Header Ads

വർഗ്ഗരാഷ്ട്രീയം സ്വത്വപ്രശ്നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്‌ : പ്രഭാത്‌ പട്നായ്ക്ക്‌നരേന്ദ്രമോദി സര്‍ക്കാര്‍ ഡീമോണിറ്റൈസേഷന്‍ പ്രഖ്യാപിച്ചതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ അവസരത്തില്‍ ഇന്ത്യയിലെ പ്രശസ്ത സാമ്പത്തിക വിദഗ്ദനും, ഇടത് ചിന്തകനുമായ ഡോ:പ്രഭാത് പടനായിക് ഇന്ത്യയിലെ സാമ്പത്തികരംഗത്തുണ്ടാവാന്‍ പോവുന്ന മാറ്റങ്ങളെ കുറിച്ചും, ജി എസ് ടിയും ഡീമോണിറ്റൈസേഷനും സാമ്പത്തികരംഗത്തുണ്ടാകിയ മുറിവുകളെ പറ്റിയും, ഇടതുപക്ഷ രാഷ്ട്രീയം - സ്വത്വപ്രശ്നങ്ങൾ - ജനമുന്നേറ്റം എന്നീ പരസ്പരപൂരകങ്ങളെക്കുറിച്ചും നിലപാടുകൾ വ്യക്തമാക്കുന്നു.  

വർണ്ണാഭമായ ഡിജിറ്റൽ അവകാശവാദങ്ങൾക്കപ്പുറം ഇന്ത്യൻ സമ്പദ് വ്യവസ്ഥ നരേന്ദ്രമോദി സർക്കാറിനുകീഴിൽ പിറകോട്ടടിക്കുകയാണെന്ന ബി ജെ പി ക്കുള്ളിൽ തന്നെയുള്ള യശ്വന്ത് സിൻഹയുടെ വിമർശത്തനോടുള്ള കാഴ്ചപ്പാട് എന്താണ്? 

യശ്വന്ത് സിൻഹ പറയുന്ന രണ്ടു കാര്യങ്ങളും തികച്ചും ശരിയാണ്. പ്രധാനമായും ബി ജെ പിക്കുള്ളിലെ ഒരുപാടു പേരിൽ അസ്വസ്ഥത ഉണ്ട്. ഇന്നലെ ഞാൻ ഇടതുപക്ഷത്തു നിന്നുള്ള ഒരു നിയമസഭാംഗത്തോട് സംസാരിച്ചു. മറ്റു ബി ജെ പിക്കാരോട് സംസാരിക്കുമ്പോൾ അവരും ഇതേ അഭിപ്രായം തന്നെയാണു പറയുന്നത് എന്നാണവർ പറയുന്നത്. അതായത് യശ്വന്ത് സിൻഹ പറയുന്നതിനു മുന്നേ തന്നെ നിരവധി ബി ജെ പിക്കാർ തന്നെ ഇതേകാര്യം പറയുന്നുണ്ട്. അരുൺ ഷൂരിയെപ്പോലെ പ്രശസ്തരും അല്ലാത്തവരും ഇത് പറയുന്നുണ്ട്. ഉദാഹരണത്തിന്, ഇന്ന് നോട്ടുപിൻവലിക്കൽ വൻ പരാജയമാണെന്ന് അവർ തന്നെ
സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ യശ്വന്ത് സിൻഹ അക്കാര്യത്തിൽ വളരെ ശരിയാണ്. അതേപോലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ് എന്ന് പറഞ്ഞതും വളരെ ശരിയാണ്. നോട്ട് നിരോധനത്തിനും ജി എസ് ടി പ്രഖ്യാപനത്തിനും മുന്നേ തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക് പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. ജപ്പാൻ, ചൈന തുടങ്ങി എല്ലാ സമ്പദ് വ്യവസ്ഥകളുടേയും സ്ഥിതി അതുതന്നെയായിരുന്നു. ആദ്യം ഈ സമ്പദ് വ്യവസ്ഥകളെയൊന്നും ബാധിക്കില്ല എന്നാണു പ്രതീക്ഷയുണ്ടായിരുന്നതെങ്കിലും അവയേയും ബാധിച്ചു. അതായത് ഈ മന്ദഗതി മോദി ഗവണ്മെന്റിനു മുന്നേ തുടങ്ങിയിട്ടുണ്ട്. പക്ഷേ മോദി ഗവണ്മെന്റ് ഈ പ്രശ്നത്തെ നോട്ട് നിരോധനം വഴിയും ജി എസ് ടി പ്രഖ്യാപനം വഴിയും അതീവഗുരുതരാവസ്ഥയിലാക്കി. ഈ നടപടികളൊക്കെ പ്രത്യേകിച്ച് ചെറുകിടമേഖലകളെ വലിയ പ്രതിസന്ധിയിലാഴ്ത്തി.

ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരും സംസാരിക്കാത്ത വളരെ ഗൌരവമായ മറ്റൊരു കാര്യമുണ്ട്. ഈയിടെയായി മോദിസർക്കാർ ചെയ്തത് അന്തർദേശീയവിപണിയിൽ നിന്ന് കടമെടുക്കാൻ അനുവദിച്ചതാണ്. അതിന്റെ ഫലമായി സംഭവിക്കുന്നത്, നാളെ അമേരിക്കയിൽ പലിശനിരക്ക് കൂടുകയാണെങ്കിൽ ഇപ്പോഴത്തെ പെയ്മെന്റ് ഡെഫിസിറ്റിനു ഫിനാൻസ് ചെയ്യാൻ ഇന്ത്യയ്ക്ക് കഴിയില്ല. അമേരിക്കൻ ഫണ്ട് ഒഴുകുന്നത് അവരുടെ പലിശനിരക്ക് ഇപ്പോൾ പൂജ്യമായതുകൊണ്ടാണു. പക്ഷേ യു എസ് പലിശനിരക്ക് കൂട്ടിയാൽ ഫണ്ടൊഴുക്ക് നിലയ്ക്കും. അത് വളരെ ബുദ്ധിമുട്ടേറിയ കറന്റ് അക്കൌണ്ട് ഫിനാൻസ് ഡെഫിസിറ്റിനു കാരണമാകും. അത് ഇന്ത്യൻ രൂപയുടെ മുകളിൽ സമ്മർദ്ദമുണ്ടാക്കും. അപ്പോൾ രൂപയുടെ മൂല്യം കുറയും. അത് വളരെ വിപുലമായ തോതിൽ ഇന്ത്യയിൽ നിന്ന് യു എസ് ലേക്ക് ഫണ്ട് ഒഴുകുന്ന അവസ്ഥ സൃഷ്ടിക്കും. അപ്പോൾ ഒട്ടേറെ കമ്പനികൾ അന്തർദ്ദേശീയ വിപണിയിൽ നിന്ന് ഡോളറിൽ കടമെടുത്തത് കാരണം സംഭവിക്കുന്നത് വിലകുതിച്ചുയരുമ്പോൾ അത് ഇൻസോൾവന്റ് ആയി മാറും. ആ അവസ്ഥയിൽ ആസ്തിക്ക് ആപേക്ഷികമായി കടവും ഉയരുന്നു. ആസ്തി രൂപയിലും കടബാദ്ധ്യത ഡോളറിലുമാകുമ്പോൾ അവരുടെ ഇൻസോൾവെൻസി കൂടുതൽ ലിക്വിറ്റി ഹോൾഡേഴ്സിനെ അവരുടെ ഓഹരികൾ വിൽക്കാൻ നിർബന്ധിതരാക്കുന്നു. അത് ഭീമമായ സാമ്പത്തിക മാന്ദ്യത്തിനു ഇടയാക്കുന്നു. ആ സംരംഭങ്ങളൊക്കെ നിക്ഷേപത്തിൽ നിന്ന് പിൻവലിയും. അതിന്റെ ഫലമായി രൂപയുടെ മൂല്യം കുറയുന്നു. അപ്പോൾ വിലക്കയറ്റം സ്വാഭാവികമായും സംഭവിക്കുന്നു. അതുകൊണ്ട് വളരെ ഗുരുതരമായ നാണയപ്പെരുപ്പവും സാമ്പത്തികപ്രതിസന്ധിയും ഒരുമിച്ച് (ഇൻഫ്ലാറ്ററി റിസഷൻ) ഇന്ത്യയെ കാത്തിരിക്കുന്നു എന്ന് ഞാൻ കരുതുന്നു. ഈ സമയത്ത് മോദി ഗവണ്മെന്റ് പറയാൻ പോകുന്നത്, നിങ്ങളുടെ പണം പുറത്തെടുക്കേണ്ടതില്ല, ഞങ്ങൾ പൊതുമേഖലയെ സ്വകാര്യവൽക്കരിച്ചോളാം എന്നായിരിക്കും. അതായത് പലതരം പ്രതിസന്ധികളുടെ ഒരു മിശ്രണം ആണു സംഭവിക്കാൻ പോകുന്നത്. നാണയപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം, ഡീനാഷണലൈസേഷൻ തുടങ്ങി നിരവധി ഭീഷണികളാണു മോദിയുടെ സാമ്പത്തികനയങ്ങൾ കാരണം ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം.

