Header Ads

അനസൂയ സാരാഭായ്: ഇന്ത്യയിലെ ആദ്യ ട്രേഡ് യൂണിയന്‍ ലീഡര്‍


ഇന്ത്യന്‍ ചരിത്രത്തിലുടനീളം പല വനിതകളും അവര്‍ക്ക് മുന്നിലെ തടസങ്ങളെയും എതിര്‍പ്പുകളെയും നേരിട്ട് മുന്നേറുകയും അതുവഴി രാജ്യത്തിനും ജനങ്ങള്‍ക്കുമായി പല നേട്ടങ്ങളും, അവകാശങ്ങളും നേടിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്.  ചരിത്രത്തില്‍ ശ്രദ്ധേയരായി നില്‍ക്കുന്ന ചില സ്ത്രീകളുടെ സാന്നിദ്ധ്യത്തിനുമപ്പുറം അദൃശ്യമായിപ്പോയ ചിലരുടെ പോരാട്ടങ്ങള്‍ കൂടിയുണ്ട്. ഇന്നത്തെ തലമുറയ്ക്ക് പ്രചോദനം നല്‍കേണ്ട അത്തരം സ്ത്രീകളെ കൂടി തിരിച്ചറിയാന്‍ ചരിത്രപഠനത്തിലൂടെ നമുക്ക് സാധിക്കണം. അനസൂയ സാരാഭായ് എന്ന സ്ത്രീ അക്കൂട്ടത്തില്‍ പെട്ട ഒരാളാണ്. സ്ത്രീ തൊഴിലാളികള്‍ക്ക് വേണ്ടി, തന്റെ ജീവിതം തന്നെ മാറ്റിവച്ച് പൊരുതിയ അനസൂയയെ നാം വേണ്ട പോലെ ചര്‍ച്ച ചെയ്തിട്ടില്ല എന്നുള്ളത് തിരിച്ചറിയേണ്ടിയിരിക്കുന്നു.


രാജ്യത്തിന്റെ ചരിത്രത്തിൽ അനസൂയ സാരാഭായിക്ക് ഒരു പ്രത്യേക സ്ഥാനം സ്വന്തമായുണ്ട്. ജനങ്ങള്‍ അവരെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത് 'മോട്ടാബെന്‍' എന്നായിരുന്നു. അവിശ്വസനീയമായ ഒരു കഥയാണ് അനസൂയയുടേത്. അവരുടെ വാക്കുകളും പ്രവൃത്തികളും അനേകം ഇന്ത്യക്കാർക്ക് മികച്ചതും സമചിത്തവുമായ ലോകത്തിനുവേണ്ടി പോരാടുന്നതിനായി പ്രചോദനം നൽകുന്നു.

അഹമ്മദാബാദിലെ സാരാഭായ് എന്ന സമ്പന്നകുടുംബത്തില്‍ 1885 ൽ ജനിച്ച അനസൂയയ്ക്ക് ഒമ്പത് വയസ് പ്രായമായപ്പോള്‍ തന്നെ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അവര്‍ വളര്‍ന്നത് അച്ഛന്റെ ഇളയ സഹോദരനായ ചിമന്‍ഭായ് സാരാഭായിയോടൊപ്പമായിരുന്നു, പതിമൂന്നാം വയസ്സില്‍ അനസൂയയ്ക്ക് തന്റെ അമ്മാവനെ തന്നെ വിവാഹം ചെയ്യേണ്ടി വന്നു. ആ വിവാഹജീവിതം സന്തോഷകരമല്ലായിരുന്നു എന്ന് മാത്രമല്ല അധികം നാള്‍ കഴിയുന്നതിന് മുമ്പ് തന്നെ അവര്‍ വിവാഹമോചിതയാവുകയും ചെയ്തു.

