Header Ads

ടിപ്പുവിനെ കുറിച്ച് തന്നെ നമുക്ക് സംസാരിക്കാം


മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പുസുൽത്താൻ എല്ലാവരുടെയും ഐക്കണായിരുന്നു. വലതുപക്ഷ ഹിന്ദുവാദികളുടെ സമീപകാല ശ്രമങ്ങള്‍ ടിപ്പുവിനെ ഒരു മുസ്ലീം മതവാദിയായി ചിത്രീകരിക്കുക എന്നുള്ളതായിരുന്നു. അതിലെ രാഷ്ട്രീയലക്ഷ്യം ദക്ഷിണേന്ത്യയില്‍ ദ്വന്ദ്വങ്ങള്‍ സൃഷ്ടിക്കുക എന്നത് മാത്രമായിരുന്നു എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. 


അഞ്ച് വര്‍ഷം മുമ്പ് 2012ന്റെ അവസാനത്തിൽ, ബിജെപിയിൽ നിന്ന് പുറത്തേക്ക് വന്ന് സ്വന്തം പാർട്ടിയായ കര്‍ണാടക ജനതാ പക്ഷാ രൂപീകരിക്കാനിറങ്ങുമ്പോള്‍ യെദ്യൂരപ്പ ധരിച്ചിരുന്നത് ടിപ്പുവിന്റെ തലപ്പാവായിരുന്നു. ടിപ്പുവിന്റെ പടവാളുയര്‍ത്തിപ്പിടിച്ച് മുസ്ലിം വോട്ടര്‍മാരുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് പ്രസംഗിക്കുമ്പോള്‍ അദ്ദേഹം പ്രകീര്‍ത്തിച്ചത് മുഴുവന്‍ ടിപ്പുവടക്കമുള്ള ഭരണാധികാരികളുടെ നന്മയെക്കുറിച്ചും ധീരതയെ കുറിച്ചുമായിരുന്നു. സംഘപരിവാരം നേതൃത്വം കൊടുക്കുന്ന ടിപ്പു വിരുദ്ധതയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയെ ഇന്ന് കര്‍ണാടകയില്‍ നയിക്കുന്നത് അന്ന് ടിപ്പുവിനെ വാഴ്ത്തിപ്പാടിയ യെദ്യൂരപ്പ തന്നെയാണെന്നാണ് ഒരു വിരോധാഭാസം. അവസരവാദപരമായി കൈകാര്യം ചെയ്യാവുന്ന ഒന്നായി ചരിത്രം മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ കാണാനാവുന്നത്. വ്യാജവാര്‍ത്തകളും, സന്ദേശങ്ങളും അത്രമേല്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണിവിടെ.

ഒരു സാംസ്കാരികാടയാളത്തെ മലിനപ്പെടുത്തുന്ന വിധം 

സാംസ്കാരികമായ ഓര്‍മ്മകളില്‍ നിന്ന്, ചരിത്രത്തിലെ അടയാളപ്പെടുത്തലുകളില്‍ നിന്ന്, ഒരു ജനതയുടെ സാമൂഹ്യ സ്വത്വത്തില്‍ നിന്ന് ചില വ്യക്തികളെ മോചിപ്പിക്കുന്ന ദുര്‍ഗ്രാഹ്യമായ ചില നീക്കങ്ങളാണ് ഈ അടുത്ത കാലങ്ങളായി കണ്ടുവരുന്നത്. മൈസൂരിന്റെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ മൈസൂരിന്റെ മാത്രമായിരുന്നില്ല, ഇന്ത്യയുടെ തന്നെ സാംസ്കാരികവും രാഷ്ട്രീയവുമായ ഒരു അടയാളമായിരുന്നു. ചരിത്രം മൈസൂര്‍ കടുവ എന്ന് വിശേഷിപ്പിച്ചതും, ഓരോ തലമുറയും അദ്ദേഹത്തെ കുറിച്ച് പഠിച്ചതും ഒരു ഹിന്ദു വിരോധിയായ ഭരണാധികാരിയായിട്ടായിരുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിലാണ് അദ്ദേഹം മരണപ്പെടുന്നത്. കന്നഡ നാടന്‍ പാട്ടുകളായ ലാവണികളിലൂടെയാണ് ആ മരണം ജനങ്ങള്‍ക്കിടയില്‍ അന്ന് പ്രചരിച്ചത്. കര്‍ണാടകത്തില്‍ മറ്റൊരു ഭരണാധിപന്മാര്‍ക്കും നാടന്‍ പാട്ടുകളില്‍ ഇടം ലഭിച്ചിട്ടില്ല. അവരെ പ്രകീര്‍ത്തിക്കുന്ന ലാവണികളൊന്നും തന്നെ ഇല്ലെന്ന് പറയാം. അതുകൊണ്ട് തന്നെ ടിപ്പുവിനെ കുറിച്ചുള്ള ലാവണികള്‍ ഒരു സവിശേഷത തന്നെയായി കണക്കാക്കേണ്ടി വരും. ബ്രിട്ടീഷുകാരുടെ കൈകളാല്‍ കൊല്ലപ്പെട്ട ടിപ്പുവിനെക്കുറിച്ചും മറ്റ് പ്രാദേശിക സാമന്തരെക്കുറിച്ചും ലാവണികള്‍ ഉണ്ടാവുമ്പോള്‍, ഒരു ജനത അവരെ അംഗീകരിച്ചിരുന്നപ്പോള്‍, ആ ചരിത്രത്തെയാണ് ഇപ്പോള്‍ തീവ്രവലതുപക്ഷം തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