ഒട്ടും തന്നെ തയ്യാറെടുപ്പുകളോ ദീർഘവീക്ഷണമോ ഇല്ലാത്തവർ അധികാരത്തിലേറി, നോട്ടുനിരോധനം പോലുള്ള കാര്യങ്ങൾ നടത്തി വൻ പ്രതിസന്ധി സൃഷ്ടിച്ചത്, യഥാർത്ഥത്തിൽ ജനാധിപത്യത്തിന്റെ തന്നെ പ്രതിസന്ധിയായി കാണാവുന്നതല്ലേ?

ജനങ്ങളുടെ ഇടയിൽ വ്യക്തമായും അസംതൃപ്തിയുണ്ട്. ഈ അസംതൃപ്തി യു പി എ യിലും അങ്ങോളമിങ്ങോളമുണ്ട്. ഈ ഗവണ്മെന്റ് യഥാർത്ഥത്തിൽ ഫാസിസ്റ്റുകളാലാണു നിയന്ത്രിക്കപ്പെടുന്നത്. അവരുടെ സമ്പൂർണ്ണ ലക്ഷ്യം ഹിന്ദുരാഷ്ട്രമാണു. ഹിന്ദുരാഷ്ട്രം എന്നത് അടിസ്ഥാനപരമായി ആർ എസ് എസുകാരാൽ വിഭാവനം ചെയ്യപ്പെടുന്ന ഒരു അതോറിറ്റേറിയൻ സ്റ്റേറ്റ് കൺസെപ്റ്റ് ആണ്. ആർക്കറിയാം ആരാണു ഹിന്ദുവെന്ന്. ഹിന്ദുരാഷ്ട്രം എന്ന് പറയുമ്പോൾ ഹിന്ദു എന്ന പദം പുനഃപരിശോധിക്കേണ്ടതുണ്ട്. അപ്പോൾ സ്വാഭാവികമായും ഹിന്ദുരാഷ്ട്രം എന്നവർ ഉദ്ദേശിക്കുന്നത് അവർ ഹിന്ദു എന്ന് കരുതുന്നവരുടെ രാഷ്ട്രമെന്നാണ്. ആത്യന്തികമായി അതോറിറ്റേറിയൻ സ്റ്റേറ്റ് എപ്പോഴും ന്യൂനപക്ഷവിരുദ്ധമായിരിക്കുമെന്ന് മാത്രമല്ല, ദളിത് വിരുദ്ധവും എല്ലാവിധ പിന്നോക്ക വിഭാഗങ്ങൾക്കുമെതിരേയുമായിരിക്കും. കാരണം ഹിന്ദുത്വമെന്നാൽ ജാതിസമ്പ്രദായം എന്നാണർത്ഥം. മറ്റെന്തൊക്കെത്തന്നെ പറഞ്ഞാലും അത് ജാതിസമ്പ്രദായം മാത്രമാണ്. കുറച്ചുകൂടി ഈഗാലിറ്റേറിയൻ ആയ വൈഷ്ണവ ഹിന്ദുയിസം ഉണ്ട്. പക്ഷേ, മേധാവിത്തം നേടിയ യാഥാസ്ഥിതികഹിന്ദുത്വം വെറും ജാതിസമ്പ്രദായം മാത്രമാണ്. പരിഷ്കരണവാദമൊക്കെ ഹിന്ദുത്വത്തിനുള്ളിൽ ഉണ്ടെങ്കിലും അതിനല്ല മേൽക്കോയ്മ.

ഞാൻ ഒറീസയിൽ നിന്നുള്ള ആളാണ്. സ്വാതന്ത്യത്തിനു ശേഷം 1948 ലാണു ആദ്യമായി പുരിയിലെ ജഗന്നാഥക്ഷേത്രത്തിൽ ദളിതർക്ക് പ്രവേശനം അനുവദിക്കുന്നത്. അതുപോലും പൊലീസ് അകമ്പടിയോടെയായിരുന്നു. അന്ന് കോൺഗ്രസ് ഭരണമായിരുന്നു. സ്വാതന്ത്യം നേടിയതേയുള്ളു. കോൺഗ്രസ് റാഡിക്കലുകൾ ഉണ്ടായിരുന്നു. പറഞ്ഞുവരുന്നത് ഹിന്ദുരാഷ്ട്രം എന്നാൽ ഫാസിസ്റ്റ് ഭരണകൂടം എന്നാണർത്ഥം. അതുകൊണ്ട് ഈ ആളുകൾ അധികാരത്തിൽ വന്നു എന്ന യാഥാർത്ഥ്യവും അവർ സമ്പദ് വ്യവസ്ഥയേയും സമൂഹത്തേയും ഫാസിസ്റ്റ് സംവിധാനത്തിലേക്ക് തള്ളിയിടുന്നു എന്നതും മറ്റുപലതും അർത്ഥമാക്കുന്നുണ്ട്.

ഫാസിസത്തിന്റെ പ്രധാനഘടകമാണ് യുക്തിയുടെ അഭാവം. അതിന്റെ ഫലമായി കോർപ്പറേറ്റുകൾ പറയുന്നതുപോലെ അവർ പ്രവർത്തിക്കും. കുറേ തിങ്ക് ടാങ്ക്സിനെ അവർ വാടകയ്ക്കെടുക്കും. അവരെ വെല്ലുവിളിക്കാൻ ആരും ധൈര്യപ്പെടില്ല. അതുപോലെ വ്യക്തിഗതനേതൃത്വമായി സർക്കാർ മാറും. 

