Header Ads

എന്റെ നിലപാടുകള്‍ ഏതെങ്കിലും വ്യക്തികള്‍ക്ക് വേണ്ടിയല്ല; സംഘടിതമായി എന്തൊക്കെയോ നടന്നുകൊണ്ടിരിക്കുന്നു


# സെബാസ്റ്റ്യന്‍ പോള്‍ / വിനീത് രാജന്‍


ദിലീപിന് അനുകൂലമായി ലേഖനമെഴുതി ഈ അടുത്ത കാലത്ത് ഏറ്റവുമധികം വിമര്‍ശനം നേരിട്ടയാളാണ് സെബാസ്റ്റ്യന്‍ പോള്‍. സ്വന്തം വിദ്യാര്‍ത്ഥികളാല്‍ പോലും വിമര്‍ശിക്കപ്പെട്ട അദ്ദേഹം തന്റെ നിലപാടുകള്‍ കൂടുതല്‍ വ്യക്തമാക്കുന്നു.


സെബാസ്റ്റ്യന്‍ പോള്‍ എന്ന വ്യക്തിക്ക് ഉണ്ടായിരുന്ന വിശ്വാസ്യതയ്ക്ക് ദിലീപ് അനുകൂല ലേഖനത്തോട് കൂടി കോട്ടം സംഭവിച്ചിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ? 

എന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന രീതിയിലുള്ള പ്രചരണങ്ങളും, വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുന്നുണ്ട്. പക്ഷേ, അങ്ങനെ സംഭവിച്ചതായി എനിക്ക് തോന്നിയിട്ടില്ല. ഒരു ലേഖനത്തെ മുന്‍ നിര്‍ത്തി ലേഖകനെ തേജോവധം ചെയ്യുക എന്നതൊന്നും ശരിയായ നടപടിയല്ല. ആശയത്തെ ആശയം കൊണ്ടാണ് പ്രതിരോധിക്കേണ്ടത്. അതാണ് എല്ലാവര്‍ക്കും സ്വീകാര്യമായ മാര്‍ഗ്ഗം. അക്കാര്യത്തില്‍ ജോണി ലൂക്കോസുമായുള്ള അഭിമുഖത്തിന് ശേഷം കുറേക്കൂടി വ്യക്തത വന്നിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്. വ്യക്തത വന്നിട്ടുണ്ട് എന്നാണ് പലരില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള പ്രതികരണവും.

മുഖ്യമന്ത്രി ഗൂഢാലോചനയില്ല എന്നു ആദ്യമേ പറഞ്ഞ സംഭവത്തില്‍ ഗൂഢാലോചനയുണ്ട് എന്നു പറഞ്ഞത് മഞ്ജുവാര്യരാണ് എന്നും എന്നാല്‍ അതിന്‍റെ അടിസ്ഥാനം അവര്‍ വെളിപ്പെടുത്തിയിട്ടില്ല എന്നും താങ്കള്‍ പറയുന്നു.  മഞ്ജുവാര്യര്‍ ഈ കേസില്‍ തത്പര കക്ഷിയാണ് എന്ന പരോക്ഷസൂചന തന്നെയാണ് താങ്കള്‍ അതിലൂടെ നല്‍കുന്നത്?  

നമ്മള്‍ പ്രത്യക്ഷമായി പറയുന്ന കാര്യങ്ങള്‍ പലര്‍ക്കും മനസ്സിലാവുന്നില്ല. പരോക്ഷമായി പറയുന്ന കാര്യങ്ങള്‍ വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്നു. അതിലെനിക്കൊന്നും പറയാനാവില്ല. പക്ഷേ, ആ പ്രസ്താവനകള്‍ രണ്ടും ഫാക്ച്ച്വലി ശരിയാണ്. രണ്ടും വാര്‍ത്തകളില്‍ വന്നതുമാണ്. എന്റെ സ്വന്തം അഭിപ്രായങ്ങളല്ല. കൊച്ചിയില്‍ നടന്ന ഒരു പൊതുയോഗത്തിലാണ് ഗൂഢാലോചന എന്ന വാക്ക് ഈ കേസുമായി ബന്ധപ്പെട്ട് നമ്മള്‍ ആദ്യമായി കേട്ടത്. അത് പറഞ്ഞത് മഞ്ജു വാര്യര്‍ ആയിരുന്നു. ഒരു വിവരവും ലഭിക്കാതെ മഞ്ജു വാര്യര്‍ അത്തരമൊരു അഭിപ്രായപ്രകടനം നടത്തില്ല. കാരണം, ആ സമയത്ത് അവര്‍ സംഘടനാപ്രവര്‍ത്തനത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ്. മുഖ്യമന്ത്രിയുടേതില്‍ നിന്ന് വ്യത്യസ്തമായ ഒരു അഭിപ്രായം അവര്‍ ഉന്നയിക്കുമ്പോള്‍ ആ വിഷയത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു അന്വേഷണം ഉണ്ടാകേണ്ടതാണ്. അതുണ്ടായോ എന്ന ചോദ്യമാണ് ഞാനവിടെ ഉന്നയിച്ചത്.