19-ാം നൂറ്റാണ്ടിലും 20-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും ടിപ്പുവിനെക്കുറിച്ചുള്ള ആയിരക്കണക്കിന് സാംസ്കാരികരൂപങ്ങള്‍ കര്‍ണാടകത്തിനകത്ത് വിവിധ ഇടങ്ങളിലായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. അത് കഥകളായും, നാടകങ്ങളായും, പാട്ടുകളായുമൊക്കെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ചരിത്രപുസ്തകങ്ങളിലും, അമര്‍ചിത്രകഥകളിലുമെല്ലാം ടിപ്പു ചിത്രീകരിക്കപ്പെട്ടത് ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ധീരരക്തസാക്ഷിയായിട്ടായിരുന്നു. 1970 കളിൽ രാഷ്ട്രീയ സ്വയം സേവക് സംഘം (ആര്‍.എസ്.എസ്) പ്രസിദ്ധീകരിച്ച ഭാരതപരമ്പരയായ 'ഭാരത ഭാരതി'യില്‍ ടിപ്പുവിനെ വിശേഷിപ്പിച്ചിരിക്കുന്നത് വീരനും ദേശാഭിമാനിയുമായ ടിപ്പു എന്നാണ്. അത് മാത്രമല്ല, ഇന്ന് അവര്‍ ആരോപിക്കുന്ന ഒരു കുറ്റവും അന്ന് ടിപ്പുവിനെതിരെ ആ പരമ്പരയില്‍ ആര്‍ എസ് എസ്  ആരോപിച്ചിട്ടില്ല എന്നത് ശ്രദ്ദേയമാണ്.

ഇന്ന് ടിപ്പുവിനെ മുസ്ലീം വര്‍ഗ്ഗീയവാദി എന്ന് അവര്‍ വിശേഷിപ്പിക്കുമ്പോള്‍ അതിന് പിന്നിലെ രാഷ്ട്രീയ അജണ്ട എന്താണെന്ന് അവരുടെ തന്നെ ഈ മുന്‍കാല നിലപാടുകള്‍ വ്യക്തമാക്കും. കൂര്‍ഗില്‍ ആയിരക്കണക്കിന് തദ്ദേശീയരെ കൊലപ്പെടുത്തി എന്നും, മംഗലാപുരത്തെ കത്തോലിക്കരെ മുസ്ലീങ്ങളായി പരിവര്‍ത്തനപ്പെടുത്തി എന്നതുമാണ് ഇന്ന് സംഘപരിവാര്‍ ടിപ്പുവിനെതിരെ ഉയര്‍ത്തുന്ന പ്രധാന ആരോപണങ്ങള്‍.