അതായത് നരേന്ദ്രമോദിക്ക് വൻ കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് വരുത്തിത്തീർക്കും. അതിനുവേണ്ടി നരേന്ദ്രമോദി ചെയ്യുന്നതുപോലെ സ്വന്തം ഇമേജ് വർദ്ധിപ്പിക്കാനുള്ള എല്ലാവിധ കാര്യങ്ങളും ചെയ്യും. അതുകൊണ്ടാണു ഡിമോണിറ്റൈസേഷൻ പോലുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നത്. ഡീമോണിറ്റൈസേഷൻ തന്നെ ഇപ്പോൾ വ്യാപകമായ വിമർശനം നേരിടുന്നെങ്കിലും കുറേക്കാലം വളരെയധികം സ്വീകര്യത നേടിയിരുന്നു. അത് ജനാധിപത്യവിരുദ്ധതയുടെ ലക്ഷണമാണ്.

ഡീനാഷണിലിസം എന്നുപറഞ്ഞത് ഒന്നു വിശദീകരിക്കാമോ?

‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന് പറയുകയും വിദേശമൂലധനത്തെ ഇന്ത്യയിലേക്ക് സ്വീകരിച്ചാനയിക്കുകയും ചെയ്യുമ്പോൾ ഫലത്തിൽ സംഭവിക്കുന്നത് വിദേശികളോട് ഇന്ത്യയിലേക്ക് നിക്ഷേപവുമായി വരാൻ യാചിക്കലാണ്. അത് ദേശീയതാവാദത്തിനു വിരുദ്ധമാണ്. കാരണം അവിടെ നാഷണലിസം ഒരിക്കലും സാമ്പത്തികദേശീയത മാത്രമായി രൂപമെടുക്കില്ല. അതായിരുന്നു കോളനിവിരുദ്ധ സ്വാതന്ത്യ സമരത്തിലെ പ്രധാന നിലപാട്. സമ്പദ് വ്യവസ്ഥയുടെ ഭൂരിഭാഗവും ഇന്ത്യക്കാരുടെ കൈകളിലായിരിക്കണം. ഇന്ത്യൻ പൊതുമേഖലയുടെ കൈയ്യിലായിരുന്നു ഇത്. പക്ഷേ ഈ ദേശീയതാവാദികളായ ആളുകൾ തന്നെ ഇന്ത്യൻ പൊതുമേഖലയുടെ ഭൂരിഭാഗവും വിദേശികൾക്ക് കൈമാറാൻ തയ്യാറെടുക്കുകയാണ്. എന്നിട്ട് ദേശീയതയെ സാംസ്കാരിക ദേശീയതയായി അവതരിപ്പിക്കുകയും നാം പച്ചക്കറി മാത്രം കഴിക്കുന്നു, നാം ബീഫൊന്നും കഴിക്കില്ല എന്നൊക്കെ അവകാശപ്പെടുകയും ചെയ്യുന്നു. അത് ദേശീയവികാരമാക്കി മാറ്റുകയും അതേസമയം തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നിയന്ത്രണവകാശം വിദേശികൾക്ക് കൈമാറുകയും ചെയ്യുന്നു എന്നത് അവർക്കൊരു വിഷയമേ ആകുന്നില്ലെന്നത് ശ്രദ്ധിക്കണം.

ലോകത്തെമ്പാടും നടന്ന സ്വാതന്ത്യ്ര സമരങ്ങളുടെ ഒരു കാലഘട്ടത്തിനു ശേഷം, (യഥാർത്ഥത്തിൽ, സ്വന്തം വിഭവങ്ങൾക്കു മേലുള്ള നിയന്ത്രണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ എല്ലാ രാജ്യങ്ങളിലും അവസാനിച്ചിട്ടുപോലുമില്ല) നിയോലിബറലിസത്തിന്റെ വരവോടെ ലോകസാമ്പത്തിക രംഗം മുതലാളിത്തത്തിന്റെ കൈകളിലേക്ക് തന്നെ തിരിച്ചുപോകുന്ന കാഴ്ച നാം കാണുന്നു. ദേശീയത എന്നതിനു എന്തെങ്കിലും അർത്ഥമുണ്ടെങ്കിൽ അത് സ്വന്തം വിഭവങ്ങൾക്ക് മേൽ ഒരു രാജ്യത്തിനു സമ്പൂർണ്ണമായ നിയന്ത്രണാധികാരം ഉണ്ടാവുക എന്നത് മാത്രമാണ്. പക്ഷേ അതിൽ കോമ്പ്രമൈസ് ചെയ്യുകയാണെങ്കിൽ പിന്നെന്താണു ദേശീയത കൊണ്ട് ഉദ്ദേശിക്കുന്നത്? അത് യഥാർത്ഥത്തിൽ ദേശീയവിരുദ്ധതയാണ്. എന്നിട്ട് ഞാൻ ധോത്തിയിടാം, ഞാൻ സാരിയിടാം, ഞാൻ പച്ചക്കറി ഭക്ഷണം കഴിക്കാം, ഞാൻ വന്ദേമാതരം ചൊല്ലാം എന്നൊക്കെപ്പറയുന്നതിൽ എന്താണർത്ഥം?

കേന്ദ്രം ജി എസ് ടി നടപ്പിൽ വരുത്തുന്ന സമയത്ത് കേരളത്തിന്റെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് കേരളജനതയ്ക്ക് ഒരു വാഗ്ദാനം നൽകിയിരുന്നു. ജി എസ് ടി എന്ന ഏകീകൃത നികുതിക്ക് ശേഷം സാധനങ്ങളുടെ വില ഗണ്യമായി കുറയുമെന്ന്. യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണെന്ന് നമുക്കറിയാം, അവരൊക്കെ ഇപ്പോൾ അക്കാര്യത്തിൽ മൗനത്തിലുമാണ്. ഇടതുപക്ഷത്തു നിന്നുവരുന്ന വളരെ ദൂരവ്യാപകമായ ഫലമുണ്ടാക്കുന്ന ഇത്തരമൊരു നിലപാട് നിരുത്തരവാദപരമല്ലേ?

അക്കാര്യത്തിൽ തോമസ് ഐസക്കിന്റെ നിലപാട് തികച്ചും തെറ്റാണെന്ന് ഞാൻ കരുതുന്നു. മാത്രമല്ല എല്ലാ ഇടതുപക്ഷവുമല്ല ആ ഒരു നിലപാട് എടുത്തിരിക്കുന്നത്. കേരളസർക്കാറാണു അത്തരമൊരു നിലപാട് എടുത്തിരിക്കുന്നത്. ഞാൻ കരുതുന്നത് അദ്ദേഹത്തിന്റെ തോന്നൽ ഒരു ഉപഭോഗസംസ്ഥാനമായതുകൊണ്ട് കേരളത്തിനു ഒരുപാട് ഗുണഫലങ്ങൾ ലഭിക്കാൻ പോകുന്നു എന്നായിരിക്കണം. അതുകൊണ്ടായിരിക്കണം തുടക്കത്തിൽ അദ്ദേഹം ജി എസ് ടിയെ അനുകൂലിച്ചത്. ഇവിടെ പ്രശ്നം ജി എസ് ടിയോടെ വിലകുറയൻ പോകുന്നു എന്ന കേന്ദ്രഗവണ്മെന്റിന്റെ പ്രൊപ്പഗാണ്ടയ്ക്ക് കൂട്ടുനിന്നു എന്നതാണ്. യഥാർത്ഥത്തിൽ ജി എസ് ടി കൊണ്ട് പ്രത്യേകിച്ച് കൂടുതൽ പര്യാപ്തമായ വരുമാനമൊന്നും ഉണ്ടാകുന്നില്ല. ഈ വരുമാനമുണ്ടാക്കാൻ ചെയ്യുന്നത് പെട്രോൾ- ഡീസൽ വില വർദ്ധിപ്പിക്കുകയാണു. ഇത് ഗതാഗതച്ചെലവ് കൂട്ടുകയും എല്ലാ വസ്തുക്കളുടേയും വില വർദ്ധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ജി എസ് ടിയിലേക്കുള്ള മാറ്റം സാധനങ്ങളുടെ വിലയിടിവിലേക്കല്ല നയിക്കുന്നത് മറിച്ച് അവശ്യവസ്തുക്കളുടെ വിലവർദ്ധനവിലേക്കാണു. ലക്ഷ്വറി സാധനങ്ങളായ കാറുകൾക്കും മറ്റും ഒരു സമയത്ത് വില കുറഞ്ഞിരുന്നെങ്കിലും അത് അവശ്യവസ്തുക്കളുടെ വിലയിലായിരുന്നില്ല പ്രതിഫലിച്ചത്. ഇത് തോമസ് ഐസക്ക് പ്രതീക്ഷിച്ചില്ല എന്നാണു ഞാൻ വിചാരിക്കുന്നത്. എനിക്ക് തോന്നുന്നത് കേരളത്തിനു കുറച്ച് പണം ലഭിക്കും എന്ന പ്രതീക്ഷയിലാവണം തോമസ് ഐസക് ജി എസ് ടിയെ
പിന്തുണച്ചിട്ടുണ്ടാവുക എന്നാണ്.

