Header Ads

പൊങ്ങുതടികളെ തട്ടി മാറ്റണം; ശക്തിയില്‍ ഒഴുകണം

# ഷരീഫ് സാഗര്‍


മുസ്ലീ ലീഗിനകത്തെ സുന്നി / മുജാഹിദ് നവോത്ഥാനചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ ചന്ദ്രിക സബ് എഡിറ്റര്‍ കൂടിയായ ലേഖകന്‍ തന്റെ കാഴ്ചപ്പാട് പങ്ക് വയ്ക്കുന്നു

937 ജനുവരി 17ന് മഹാത്മാഗാന്ധി വെങ്ങാനൂരെത്തി അയ്യങ്കാളിയെ കണ്ടു. കാസരോഗം പിടിപെട്ട് കിടപ്പിലായിരുന്നു അദ്ദേഹം. സംസാര മധ്യേ ഗാന്ധിജി അയ്യങ്കാളിയോട് ചോദിച്ചു.
''മിസ്റ്റർ അയ്യങ്കാളി, താങ്കളുടെ ജീവിതാഭിലാഷം എന്താണ്?''
''എന്റെ വർഗത്തിൽപെട്ട പത്ത് ബി.എക്കാരെ കണ്ടിട്ട് മരിച്ചാൽ മതി'' എന്നായിരുന്നു മറുപടി.
*************
ഒരിക്കൽ കെ.എം സീതി സാഹിബ് എന്റെ കാറിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ ഒരു മാപ്പിള പെൺകുട്ടി നടന്നു പോകുന്നത് കണ്ടു. പുസ്തകങ്ങൾ മാറോട് ചേർത്ത് സ്‌കൂളിലേക്ക് പോവുകയായിരുന്നു അവൾ. ആ കാഴ്ച സീതി സാഹിബിനെ അതിശയിപ്പിച്ചു. അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചു. കാർ നിർത്തി വഴിയിലിറങ്ങിയ സീതി സാഹിബ് ആ പെൺകുട്ടിയോട് കുശലാന്വേഷണം നടത്തി. ഒരു മുസ്‌ലിം പെൺകുട്ടി സ്‌കൂളിൽ പോകുന്ന കാഴ്ച അക്കാലത്ത് അതിശയം തന്നെയായിരുന്നു. (പള്ളിക്കൽ പി.പി മുഹമ്മദ് എഴുതിയ അനുഭവം)
*************
1930 മാർച്ച് മാസത്തിൽ മണ്ണാർക്കാട് വെച്ച് സമസ്തയുടെ നാലാം വാർഷിക സമ്മേളനം. സ്ത്രീകൾക്ക് കൈയ്യെഴുത്ത് പഠിപ്പിക്കാൻ പാടില്ലെന്ന് പ്രമേയം പാസ്സാക്കുന്നു. സി.കെ മുഹമ്മദ് മൗലവി അവതരിപ്പിച്ചു. എ.പി അഹമ്മദ് കുട്ടി മൗലവി പിന്താങ്ങി. (അൽബയാൻ പേജ്-28; 1930 മാർച്ച് പുസ്തകം -1, ലക്കം 4,5)
*************
1939. മലബാറിൽ ആകെ സ്‌കൂളിൽ പഠിക്കുന്ന മുസ്‌ലിം വിദ്യാർഥികളുടെ എണ്ണം 2010. അതിൽ പെൺകുട്ടികൾ 16. (മദ്രാസ് സർവകലാശാല സർവെ)
*************
കേരള മുസ്‌ലിം നവോത്ഥാനത്തിന് ഒരേ വിതാനമല്ലെന്നാണ് വിശ്വാസം. അത് പല കൈവഴികളിലൂടെ സംഭവിച്ചു. മഖ്ദൂമിയൻ പാരമ്പര്യത്തിലൂടെയുള്ള ആത്മീയ നവോത്ഥാനവും മമ്പുറം തങ്ങന്മാരിലൂടെയുള്ള രാഷ്ട്രീയ നവോത്ഥാനവും ഉദാഹരണം. തമ്പ്രാക്കളുടെ മുമ്പിൽ നടുവളഞ്ഞ് നിൽക്കരുതെന്ന മുസ്‌ലിംകളോടുള്ള ആഹ്വാനം മമ്പുറം തങ്ങൾ മുന്നോട്ടുവെച്ച അഭിമാനത്തിന്റെ രാഷ്ട്രീയത്തെ ധ്വനിപ്പിക്കുന്നു. വ്യതിരിക്ത പാരമ്പര്യത്തിന്റെ അടയാളമായ മാപ്പിള കലകൾക്ക് നവോത്ഥാന പങ്കാളിത്തമുണ്ട്. എല്ലാ വിജ്ഞാന ശാഖകളും ഉൾപ്പെട്ട അറബി മലയാളം കൃതികൾ നവോത്ഥാനത്തിന്റെ വെളിച്ചമായിരുന്നു. ബൈബിളുണ്ടായിരുന്നു അറബി മലയാളത്തിൽ. രാമായണമുണ്ടായിരുന്നു മാപ്പിളപ്പാട്ടിൽ.