താങ്കള്‍ ലേഖനമെഴുതിയത് ദിലീപ് ജയിലിലായ അറുപത് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമായിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷകള്‍ കോടതി തള്ളിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. എല്ലാ പ്രിവിലേജുകളും ലഭിച്ചുകൊണ്ടിരുന്ന ഒരു  ആള്‍ക്ക് വേണ്ടി എങ്ങനെയാണ് നീതിനിഷേധം എന്ന വാദം ഉയര്‍ത്താനാവുന്നത്? എങ്ങനെയാണ് ആ വ്യക്തിയെ മദനിക്കും, മറ്റ് വിചാരണത്തടവുകാര്‍ക്കുമൊപ്പം ചേര്‍ത്ത് വയ്ക്കാന്‍ സാധിക്കുന്നത്? 

ദിലീപിന് നീതി നിഷേധിക്കപ്പെടുന്നു എന്ന വാദമുയര്‍ത്തിക്കൊണ്ടല്ല ഞാന്‍ ആ ലേഖനം എഴുതിയത്. കോടതിനടപടികളെ വിമര്‍ശിച്ചിട്ടുമില്ല. നിയമപരമായി ലഭിക്കേണ്ട എല്ലാ പരിരക്ഷയും ആ സമയത്ത് ദിലീപിന് ലഭിക്കുന്നുമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞത് ദിലീപിനെതിരെയുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തെ കുറിച്ചാണ്. ദിലീപിനെ ഒറ്റപ്പെടുത്തി കുറ്റക്കാരനാക്കുന്നതിനുള്ള പരിശ്രമം ശരിയല്ല എന്നും, അതില്‍ ചില അപകടങ്ങളുണ്ട് എന്നുമാണ് ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്. സംഘടിതമായ രീതിയില്‍ ദിലീപിനെതിരെ ഒരു നീക്കം അന്നുണ്ടായിരുന്നു. ഇന്നത് എനിക്ക് നേരെയും ഉണ്ട്. ആ ഒരു സമീപനം ശരിയല്ല എന്നാണ് ഞാന്‍ ഉന്നയിച്ച വാദം. ഏതൊരു തടവുകാരനോടും ആരോഗ്യകരമായ, അനുകമ്പാപൂര്‍ണമായ ഒരു സമീപനം ഉണ്ടാവണമെന്നുള്ളത് എന്റെ ഒരുപാട് കാലമായുള്ള നിലപാടാണ്. ആ നിലപാട് ഈ വിഷയത്തിലും ഞാന്‍ ആവര്‍ത്തിച്ചു എന്നേയുള്ളൂ.

മദനിയോടും വിചാരണത്തടവുകാരോടും ഞാന്‍ ദിലീപിനെ താരതമ്യപ്പെടുത്തിയിട്ടില്ല. നമ്മള്‍ എന്ത് പറയുമ്പോഴും താരതമ്യം എന്ന വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല. ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കുന്നതിന് വേണ്ടി കഴിഞ്ഞകാലത്ത് ഇടപെട്ട ചില വിഷയങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നടത്തിയതാണ്. അല്ലെങ്കില്‍ ഇപ്പോള്‍ ചിലര്‍ ആരോപിക്കുന്നത് പോലെ അയാളുടെ ആനുകൂല്യം പറ്റിക്കൊണ്ട് ഞാന്‍ ലേഖനമെഴുതി എന്നൊരു ദുര്‍വ്യാഖ്യാനമുണ്ടാവും. അതല്ലെന്നും, ഇത്തരം കാര്യങ്ങളില്‍ എന്റെ നിലപാട് ഏറെക്കാലമായി ഇതുതന്നെയായിരുന്നു എന്നും, ദിലീപിന്റെ കാര്യത്തില്‍ എന്ന പോലെ മറ്റ് പലരുടെയും കാര്യങ്ങളില്‍ ഞാന്‍ ഇടപെട്ടിട്ടുണ്ട് എന്നും വ്യക്തമാക്കുന്നതിനാണ് ഞാന്‍ ആ പരാമര്‍ശങ്ങള്‍ നടത്തിയത്. അതിനര്‍ത്ഥം മദനിയെയും, യേശുക്രിസ്തുവിനെയുമൊക്കെ ദിലീപുമായി താരതമ്യപ്പെടുത്തി എന്നല്ല. വായിക്കേണ്ട പോലെ വായിച്ചാല്‍ എല്ലാവര്‍ക്കും വ്യക്തമാകുന്നത് തന്നെയാണത്, മറ്റെന്തോ കാരണത്താല്‍ അങ്ങനെ സംഭവിക്കുന്നില്ല.

