Header Ads

വികസനത്തിന്റെ ഗുജറാത്ത് മോഡല്‍ സമ്പൂര്‍ണ്ണ പരാജയം: അല്‍പേഷ് താക്കൂര്‍


ഗുജറാത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഒ.എസ്.എസ് (OBC, SC and ST) ഏകതാ മഞ്ചിന്റെ സ്ഥാപകന്‍ അല്പേഷ് താക്കൂര്‍ ഗുജറാത്ത് തെരെഞ്ഞെടുപ്പില്‍ തങ്ങള്‍ എന്തുകൊണ്ട് കോണ്‍ഗ്രസിനൊപ്പം എന്ന് വിശദീകരിക്കുന്നു.  സംസ്ഥാനത്തെ ജനസംഖ്യയുടെ 40%വും ഒബിസി വിഭാഗത്തില്‍ പെടുന്നവരാണ്. അതുകൊണ്ട് തന്നെ ഗുജറാത്ത് അസംബ്ലിയിലെ 182 അസംബ്ലി മണ്ഡലങ്ങളിലെ നൂറെണ്ണത്തിന്റെ ജയപരാജയങ്ങളെ സ്വാധീനിക്കാന്‍ ഒബിസി വോട്ട് ബാങ്കിന് സാധിക്കും എന്നാണ് ഒ എസ് എസ് ഏകതാ മഞ്ച് അവകാശപ്പെടുന്നത്.


ദരിദ്രരെ സംബന്ധിച്ചിടത്തോളം, കൃഷിക്കാരെ സംബന്ധിച്ചിടത്തോളം, ദളിതുകളെ സംബന്ധിച്ചിടത്തോളം, ഒബിസിക്കാരെ സംബന്ധിച്ചിടത്തോളം ഗുജറാത്തിലെ വികസനം ഒരു മിഥ്യയാണ്. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ ഞങ്ങള്‍ ബഹുമാനിക്കുന്നുവെങ്കിലും അവര്‍ ഉയര്‍ത്തിക്കാണിക്കുന്ന ഗുജറാത്ത് മോഡല്‍ വികസനം സമ്പൂര്‍ണമായി പരാജയപ്പെട്ട ഒന്നാണ്. കാരണം, ഗുജറാത്തിലെ കര്‍ഷകര്‍ എല്ലാം കടക്കെണിയിലും, യുവാക്കളധികവും തൊഴില്‍ രഹിതരുമാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ അവസ്ഥയെപ്പറ്റി പറയാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെയുള്ള ഒരു സംസ്ഥാനത്തില്‍ എന്ത് വികസനത്തെ കുറിച്ചാണ് നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്?

ഗുജറാത്തിലെ ഒബിസി വിഭാഗക്കാര്‍ക്ക് ഇന്നുവരെ ഒരു വികസനവും ഉണ്ടായിട്ടില്ല. അവര്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവാരമുള്ള വിദ്യാഭ്യാസം പോലും ഇപ്പോഴും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാരണം, വിദ്യാഭ്യാസത്തിന് ഈ സര്‍ക്കാര്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ല എന്നത് തന്നെയാണ്.

സര്‍ക്കാരിനൊരു വിദ്യാഭ്യാസനയം പോലും രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. അടിസ്ഥാനവിദ്യാഭ്യാസം പോലുമില്ലാതെ എങ്ങനെയാണ് ഈ സംസ്ഥാനം വികസനത്തെ കുറിച്ച് സംസാരിക്കുന്നത്. 

ഞങ്ങള്‍ പല ആവശ്യങ്ങളും ഈ സര്‍ക്കാരിന് മുന്നില്‍ വച്ചു. എന്നാല്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനോ, അതിനോട് പ്രതികരിക്കാനോ ഭരണം കൈകാര്യം ചെയ്യുന്ന ബിജെപിയോ അതിന്റെ നേതാക്കന്മാരോ തയ്യാറായില്ല. അതുകൊണ്ട് തന്നെ രാഷ്ട്രീയമായ ഈ വിഷയത്തെ നേരിടുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ക്കുന്നത്.