കൂടുതല്‍ പഠിക്കാനായിരുന്നു അനസൂയ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ അമ്മാവന്റെ അനുവാദമില്ലാതിരുന്നതിനാല്‍ അനസൂയയ്ക്ക് തന്റെ ആഗ്രഹം ഉള്ളിലൊതുക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ വിവാഹമോചിതയായി തിരിച്ചെത്തിയ ശേഷം അവര്‍ തുടര്‍പഠനം നടത്തണമെന്ന് തീരുമാനിച്ചായിരുന്നു വന്നത്. അക്കാര്യത്തില്‍ അനസൂയയുടെ സഹോദരനായിരുന്ന അംബലാല്‍ പൂര്‍ണ്ണ പിന്തുണയാണ് തന്റെ സഹോദരിക്ക് നല്‍കിയത്. ആ സമയത്ത് അംബലാലിന് ഒരു തൊഴില്‍ സ്ഥാപനം സ്വന്തമായുണ്ടായിരുന്നു.

1912ൽ സഹോദരന്റെ സഹായത്തോടെ അനസൂയ പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. അവിടെ വച്ചാണ് അനസൂയ സാമൂഹിക സമത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. ഇംഗ്ലണ്ടിലെ അവരുടെ ജീവിതത്തിനിടെ അവര്‍ കണ്ടുമുട്ടിയ സോഷ്യലിസ്റ്റുകളിലൂടെയും, സ്ത്രീസ്വാതന്ത്ര്യവാദികളിലൂടെയും അവര്‍ സാമൂഹിക സമത്വത്തെക്കുറിച്ചുള്ള ആശയങ്ങള്‍ ഉള്‍ക്കൊണ്ടു. ബെര്‍ണാഡ് ഷാ, സിഡ്നി വെബ്ബ്, ചെസ്റ്റര്‍ടണ്‍ എന്നിവരായിരുന്നു അവരെ കൂടുതല്‍ പ്രചോദിപ്പിച്ചത്.

1913 ൽ അവര്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുകയും ഭിന്നശേഷിക്കാരുടെ സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കാനാരംഭിക്കുകയും ചെയ്തു. പിന്നീട് അവര്‍ ഒരു സ്കുള്‍ തുടങ്ങുകയും എല്ലാ ജാതിക്കാരായ, വിദ്യാഭ്യാസം സ്വപ്നമായി മാത്രം കാണുന്നവരെ ആ സ്കൂളിലെത്തിച്ച് പഠനം നല്‍കുകയും ചെയ്തു. അതിന് ശേഷം സ്ത്രീകള്‍ക്ക് വേണ്ടിയായിരുന്നു അവരുടെ ഇടപെടലുകള്‍. അവര്‍ക്ക് വേണ്ട ഇരിപ്പുമുറികള്‍, ടോയ്ലറ്റുകള്‍, മറ്റേര്‍നിറ്റി ഹോം, ഹരിജന്‍ യുവതികള്‍ക്കായി തന്റെ വീട്ടില്‍ തന്നെ ഒരു ഹോസ്റ്റല്‍ എന്നിവ അനസൂയ പ്രാവ്വര്‍ത്തികമാക്കി. ഇവരുമായുള്ള ആശയവിനിമയങ്ങള്‍ക്കിടയിലാണ് മില്ലുകളിലെ തൊഴിലാളികളുടെ കഷ്ടപ്പാടുകളെ കുറിച്ച് അവര്‍ അറിയുന്നത്. അങ്ങനെ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ അനസൂയ തീരുമാനിച്ചു.

ഇംഗ്ലണ്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷം തൊഴിലാളികളായ, താഴ്ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യാനാണ് അനസൂയ ശ്രമിച്ചിരുന്നത്. തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവം അനസൂയ വിവരിച്ചത് ഇങ്ങനെ ആയിരുന്നു,