ഇത് ഉപകാരസ്മരണയോ പ്രത്യുപകാരമോ അല്ല. ഉപകാരത്തിന്റെ കണക്ക് ഞങ്ങള്‍ തമ്മിലില്ല- താങ്കള്‍ ലേഖനത്തില്‍ ഉപയോഗിച്ച ഒരു പ്രയോഗമാണിത്. പൊതുസമൂഹത്തിന് മുന്നില്‍ സംശയിക്കപ്പെടുമെന്ന് തോന്നിയിരുന്നോ? 

ഒരു പത്രത്തിലെ ലേഖനമെഴുതുന്നത് ആ ദിവസത്തെ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. അതിന് ഗവേഷണപ്രബന്ധം പോലെ ഫുട്നോട്ട്സും, റഫറന്‍സുമൊന്നും കൊടുത്ത് എഴുതാനാവില്ല. ആ ദിവസങ്ങളില്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചതിന് ശേഷം ഗണേഷ് കുമാര്‍ പറഞ്ഞത് ദിലീപില്‍ നിന്ന് ഉപകാരങ്ങള്‍ നേടിയിട്ടുള്ളവര്‍ പ്രത്യുപകാരം കാണിക്കണം എന്നാണ്. അത് വേറൊരു കണക്കാണ്. ആ കണക്കില്‍ ഉള്‍പ്പെടുന്ന ആളല്ല ഞാന്‍. അതുകൊണ്ടാണ് ആ പ്രസ്താവന ഞാന്‍ എടുത്ത് പറഞ്ഞത് തന്നെ. സമകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ലേഖനങ്ങള്‍ വായിക്കേണ്ടത്. ദുരുദ്ദേശങ്ങളില്ലാത്ത സാധാരണക്കാര്‍ക്ക് അത് അങ്ങനെ വായിക്കാനും സാധിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

മാധ്യമങ്ങള്‍ ജാഗ്രതയോടെ അന്വേഷണങ്ങള്‍ നടത്തണമെന്നും, അല്ലാത്ത പക്ഷം കുറ്റവാളികള്‍ രക്ഷപ്പെടാനിടയുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം താങ്കള്‍ മനോരമയില്‍ നേരെ ചൊവ്വേ പരിപാടിയില്‍ പറഞ്ഞത്. അത്തരമൊരു അന്വേഷണത്തിലായിരുന്നു പള്‍സര്‍ സുനി തന്റെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്ന ദിലീപിന്റെ വാദത്തെ, അതും ദിലീപ് സംശയിക്കപ്പെടുന്നതിന്റെ തുടക്കത്തില്‍ ആ വാദങ്ങളെ പൊളിച്ചുകൊണ്ട് മാതൃഭൂമി ഒരു ചിത്രം പുറത്ത് വിടുന്നത്. അങ്ങനെ പലതും ഈ കേസില്‍ ഉണ്ടായിട്ടുണ്ട്. എന്നിട്ടും താങ്കളുടെ ലേഖനത്തില്‍ നനഞ്ഞയിടം കുഴിക്കുന്നവരാണ് മാധ്യമങ്ങള്‍ എന്നൊരു പ്രസ്താവനയുണ്ടായിരുന്നു? 

