Header Ads

ഹോളണ്ട്, എവിടെയാണ് നിങ്ങളെ ഞങ്ങള്‍ക്ക് നഷ്ടമായത്?

# വി.കെ.അനില്‍കുമാര്‍

ലോകകപ്പ് ഫുട്ബോളില്‍ യോഗ്യത നേടാതെ പുറത്തായ ഹോളണ്ട് ടീമിനെ കുറിച്ച് ഒരു വിലയിരുത്തല്‍

എതിരില്ലാത്ത ഏഴ് ഗോളുകളുടെ അസാദ്ധ്യമായ വിജയമായിരുന്നു ഹോളണ്ട് എന്ന ടോട്ടല്‍ ഫുട്ബോളിന്റെ വക്താക്കള്‍ക്ക് റഷ്യന്‍ ലോകകപ്പിലേക്കുള്ള വാതില്‍ തുറക്കണോ എന്ന് തീരുമാനിക്കുന്നതിനുള്ള ഒരേയൊരു വഴി. പ്രതീക്ഷകളില്ലെന്ന് പറഞ്ഞ് സ്വന്തം പരിശീലകന്‍പോലും കൈവിട്ടു. സ്വീഡനെതിരെ വിജയിച്ച് ലോകകപ്പിലെത്തിയാലും ഈ ടീമിന് അവിടെ ഒന്നും ചെയ്യാനാവില്ലെന്ന് കളിയെഴുത്തുകാര്‍ പ്രവചിക്കുകയും ചെയ്തു. എന്താണ് ഹോളണ്ടിന് സംഭവിച്ചത്. കളിക്കളത്തിലെ ഓറഞ്ചുപടയുടെ സമഗ്രാധിപത്യത്തിന് എവിടെയാണ് പോറല്‍ വീണത്? എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിട്ടും തലതാഴ്ത്തി, കണ്ണീരൊഴുക്കി സ്റ്റേഡിയം വിടാന്‍ തന്നെയായിരുന്നു കാലം അവര്‍ക്ക് മേല്‍ കാത്തുവച്ച വിധി.

ലോകകപ്പ് നേടിയിട്ടില്ലെങ്കിലും, ലോകത്തിലെ തന്നെ മികച്ച ടീമുകളില്‍ ഒന്നായിരുന്നു ഹോളണ്ട്. 1974,1978 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി റണ്ണേഴ്സ് അപ്പുകളായിരുന്നു ഹോളണ്ട്. എന്നാല്‍ പിന്നീട് നടന്ന രണ്ട് ലോകകപ്പുകളില്‍ യോഗ്യത പോലും നേടാതെ ആരാധകരെ നിരാശരാക്കുകയും ചെയ്ത ഒരു ചരിത്രം ആ ടീമിനുണ്ട്. അതിന് ശേഷം 2002ലെ ജപ്പാന്‍-കൊറിയ ലോകകപ്പിലാണ് പിന്നീട് ഓറഞ്ചുപടയ്ക്ക് കളത്തിലിറങ്ങാന്‍ കഴിയാതെ വന്നത്. തുടര്‍ന്ന് വന്ന ലോകകപ്പ് മത്സരങ്ങളിലെല്ലാം മികച്ച പ്രകടനമായിരുന്നു ഹോളണ്ടിന്റേത്. 2010ല്‍ ദക്ഷിണാഫ്രിക്കയിലും, 2014ല്‍ ബ്രസീലിലും യഥാക്രമം രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനവും നേടി ഫുട്ബോള്‍ ചരിത്രത്തില്‍ അവര്‍ സ്വയം അടയാളപ്പെടുത്തപ്പെട്ടുകൊണ്ടേയിരുന്നു. ആ ഉയരങ്ങളില്‍ നില്‍ക്കുമ്പോഴാണ് ഇത്തവണത്തെ ലോകകപ്പില്‍ കളിക്കാന്‍ പോലും സാധിക്കാതെ ഹോളണ്ടിന് മടങ്ങേണ്ടി വരുന്നത്.