കൂര്‍ഗിലും, മംഗലാപുരത്തും ടിപ്പു നടത്തിയ അതിക്രമങ്ങളുടെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്തായി ഇംഗ്ലീഷ് ഉദ്യോഗസ്ഥര്‍, ചിത്രകാരന്മാര്‍, കാര്‍ട്ടൂണിസ്റ്റുകള്‍ എന്നിവര്‍ സൃഷ്ടിച്ച ടിപ്പുവിന്റെ വിപുലമായ ഫോബിക് മെറ്റീരിയലുകള്‍, അതായത് ഇംഗ്ലീഷ് ഭരണാധികാരികളെ വെല്ലുവിളിച്ചു, ഹിന്ദു-മുസ്ലീം ഐക്യം തകര്‍ത്ത് ഹിന്ദുക്കളേയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളാക്കി, കമ്പനിക്കെതിരെ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചു എന്നീ തരത്തിലുള്ളവ അക്കാദമിക്കായ മൈക്കല്‍ സരോക്കൊയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ബ്രിട്ടീഷുകാര്‍ ഈ രീതിയില്‍ തന്നെ ആയിരുന്നു ടിപ്പുവിനെതിരെ പ്രചരണം നടത്തിയത് എന്നതിന്റെ തെളിവുകളായിരുന്നു അതെല്ലാം എന്നാണ് മൈക്കല്‍ സരോക്കെയുടെ അഭിപ്രായം.

ഈ തരത്തിലുള്ള സാമ്രാജ്യ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രചരണങ്ങള്‍ തുടര്‍ന്ന് വന്നത്. ഭരിക്കാനറിയാത്ത അഴിമതിക്കാരനായ ഭരണാധികാരിയായിരുന്നു ടിപ്പു എന്ന പ്രചരണം അന്നുമുണ്ടായിരുന്നു. പക്ഷേ, അത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭാഗത്ത് നിന്നാണുയര്‍ന്നിരുന്നത് എന്ന് മാത്രം. പത്തൊമ്പതാം നൂറ്റാണ്ടിനോടടുത്ത ഇംഗ്ലീഷ് രചനകളിലെ ടിപ്പു ക്രൂരനും, വര്‍ഗ്ഗീയവാദിയുമായിരുന്ന ഭരണാധികാരിയായിരുന്നു എന്ന വാദം വലതുപക്ഷശക്തികള്‍ തങ്ങളുടെ വാദങ്ങളെ ന്യായീകരിക്കാനായി എടുത്തുപയോഗിച്ചു. (മൈസൂരിലെ എണ്ണായിരത്തിലേറെ ക്ഷേത്രങ്ങള്‍ ടിപ്പു നശിപ്പിച്ചു എന്നതൊക്കെ ഉദാഹരണം)

ടിപ്പുവിന്റെ ചരിത്രത്തില്‍ മാത്രം വ്യാപൃതനായിരുന്ന ചരിത്രകാരന്‍ കേയ്റ്റ് ബ്രിറ്റില്‍ബ്രാങ്ക് കുടകിലെ തദ്ദേശീയരോടും, മംഗലാപുരത്തെ ക്രിസ്ത്യാനികളോടും ചെയ്ത നടപടി സൈനികതന്ത്രങ്ങളുടെ ഭാഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മൈസൂര്‍ രാജ്യത്തിന്റെ അതിര്‍ത്തിയായിരുന്ന കുടകും, മംഗലാപുരവും പിടിച്ചടക്കാന്‍ ടിപ്പു ആഗ്രഹിച്ചു. 1780 നും 1799 നും ഇടക്ക് ബ്രിട്ടീഷുകാരുമായുണ്ടായിരുന്ന യുദ്ധത്തിനിടെ സമയത്ത് ബ്രിട്ടീഷ് അനുകൂലമായി നിന്നിരുന്ന കൂര്‍ഗിലെയും, മംഗലാപുരത്തെയും അധികാരികളുടെ സൈന്യത്തിനെതിരെ വളരെ കനത്ത ആക്രമണമാണ് ടിപ്പു നടത്തിയത് എന്നാണ് ബ്രിറ്റില്‍ബ്രാങ്ക് കണ്ടെത്തിയിട്ടുള്ളത്.

ചരിത്ര സന്ദര്‍ഭങ്ങള്‍ മനസ്സിലാക്കുന്നു

തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഭരണാധികാരികള്‍ സാധാരണഗതിയില്‍ യുദ്ധങ്ങളും, കൊലകളും നടത്തുന്നത് ചരിത്രപരമായ വിവരണങ്ങളില്‍ കാണാനാവുന്നതാണ്. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. ഏത് യുദ്ധമാണ് ചോരപൊടിയാതെ ചരിത്രത്തില്‍ അവശേഷിച്ചിട്ടുള്ളത്? രാജരാജചോളനും, കൃഷ്ണദേവരായരും മറ്റുള്ളവരെപ്പോലെത്തന്നെ ധീരയോദ്ധാക്കളായിത്തന്നെ തുടരുന്നു. ഇവര്‍ കൊന്ന് കൂട്ടിയവരും, ഇവരുടെ ആക്രമണത്തില്‍ ഇരകളായവരുമെല്ലാം എവിടെയാണ്? എന്തുകൊണ്ടാണ് ആ അക്രമണങ്ങളും, മരണങ്ങളും, നിശബ്ദവും അജ്ഞാതവുമാവുന്നത്.