ഒരു പ്രഭാതത്തില്‍, കുട്ടികളുടെ മുടി ചീകിക്കൊണ്ട് ഞാന്‍ മുറ്റത്തിരിക്കുകയായിരുന്നു. അപ്പോഴാണ് പതിനഞ്ചോളം തൊഴിലാളി സ്ത്രീകള്‍ എനിക്ക് മുമ്പിലൂടെ കടന്നുപോയത്. ആ കാഴ്ചയില്‍ തന്നെ അവര്‍ തീര്‍ത്തും ക്ഷീണിതരും അസ്വസ്ഥരുമായിരുന്നു എന്നത് എനിക്കുറപ്പായിരുന്നു. ഞാന്‍ അവരെ വിളിച്ചു കാര്യം ചോദിച്ചു. 'എന്താണ് നിങ്ങള്‍ ഇത്രമാത്രം ക്ഷീണിതരായിരിക്കുന്നത്?' അവര്‍ പറഞ്ഞു. 'ബെഹന്‍, ഞങ്ങള്‍ തുടര്‍ച്ചയായ മുപ്പത്താറ് മണിക്കൂര്‍ നീണ്ട ജോലി കഴിഞ്ഞ് മടങ്ങിപ്പോവുകയാണ്. ഞങ്ങള്‍ തുടര്‍ച്ചയായി ഒരു ഇടവേളയുമില്ലാതെ രണ്ട് രാത്രിയും ഒരു പകലും പണിയെടുത്തു. ഇപ്പോള്‍ വീട്ടിലേക്ക് പോവുകയാണ്.' ഈ മറുപടി എന്നെ ഭയപ്പെടുത്തി. സ്ത്രീകള്‍ നേരിടുന്ന ഈ അവസ്ഥ അടിമത്തമല്ലാതെ മറ്റെന്താണ്. 

തൊഴിലാളികളില്‍ നിന്ന് കേട്ട ഈ കാര്യമറിഞ്ഞ അനസൂയ അസ്വസ്ഥയായി. ഈ സാഹചര്യം മാറ്റാനായി തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്ന് അനസൂയ തീരുമാനിച്ചു. മില്ലില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് അവര്‍ കൂടുതല്‍ പഠിച്ചു. അവരുടെ അവസ്ഥകളും, ജീവിത ചുറ്റുപാടുകളും, തൊഴിലെടുക്കുന്ന സാഹചര്യവുമെല്ലാം അനസൂയ തന്റെ പഠനവിഷയമാക്കി. അങ്ങനെ, തൊഴിലാളികളെ, അവരുടെ ദാരിദ്ര്യത്തെ മില്ലുടമകള്‍ എല്ലാ രീതികളിലും ചൂഷണം ചെയ്യുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. സംഘടിതമല്ലാത്തതാണ് അവരെ അശക്തരാക്കുന്നതെന്നും, അവരെ സംഘടിപ്പിക്കാന്‍ സാധിച്ചാല്‍ ഈ അസമത്വത്തിനെതിരെ, ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്താമെന്നും അവര്‍ മനസിലാക്കൂകയും, അതിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്തു. 

1914ൽ അഹമ്മദാബാദിൽ ഒരു പകർച്ചവ്യാധി പടർന്നു പിടിച്ചു. ആ സാഹചര്യത്തില്‍, ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കുമായുണ്ടായ ചെലവ് വഹിക്കാന്‍ തൊഴിലാളികളുടെ കുറഞ്ഞ കൂലി മതിയാവുമായിരുന്നില്ല. ആ സമയത്താണ് തൊഴിലാളി സ്ത്രീകള്‍ അനസൂയയെ വന്ന് കണ്ട്, തങ്ങളുടെ ഈ അവസ്ഥ അവരെ അറിയിച്ചതും കൂലി വര്‍ദ്ധിപ്പിച്ച് കിട്ടാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടതും. തൊഴിലാളികളുടെ ആവശ്യം അവര്‍ അംഗീകരിച്ചു. അങ്ങനെ സബര്‍മതിയുടെ തീരത്ത് വച്ച് നടന്ന  തൊഴിലാളികളുടെ ആദ്യ സമ്മേളനത്തില്‍ അനസൂയ അവരെ അഭിസംബോധന ചെയ്ത് ആദ്യമായി പ്രസംഗിച്ചു.