കേരളം ഇപ്പോൾ പ്രശ്നഭരിതമായ ഒരവസ്ഥയിലൂടെയാണു പോയ്ക്കൊണ്ടിരിക്കുന്നത്. എണ്ണവില, കയർവില, റബ്ബർവില എന്നിവയെല്ലാം വളരെ താഴ്ന്നിരിക്കുന്നു. എണ്ണവിലക്കൊപ്പം സാധനങ്ങളുടെ വില മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണു കേരളം. എണ്ണവില കുറയുമ്പോൾ ജനങ്ങളുടെ വരുമാനവും കുറയുന്നു. അപ്പോൾ നികുതി ഈടാക്കാനുള്ള അവസരവും കുറയുന്നു. ഇതോടൊപ്പം, ജി എസ് ടി കൌൺസിൽ ആണിനി നികുതി തീരുമാനിക്കുക എന്നൊരു യാഥാർത്ഥ്യം കൂടിയുണ്ട്. ഐസക് യഥാർത്ഥത്തിൽ ചിന്തിച്ചിട്ടുണ്ടാവുക ധനാഗമമാർഗ്ഗം എന്ന തരത്തിൽ തന്നെയാവണം. പക്ഷേ പണം ലഭിക്കാൻ പോകുന്നില്ലെന്ന് മാത്രമല്ല, നിങ്ങൾക്ക് സ്വന്തമായി വിഭവസമാഹരണം പോലും സാദ്ധ്യമല്ല എന്ന അവസ്ഥയുമാണ്. നിങ്ങളുടെ സ്വാതന്ത്ര്യം പ്രത്യേകിച്ച് ഗുണഫലമൊന്നുമില്ലാതെ അടിയറ വച്ചിരിക്കുകയാണ്. അതുകൊണ്ട് തികച്ചും തെറ്റായ ഒരു നിലപാടാണു അന്ന് തോമസ് ഐസക്ക് മുന്നോട്ട് വച്ചത് എന്ന് ഞാൻ കരുതുന്നു.

ഇതിനു മറ്റൊരു രാഷ്ട്രീയവശം കൂടിയുണ്ടല്ലോ. ജി എസ് ടി ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളികൂടിയാണെന്നുള്ളത് ഫാസിസ്റ്റ് പ്രവണതകൾക്ക് ആക്കം കൂട്ടുന്നതല്ലേ?

ഞാൻ നിരവധി തവണ എഴുതിയിട്ടുള്ളതുപോലെ, ഇത് മൗലികമായി ഫെഡറൽ സംവിധാനത്തിനു നേരെയുള്ള വലിയ വെല്ലുവിളി തന്നെയാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സെക്യുലറിസം, ഫെഡറലിസം, ജനാധിപത്യം തുടങ്ങിയ എല്ലാ ഘടകങ്ങളേയും നരേന്ദ്രമോദി ഗവണ്മെന്റ് ആക്രമിക്കുകയാണ്. ഹിന്ദുത്വത്തിന്റെ പേരിൽ സെക്യുലറിസം ആക്രമിക്കപ്പെടുന്നു. ജി എസ് ടി പോലുള്ള സംവിധാനങ്ങൾ വഴിയും ഭീമമായ അധികാര-വിഭവ കേന്ദ്രീകരണങ്ങളിലൂടെയും ഫെഡറലിസം ആക്രമിക്കപ്പെടുന്നു. ഏത് തരം എതിർപ്പുകളേയും ദേശവിരുദ്ധം എന്ന് മുദ്രകുത്തുകയും ആളുകളുടെ മനസ്സിൽ ഭയം ജനിപ്പിക്കുകയും വഴി ജനാധിപത്യം ആക്രമിക്കപ്പെടുന്നു. ഇത് ഫാസിസത്തിന്റെ പ്രധാനലക്ഷണമായ അധികാരകേന്ദ്രീകരണം ഫെഡറൽ സംവിധാനത്തിനു മുകളിൽ കൊണ്ടുവരാനുള്ള വ്യക്തമായ നീക്കമാണ്.

ഇത്തരമൊരു സാഹചര്യത്തിൽ ഫെഡറൽ സംവിധാനത്തെ ഇത് എങ്ങനെയാണു ബാധിക്കാൻ പോകുന്നത്?

നമുക്ക് ഇടതുപക്ഷ ഗവണ്മെന്റ്, വലതുപക്ഷ ഗവണ്മെന്റ് തുടങ്ങി പല സംസ്ഥാന സർക്കാരുകളും അവരവരുടെ വ്യത്യസ്ത നയങ്ങളുമായി ഫെഡറൽ സംവിധാനത്തിൽ സ്ഥിതി ചെയ്യുന്നു. അതവരുടെ സാമ്പത്തിക നയത്തിൽ പ്രതിഫലിക്കുകയും ചെയ്യുമായിരുന്നു. ഈ സ്വാതന്ത്ര്യം പലപ്പോഴും പരിമിതം തന്നെയാണ്. കാരണം ചില നികുതികൾ മാത്രമേ സംസ്ഥാന സർക്കാറിനു ചുമത്താൻ കഴിയുകയുള്ളൂ. വില്പന നികുതി അതിൽ പ്രധാനമാണ്. ഒരു ഇടതുപക്ഷഗവണ്മെന്റ് ആണെങ്കിൽ ചിലതിനു മേൽ വില്പന നികുതി ചുമത്താം. വലതുപക്ഷ ഗവണ്മെന്റാണെങ്കിൽ മറ്റേതെങ്കിലും വസ്തുക്കളിന്മേൽ നികുതി ചുമത്തും. ഇടതുപക്ഷ ഗവണ്മെന്റ് ആണെങ്കിൽ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്ക് കൂടുതൽ ധനം കണ്ടെത്തും. ഈ വ്യത്യാസങ്ങളെല്ലാം ഇനി ഇല്ലാതാകാൻ പോവുകയാണ്. കാരണം നികുതി ചുമത്താനുള്ള അവകാശം ഇനി ജി എസ് ടി കൗൺസിലിനാണു. നിങ്ങൾക്ക് പോയി ജി എസ് ടി കൗൺസിലിനോട് അപേക്ഷിക്കാം. പക്ഷേ അവർക്കത് എളുപ്പത്തിൽ നിരസിക്കാൻ കഴിയും. കാരണം അവിടെ ഒറ്റ സ്വരം മാത്രമേ ഉള്ളൂ. മാത്രമല്ല, ജി എസ് ടി കൗൺസിലിൽ കേന്ദ്ര ഇടപെടലും ഉണ്ടാവും. അതുകൊണ്ട് വേണമെങ്കിൽ ബി. ജെ. പിക്ക് നിരക്ക് കുറവായി നിർത്താം. കാരണം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഭരണകേന്ദ്രം ബി ജെ പി ആണ്. പിന്നെ എവിടെയാണു ഒരു ഇടതുപക്ഷ സംസ്ഥാന ഗവണ്മെന്റിനു തങ്ങളുടെ നയങ്ങൾ നടപ്പിലാക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം?