ദേശീയ/അന്തര്‍ദേശീയ മാധ്യമങ്ങള്‍ക്ക് ഹോളണ്ടിനെ കുറിച്ചെഴുതാന് നൂറ് നാവായിരുന്നു. എക്കാലവും അവരുടെ കളിശൈലിയും, ആരാധകരുടെ പിന്‍ബലവും കളിയെഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്തെഴുതണമെന്ന് നെതര്‍ലാന്റിന്റെ ഭൂതകാലമെഴുതിയവര്‍ക്ക് അറിയില്ല. ആരാധകര്‍ക്കൊപ്പം, ആ മാധ്യമങ്ങളും ഇപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ദുര്യോഗത്തില്‍ നിരാശരാണ്.

2002ല്‍ ഡച്ച് ടീം ലോകകപ്പ് യോഗ്യതയില്‍ പരാജയപ്പെട്ടപ്പോളുണ്ടായ ഞെട്ടലൊന്നും ആര്‍ക്കും ഇന്നുണ്ടാവില്ല. റൈക്കാദിന്റെ നേതൃത്വത്തില്‍ പടയ്ക്കിറങ്ങിയ ഓറഞ്ച് പടയ്ക്ക് അന്നേറ്റ ക്ഷതത്തിന്റെ പാടുകള്‍ മാറാന്‍ തന്നെ അല്പകാലം വേണ്ടിവന്നു. അതോര്‍ക്കുമ്പോള്‍ ഇന്നത്തെ ഡച്ച് ടീമിന്റെ ഈ അവസ്ഥ അത്ര അപ്രതീക്ഷിതമല്ലെന്ന് തന്നെ പറയാനാവും. ലൂയിസ് വാന്‍ഗാല്‍ എന്ന മനുഷ്യന്റെ നേതൃത്വത്തില്‍ ഒരുപാട് പ്രതീക്ഷകള്‍ നല്‍കിയത് അന്നത്തെ അജാക്സ് ടീമിന്റെ മിന്നുന്ന പ്രകടനമായിരുന്നു. ഹോളണ്ടിന്റെ ഒട്ടുമിക്ക താരങ്ങളും അന്നത്തെ പ്രകടനത്തില്‍ ഏറെ മുന്നില്‍, ഭൂരിപക്ഷവും അജാക്സില്‍ തന്നെ. കൊക്കു, ഹസല്‍ബ്ലാങ്ക്, ക്ലൈവര്‍ട്ട്, വാന്‍ഡര്‍ വര്‍ത്ത്, നിസ്റ്റല്‍ റോയ്, വാന്‍ ബൊമ്മല്‍ അങ്ങനെ പ്രതിഭാധനരായ ലോകം ഉറ്റുനോക്കുന്ന കളിക്കാര്‍ ആ ടിമില്‍ ഉണ്ടായിരുന്നിട്ട് കൂടിയാന് അന്ന് നിര്‍ഭാഗ്യം ഡച്ചുകാര്‍ക്ക് മേല്‍ ഒരു ദുര്‍ഭൂതം പോലെ വന്ന് പതിച്ചത്.

