Header Ads

മാനുഷീ, നിന്നെ കാത്തിരിക്കുന്നുണ്ട് ഒരു ബിനോദിനി, ലളിതാ ബക്ഷി, രാഗിണി സുബ്രഹ്മണ്യം. വരൂ, ഞങ്ങളിലേക്ക് വരൂ.ലിജീഷ് കുമാര്‍


ലോകസുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലാർ സിനിമയിലേക്ക് വരണമെന്ന് എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ അഭിപ്രായപ്പെടുന്നു


പത്തു ദിവസം മുമ്പാണ്, ഒരിന്റർനാഷണൽ ട്വന്റി - ട്വന്റി വന്നു കേരളത്തിലേക്ക്. അതും വല്ലപ്പോഴും കളി കിട്ടിയിരുന്ന കൊച്ചിക്കാർക്കല്ല, ട്രിവാൻഡ്രംകാർക്ക്. കളി കേമമായി നടന്നു. ഇന്ത്യ ജയിച്ചു, മലയാളി കൺകുളിർകെ കണ്ടു പിരിഞ്ഞു. രസമതല്ല, ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കളി തുടങ്ങും മുമ്പ് ദേശീയഗാനം കേൾപ്പിക്കാമ്മറന്നു പോയി. കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ജയേഷ് ജോർജ്ജ് പത്രസമ്മേളനം വിളിച്ച് അത് തന്നെ പറഞ്ഞു, "ഒന്നും തോന്നരുത്, മറന്നു പോയതാണ്." അത്രയേ ഉള്ളൂ ഞങ്ങള് മലയാളികൾക്ക് നിങ്ങടെ ദേശീയത. #മലയാളി_ഡാ, എന്ന് അന്ന് പോസ്റ്റാനിരുന്നതാണ്. മറന്നു പോയി

ദീർഘദിവസങ്ങൾക്ക് ശേഷം ദേശീയത വന്ന് മുട്ടിയത് ഇന്നലെ രാത്രിയാണ്. പതിനേഴ് വർഷങ്ങൾക്ക് ശേഷമതാ ലോകസുന്ദരിയുടെ കിരീടം ഒരിന്ത്യക്കാരി - മാനുഷി ചില്ലാർ തലയിൽ ചൂടുന്നു. പെട്ടന്നോർമ്മ വന്നത് ഐശ്വര്യറായിയെ ആണ്. ഇരുവറിലെ പുഷ്പവല്ലിയെ. ദേവദാസിലെ പാർവതിയെ. ചോക്കർബാലിയിലെ ബിനോദിനി, ബ്രൈഡ് & പ്രൊജിഡ്യൂസിലെ ലളിതാ ബക്ഷി, ജോധാ അക്ബറിലെ ജോധാ ബായ്, രാവണനിലെ രാഗിണി സുബ്രഹ്മണ്യം, ഗുരുവിലെ സുജാത ദേശായ് !! ഐശ്വര്യയുണ്ടോ ഓർത്താൽ തീരുന്നു.

ഓർമ്മയിലെ രണ്ടാമൂഴക്കാരി പ്രിയങ്ക ചൊപ്രയാണ്. ബാജിറാവു മസ്താനിയിലെ കാശി ഭായ് - ബാജി റാവുവിന്റെ ആദ്യ ഭാര്യ. ഓം ശാന്തി ഓമിലെ ദീവാംഗി ദീവാംഗി പാട്ട് വന്ന് ചെവിയിൽ കുത്തുന്നു. സിപ്പിയുടെ ബ്ലഫ് മാസ്റ്ററിലെ അഭിഷേക് ബച്ചന്റെ കാമുകി സിമി വന്നിക്കിളിപ്പെടുത്തിച്ചിരിപ്പിക്കുന്നു. ഡോണിലും കൃഷിലും ബർഫിയിലും റാ-വണിലും അവളെക്കണ്ടതോർമ്മയുണ്ട്.

മറീനാ ബീച്ചിനരികിലെ റോഡിൽ വെച്ച് ചെമന്ന ഷർട്ടിൽ അജിത്ത് നിന്ന് പാടുന്നു 'യുക്താമുഖി യുക്താമുഖി യുക്താമുഖി നീയാ ..' പടം പൂവെല്ലാം ഉൻവാസം. ബിഗ് ബോസിന്റെ സെക്കന്റ് സീസണില്ലായിരുന്നെങ്കിൽ ഡയാന ഹെയ്ഡന്റെ മുഖം ഓർമ്മയിൽ വരികയേ ഇല്ലായിരുന്നു. റീതഫാരിയ ആണ് ലോകസുന്ദരിപ്പട്ടമണിഞ്ഞ ആദ്യ ഇന്ത്യക്കാരി. സത്യം, എനിക്കവരെ അറിയുകയേ ഇല്ല.

നമ്മിൽപ്പെട്ടവൾ ലോകസുന്ദരിയായതിലഭിരമിക്കുന്ന ദേശസ്നേഹിയായ ചെറുപ്പക്കാരുടെ പക്ഷമല്ല ഇത്. സിനിമ ജീവിതത്തിന്റെ ഭാഗമായത് കൊണ്ടു മാത്രം ഞങ്ങളുടെ കണ്ണുകളെ അന്ധാളിപ്പിക്കാനെത്തുന്നവളുടെ വരവറിയിച്ചതിലുള്ള ആനന്ദമാണിത്.

മാനുഷീ, നിന്നെ കാത്തിരിക്കുന്നുണ്ട്  ഒരു ബിനോദിനി, ലളിതാ ബക്ഷി, രാഗിണി സുബ്രഹ്മണ്യം. വരൂ, ഞങ്ങളിലേക്ക് വരൂ.
Powered by Blogger.