സാമൂഹിക നവീകരണം എന്നത് തളം കെട്ടി നിൽക്കേണ്ട ഒന്നല്ല. അതിന് തുടർച്ചകളുണ്ടാകണം. പക്ഷേ, ബ്രിട്ടീഷ് വിരോധത്തിന്റെ അതിജോലിക്കിടെ അറിവു തേടിയുള്ള മാപ്പിള അന്വേഷണങ്ങളിൽ സ്തംഭനമുണ്ടായി. ബ്രിട്ടീഷുകാരെ ആയുധം കൊണ്ട് തോൽപിക്കാമെന്ന വ്യാമോഹവുമുണ്ടായി. തോറ്റു പോയി, ഇടക്കാലത്ത്.

അവിടെ നിന്നില്ല. നിൽക്കാൻ പാടില്ല. ഭക്ഷണ ഭ്രഷ്ട് വരെ അനുഭവിക്കേണ്ടി വന്നിട്ടും സയ്യിദ് സനാഉല്ല മക്തി തങ്ങൾ എഴുതിയും പറഞ്ഞും പൊരുതി. ആൺകുട്ടികളെ പോലും പഠിപ്പിക്കാൻ മടിച്ചിരുന്ന കാലത്ത് മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പെൺകുട്ടികളെ സ്‌കൂളിലേക്കയച്ചു. മുസ്‌ലിം ഐക്യസംഘത്തിലൂടെ ശൈഖ് ഹമദാനി തങ്ങളും മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയും വക്കം മൗലവിയും സീതി സാഹിബും ബി. പോക്കർ സാഹിബും ഇ.മൊയ്തു മൗലവിയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും നവോത്ഥാന സംരംഭങ്ങൾക്ക് ഊർജം പകർന്നു. കീഴാളത്ത വിചാരങ്ങളിൽനിന്ന് സമുദായം പതുക്കെപ്പതുക്കെ മൂരിനിവർന്നു. തൗഹീദ് പ്രചരിപ്പിക്കുന്നതിലും ആധുനിക വിദ്യാഭ്യാസ നവോത്ഥാന ശ്രമങ്ങളിലും മുജാഹിദ് പ്രസ്ഥാനം ഏറെ സംഭാവനകൾ അർപ്പിച്ചു.