ഇന്ത്യയിലെ രാജകീയവിപ്ലവങ്ങളിലെ ഇരകളെല്ലാം അജ്ഞാതമാവുമ്പോള്‍, ടിപ്പു സുല്‍ത്താന്‍ എന്ന മുസ്ലീം ഭരണാധികാരിയുടെ മുന്‍കാല ഇരകളെ ഉപയോഗിച്ച് അവര്‍ തമ്മിലുള്ള പുത്തന്‍ ബന്ധങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യാതിരിക്കുന്നത് ഭീരുത്വമാണ്. 

ആധുനിക ചര്‍ച്ചകള്‍ക്ക് അതിന് മുമ്പുള്ള സാമൂഹ്യക്രമങ്ങളെ ദുര്‍ബലമാക്കാന്‍ എളുപ്പമാണ് എന്നതാണ് ഇതിലൂടെ തെളിയിക്കപ്പെടുന്നത്.  ചരിത്രബോധവും, പഠനവുമില്ലാതെയാവുന്ന സന്ദര്‍ഭത്തില്‍ സംഭവിക്കേണ്ട ഇത്തരം വിഷയങ്ങള്‍ ഇക്കാലത്ത് തന്നെ സംഭവിക്കുകയും, അത് ചോദ്യം ചെയ്യപ്പെടുന്ന ശബ്ദം ദുര്‍ബലമാവുകയും ചെയ്യുന്നത് ഭയക്കേണ്ടുന്ന സംഗതി തന്നെയാണ്.

ടിപ്പുവിന്റെ ഭരണകാലത്ത് മൈസൂരിലെ ഭരണപരമായ ഇടപാടുകൾ കന്നഡ ഭാഷയില്‍ മാത്രമല്ല പേർഷ്യന്‍, മറാത്തി ഭാഷകളിലും നടന്നിരുന്നു. അദ്ദേഹത്തിന്റെ പ്രധാനമന്ത്രിമാര്‍ എല്ലാവരുന്‍ ഹിന്ദുക്കളിലെ ഉന്നതകുലജാതരായ ബ്രാഹ്മണരുമായിരുന്നു. അത് മാത്രമല്ല, ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും, മഠങ്ങള്‍ക്കും അദ്ദേഹം ഉദാരമായ സംഭാവനകള്‍ നല്‍കിയിരുന്നു എന്നുള്ളത് ചരിത്ര രേഖയാണ്. അതുപോലെത്തന്നെ ഹിന്ദുക്കള്‍കനുകൂലമായ ഉത്തരവുകള്‍ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകാലത്തും പത്ത് ദിവസം നീണ്ട് നിന്നിരുന്ന ദസറ ആഘോഷങ്ങള്‍ വൊഡയാര്‍ രാജകുടുംബത്തിലെ അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ തന്നെ നടന്നുവന്നിരുന്നു. അതുപോലെത്തന്നെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതിന്റെ ചരിത്രരേഖകള്‍ മൈസൂരില്‍ നിന്ന് പോലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ടിപ്പുവിന്റെ സങ്കീര്‍ണ്ണമായ ഈ ഭരണശൈലി കൊണ്ട് തന്നെ അദ്ദേഹത്തെ ഒരു മതഭ്രാന്തനായി ആര്‍ക്കും ചിത്രീകരിക്കാനാവില്ല.