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനവും മികച്ച തൊഴിലവസരങ്ങളുമായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അത് സാധ്യമാക്കാന്‍ അവര്‍ മിൽ ഉടമകള്‍ക്ക് നാല്പത്തെട്ട് മണിക്കൂർ നൽകി. ആ സമയത്തിനുള്ളില്‍ അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ പണിമുടക്ക് നടത്തുക എന്നതായിരുന്നു അവരുടെ തീരുമാനം. തൊഴിലാളികള്‍ക്ക് ഉചിതമായ കൂലി ലഭിക്കാന്‍ അനസൂയ നടത്തിയ പോരാട്ടം മില്‍ ഓണേഴ്സ് അസോസിയേഷന്റെ അക്കാലത്തെ പ്രസിഡന്റ് കൂടിയായ തന്റെ സഹോദരന്‍ അംബലാലിനെതിരെ കൂടിയായിരുന്നു എന്നതായിരുന്നു ശ്രദ്ധേയം. ഇരുപത്തൊന്ന് ദിവസം ആ സമരം നീണ്ട് നിന്നു. അതിനിടയില്‍ നിരവധി തവണ മില്ലുടമകളുമായി ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും വിജയിച്ചിരുന്നില്ല. മഹാത്മാഗാന്ധി ആ സമരത്തെ നിരീക്ഷിക്കുകയും, തൊഴിലാളികള്‍ക്കനുകൂലമായി തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് മില്ലുടമകള്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു. അവസാനം ഇരുപത്തൊന്നാം ദിവസത്തെ ചര്‍ച്ചയില്‍ മില്ലുടമകള്‍ തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെയാണ് ആ സമരം അവസാനിച്ചത്. ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അനസൂയയുടെ നേതൃത്വത്തില്‍ നടന്ന ആ സമരം. 

ആ തൊഴിലാളി സമരത്തിന് ശേഷമാണ് അനസൂയ, ഖേദ സത്യാഗ്രഹത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. അതിന് ശേഷം റൗളറ്റ് ബില്ലിനെതിരെ ഗാന്ധിയുടെ സത്യാഗ്രഹ ഉടമ്പടിയില്‍ ആദ്യമായി ഒപ്പ് വച്ചതും അവരായിരുന്നു. 

സ്ത്രീ തൊഴിലാളികളുടെ സമരവിജയത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് 1918ൽ, അഹമ്മദാബാദിലെ നെയ്ത്തുകാർ തങ്ങളുടെ വേതനത്തിൽ 35 ശതമാനം വർദ്ധനവ് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ മിൽ ഉടമസ്ഥർ വെറും 20 ശതമാനം മാത്രമാണ് നല്‍കാമെന്ന് പറഞ്ഞത്. ആ വിഷയത്തിലും അനസൂയ തന്റെ ഇടപെടലുകള്‍ നടത്തി. സബര്‍മതിയുടെ തീരത്ത് ഒരു മരച്ചുവട്ടില്‍ വച്ച് നടന്ന തൊഴിലാളി സമ്മേളനത്തില്‍ 
അനസൂയയ്ക്കും, ശങ്കര്‍ലാല്‍ ബങ്കര്‍ക്കുമൊപ്പം മഹാത്മാഗാന്ധിയും പങ്കെടുത്ത് സംസാരിച്ചു. പതിനായിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത സമാധാനപരമായ ആ സമരം 1918, മാർച്ച് 12 ന് ഗാന്ധിജി മരണം വരെ ഉപവാസമെടുക്കാന്‍ തീരുമാനിച്ചതോടെ വിജയത്തോടടുത്തു. മില്ലുടമകള്‍ തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചു, അങ്ങനെ അനസൂയയുടെ നേതൃത്വത്തില്‍ ആ സമരവും അതിന്റെ ലക്ഷ്യം കണ്ടു.

ഈ സമരമാണ് 1920 ഫെബ്രുവരി 25ന് രൂപീകരിക്കപ്പെട്ട ഗുജറാത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ മജൂര്‍ മഹാജന്‍ സംഘിന് (അഹമ്മദാബാദ് ടെക്സ്റ്റൈല്‍ ലേബര്‍ അസോസിയേഷന്‍ അഥവ ടി.എല്‍.എ) അടിത്തറ പാകിയത്. മിര്‍സാപൂരിലെ അനസൂയയുടെ ബംഗ്ലാവില്‍ വച്ച് കൂടിയ ഈ സംഘടനയുടെ ആദ്യയോഗത്തില്‍ മഹാത്മാഗാന്ധി അനസൂയയെ സംഘടനയുടെ ആജീവനാന്ത പ്രസിഡന്റ് ആയി പ്രഖ്യാപിച്ചു. തുടര്‍ന്ന് 1927ൽ അനസൂയ അഹമ്മദാബാദിലെ ടെക്സ്റ്റൈല്‍ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 'കന്യാഗൃഹ' എന്ന പേരില്‍ മറ്റൊരു സ്കൂളും സ്ഥാപിക്കുകയുണ്ടായി. 