അവരുടെ യഥാർത്ഥ വാദം നിലനിൽക്കുന്ന നികുതിയെ റീപ്ലെയ്സ് ചെയ്യുന്നു എന്നായിരുന്നു. പക്ഷേ യഥാർത്ഥത്തിൽ അതല്ല സംഭവിച്ചത് എന്ന് നിരവധി കാരണങ്ങളാൽ പറയാൻ കഴിയും. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം സേവനങ്ങൾക്കോ ചെറുകിടവ്യവസായങ്ങൾക്കോ ജി എസ് ടിക്ക് മുൻപ് നികുതി ഉണ്ടായിരുന്നില്ല എന്നതാണു. പക്ഷേ, ഇന്ന് ഇവയ്ക്കെല്ലാം നികുതി ചുമത്തുന്നു. രണ്ടാമത്തെ കാര്യം ഇതിൽ ധാരാളം ആശയക്കുഴപ്പമുണ്ട് എന്നതാണ്. 12 ശതമാനം മാത്രം നികുതിയുള്ള വസ്തുക്കൾക്ക് 18 ശതമാനം ജി എസ് ടി ചുമത്തുന്നു. വാങ്ങുന്ന ഉപഭോക്താവിനു അറിയില്ല നിങ്ങൾ വാങ്ങുന്ന ചരക്കിനു 12 ശതമാനമാനോ 18 ശതമാനമാണോ നികുതിയെന്ന്. കാരണം ഏത് വിഭാഗത്തിലാണു അത് ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് സാധാരണ ഉപഭോക്താവിനു മനസ്സിലാവില്ല. വളരെ ഉയർന്ന നിരക്കാണു ഈടാക്കുന്നത്. വേണ്ടത്ര വരുമാനം കണ്ടെത്താൻ കഴിയാത്തതിന്റെ പേരിൽ പെട്രോൾ- ഡീസൽ വില കൂട്ടുമ്പോൾ ഫലത്തിൽ അവശ്യവസ്തുക്കളുടെ വിലയും ഉയരുന്നു. അതുകൊണ്ട് മൊത്തത്തിൽ നാണയപ്പെരുപ്പം എന്ന സമ്മർദ്ദം ഉണ്ടാവുന്നു. അതേസമയം നാണയപ്പെരുപ്പത്തോടൊപ്പം സാമ്പത്തികമാന്ദ്യവും സംഭവിക്കുന്നു. കാരണം വില ഉയരുന്നു. പക്ഷേ ക്രയശേഷി (പർച്ചേസിങ്ങ് പവർ) കുറയുകയാണ്. നോട്ടുനിരോധനവും ജി എസ് ടിയും രണ്ടും പ്രതികൂലമായി പ്രധാനമായും ബാധിച്ചത് ചെറുകിട വ്യവസായത്തെയാണു. വൻകിട വ്യവസായങ്ങളിലെ ചില വസ്തുക്കളേയും ബാധിച്ചിട്ടുണ്ട് എന്ന് മാത്രം. വൻകിട വ്യവസായത്തിൽ ഒട്ടേറെ ഇടങ്ങളിൽ കാർഡ് പെയ്മെന്റ് നടക്കും. പക്ഷേ, ചെറുകിടവ്യവസായങ്ങളിൽ അത് നടക്കില്ല. ഒരു പാൻ വില്പനക്കാരനു പോയി ക്രെഡിറ്റ് കാർഡ് കൊടുക്കാൻ കഴിയില്ല. നോട്ട് നിരോധനം ബാധിച്ച ചെറുകിട മേഖലയെ വീണ്ടും തകർച്ചയിലേക്ക് നയിക്കുന്നതായിരുന്നു ജി എസ് ടി.

ഇന്ത്യൻ ഫാസിസത്തെ വിശകലനം ചെയ്യുമ്പോൾ ബ്രാഹ്മണിക് ഫാസിസത്തിന്റെ മുഖവും അത് കൃത്യമായും കോർപ്പറേറ്റിസവുമായി സന്ധിചേരുന്നതും കാണാം. ക്ലാസിക്കൽ ഫാസിസവും ഇന്ത്യൻ ഫാസിസവും തമ്മിലുള്ള വ്യത്യാസത്തെ എങ്ങനെയാണു കാണുന്നത്?

ക്ലാസിക്കൽ ഫാസിസവും സമകാലീന ഫാസിസവും തമ്മിലുള്ള പൊതുവായ വ്യത്യാസവും ഇന്ത്യയിൽ വളരെ പ്രത്യേകമായ വ്യത്യാസവുമുണ്ട്. പൊതുവായ വ്യത്യാസം എന്നത് ക്ലാസിക്കൽ ഫാസിസം ആ രാജ്യത്തെ മൂലധന(ഫിനാൻസ് ക്യാപ്പിറ്റൽ)വുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ജർമ്മൻ ഫിനാൻസ് ക്യാപിറ്റൽ ഹിറ്റ്ലറിനെ പിന്തുണച്ചിരുന്നു. അന്നത്തെ മഹായുദ്ധങ്ങൾക്കുള്ള യുദ്ധസന്നാഹവും   യുദ്ധോപകരണസമാഹരണവും വൻ തോതിൽ തൊഴിൽ സൃഷ്ടിച്ചിരുന്നു. ജർമ്മനി, ജപ്പാൻ തുടങ്ങിയ ഫാസിസ്റ്റ് രാജ്യങ്ങൾ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ കാരണം സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പുറത്തു വന്നു. സമകാലീന ഫാസിസം ആഗോളവൽകൃത മൂലധനവുമായി കൈകോർത്തിരിക്കുന്നു. ആഗോളമൂലധനം ഫിസ്ക്കൽ ഡെഫിസിറ്റ് കൺസേണിനൊക്കെ എതിരാണ്. പ്രത്യക്ഷമായ യുദ്ധസന്നാഹങ്ങളൊന്നും സമകാലീന ഫാസിസത്തിനില്ല. മിലിറ്ററി ചെലവുകൾ ഉൾപ്പെടെ ഭീമമായ സർക്കാർ ചെലവുകൾ സമകാലീന ഫാസിസത്തിൽ ഉണ്ടാകാൻ പോകുന്നില്ല. അതുകൊണ്ട് സമകാലീന ഫാസിസത്തിനു സമ്പദ് വ്യവസ്ഥയെ ക്ലാസിക്കൽ ഫാസിസം ചെയ്തതുപോലെ തൊഴിലില്ലായ്മയിൽ നിന്ന് പുറത്തേക്ക് കടക്കാൻ സഹായിക്കില്ല. ഇത് മോദി ഗവണ്മെന്റിനെ സംബന്ധിച്ചിടത്തോളവും ശരിയാണ്. ട്രമ്പിനു അമേരിക്കയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കാൻ സഹായിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അതേസമയം മൂലധനത്തിനു എല്ലാ വിധ സഹായങ്ങളും ഗവണ്മെന്റ് ചെയ്തുകൊടുക്കുന്നു. കോർപ്പറേറ്റ് ടാക്സ് 35 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കുന്നു. അത് കോർപ്പറേറ്റുകൾക് വളരെ ഇഷ്ടപ്പെട്ടൊരു കാര്യമാണ്. 1930 ലെ ക്ലാസിക്കൽ ഫാസിസത്തിനു കഴിഞ്ഞതുപോലെ സമ്പദ് വ്യവസ്ഥയ്ക്ക് യാതൊരു വിധ ഉപകാരവുമില്ലാത്തതാണു സമകാലീന ഫാസിസം. അത് കൃത്യമായും കോർപ്പറേറ്റ് അനുകൂല ഫാസിസമാണ്. ഇതാണു ക്ലാസിക്കൽ ഫാസിസവും സമകാലീന ഫാസിസവും തമ്മിലുള്ള പ്രധാന വ്യത്യാസം.

