Header Ads

ബോധിക്കാലത്തെ സൗഹൃദബുദ്ധൻ

# പ്രേംചന്ദ്

ഡോ: വി.സി.ഹാരിസുമായുള്ള നീണ്ട കാലത്തെ സൗഹൃദം ലേഖകന്‍ ഓര്‍മ്മിക്കുന്നു

ഐ.എഫ്.എഫ്.കെ ക്ക് ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. അവസാനത്തെ തിരുവനന്തപുരം ഫെസ്റ്റിവലിൽ  വി.സി. ഹാരിസ് മോഡറേറ്ററായുള്ള ഫെസ്റ്റിവൽ ചർച്ചയിൽ ഒന്നിച്ചിരുന്നത് ഇന്നലെ കണ്ടു പിരിഞ്ഞത് പോലെയാണ്. കഴിഞ്ഞ കുറെക്കാലമായി ഐ.എഫ്.എഫ്.കെയിൽ വച്ച് മാത്രമാണ് ഹാരിസ്സിനെ കാണാറ്.  ചായം തേക്കാത്ത യൗവ്വനം ഇവിടെ ജീവിച്ചിരുപ്പുണ്ടായിരുന്നു എന്നോർമ്മപ്പെടുന്ന, കാൾ മാർക്സിനെപ്പോലെ സുന്ദരമായി നരച്ചു കൊണ്ടിരുന്ന ആ മുടി കൊടിയടയാളമാക്കി ഹാരിസ്സ് തന്റെ നനുത്ത ചിരിയും ഗംഭീരമായ ശബ്ദവും വഴി ഏവരിലും പ്രകാശം പകരത്തി. അതനുഭവിക്കാൻ ഭാഗ്യമുണ്ടായ സൗഹൃദങ്ങളിൽ ഒരറ്റത്ത് ഞാനുമുണ്ടായിരുന്നു.

എൺപതുകളുടെ തുടക്കത്തിൽ മിന്നി മറഞ്ഞ ജനകീയ സാംസ്കാരിക വേദിയുടെ പതനത്തെ തുടർന്നുള്ള ഇടവേളയിലാണ് വി.സി.ഹാരിസ്  കോഴിക്കോട്ടെ മാനാഞ്ചിറക്ക് ചുറ്റുമുള്ള സൗഹൃദങ്ങളിൽ വന്നു ചേരുന്നത്. ഹാരിസ്സ് അന്ന് കോഴിക്കോട്ട് ഫാറൂഖ് കോളേജിൽ അധ്യാപകനായിരുന്നു. പിന്നെ സുഹൃത്ത് ജോയ് മാത്യുവിന്റെ അച്ഛന്റെ, രണ്ടാം ഗേറ്റിനടുത്തുള്ള ഇന്ത്യാ ടയേഴ്സിന്റെ ഗോഡൗണിൽ ബോധി ബുക്സും ബോധി ലെൻറിങ്ങ് ലൈബ്രറിയും തുടങ്ങിയ കാലത്ത് ഹാരിസ്സ് മാഷ് അവിടെ നിത്യ സന്ദർശകനായി . ബോധി അടച്ചു പൂട്ടുന്നത് വരെയുള്ള കാലമെടുത്താൽ അവിടെ നിന്നും എല്ലാ ശമ്പളദിനത്തിനും മുറതെറ്റാതെ കൃത്യമായി പുസ്തകം പണം കൊടുത്ത് വാങ്ങിയ ബോധിയുടെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയായിരുന്നു മാഷ്. ലെൻറിങ്ങ് ലൈബ്രറിയിലേക്ക്  എത്തുന്ന ന്യൂ ലെഫ്റ്റ് പുസ്തകങ്ങൾ വാടകക്കെടുക്കുന്നതിനേക്കാളും അത് വാങ്ങിക്കുന്നതിലായിരുന്നു ഹാരിസ്സിന് താലപര്യം. ബോധിയിലെ നീണ്ട ചർച്ചകളിൽ എത്രയോ സന്ധ്യകൾ ഹാരിസ്സ് ഒപ്പമിരുന്നിട്ടുണ്ട്. ജനകീയ സാംസ്കാരിക വേദിക്കാലത്തെ ആക്ടിവിസ്റ്റുകളോടൊക്കെ വല്ലാത്ത ഒരു സ്നേഹവും സൗഹൃദവും മാഷ് കാത്തു സൂക്ഷിച്ചു.