അനസൂയയ്ക്ക് കീഴില്‍ ടി.എല്‍.എ തൊഴിലാളികളുടെ ക്ഷേമത്തിനായി മാത്രം പ്രവര്‍ത്തിച്ചു പോന്നു. എന്നാല്‍ അവര്‍ മില്ലുടമകളുമായി അടുത്ത ബന്ധവും സൂക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ തൊഴിലാളികള്‍ക്കനുകൂലമായി പല കാര്യങ്ങളും നേടിയെടുക്കാന്‍ അവര്‍ക്ക് കഴിയുകയും ചെയ്തു. സംഘടനയുടെ ഉപദേശകന്‍ എന്ന രീതിയില്‍ മഹാത്മാഗാന്ധിക്ക് അവരുടെ പല പ്രവര്‍ത്തനങ്ങളിലും പ്രധാനപങ്ക് വഹിക്കാനായത് അനസൂയയുടെ ഗാന്ധിയന്‍ പ്രത്യയശാസ്ത്രത്തോടുള്ള അടുപ്പം കൊണ്ടായിരുന്നു. തൊഴിലാളികളോടുള്ള വ്യക്തിപരമായ അടുപ്പവും, മില്ലുടമകളുമായുള്ള തുറന്ന സമീപനവും, അഹിംസയിലൂന്നിയുള്ള വിശ്വാസപ്രമാണങ്ങളും തൊഴിലാളികള്‍ക്കും മില്ലുടമകള്‍ക്കുമിടയിലുള്ള അവരുടെയും സംഘടനയുടെയും പരസ്പരബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. 

യൂണിയനുകളും മാനേജ്മെന്റും തമ്മിലുള്ള ഇന്നതെ കാലത്തെ പ്രതികൂല ബന്ധങ്ങളില്‍ നിന്ന് വിഭിന്നമായി ടി.എല്‍.എക്ക് തൊഴില്‍ പ്രശ്നങ്ങളില്‍ മിതത്വത്തോടെ, പ്രശ്നങ്ങളിലേക്ക് പോവാതെ, മദ്ധ്യസ്ഥത വഹിക്കാനുള്ള കഴിവുണ്ടായിരുന്നു. അതുകൊണ്ടെല്ലാം തന്നെ 1978 ഓടെ ഗുജറാത്തിലെ അറുപത്തഞ്ച് ടെക്സ്റ്റൈല്‍ മില്ലുകളില്‍ നിന്ന് ഒന്നരലക്ഷത്തിലേറെ തൊഴിലാളികള്‍ അനസൂയയുടെ നേതൃത്വത്തിലുള്ള ഈ സംഘടനയിലെ അംഗങ്ങളായി മാറിക്കഴിഞ്ഞിരുന്നു. 

1950 കളിൽ എല ഭട്ട് എന്ന ഒരു കോളേജ് വിദ്യാര്‍ത്ഥി അനസൂയയോടൊപ്പം ടി.എല്‍.എയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. അവര്‍ ഒരു ബിരുദധാരിയായിരുന്നു. ഊര്‍ജ്ജ്വസ്വലയും, അനീതികളെ ചോദ്യം ചെയ്യാന്‍ തയ്യാറുമായിരുന്ന എല, അക്കാലത്ത് തൊഴിലാളി സ്ത്രീകള്‍ തല മറയ്ക്കണമെന്ന രീതിയെ ചോദ്യം ചെയ്യുകയും തല മറയ്ക്കാതെ ജോലിയെടുക്കുകയും ചെയ്തു. അതിനെതിരെ ചിലര്‍ പ്രതികരിച്ചപ്പോള്‍, അനസൂയ എലയോടൊപ്പം നില്‍ക്കുകയും തല മറയ്ക്കാതെ തൊഴിലെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയും ചെയ്തു. 

