോള്‍ കളിയാക്കിയ പുനത്തിലാണ്, മതം മാറ്റത്തിന്റെ നിസാരത കാണിക്കാന്‍ താനും മതം മാറിയിരിക്കുന്നു എന്ന് പ്രഖ്യാപിച്ച പുനത്തിലാണ്, സ്മാരകശിലകള്‍ എഴുതിയ പുനത്തിലാണ്, ഈ പുതിയകാലത്തില്‍ വായീക്കപ്പെടേണ്ടത്.

കോളറ പടര്‍ന്ന് പിടിച്ചപ്പോള്‍ ഉറുക്ക് കെട്ടാന്‍ മൊയില്യാരെ വിളിക്കണമെന്ന് പറഞ്ഞയാളെ 'ഫാ' എന്നാട്ടുന്ന പൂക്കോയ തങ്ങളാണ് സ്മാരകശിലയിലെ നായകന്‍. ദൈവത്തിലേക്ക് ആളുകളെ ദിനമ്പ്രതി ക്ഷണിച്ചുകൊണ്ട് ഉച്ചത്തില്‍ ബാങ്കു വിളിക്കൊന്നൊരു മുക്രിയുണ്ട് സ്മാരകശിലയില്‍, എറമുള്ളാന്‍. കാന്‍സര്‍ പിടിപെട്ട എറമുള്ളാനെ പടച്ചോന് വിട്ടുകൊടുക്കാതെ തലശ്ശേരിയില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു പൂക്കോയ തങ്ങള്‍. പുതിയകാലം പുനത്തിലിനെ വായിക്കണമെന്ന് പറയുന്നതിനൊരു കാരണം ഇതൊക്കെത്തന്നെയാണ്.

ഏതോ വിദൂര ഗോളത്തില്‍ നിന്ന് വന്ന് ഈ ഭൂമിമലയാളത്തില്‍ എത്തിപ്പെട്ട ഇവിടുത്തെ സകലമാന സംഗതികളെയും തൊട്ടുനോക്കി, അതിശയം നിറഞ്ഞ കണ്ണുകളോടെ സര്‍വ്വതും കണ്ട്, പക്ഷേ, ഒന്നിനും പിടി കൊടൂക്കാതെ തന്റെ പേടകത്തില്‍ എത്തിപ്പെടാനുള്ള നഷ്ടപ്പെട്ട റിമോട്ട് കണ്ട്രോള്‍ തേടി നടക്കുന്ന, ട്രാന്‍സിസ്റ്റര്‍ റേഡിയോ കൊണ്ട് നഗ്നത മറച്ച് നടക്കുന്ന ഗോളാന്തര സഞ്ചാരിയെ കുറിച്ച് ഈ പുസ്തകത്തില്‍ മറ്റൊരിടത്ത് ജയന്തന്‍ എഴുതുന്നുണ്ട്. അയാളുടെ ആ ഗോളാന്തര സഞ്ചാരിയുടെ പേരാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. രണ്ടക്ഷരത്തിലേക്ക് ചുരുക്കിയാല്‍ പി കെ.