കുറച്ചുകാലം ഹിറ്റ്ലർ വളരെയധികം ജനസമ്മതനായിരുന്നു. കാരണം യുദ്ധം തുടങ്ങും മുന്നേ തൊഴിലില്ലായ്മ അപ്രത്യക്ഷമായി. സമകാലീന ഫാസിസത്തിനു ആ സാദ്ധ്യത പോലുമില്ല. അതുകൊണ്ടു തന്നെ ജനങ്ങളെ സംഘടിപ്പിക്കാനുള്ള അവസരം ഇന്നുണ്ട്. മോദി ഇന്ന് തികച്ചും ജനസമ്മതനല്ലാത്ത വ്യക്തിയായി മാറിയിരിക്കുന്നു. ഒന്നു സങ്കൽ‌പ്പിച്ചുനോക്കൂ, രണ്ടുമാസം മുന്നേ ഇന്നത്തെപ്പോലെ ആരാണു മോദിയെക്കുറിച്ച് സംസാരിച്ചിരുന്നത്. ഇന്ന് എല്ലാവരും മോദിവിരുദ്ധമായി സംസാരിക്കുന്നു. യശ്വന്ത് സിഹ്നപോലും അദ്ദേഹത്തിന്റെ നയങ്ങളെ ആക്രമിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഇന്നത്തെ കോർപ്പറേറ്റ് ഫാസിസം രാജ്യത്തെ സാമ്പത്തിക ഭദ്രതയ്ക്ക് ഒരിക്കലും മുതൽക്കൂട്ടാവുകയില്ല എന്ന് മാത്രമല്ല, ദുരന്തങ്ങൾ സൃഷ്ടിക്കുക കൂടിയാണു ചെയ്യുന്നത് എന്നാണ്.

മറ്റിടങ്ങളിലെ സമകാലീനഫാസിസവും ഇന്ത്യൻ ഫാസിസവും തമ്മിലും വ്യത്യാസമുണ്ട്. ഹിന്ദുയിസം മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇസ്ലാമിനു ചില ഈഗാലിറ്റേറിയൻ വശങ്ങളുണ്ട്. ക്രിസ്തീയതയിൽ മാനവികതയുടേയും സഹാനുഭൂതിയുടേയും തലമുണ്ട്. ഹിന്ദുയിസത്തിനു സഹാനുഭൂതിയോ ഈഗാലിറ്റേറിയൻ വശമോ ഒന്നുമില്ല. കാരണം അത് വെറും ജാതിസമ്പ്രദായം മാത്രമാണ്. ഇന്ത്യൻ ഫാസിസം ആയിരം വർഷം മുന്നേയുള്ള ഒന്നുമായി കണ്ണിചേർന്ന് ഉന്നതജാതികളുടെ ഒത്താശയോടെ നിലവിൽ വരുന്നു. മുസ്ലീം സമുദായത്തിനെതിരെ ഹിന്ദുഐക്യം കൊണ്ടുവരുന്നു. വർഗ്ഗീയകലാപങ്ങളിൽ മുഴുവൻ ദളിതരെ ഉപയോഗപ്പെടുത്തുന്നു. മുസ്ലീം വിരുദ്ധത, ദളിത് വിരുദ്ധത, സ്ത്രീവിരുദ്ധത ഇതിനൊക്കെ വേണ്ടിമാത്രമാണു ഹിന്ദു ഐക്യം എന്ന് അവർ പറയുന്നത്. യു പി യിൽ അമിത് ഷാ ദളിതരെപ്പോലും വിഭജിക്കുന്നു. അതേ സമയം മറ്റൊരു തലത്തിൽ എല്ലാം ഹിന്ദുക്കൾ എന്ന് അവർ പറയുകയും ചെയ്യുന്നു. മുസ്ലീങ്ങൾക്കെതിരെ, ഇടതുപക്ഷത്തിനെതിരെ, സ്ത്രീകൾക്കെതിരെ, വിദ്യാർത്ഥികൾക്കെതിരെ, പടിഞ്ഞാറൻ ആശയങ്ങൾക്കെതിരെ എന്നൊക്കെയുള്ള ദ്വന്ദ്വങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയാണവർക്ക് എല്ലാവരും ഹിന്ദുക്കളാവുന്നത്.

സുപ്രീം കോടതിയിൽ സ്വകാര്യതയ്ക്കുള്ള അവകാശത്തിനു വേണ്ടിയുള്ള കേസിൽ ഇന്ത്യയുടെ അറ്റോർണി ജനറൽ വാദിക്കുന്നത് സ്വകാര്യത ഒരിക്കലും ഇന്ത്യൻ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല എന്നാണ്. ഒരർത്ഥത്തിൽ അത് ശരിയാണ്. കാരണം സ്വകാര്യതയ്ക്കുള്ള അവകാശബോധം നാം യഥാർത്ഥത്തിൽ നാം നിർമ്മിക്കാൻ പോകുന്ന ഇന്ത്യയുടെ ഭാഗമാണ്. അല്ലാതെ ആയിരം വർഷം മുന്നേയുള്ള ഇന്ത്യയുടെ ഭാഗമല്ല സ്വകാര്യത. അദ്ദേഹം ആഗ്രഹിക്കുന്നത് ആയിരം വർഷം മുന്നേ ഉള്ള ഇന്ത്യ ഇന്ന് നിലനിൽക്കാനാണ്. അത് ആധുനികതാവിരുദ്ധമാണ്. ആധുനികത ജീവിതത്തിന്റെ ചില സ്വകാര്യതകളെ അംഗീകരിക്കുന്നു. ആരെ വിവാഹം കഴിക്കുന്നു, ഏത് മാംസം കഴിക്കുന്നു, എന്ത് ഭക്ഷണം കഴിക്കുന്നു, ഏത് വസ്ത്രം ധരിക്കുന്നു എന്നതൊക്കെ നമ്മുടെ മാത്രം തീരുമാനമാണ്. ആരെങ്കിലും അതിൽ ഇടപെടുന്നുണ്ടെങ്കിൽ അതിനർത്ഥം അയാൾ നമ്മുടെ സ്വകാര്യജീവിതത്തിൽ ഇടപെടുന്നു എന്നാണ്. അതേസമയം ആയിരം വർഷങ്ങൾക്ക് മുൻപ് ഇതായിരുന്നിരിക്കില്ല സ്ഥിതി. ആയിരം വർഷങ്ങൾക്ക് മുൻപ് ദളിത് വിഭാഗത്തിലുള്ള ഒരു കുട്ടി ഷർട്ട് ധരിച്ച് ഗ്രാമത്തിലുടെ നടന്നാൽ മർദ്ദിക്കപ്പെടും. അതായത് ആധുനികപൂർവ്വ ഇന്ത്യയിൽ സ്വകാര്യത എന്നത് കേട്ടുകേൾവി പോലുമില്ലാത്തതാണ്. ഒരു ഉന്നതജാതിക്കരനായ ഭൂവുടമ ദളിതരുടെ ജീവിതത്തിൽ ഇടപെടുന്നിടത്ത് സ്വകാര്യത ഇല്ല. സ്വകാര്യതയ്ക്കുള്ള അവകാശം ആധുനിക ഇന്ത്യയുടെ മാത്രം ഭാഗമാണ്. അറ്റോർണി ജനറൽ അങ്ങനെയൊരു നിലപാടെടുക്കുമ്പൊൾ ആധുനികപൂർവ്വ ഇന്ത്യയിലെ മാനുഷിക വിരുദ്ധതയെ ഉദാത്തവൽക്കരിക്കുകയാണു യഥാർത്ഥത്തിൽ ചെയ്യുന്നത്.