ഒരാള്‍ വീണുകഴിഞ്ഞാല്‍ അയാളെ ചവിട്ടിത്താഴ്ത്തുക എന്നുള്ളത് തന്നെയാണല്ലോ മാധ്യമരീതി. ദിലീപിനെതിരെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും, പ്രത്യേകിച്ച് മാതൃഭൂമി രൂക്ഷമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ വരെ സുഹൃത്തായിരുന്നയാള്‍ ഒരു അപകടത്തില്‍ പെടുമ്പോള്‍ അയാള്‍ക്കെതിരെ നിന്ന് റേറ്റിംഗ് കൂട്ടാന്‍ ശ്രമിക്കുക എന്നുള്ളതൊക്കെ മാധ്യമ സ്വഭാവമാണ്. ഞാന്‍ എഴുതിയത് ഒരു പത്താം ക്ലാസുകാരന്റെ ഉപന്യാസമൊന്നുമല്ലല്ലോ. ഓരോ സന്ദര്‍ഭവും, വാക്കുകളുമെടുത്ത് അതിന്റെ വ്യാഖ്യാനം നല്‍കണമെന്നൊക്കെ ശഠിക്കുന്നത് എന്തിന്റെ ഭാഗമായാണ് എന്നാണ് എനിക്ക് മനസിലാവാത്തത്. നിങ്ങള്‍ക്ക് എന്നെ വിമര്‍ശിക്കണമെങ്കില്‍ വിമര്‍ശിക്കാം. പക്ഷേ, ആ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടാവണമെന്ന് മാത്രമേയൂള്ളൂ. സമീപകാലത്ത് ഞാന്‍ എന്ത് പറയുമ്പോഴും സംഘടിതമായ ആക്രമണം നടന്നുകൊണ്ടിരിക്കുന്നു. അഭിഭാഷകരുടെ വിഷയത്തിലെന്ന പോലെ ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതിന്റെയൊന്നും ഉദ്ദേശമെന്താണെന്ന് എനിക്കറിയില്ല.

താങ്കളുടെ വിദ്യാര്‍ത്ഥിനിയായ ഷാഹിന ആദരാഞ്ജലി നേര്‍ന്നുകൊണ്ടെഴുതിയ കുറിപ്പ് സങ്കടപ്പെടുത്തി എന്ന് താങ്കള്‍ പറയുന്നു. പക്ഷേ, അത് വ്യക്തിപരമായല്ല, മറിച്ച് താങ്കളുടെ ഇക്കാലമത്രയുമെടുത്ത നിലപാടുകള്‍ക്കുള്ള ആദരാഞ്ജലികളായിരുന്നു 

ഷാഹിന പറയുന്നതില്‍ എനിക്ക് വിരോധമൊന്നുമില്ല. ഷാഹിന ഇതുപോലെ ഒരു ക്രിമിനല്‍ കേസില്‍ പ്രതിയായപ്പോള്‍ ഷാഹിനക്കൊപ്പം നിന്ന ആളാണ് ഞാന്‍ എന്ന് ഷാഹിന ഓര്‍ത്താല്‍ മതി. കര്‍ണാടകയിലെ ഒരു സ്ഫോടനക്കേസിലെ പ്രതികളെ സഹായിച്ചു എന്ന കുറ്റം ആരോപിച്ച് ഷാഹിനയെ പ്രതിയാക്കിയിരുന്നു. തടിയന്റവിടെ നസീറടക്കം പ്രതിയായിരുന്ന, ഒരാള്‍ കൊല്ലപ്പെട്ട കേസായിരുന്നു അത്. അന്ന് ഞാന്‍ അവര്‍ക്കൊപ്പം നിന്നതാണ്. അന്ന് കര്‍ണാടക പോലീസ് പറഞ്ഞതൊന്നും ഞാന്‍ വിശ്വസിച്ചിട്ടില്ല. ഇന്ന് കേരള പോലീസ് പറയുന്നത് പൂര്‍ണമായും ഞാന്‍ വിശ്വസിക്കണം എന്ന് ഷാഹിന ആവശ്യപ്പെട്ടാല്‍ അതിലൊരു യുക്തിഭംഗമുണ്ട്.

താങ്കളുടെ നിലപാടുകളെ വലിയ രീതിയില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ, ഒരു അദ്ധ്യാപകന്‍ പോലും തന്റെ വിദ്യര്‍ത്ഥികളാല്‍ ഇത്രമാത്രം പരസ്യമായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടാവില്ല എന്ന് പറയാം. 