എന്റെ ഓർമയിൽ സാഹിത്യവും തത്വചിന്തയുമൊക്കെയായിരുന്നു അന്നത്തെ ഹാരിസ്സിന്റെ താത്പര്യങ്ങൾ . പൊടുന്നനെയാണ് ഐ.എഫ് .എഫ് .ഐയുടെ സംവാദ വേദികൾ മാഷ് കയ്യടക്കിയത്.  സിനിമയിൽ എന്ന പോലെ ഇംഗ്ലീഷ് ഭാഷയിലുള്ള ഹാരിസ്സിന്റെ അസാധാരണമായ ഒഴുക്കായിരുന്നു ഈ കയ്യടക്കലിന് നിദാനം. വിദേശത്ത് നിന്നും എത്തുന്ന ചലച്ചിത്ര പ്രതിഭകളോട് ഹാരിസ്സിനെപ്പോലെ സിനിമയും തത്വചിന്തയും രാഷ്ട്രീയവുമൊക്കെ കൃത്യമായ ചരിത്രബോധത്തോടെ സംവദിക്കാൻ ഐ.എഫ്.എഫ്.കെ സംവാദ വേദികളിൽ മാഷെ പോലെ മറ്റൊരാൾ  ഒരിക്കലുമുണ്ടായിട്ടില്ല. അറിവ് അവിടെ പുഴ പോലെ ഒഴുകി, വിഘാതമില്ലാതെ  സൗഹൃദങ്ങളിലേക്കും.

മരണം ഞങ്ങളുടെ തലമുറയിലേക്ക് വന്നു തൊടുന്നത് പോലെയാണ് ഹാരിസ്സിന്റെ വേർപാട്. അവസാനം ഹാരിസ്സിനൊപ്പം എന്ന ഹാഷ് ടാഗിട്ട് കേരളം നടത്തിയ പോരാട്ടം തന്നെ വലിയ തെളിവാണ് ആ മനുഷ്യൻ ഉയർത്തിപ്പിടിച്ച മനുഷ്യാന്തസ്സിന്റെ നേർക്കാഴ്ചകൾ തിരിച്ചറിയാൻ. പൊടുന്നനെയുള്ള ഈ വിയോഗം സഹൃത്തുക്കൾക്കും ശിഷ്യന്മാർക്കും ബൗദ്ധിക കേരളത്തിന് താങ്ങാനാകാത്തതാണ്. ഒരിക്കൽക്കുടി ആവർത്തിക്കട്ടെ ചായം തേക്കാത്ത യൗവ്വനം ഇവിടെ ജീവിച്ചിരുന്നിരുന്നു എന്ന് അഭിമാനത്തെ ഓർക്കാൻ ആ വലിയ മനുഷ്യൻ ഇവിടെ നിക്ഷേപിച്ച അറിവിന്റെ പ്രകാശം ധാരാളം. അത് കെടാതെ കാത്തുസൂക്ഷിക്കുക എന്നത് സുഹൃത്തുക്കളുടെയും ശിഷ്യന്മാരുടെയും ഉത്തരവാദിത്വമാണ് . വരാനിരിക്കുന്ന ഐ.എഫ്.എഫ്.കെ നമുക്ക് അതിനുള്ള ഒരു വേദി കൂടിയാക്കണം. പ്രിയ സഖാവിന് വിട പറയുന്നില്ല.

ലാൽസലാം സഖാവേ!
Powered by Blogger.