കോണ്‍ഗ്രസിനൊപ്പം ചേരുക എന്നത് നേതൃത്വം ഒറ്റയ്ക്ക് തീരുമാനിച്ചെടുത്ത ഒരു നിലപാടല്ല. ഞങ്ങള്‍ എന്ത് നിലപാടെടുക്കണം എന്നതിനെ സംബന്ധിച്ച് ഇരുപത്തഞ്ച് ലക്ഷം കുടുംബങ്ങളെ പങ്കെടുപ്പിച്ച് ഞങ്ങളൊരു സര്‍വ്വെ നടത്തിയിരുന്നു. ബഹുഭൂരിപക്ഷം ആളുകളും, പട്ടിദാര്‍ വിഭാഗക്കാരടക്കം ഞങ്ങള്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ഗുജറത്ത് തിരഞ്ഞെടുപ്പില്‍ ഒബിസി വോട്ടുകളുടെ ഏകീകരണം സംഭവിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നത്.  ഗുജറത്തിന് സംഭവിച്ച തെറ്റ് തിരുത്താന്‍ ഇനി കോണ്‍ഗ്രനു മാത്രമേ കഴിയൂ. അതുകൊണ്ടാണ് ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതും. നൂറ്റിയെണ്‍പത്തിരണ്ട് സീറ്റില്‍ നൂറ്റി ഇരുപത്തഞ്ച് സീറ്റുകള്‍ ഈ തെരെഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയിക്കും.

വളരെ ശക്തമായും, നിരന്തരമായും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെ ഗുജറാത്തില്‍ കാമ്പൈനുകള്‍ നടന്നുകൊണ്ടിരിക്കുന്നു. എത്രകാലം ബി ജെ പിക്ക് മോദിയുടെ പേരില്‍ വോട്ട് ചോദിക്കാനാവും? ഇനിയും ഗുജറാത്ത് മുഖ്യമന്ത്രിയാവുക എന്നതാണോ മോദിയുടെ ലക്ഷ്യം? മുമ്പ് ഒരുപാട് തവണ ഞങ്ങള്‍ അദ്ദേഹത്തിനായി വോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സംസ്ഥാനത്തെ ജനങ്ങള്‍ ഇനി മോദിക്ക് വേണ്ടി വോട്ട് ചെയ്യില്ല. അവരുടെ ഇനിയുള്ള നേതാക്കളില്‍ പാര്‍ട്ടിക്കും ജനങ്ങള്‍ക്കും പ്രതീക്ഷയുമില്ല. അവര്‍ക്ക് മുഖ്യമന്ത്രിയായ വിജയ് റുപാനിയുടെ പേരില്‍ വോട്ട് ചോദിക്കാന്‍ കഴിയുമോ? ഒരിക്കലും കഴിയില്ലെന്ന് ഞങ്ങളെ പോലെ തന്നെ നിങ്ങള്‍ക്കും അതറിയാം. പിന്നെ എന്ത് പ്രതീക്ഷയാണ് ജനങ്ങള്‍ക്ക് ആ പാര്‍ട്ടിയില്‍ ഉണ്ടാവുക?

കച്ചവടക്കാര്‍ക്കും, ചെറുകിട വ്യവസായികളെയും കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ ഒന്നും തന്നെ ഗുജറാത്തിന് സൗഹാര്‍ദ്ദപരമായവയല്ല. ജി.എസ്.ടിയും, നോട്ടുനിരോധനവും സംസ്ഥാനത്തെ വലിയ രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്. ഇപ്പോഴും കച്ചവടക്കാര്‍ പ്രതിഷേധത്തിലാണ് ഇവിടെ. അതിലൊന്നും ഇടപെടാനോ ചര്‍ച്ചകള്‍ നടത്താനോ ഈ സര്‍ക്കാരിന് താത്പര്യമില്ല. വികസനം, വികസനം എന്ന് പറയുക മാത്രമാണവര്‍ ചെയ്യുന്നത്. ഞങ്ങള്‍ക്ക് മാത്രം കാണാന്‍ സാധിക്കാത്തതാണോ ആ വികസനം?

ഈ തെരെഞ്ഞെടുപ്പില്‍ ഞങ്ങള്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ജോലികളില്‍ ഗുജറാത്തികള്‍ക്ക് സംവരണവും, പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തലും ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഞങ്ങള്‍ അധികാരത്തില്‍ എത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. പക്ഷേ, അടുത്ത സര്‍ക്കാര്‍ ഞങ്ങളുടേത് തന്നെയാവുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

Powered by Blogger.