അദ്ധ്യാപകരെയും ചോദ്യം ചെയ്യണം എന്നാണ് ഞാനവരെ പഠിപ്പിച്ചിട്ടുള്ളത്. എന്നെ എന്റെ കുട്ടികള്‍ ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രയാസമൊന്നുമില്ല. ഞാന്‍ അത് ആസ്വദിക്കുന്നുണ്ട്. അവര്‍ സ്വന്തം അദ്ധ്യാപകരെപ്പോലും ചോദ്യം ചെയ്യാന്‍ പ്രാപ്തരായി എന്നറിയുന്നത് ഏതൊരദ്ധ്യാപകനെയും സംബന്ധിച്ച് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമല്ലേ.

ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തന്നെ സൗത്ത് ലൈവിലെ മാധ്യമപ്രവര്‍ത്തകര്‍ അത് താങ്കളെ അറിയിച്ചു എന്ന് അവകാശപ്പെടുന്നുണ്ട്. എന്നാല്‍ താങ്കള്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് ശേഷം അവര്‍ പുറത്ത് പോയാണ് പ്രതികരിച്ചത് എന്ന് പറയുന്നു. 

എന്റെ നിലപാട് ഞാന്‍ പറഞ്ഞു. അവര്‍ അവരുടെ നിലപാടും പറഞ്ഞു. എനിക്ക് ഒരു ചോദ്യം മാത്രമേയുള്ളൂ. ചീഫ് എഡിറ്ററെ വെല്ലുവിളിച്ച് കൊണ്ട് കേരളത്തിലെയോ, ലോകത്തിലെവിടെയെങ്കിലുമോ ഏതെങ്കിലും മാധ്യമസ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ സാധിക്കുമോ?

ഒരു ചീഫ് എഡിറ്റര്‍ക്ക് സ്വന്തം പേര് വച്ച് പത്രത്തില്‍ ലേഖനമെഴുതുന്നതിന് സ്വാതന്ത്ര്യവും, അവകാശവുമുണ്ട്. അതിനാരുടെയും അനുവാദം ആവശ്യമില്ല. അവര്‍ക്ക് വിയോജിപ്പുണ്ടായിരുന്നുവെങ്കില്‍ അതും അവിടെത്തന്നെ പ്രസിദ്ധീകരിക്കാമായിരുന്നു. അതിനുള്ള സ്വാതന്ത്ര്യവും അവര്‍ക്കവിടെ ഉണ്ടായിരുന്നു. പക്ഷേ, അവരത് പ്രയോജനപ്പെടുത്തിയില്ല. മറിച്ച് അവര്‍ പുറത്ത് പോയി ചീഫ് എഡിറ്റര്‍ക്കെതിരെ അവിശ്വാസം മാത്രമല്ല, ആരോപണവും ഉന്നയിച്ചു. ചീഫ് എഡിറ്റര്‍ രാജി വെക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്.

ചീഫ് എഡിറ്ററുടെ നിലപാടിനോട് വിയോജിപ്പുണ്ടെങ്കില്‍ അവര്‍ക്ക് പിരിഞ്ഞ് പോവാം എന്ന താങ്കള്‍ ഇതുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതിന് ശേഷം കഴിഞ്ഞ ദിവസം ബാഹ്യമായ ചില കാരണങ്ങള്‍ ആ പിരിഞ്ഞ് പോക്കിലുണ്ട് എന്ന രീതിയിലാണ് മനോരമയില്‍ സംസാരിച്ചത്. 

തീര്‍ച്ചയായും. ഏതൊരു മാധ്യമസ്ഥാപനത്തിലും അങ്ങനെ തന്നെയല്ലെ. ചീഫ് എഡിറ്ററോട് വിയോജിപ്പുണ്ടെങ്കില്‍ എങ്ങിനെയാണ് തുടര്‍ന്ന് പോകാന്‍ കഴിയുക. അപ്പോള്‍ സ്വയം പിന്മാറുക എന്നത് തന്നെയല്ലെ സാധ്യമായ കാര്യം. ഏതൊരു സ്ഥാപനത്തിലെയും പൊതുതത്വം അത് തന്നെയല്ല. ഞാനത് ആവര്‍ത്തിക്കുക തന്നെയാണ് ചെയ്തത്. അവര്‍ ആ ലേഖനത്തോട് വിയോജിക്കുകയും പരസ്യമായ നിലപാടെടുക്കുകയും എന്റെ നിലപാടിനെതിരായി രാജിക്കത്ത് നല്‍കുകയുമാണ് ചെയ്തത്. അല്ലാതെ സ്ഥാപനം ആരെയും പിരിച്ചു വിട്ടിട്ടില്ല.