ഇനി പറയട്ടെ. കേരളത്തിൽ നവോത്ഥാനത്തിന്റെ ഗുണഫലം ഏറ്റവും അനുഭവിച്ചത് ആരാണ്? ഭൂരിഭാഗം വരുന്ന സുന്നികളാണ്. അവർക്കിടയിൽ നടന്ന അത്രയും നവോത്ഥാനം എവിടെയും നടന്നില്ല. എഴുത്ത് പഠിപ്പിക്കരുതെന്ന് പറഞ്ഞവർ തന്നെ സ്‌കൂളുകളുണ്ടാക്കി. യത്തീംഖാന വേണ്ടെന്ന് പറഞ്ഞവർ യത്തീംഖാന പ്രസ്ഥാനത്തിന്റെ അമരത്തു വന്നു. ഖുർആൻ അച്ചടിക്കരുതെന്നും പരിഭാഷപ്പെടുത്തരുതെന്നും പറഞ്ഞവർ അതു രണ്ടും ചെയ്തു. ആര്യനെഴുത്തും ആംഗലേയവും ഹലാലായി. മദ്രസയിൽ മീം ജഹന്നമിലെ (നരകം) മീമാണെന്ന് പറഞ്ഞവർ മദ്രസാ പ്രസ്ഥാനത്തിലൂടെ സമാന്തര വിദ്യാഭ്യാസ രംഗത്ത് മഹാത്ഭുതം നടത്തി. പെണ്ണുങ്ങളെ പള്ളിയിൽ കയറ്റാൻ പാടില്ലാത്തവർ ഓരോ പള്ളിക്ക് സമീപവും സ്ത്രീകൾക്ക് നിസ്‌കരിക്കാൻ (യാത്രക്കാർക്കാണെങ്കിലും) പ്രത്യേകം കെട്ടിടങ്ങൾ പണിതു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കുതിച്ചു മുന്നേറി. യാഗം മുടക്കിയ രാക്ഷസന്മാർ യാഗം നടത്തുന്ന ദേവന്മാരായി.

മുജാഹിദ് പ്രസ്ഥാനം (സലഫി പ്രസ്ഥാനമല്ല) ഇടക്കാലത്ത് ഇടറി. അക്ഷര വ്യാഖ്യാനങ്ങളിൽ കുരുങ്ങി. ഇസ്‌ലാഹ് മുടങ്ങി. മുജഹിദുകളുടെ തൊണ്ടക്കുഴിയിൽ അക്ഷരങ്ങൾ മാത്രമായി. ജിഹാദി സലഫിസവും ആശ്രമ സലഫിസവും അസ്ഥാനത്തുള്ള ഫത്‌വകളും ജിന്നും സിഹ്‌റും വലച്ചു. പെൺകുട്ടികളെ കോളേജിലേക്ക് വിട്ട പ്രസ്ഥാനത്തിലെ ചിലർ തന്നെ എഞ്ചിനീയറിങിനും മെഡിസിനും പഠിക്കുന്ന മക്കളുടെ പഠനം നിർത്തി. അവരിൽ പലരും ആശ്രമ ജീവിതം തെരഞ്ഞെടുത്ത് പൊതുസമൂഹത്തിൽനിന്ന് പാടെ മുങ്ങി. ഓണസദ്യയും ഓണപ്പായസവും വരെ ഹറാമാക്കി. അന്യമതസ്ഥന്റെ വീട്ടിൽനിന്നു വരുന്ന വെളിച്ചം പോലും അസഹ്യമായി. ചിലർ ഇപ്പോഴും തൗഹീദും ശിർക്കും തിരിയാതെ ഗതികെട്ട് നടക്കുന്നു. മുന്നോട്ടല്ല, പിന്നോട്ട്.

ഐക്യസംഘത്തിന്റെ നേതാക്കളായിരുന്ന കെ.എം സീതി സാഹിബും പോക്കർ സാഹിബും മുസ്‌ലിംലീഗിന്റെ അമരക്കാരായി. ഐക്യസംഘത്തിന്റെ ദൗത്യം പലപ്പോഴും മുസ്‌ലിംലീഗിലൂടെ സാധ്യമായി. സമുദായത്തിന്റെ അധികാരത്തിലേക്കുള്ള ഏണിപ്പടികൾ വിദ്യാഭ്യാസ നവോത്ഥാനത്തിന് ആക്കം കൂട്ടി. സി.എച്ച് ആ ദൗത്യത്തിന് ഊടും പാവും പകർന്നു. എന്റെ കൂടെ വരൂ എന്നു പറഞ്ഞ് ബാഫഖി തങ്ങൾ തലയെടുപ്പോടെ മുന്നിൽ നടന്നു.