നഷ്ടപ്രതാപത്തിന്റെ ഓര്‍മ്മകളാണ് ഇന്ന് ഹോളണ്ട് ടീം. ഒരു മേജര്‍ ടൂര്‍ണമെന്റു പോലും കളിക്കാനാവാതെ പോയ തലമുറയാണ് ഇന്നവരുടേത്. 2007ല്‍ അണ്ടര്‍ 21ലോകകപ്പ് ചാമ്പ്യന്മാരായ ഹോളണ്ടിന് അക്കൂട്ടത്തില്‍ നിന്ന് ഒരു പുതിയ ടീമിനെ വാര്‍ത്തെടുക്കാനാവാതെ പോയത് ടോട്ടല്‍ ഫുട്ബോളിന്റെ പാരമ്പര്യം പേറുന്ന ഡച്ച് ടീമിന്റെ പതനത്തിന് ആക്കം കൂട്ടുകയാണ്. റയാന്‍ ബാബേല്‍, റോയ്സ്റ്റണ്‍ റെന്തെ എന്നീ കളിക്കാര്‍ക്കപ്പുറം ആരും അന്നത്തെ ആ ലോകകപ്പ് ചാമ്പ്യന്മാരില്‍ നിന്ന് പേരെടുക്കാതെ പോയതും ഹോളണ്ടിന്റെ ഭാഗ്യക്കേട്. ടൂര്‍ണമെന്റിലെ മികച്ച തരാമായിരുന്ന റെന്തെ ആണെങ്കില്‍ നേരത്തെ കളിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു. ഇപ്പോഴും ആര്യന്‍ റോബനും, സ്നൈഡറും വാന്‍ പേഴ്സിയുമെല്ലാം കീപ്ലേയേഴ്സ് ആയി നില്‍ക്കുമ്പോള്‍ ഒപ്പമെത്താന്‍ പോലുമാവാതെ പോവുന്ന യുവനിരയില്‍ നിന്ന് അധികമൊന്നും ആ ടീമിന് പ്രതീക്ഷിക്കാനുമാവില്ല.

മധ്യനിരയില്‍ മെംഫിസ് ഡിപേ എന്ന കളിക്കാരന്‍ ചില പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ആ പ്രകടനത്തിലൊരു സ്ഥിരത പുലര്‍ത്താന്‍ അയാള്‍ക്ക് കഴിയാതെ പോവുന്നു എന്നതാണ് പ്രശ്നം. അപൂര്‍വ്വമായി മാത്രമേ ഒരു കളിയെ തന്നിലൂടെ മുന്നോട്ട് കൊണ്ടുപോവാന്‍ ഡിപ്പേക്ക് സാധിക്കുന്നുള്ളൂ. ഒരു ടീമിനെ ചുമലിലേറ്റുക എന്ന അത്യന്തം ദുഷ്കരമായ ദൗത്യമല്ല അയാളില്‍ നിന്ന് ആഗ്രഹിക്കുന്നത് എന്നാല്‍ പോലും, തന്റെ പ്രതിഭയുടെ നിഴലാവാന്‍ മാത്രമേ ഡിപ്പേയ്യ്ക്ക് സാധിക്കുന്നുള്ളൂ എന്ന് കാണുമ്പോഴാന് ഡച്ച് ടീമിന് ചൂണ്ടിക്കാണിക്കാന്‍ പോലും മറ്റൊരു യുവതാരം ഇല്ല എന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് ചര്‍ച്ചകള്‍ കടക്കുന്നത്. ടോട്ടനത്തിന്റെ കളിക്കാരന്‍ വിന്‍സറ്റ് ജാസന്‍, സതാപ്ടന്റെ ജോഡി ക്ലാസി, പി എസ് വിയിലെ വാന്‍ ഗിങ്കല്‍ അങ്ങനെ ഒരുപറ്റം താരങ്ങള്‍ ടീമിലുണ്ടെങ്കിലും പഴയകാലത്തിന്റെ ഡച്ച് പ്രതീതി പോലും കളിക്കളത്തില്‍ ഇവര്‍ക്ക് ഉണ്ടാക്കാനായില്ല എന്നതായിരുന്നു ഈ തലമുറ ടീമിന്റെ വലിയ പരാജയം.