കണ്ടതോര്‍ക്കുന്നില്ലേ? ഒരിക്കലും വയസാവാത്ത അമീര്‍ഖാന്റെ പി കെയെ. നിഷ്കളങ്കനായ ഭൂതമാണയാളെന്ന് അര്‍ഷാദ് ബത്തേരി. ചെപ്പടിവിദ്യക്കാരനായ ലാടവൈദ്യനെന്ന് സേതു. ആകാശത്തേക്കുയര്‍ന്നുപോയ പൊന്മാനെന്ന് രാജേന്ദ്രന്‍ എടത്തുംകര, മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്ത ഒന്നെന്ന് മുസഫര്‍ അഹമ്മദ്, നന്നേ വിശക്കുന്ന ആര്‍ത്തി പൂണ്ട മനുഷ്യനെന്ന് വി.ആര്‍.സുധീഷ്, സ്വന്തം രക്തം കൊണ്ട് വീഞ്ഞുണ്ടാക്കുന്നവനെന്ന് പി കെ പാറക്കടവ്. കുഞ്ഞബ്ദുള്ളയല്ല, വല്ല്യബ്ദുള്ളയെന്ന് സക്കറിയ, നാനൂറ് പേജില്‍ പരന്ന് കിടക്കുന്ന പുനത്തില്‍ പെരുമയെ അത്രയെളുപ്പം എനിക്ക് പറഞ്ഞ് തീര്‍ക്കാനാവില്ല. അങ്ങനെ പറയുമ്പോള്‍ തെറ്റിദ്ധരിക്കരുത്. വിമര്‍ശനാതീതനായ ഒരു പുഅത്തിലിനെ സൃഷ്ടിക്കുകയല്ല ഈ പുസ്തകം. ഹൃദയം കൊണ്ടെഴുതിയതിന്റെ മഹത്വം ഞാന്‍ നേരത്തെ പറഞ്ഞു വെച്ചെങ്കിലും, 'മരുന്ന്' എന്ന കൃതിയെ മുന്‍ നിര്‍ത്തിയെഴുതിയ ഒരു കുറിപ്പില്‍ ഇത് ബുദ്ധികൊണ്ടാണെഴുതിയത്, ഹൃദയം കൊണ്ടല്ല എന്ന് പറയുന്നുണ്ട് ഡോ:ഖദീജ മുംതാസ്.

വസ്തുത്വം മാത്രമുള്ള ദൂരക്കാഴ്ചകള്‍ മാത്രമായി അധഃസ്ഥിതജീവിതം സ്മാരകശിലകളില്‍ ഒതുങ്ങിപ്പോയെന്ന് പ്രദീപന്‍ പാമ്പിരിക്കുന്ന്, കോവിലന്‍, എം.കൃഷ്ണന്‍ നായര്‍, വി.സി.ശ്രീജന്‍ തുടങ്ങിയ പത്തു മുപ്പതോളം പ്രതിഭകളുടെ ലേഖനങ്ങളിലും എം.മുകുന്ദന്‍ മുതലിങ്ങോളം നീളുന്ന സുഹൃത്തുക്കളുടെ സൗഹൃദക്കുറിപ്പുകളിലും താഹാ മാടായിയെപ്പോലുള്ളവരുടെ അഭിമുഖങ്ങളിലും, സക്കറിയ, എം.എന്‍.വിജയന്‍ മാഷ് തുടങ്ങിയവരുടെ പ്രഭാഷണങ്ങളിലുമായി പുനത്തില്‍ പൂത്ത് നില്‍ക്കുന്നുണ്ട് ഈ പുസ്തകത്തില്‍. എഡിറ്ററുടെ സര്‍ഗ്ഗാത്മകത അങ്ങേയറ്റം വിജയം വരിച്ചതുകൊണ്ടാണ് ഒരാന്തോളജി പുസ്തകം ഒരു നോവല്‍ പോലെ നമുക്ക് വായിച്ചുപോവാന്‍ സാധിക്കുന്നത്.

ഇതാ അപ്ഡേറ്റായി വസ്ത്രധാരണം ചെയ്ത്, ശരീരഭാഗമെന്ന പോലെ കയ്യില്‍ കൊണ്ട് നടക്കുന്ന ബ്രീഫ് കേസുമായി, എക്സിക്യൂട്ടീവ് കണ്ണടയ്ക്കുള്ളില്‍ തിളക്കവും, ചുണ്ടുകളില്‍ മധുരം നിറഞ്ഞ ചിരിയുമായി ഉയരം കുറഞ്ഞ ഈ മനുഷ്യന്‍ എന്ന് അക്ബര്‍ കക്കട്ടില്‍ എഴുതുമ്പോള്‍ നമുക്ക് പുനത്തിലിന്റെ ഒരു ചിത്രം വരച്ച് കിട്ടുന്നത് പോലുണ്ട്. അത്രമേല്‍ വായനക്കാരോട് ചേര്‍ന്ന് നില്‍ക്കും അത്.