ടിപ്പുവിന്റെ മതപരമായ വീക്ഷണങ്ങളിൽ, തന്റെ വ്യതിരിക്തമായ വ്യക്തിത്വത്തെ അപഗ്രഥിക്കാൻ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയാണ് വലതുപക്ഷ ചർച്ചകൾ ചെയ്യുന്നത്. ടിപ്പുവിനെ ബ്രിട്ടീഷുകാര്‍ രാഷ്ട്രീയശത്രുവായിട്ടാണ് കാണുന്നതെന്നും, അവരുടെ ഭരണം ആ പ്രദേശത്തെ പ്രതികൂലമായി ബാധിക്കുമെന്നും, അതുകൊണ്ട് അവര്‍ക്കെതിരെ ഏത് വിധേനയും പൊരുതണമെന്നുമൊക്കെയുള്ള ഉള്ളടക്കമുള്ള കത്തുകള്‍ നിസാമിലും മാറാത്തിയിലുമെല്ലാം കണ്ടെത്താനായിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ തന്നെ സ്വാതന്ത്ര്യസമര സേനാനിയായി അംഗീകരിച്ച ടിപ്പുസുല്‍ത്താനെയാണ് ഇപ്പോള്‍ വലതുപക്ഷവാദികള്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത്.

സാങ്കേതികവിദ്യയുടെ പുരോഗതി വിലയിരുത്തുന്ന എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ തുടങ്ങിയവരെ ടിപ്പു തന്റെ സൈനിക ഉപകരണങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാനും, പുതിയ ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനുമായി നിയമിച്ചിരുന്നു. ആധുനിക ഭരണകൂടത്തെ പിന്തുണച്ചിരുന്നവരെല്ലാം ടിപ്പുവിന്റെ ഭരണനൈപുണ്യത്തെ കുറിച്ച് പ്രശംസിച്ചു. ടിപ്പു തന്റെ വരുമാന മേഖലകളെ മെച്ചപ്പെടുത്തി. കൃഷി അഭിവൃദ്ധിപ്പെടുത്തി. ഉദ്യോഗസ്ഥരെ ഓരോ പ്രത്യേകമേഖലകളിലും നിയമിച്ച് ഒരു കേന്ദ്രീകൃത ഭരണവ്യവസ്ഥയ്ക്ക് നേതൃത്വം നല്‍കി. ടിപ്പുവിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ പേഴ്സണല്‍ ലൈബ്രറിയിലെ ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലേക്കും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലേക്കും കല്‍ക്കത്തയിലെ കോളേജ് ഓഫ് ഫോര്‍ട്ട് വില്യം ആന്റ് റോയലിലേക്കും അയച്ച രണ്ടായിരത്തിലേറെയുള്ള പുസ്തകങ്ങള്‍ തെളിയിക്കുന്നത് അദ്ദേഹത്തിന്റെ ജ്യോതിശാസ്ത്രം, നിയമം, ഗണിതം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള ബൗദ്ധികമായ താത്പര്യങ്ങളുടെ സമ്പന്നമായ ശ്രേണികളെയാണ്.

ടിപ്പു ജയന്തി കര്‍ണാടക ആഘോഷിക്കേണ്ടതില്ലേ? ഉണ്ട്, അത് ബസവ ജയന്തി, കനക ജയന്തി, വാൽമീകി ജയന്തി തുടങ്ങിയവ ആഘോഷിക്കുന്ന പോലെ ആഘോഷിക്കേണ്ടത് തന്നെയാണ്. കണക്കുകളെല്ലാം വിമര്‍ശനങ്ങള്‍ക്ക് മുകളിലാണ്. ഉയര്‍ന്ന ജാതികളുമായി അവരുടെ പ്രതീകാത്മകബന്ധം ആഘോഷിക്കുന്ന ചിലരെ സംബന്ധിച്ചതാണ് ഇവിടെ ആഘോഷങ്ങള്‍. സംസ്ഥാനത്തിന്റെ ചിഹ്നമായി, മറ്റ് ജയന്തികള്‍ ആഘോഷിക്കപ്പെടുന്ന കൂട്ടത്തില്‍ മറ്റ് ജാതിക്കാര്‍ക്കും, മതക്കാര്‍ക്കും, ആദിവാസികള്‍ക്കും അവരുടെ അടയാളങ്ങളെ ഉയര്‍ത്തിപ്പിറ്റിക്കാന്‍ ഒരു ഭരണകൂടത്തിന് കഴിയണം. സംസ്ഥാനത്തിന്റെ കലണ്ടറില്‍ അവരുടെ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള പോരാട്ടത്തിന് ആ സമുദായങ്ങള്‍ക്കൊപ്പം നാം നില്‍ക്കുകയും വേണം.

ചന്ദന്‍ ഗൗഡ

അസിം പ്രേംജി യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപകനാണ്. കന്നഡ ചരിത്രം,സംസ്കാരം എന്നിവയെ സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
Powered by Blogger.