ഇന്ത്യയിലെ ശക്തമായ ജാതിസമ്പ്രദായമാണു ഇന്ത്യൻ ഫാസിസത്തിനെതിരെയുള്ള ജനമുന്നേറ്റത്തെ തടസ്സപ്പെടുത്തുന്നതെന്ന് കരുതുന്നുണ്ടോ?

പൗരത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ആധുനിക ഇന്ത്യയെയാണു നാം വിഭാവനം ചെയ്യുന്നതെങ്കിൽ അവിടെ എല്ലാവരും സമന്മാരാണു. ജാതി-ലിംഗ- വംശ ഭേദങ്ങളൊന്നുമില്ല. ആധുനിക സമൂഹത്തിൽ പൗരത്വമാണ് പ്രധാനം. ജനങ്ങളെ പൗരത്വത്തിന്റെ പേരിൽ ഒന്നിപ്പിക്കണം. അങ്ങനെ ഒന്നിപ്പിക്കണമെങ്കിൽ അവകാശങ്ങളുടെ അടിസ്ഥാനത്തിലേ സാദ്ധ്യമാകൂ. ഞാൻ അനുകൂലിക്കുന്നത് ഓരോ പൗരന്റേയും സമഗ്രമായ സാമ്പത്തിക അവകാശങ്ങളേയാണ്. ആരോഗ്യം തന്നെ ഉദാഹരണമായെടുക്കാം. എല്ലാവർക്കും നിർബന്ധമായും ക്വാളിറ്റിയുള്ള ആരോഗ്യപരിരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും അവകാശമുണ്ട്. ഇത് ചെയ്യുകയാണെങ്കിൽ ജാതി തുടങ്ങിയ കടുത്ത അനീതികളെ പൊട്ടിച്ചെറിയാൻ കഴിയും. പകുതി പ്രശ്നം നിലനിൽക്കുന്നത് സാമ്പത്തികാവസ്ഥയിലാണ്. പാവപ്പെട്ട ഒരാൾ ആരോഗ്യം ആഗ്രഹിക്കുന്നു എന്ന് ഒരാളും തിരിച്ചറിയുന്നില്ല. ഇടതുപക്ഷം ഉന്നയിക്കുന്ന വളരെ സാധാരണമായ ഒരാവശ്യമാണത്. കർഷകർ ഭൂമിയും അവരുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും ആവശ്യപ്പെടുന്നു. അവരുടെ ജീവിതത്തിനു ആരോഗ്യപരിരക്ഷ ആഗ്രഹിക്കുന്നു. യഥാർത്ഥത്തിൽ വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയവ കർഷകരുടെ ആവശ്യങ്ങൾ കൂടിയാണ്.

ഇന്ത്യൻ ബ്രാഹ്മണിക്കൽ ഫാസിസത്തിനെതിരെ ഇന്ന് പലയിടങ്ങളിലും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയർന്നു വരുന്നത് ഐഡന്റിറ്റി പൊളിറ്റിക്സും മറ്റുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഇടങ്ങളിൽ നിന്നാണ്. ഒരു ലെഫ്റ്റ് പ്രതിരോധം എന്ന പ്രതീക്ഷയ്ക്ക് പകരം ദളിത് വിഭാഗങ്ങളാണു പ്രതിഷേധവും പ്രതികരണങ്ങളുമായി വരുന്നത്. ഈ സ്ഥിതി വിശേഷത്തെ എങ്ങനെയാണു വിലയിരുത്തുന്നത്?