സമുദായത്തെ സംഘടനാ ഭ്രാന്തിൽനിന്ന് മുക്തമാക്കി മുസ്‌ലിംലീഗ്. പൊതുപ്രശ്‌നങ്ങളിൽ വിഭാഗീയതകൾ മാറ്റിവെച്ചു. അഭിപ്രായ വ്യത്യാസങ്ങളെ സഹിഷ്ണുതയോടെ കാണാൻ പഠിപ്പിച്ചു. നേരത്തെ ഇത് സഹിക്കാൻ പറ്റാതെ സുന്നി ബസ്സും സുന്നി റോഡും വേണമെന്ന് പറഞ്ഞ് ഒരു കൂട്ടർ പോയി. ഇനിയും ചിലർ ബാക്കിയുണ്ട്. അവർക്ക് ഇപ്പോഴും ഈ ഐക്യം സഹിക്കുന്നില്ല. ദഹിക്കുന്നില്ല. അവർ കാരണങ്ങൾക്ക് കാത്തിരിക്കുകയാണ്. ചാടി വീഴാൻ. ഈ ഐക്യസംഘത്തെ നശിപ്പിക്കാൻ.

യഥാർഥ തൗഹീദ് പ്രചരിപ്പിക്കുന്നതിൽ ഇസ്‌ലാഹി പ്രസ്ഥാനം മുഖ്യ പങ്കുവഹിച്ചു എന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. സുന്നികൾ പങ്കുവഹിച്ചിട്ടില്ല എന്ന് പറഞ്ഞില്ല. അപ്പോഴേക്കും ചിലർ പണ്ടൊരാൾ വൈക്കോല് തപ്പിയ പോലെ തലയിലേക്ക് കൈവെച്ചു. തങ്ങളെ ഉദ്ദേശിച്ച് മാത്രമാണെന്ന് തീരുമാനിച്ചു. നവോത്ഥാന ചർച്ചകൾ നടക്കുമ്പോഴും ഈയൊരു വെപ്രാളം ചിലരിൽ കാണാം. തങ്ങളാണ് നവോത്ഥാനത്തിന് അവകാശികൾ എന്നു വരുത്തി തീർക്കാനുള്ള വെപ്രാളം. അപകർഷബോധം എന്നാണ് പച്ചമലയാളത്തിൽ ഈ അവസ്ഥയെ വിശേഷിപ്പിക്കാവുന്ന പേര്.

സംഘടനാ ഭ്രാന്തില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാർ ഉച്ചത്തിൽ സംസാരിക്കേണ്ട കാലമാണിത്. കേരളീയ മുസ്‌ലിം സമൂഹത്തിന് ഇന്ന് സംഘടിത ബോധമുണ്ട്. നല്ല ഇടയന്മാരുള്ള ആട്ടിൻപറ്റമാണിത്. ഈ ആട്ടിൻപറ്റത്തെ ചെന്നായ്ക്കൾക്ക് വിൽക്കാനാണ് ചിലർ ശ്രമിക്കുന്നത്. കേരളത്തിലെ മുജാഹിദുകളെ ഐ.എസ് ആക്കാൻ മാത്രം അവർ വിഡ്ഢികളായിരിക്കുന്നു. വയറ്റുപ്പിഴപ്പിനും രാഷ്ട്രീയ, ഭൗതിക ലാഭങ്ങൾക്കു വേണ്ടിയുമാണ് മതസംഘടനാ നേതാക്കളിൽ ചിലർ ലീഗ് നേതാക്കളെ സലഫിയും സുന്നിയുമാക്കുന്നത്. മുസ്‌ലിംലീഗിൽനിന്ന് സലഫിസത്തിലേക്ക് ആളെ കൂട്ടുന്ന റിക്രൂട്ടിങ് ഏജൻസികളായി ഇ.കെ സുന്നികളിൽ ചില നേതാക്കൾ മാറുകയാണ്. ബാഫഖി തങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഈ ഞാഞ്ഞൂളുകൾ തലപൊക്കില്ലായിരുന്നു. ശിഹാബ് തങ്ങൾ ഉണ്ടായിരുന്നെങ്കിൽ തലപൊക്കില്ലായിരുന്നു. അവർ പോയി. അപരിഹാര്യമായ നഷ്ടം. നികന്നു പോകുന്നില്ല ആ നഷ്ടങ്ങൾ.

ഈ പൊങ്ങുതടികളെ തട്ടി മാറ്റി ഒഴുകണം. ശക്തിയിൽ ഒഴുകണം. ആലോചിച്ചു നിൽക്കാൻ നേരമില്ല.
Powered by Blogger.