സുഭാഷ് ചന്ദ്രന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചപ്പോള്‍ ജന്മനാട്ടില്‍ സ്വീകരണം കൊടുത്തു. ആ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പോയി കുഞ്ഞബ്ദുള്ള. ആള്‍ക്കൂട്ടത്തെ കണ്ട് അദ്ദേഹം അമ്പരപ്പോടെ പറഞ്ഞു, 'സ്വന്തം നാട്ടുകാര്‍ക്ക് ഒരു സാഹിത്യകാരനെ ഇങ്ങനെ ആദരിക്കാന്‍ കഴിയുമെന്ന് ഞാന്‍ ആദ്യമായി കാണുകയാണ്' എന്ന്. രണ്ടാമതായി അദ്ദേഹം അത് കണ്ടിട്ടുണ്ടാവുക കോഴിക്കോട്ടെ ഫ്ലാറ്റ് മുറിയില്‍ വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലില്‍ വിരസമായി തള്ളിനീക്കുന്ന പകലുകളിലൊന്നില്‍ ഈ പുസ്തകം അദ്ദേഹത്തിന് സമര്‍പ്പിക്കപ്പെട്ട ദിവസമായിരിക്കും.

വിവിധ തൊഴിലുകള്‍ ഏകോപിപ്പിച്ച് ഒരു നിര്‍മ്മിതി മഹത്തരമാക്കുന്ന ആര്‍ക്കിടെക്റ്റിന്റെ, വിവിധ കലാരൂപങ്ങളെ വിദഗ്ദമായി സമ്മേളിപ്പിച്ച് അത്ഭുതം തീര്‍ക്കുന്ന ഒരു സംവിധായകന്റെ പ്രയത്നവും ക്രിയേറ്റിവിറ്റിയുമുണ്ട് സമ്പാദനസാഹിത്യത്തില്‍. ശിലയില്‍ തീര്‍ത്ത സ്മാരകങ്ങളുടെ വായനാസുഖത്തില്‍, സമഗ്രതയില്‍ എല്ലാമതുണ്ട്. അത് അംഗീകരിക്കപ്പെടുന്ന സന്തോഷത്തിനപ്പുറം സാഹിത്യലോകം കാലികമായി നടത്തിയ പൊളിച്ചെഴുത്തിന്റെ തുടര്‍ച്ചയില്‍ വരുന്ന ഒന്ന് എന്ന അര്‍ത്ഥത്തിലാണ് ഈ വര്‍ഷത്തെ വി ടി കുമാരന്‍ പുരസ്കാരം പ്രസക്തമാവുന്നത്.

അവാര്‍ഡിനുണ്ടാവേണ്ട ചില ശീലങ്ങളുണ്ട്. അതിനെ മറികടന്ന് അനുഭവങ്ങളുടെ കേട്ടെഴുത്തായ വോയ്സ് ഫ്രം ചെര്‍ണോബില്‍ മൂന്ന് വര്‍ഷം മുമ്പ് നോബല്‍ സമ്മാനം നേടി. എം.എ.റഹ്മാന്റെ എന്റോസള്‍ഫാന്‍ കാഴ്ചകള്‍ക്ക് കഴിഞ്ഞ ഓടക്കുഴല്‍ അവാര്‍ഡ് നല്‍കിയതോടെ ഈ മാതൃകാപരമായ മാറ്റം മലയാളത്തിലുമെത്തി. അതിന്റെ തുടര്‍ച്ചയായി ഇതാ വി.ടി.കുമാരന്‍ പുരസ്കാരവും. സന്തോഷം, സ്നേഹം. എ.കെ.അബ്ദുള്‍ ഹക്കീമിനും, വി.ടി.കുമാരന്‍ ഫൗണ്ടേഷനും അഭിവാദ്യങ്ങള്‍.

[ പുനത്തിൽ കുഞ്ഞബ്ദുള്ളയെക്കുറിച്ചെഴുതപ്പെട്ട എ.കെ.അബ്ദുൾ ഹക്കീമിന്റെ ശിലയിൽ തീർത്ത സ്മാരകങ്ങൾ എന്ന പുസ്തകത്തിന്  വി.ടി.കുമാരൻ പുരസ്കാരം സമർപ്പിച്ച ചടങ്ങിൽ നടത്തിയ പ്രസംഗം]

ലിജീഷ് കുമാര്‍

വടകര സ്വദേശി. കവിയും എഴുത്തുകാരനുമാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.
Powered by Blogger.