ഈ അവസരത്തില്‍ ഡച്ച് ടീമിന്റെ ഒരു പോസ്റ്റ്മോര്‍ട്ടമാണ് നടത്തേണ്ടത്. മരണകാരണവും, മരണത്തിലേക് നയിച്ച സാഹചര്യവും, സമയവുമെല്ലാം കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു മിശിഹയെ ആണ് ഇനി അവര്‍ക്ക് വേണ്ടത്. ചാരത്തില്‍ നിന്ന് ടോട്ടല്‍ ഫുട്ബോളിനെ കൈ പിടിച്ചുയര്‍ത്താന്‍ ഒരു ശക്തി അവര്‍ക്കാവശ്യമുണ്ട്. ഒരു താരത്തിന്റെ മാത്രം തണലില്‍ ഒരിക്കലും കളിച്ചിട്ടില്ലാത്ത ഹോളണ്ടിന് ഒരു തലമുറമാറ്റം അത്യന്താപേക്ഷിതമാണ്. മോഡേണ്‍ ഫുട്ബോളിന്റെ വേഗതയ്ക്കൊപ്പമെത്താനാവാതെ പോയ ഒരു ടീം മാത്രമാണ് ഹോളണ്ട് ഇപ്പോള്‍. ഹോളണ്ടിലെ ഏറഡിവിസി ലീഗ് ഇപ്പോഴും പഴയകാല ഫുട്ബോളിനെ തന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പി.എസ്.വി എന്തോവനപ്പുറം മറ്റൊരു ടീമിന് അവിടെ ഒന്നും നേടാനാവാതെ പോവുന്നു. ആ ലീഗിന്റെ ശൈലീമാറ്റമില്ലാതെ ഹോളണ്ടിന് മാറാനാവില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു കാരണം. അത് തന്നെയാണ് അടിസ്ഥാനകാരണവും. ആ ലീഗിന്റെ ശൈലിക്ക് യൂറോപ്പ്യന്‍ ലീഗുകളില്‍ ഒന്നുമുണ്ടാക്കാനാവില്ല. ഡച്ച് ലീഗിലെ മികച്ച പരിശീലകര്‍ക്ക് പോലും യൂറോപ്യന്‍ ലീഗുകളില്‍ കാര്യമായൊന്നും ചെയ്യാനായില്ല എന്നത് കൂടി നമൂക് ഇതിനോട് ചേര്‍ത്ത് വായിക്കാം. ഏറ്റവുമൊടുവില്‍ വാന്‍ ഗാലിനെ പോലെ ഒരു പരിശീലകനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്താക്കിയതും ഇതേ കാരണത്താലാണ്.

ഡച്ച് ടീമിന്റെ പ്രതീക്ഷകള്‍ ഇനി പുതിയ തലമുറയില്‍ മാത്രമാണ്. അവര്‍ക്ക് മാത്രമേ ഇനി ആ ടീമിനെ പുതുക്കിപ്പണിയാന്‍ സാധിക്കൂ. കഴിഞ്ഞ വര്‍ഷം അജാക്സിന് വേണ്ടി യൂറോപ്പ ലീഗില്‍ കളിച്ച ഹോളണ്ടിന്റെ ചില ചെറുപ്പക്കാരുണ്ട്. ഇരുപത്തഞ്ച് വയസില്‍ താഴെ മാത്രം പ്രായമുള്ള ആ കൂട്ടത്തിലാണ് ഇനി അവര്‍ക്ക് പ്രതീക്ഷ വയ്ക്കേണ്ടതുള്ളൂ. എങ്കിലും ഇന്നത്തെ ഹോളണ്ടിന്റെ അവസ്ഥ പറയുന്നത് ഒരുപറ്റം പ്രതിഭാധനരായവര്‍ വന്നാല്‍ മാത്രമേ അവര്‍ക്ക് ഡച്ച് ഫുട്ബോളിന്റെ തലയുയര്‍ത്തിപ്പിടിച്ച ചരിത്രം പേറുന്ന, ടോട്ടല്‍ ഫുട്ബോള്‍ എന്തെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത ആ ടീമിനെ പിന്‍പറ്റാനാവൂ എന്നാണ്. ഉടച്ചുവാര്‍ക്കലില്ലാതെ ഇനിയൊരു ഉയിര്‍ത്തേഴുന്നേല്‍പ്പ് അവര്‍ക്ക് സാധ്യവുമല്ല താനും. 
Powered by Blogger.