എല ഭട്ട് (മദ്ധ്യത്തില്‍)

ഈ സമയം കൊണ്ട് തന്നെ അനസൂയയുടെ ഏറ്റവും അടുത്ത അനുയായികളില്‍ ഒരാളായി എല ഭട്ട് മാറിയിരുന്നു. അതിനിടയില്‍ എല സെല്‍ഫ് എമ്പ്ലോയ്ഡ് വുമണ്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (SEWA) എന്ന ഒരു സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തു. ടി.എല്‍.എയുമായി ബന്ധപ്പെട്ട അവരുടെ പ്രവര്‍ത്തനം ടെക്സ്റ്റൈല്‍ മേഖലയില്‍ അനൗപചാരിക തൊഴിലുകള്‍ ചെയ്തിരുന്ന സ്ത്രീ തൊഴിലാളികളുമായി ബന്ധപ്പെടാന്‍ ഇടയാക്കുകയും അവരുടെ അവസ്ഥ കണ്ട് അവരെ സഹായിക്കാന്‍ വേണ്ടി SEWA രൂപീകരിക്കാന്‍ അവരെ പ്രചോദിപ്പിക്കുകയുമായിരുന്നു. എലയുടെ ആഗ്രഹത്തിന് അനസൂയയുടെ എല്ലാ പിന്തുണയും ഉണ്ടായിരുന്നു. എന്നാല്‍  സംഘടനയുടെ രൂപീകരണത്തിന് ശേഷം താമസിയാതെ തന്നെ അനസൂയ മരണപ്പെട്ടു. 

അഹമ്മദാബാദിലെ പ്രമുഖനായ ഒരു മില്ലുടമയുടെ സഹോദരിയായിട്ടും മരണം വരെ തൊഴിലാളികളുടെ വിശ്വസ്ഥയായ  ട്രേഡ് യൂണിയന്‍ നേതാവായി അനസൂയ ജീവിച്ചു. അവര്‍ ഒരു നേതാവായി ജീവിക്കുക മാത്രമല്ല ചെയ്തത്. ഇന്ത്യയിലെ തൊഴിലാളികളുടെ ചരിത്രത്തെ, അവരുടെ പോരാട്ടങ്ങളിലൂടെ പുതിയൊരു പാതയിലേക്ക് കൊണ്ടുപോകാന്‍ അവര്‍ക്ക് സാധിച്ചു. മാറ്റങ്ങള്‍ക്ക് നടപ്പിലാക്കാനായി തൊഴിലാളികളെ കുറിച്ച് മാത്രമല്ല, മുതലാളിമാരെ കുറിച്ചും അവര്‍ പഠിച്ചു. സാങ്കേതികവിദ്യകളെ കുറിച്ച് അന്വേഷിച്ചു. അങ്ങനെ അവര്‍ തൊഴില്‍ മേഖലയെ കുറിച്ച് ഒരുപാട് അറിവ് നേടിയിരുനു. ഏതാണ്ട് രണ്ട് ലക്ഷത്തിലേറെ പേരെ അക്കാലത്ത് നയിച്ച അനസൂയ ഒരിക്കലും ആ സംഘടനയെയോ അതിന്റെ ശക്തിയെയൊ ദുരുപയോഗം ചെയ്തിട്ടില്ല. 'പൂജനീയായ' എന്ന് ഗാന്ധിജി തന്റെ ജീവിതത്തില്‍ വിശേഷിപ്പിച്ച ഏക സ്ത്രീ ഇന്ത്യയിലെ സാമ്പത്തിക സാമൂഹിക ഘടനയെ ക്രമപ്പെടുത്താന്‍ പോരാടിയ അനസൂയ മാത്രമായിരുന്നു. 

ദരിദ്രരായ തൊഴിലാളികള്‍ക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞ് വച്ച ധീരയായ വനിതയായിരുന്നു അനസൂയ സാരാഭായ്. ഇന്ത്യയുടെ ട്രേഡ് യൂണിയന്‍ ചരിത്രത്തിലും, ജെന്റര്‍ റൈറ്റ്സ് മൂവ്മെന്റിന്റെ ചരിത്രത്തിലും സ്തുത്യര്‍ഹമായ ഒരു സ്ഥാനം അവര്‍ അര്‍ഹിക്കുന്നുണ്ട് എന്നത് പറയാതിരിക്കാനാവില്ല.


Powered by Blogger.