അറുപത്തഞ്ചോളം സ്റ്റോറികള്‍ ദിലീപിനെതിരെ സൗത്ത് ലൈവ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലൊന്നും തന്നെ ഞാന്‍ ഇടപെട്ടിട്ടില്ല. ഈ വിഷയത്തിലും അവര്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അത് സൗത്ത് ലൈവിലൂടെ തന്നെ പ്രകടിപ്പിക്കാമായിരുന്നു. പക്ഷേ, അതുണ്ടായില്ലെന്ന് മാത്രമല്ല, സംഘടിതമായി അവര്‍ രാജി വയ്ക്കുകയാണ് ചെയ്തത്. ലോകത്തെവിടെയും സംഭവിക്കാത്ത കാര്യമാണ് അന്നവിടെ സംഭവിച്ചത്. ഒരു എഡിറ്റര്‍ ലേഖനമെഴുതിയതിന്റെ പേരില്‍ ഒരു സ്ഥാപനത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും രാജി വെക്കുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അതുകൊണ്ടൊക്കെത്തന്നെയാണ് ഞാന്‍ അങ്ങനെ പറയുന്നത്. ഇതിന്റെയെല്ലാം പുറകില്‍ ആരോ പ്രവര്‍ത്തിക്കുന്നുണ്ട്. നിലപാടിന്റെയോ മനഃസാക്ഷിയുടെയോ പ്രശ്നമായിരുന്നെങ്കില്‍  മറിച്ചൊരു ലേഖനം അവര്‍ക്ക് പ്രസിദ്ധീകരിച്ചാല്‍ മതിയായിരുന്നല്ലൊ. എന്നെ നന്നായി അറിയുന്നവര്‍ തന്നെയാണല്ലോ അവരെല്ലാവരും. എന്നാല്‍ ചില സംഘടിതമായ നീക്കങ്ങള്‍ അതിനു പിന്നിലുണ്ടെന്ന് എനിക്ക് വ്യക്തമാണ്. ചിലരെ ടാര്‍ജറ്റ് ചെയ്യുകയും, അവരെ സംഘടിതമായി ആക്രമിക്കുകയുമെന്ന അപകടം ഇപ്പോള്‍ കണ്ടു വരുന്നുണ്ട്. അത് ഭാവിയില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സമൂഹം അതറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് ആ പരാമര്‍ശം ഞാന്‍ നിലനിര്‍ത്തിയത്.

കഴിഞ്ഞ ദിവസം ദിലീപിന് എതിരായി സംഘടിതമായ നീക്കമുണ്ടെന്ന് സംശയമില്ലാത്ത രീതിയില്‍ പറയുകയുണ്ടായി. അതും ഈ പിരിഞ്ഞ് പോക്കുമായി ബന്ധമുണ്ടെന്നാണോ? 

എന്റെ സ്ഥാപനത്തില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയത് ശമ്പളം ലഭിക്കാഞ്ഞതുകൊണ്ടല്ല, ശമ്പളം കുറഞ്ഞത് കൊണ്ടല്ല, അവര്‍ക്ക് എന്തെങ്കിലും രീതിയിലുള്ള ചൂഷണം സംഭവിച്ചതുകൊണ്ടല്ല, മറ്റ് പല സ്ഥാപനങ്ങളിലുമുള്ളത് പോലെ ഒരുതരത്തിലുള്ള ചൂഷണങ്ങളും ആ സ്ഥപനത്തില്‍ ഉണ്ടായിരുന്നില്ല. അന്തസ്സോടെയാണ് എല്ലാവരും അവിടെ പെരുമാറിക്കൊണ്ടിരുന്നത്. ക്ഷമിക്കാന്‍ പാടില്ലാത്ത തെറ്റുകള്‍ അവര്‍ വരുത്തിയപ്പോള്‍ പോലും ഞാന്‍ അവര്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടി പ്രതിരോധിച്ച ആളാണ്. ഒരു ഷോ കോസ് നോട്ടീസ് പോലും അവര്‍ക്ക് കൊടുത്തിട്ടില്ല. അങ്ങനെ അത്രയും സൗഹൃദാന്തരീക്ഷമുള്ള സ്ഥാപനത്തില്‍ നിന്ന് ഞാനെഴുതിയ ഒരു ലേഖനത്തിന്റെ പേരില്‍ അത്രയും പേര്‍ പിരിഞ്ഞ് പോവുന്നു എന്ന് പറഞ്ഞാല്‍ അതിന് പുറകില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. 
Powered by Blogger.