സ്വത്വവാദരാഷ്ട്രീയം എല്ലായ്പ്പോഴും മൂലധനതാല്പര്യങ്ങൾക്കനുകൂലമാണ്. ഫിനാൻസ് ക്യാപിറ്റലിനു യഥാർത്ഥത്തിൽ ആവശ്യം സ്വത്വവാദമാണു. കാരണം അത് വ്യക്തമായും ജനങ്ങളെ വിഭജിക്കുന്നു. അമിത്ഷാ പോലും സ്വതവാദരാഷ്ട്രീയമാണു കളിക്കുന്നത്. അവർ ഇതിൽ അതിവിദഗ്ദ്ധരാണ്. യഥാർത്ഥത്തിൽ ഇതൊന്നും ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ഒരു ഭീഷണിയേ അല്ല. അതേ സമയം ഈ സ്വത്വവാദികളെല്ലാം ക്ലാസ് പൊളിറ്റിക്സിനുവേണ്ടി വാദിക്കണം നിൽക്കണം എന്ന് പറയുന്നത് ഒരിക്കലും നല്ലതല്ല. മറിച്ച് വർഗ്ഗരാഷ്ട്രീയം ഈ സ്വത്വപ്രശ്നങ്ങളെക്കുറിച്ച് ബോധവത്താകേണ്ടതുണ്ട്. ട്രേഡ് യൂനിയനിൽ മാത്രം നിങ്ങൾ ഒന്നിച്ചു വരുന്നു. പക്ഷേ വീട്ടിലേക്ക് തിരിച്ചു പോകുമ്പോൾ നിങ്ങൾ അയിത്തം ആചരിക്കുന്നു എന്നത് പോലെയാകരുത്. അത് തികച്ചും തെറ്റാണ്. സാമ്പത്തികാടിസ്ഥാനത്തിൽ മാത്രം ജനങ്ങളെ ഒരുമിപ്പിക്കുന്ന വർഗ്ഗരാഷ്ട്രീയത്തിന്റെ ദൗർബല്യത്തിൽ നിന്നും പരാജയത്തിൽ നിന്നുമാണു സ്വത്വവാദരാഷ്ട്രീയം ഉയർന്നു വരുന്നത്. വർഗ്ഗരാഷ്ട്രീയം ചില പ്രത്യേക സാമ്പത്തികപ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണു ജനങ്ങളെ ഒന്നിപ്പിക്കുന്നത്. അവർ അതിലപ്പുറം പോകുന്നില്ല. അഥവാ അവർ പോയിട്ടുണ്ടെങ്കിൽ പിന്നെ സ്വത്വവാദത്തിന്റെ ആവശ്യമേ വരുന്നില്ല. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജാതി സമ്പ്രദായത്തെ അഭിസംബോധന ചെയ്തിട്ടുണ്ടെന്നാണു ഞാൻ കരുതുന്നത്. മറ്റുപിന്നോക്കവിഭാഗങ്ങളുടെ പാർട്ടിയായിരുന്നു യഥാർത്ഥത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി. കേരളത്തിലെ സാമൂഹികപരിഷ്കരണ പ്രസ്ഥാനങ്ങളാണു കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ സൃഷ്ടിച്ചത്. പക്ഷേ ഉത്തരേന്ത്യയിൽ അതല്ല സംഭവിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടി യഥാർത്ഥത്തിൽ അവിടേയും കർഷകസമരങ്ങളിൽ നിന്നാണു തുടങ്ങിയത്. യു. പി യിലും ബീഹാറിലുമൊക്കെ നല്ല രീതിയിൽ തന്നെ കർഷകസമരങ്ങൾ സംഘടിപ്പിക്കപ്പെട്ടു. പക്ഷേ അവർ അതിനപ്പുറം പോയില്ല. മുംബൈയിൽ അത്ഭുതകരമായ രീതിയിൽ ട്രേഡ് യൂനിയൻ സമരങ്ങൾ ചുവന്ന നഗരത്തിൽ നടന്നു. അവരും പക്ഷേ അതിനപ്പുറം പോയില്ല. അവർ അയിത്തത്തിനെതിരെ പോരാടിയില്ല. അംബേദ്ക്കർ കമ്മ്യൂണിസ്റ്റുകളോട് പറഞ്ഞു, ഞാൻ നിങ്ങളോടൊപ്പം വരാൻ തയ്യാറാണു നിങ്ങൾക്ക് പിന്നിൽ അണിനിരക്കുന്ന തൊഴിലാളികളും എന്റെ പിന്നിൽ അണിനിരക്കുന്ന തൊഴിലാളികളും ഒരേ ടാപ്പിൽ നിന്ന് വെള്ളം കുടിക്കുമെങ്കിൽ. ഇപ്പോൾ സ്വത്വവാദ രാഷ്ട്രീയം ഉത്തരേന്ത്യയിൽ ഉടലെടുക്കുമ്പോൾ ലെഫ്റ്റ് പൂർണ്ണമായും അരികുവൽക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഒരു ഇടതുപക്ഷ സാമ്പത്തിക നയത്തിനു പകരം വലതുപക്ഷസാമ്പത്തിക നയം പിന്തുടരുന്നതുകൊണ്ട് കൂടിയാണു സി പി ഐ എം ന്റെ വ്യാപനം ഇന്ത്യയിൽ നടക്കാത്തത് എന്ന് കരുതുന്നുണ്ടോ?

അത് വലതുപക്ഷസാമ്പത്തിക നയം പിന്തുടരുന്നതുകൊണ്ടല്ല, സി പി ഐ എം ന്റെ ഇടതുപക്ഷനയം അത്ര ശക്തമായ ഇടതല്ലാത്തതുകൊണ്ടാണു അതു സംഭവിക്കുന്നത്.

പശ്ചിമ ബംഗാളിൽ വിദേശനിക്ഷേപങ്ങളേയും ബഹുരാഷ്ട്രക്കുത്തകകളേയും സ്വീകരിച്ചുകൊണ്ട് ഈ വലതുപക്ഷ നയം നാം കണ്ടതാണ്.

അതിനു ബംഗാളിൽ അവർ കനത്ത വില കൊടുത്തു. കേരളത്തിലും അതേ വില കൊടുക്കേണ്ടി വരും. ബൂർഷ്വാപാർട്ടികളുടെ അതേ നയങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് പിന്തുടരുമ്പോൾ എന്തിനവർ നിങ്ങൾക്ക് വോട്ട് തരണം? അവർക്ക് ബൂർഷ്വാ പാർട്ടിക്ക് വോട്ട് ചെയ്താൽ പോരെ. ബംഗാളിൽ അവർ അത്തരം നയങ്ങൾ പിന്തുടർന്നത് മദ്ധ്യവർഗ്ഗത്തിന്റെ താല്പര്യങ്ങൾക്കനുകൂലമാണ്. ബംഗാളിൽ മാത്രമല്ല, എന്തുകൊണ്ടാണു കേരളത്തിലും സി പി ഐ എം ഇത് ചെയ്യുന്നത്? കേരളത്തിൽ ചെയ്യുന്നതും മദ്ധ്യവർഗ്ഗത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി അവരുടെ താല്പര്യസംരക്ഷണത്തിനായാണ്. നിയോലിബറൽ നയങ്ങൾ ഒരു മദ്ധ്യവർഗ്ഗത്തെ വളർത്തിയിട്ടുണ്ട്. ഈ മദ്ധ്യവർഗ്ഗം ബി ജെ പിയെ പിന്തുണക്കുകയും ചെയ്യുന്നു. ഈ മദ്ധ്യവർഗ്ഗമാണു വികസനം എന്ന് വിളിക്കപ്പെടുന്നത് ആഗ്രഹിക്കുന്നത്. ഈ മദ്ധ്യവർഗ്ഗം തന്നെയാണു വിദേശമൂലധനം ക്ഷണിക്കാൻ ആഗ്രഹിക്കുന്നത്. ബംഗാളിൽ ഇങ്ങനെയാണു സി പി ഐ എം ചിന്തിച്ചത്. കർഷകർ നമ്മുടെ കൂടെയുണ്ട്. അതുകൊണ്ട് ഇനി മദ്ധ്യവർഗ്ഗത്തിന്റെ പിന്തുണ നേടാം. അതുകൊണ്ട് അവിടെ അവർ റ്റാറ്റയെ ക്ഷണിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരിക്കലും ഒരു ബൂർഷ്വാ സൊസൈറ്റിയിൽ ബൂർഷ്വാ നയങ്ങളെ പിന്തുടരുകയല്ല വേണ്ടത്. മറ്റൊരുതരത്തിൽ ജനപക്ഷരീതിയിൽ നയങ്ങൾ രൂപീകരിക്കാനും പ്രാവർത്തികമാക്കാനുമുള്ള സമ്മർദ്ദം ചെലുത്തലും ഇടപെടലുകളുമാണു ഇടതുപക്ഷത്തുനിന്ന് പ്രതീക്ഷിക്കുന്നത്.

ഗീത ഗോപിനാഥിനെ കേരളസർക്കാറിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചപ്പോൾ തന്നെ താങ്കൾ അതിനെ എതിർത്തിരുന്നു.

അതെ. ഞാൻ വളരെ ശക്തമായി അതിനെ എതിർത്ത് നിലപാട് എടുത്തിരുന്നു. ഗീതാ ഗോപിനാഥിനെ വ്യകതിപരമായി എനിക്കറിയില്ല. പക്ഷേ, ഒരു ലിബറൽ സാമ്പത്തിക വിദഗ്ദ്ധയെ ഇടതുപക്ഷ ഗവണ്മെന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവാക്കുന്നത് തികച്ചും തെറ്റായ നിലപാടാണ് എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

സ്വത്വ-വർഗ്ഗ രാഷ്ട്രീയത്തെക്കുറിച്ച് അല്പം കൂടി സംസാരിക്കാം. ജിഗ്നേഷ് മെവാനിയെപ്പോലുള്ളവർ സ്വത്വവാദരാഷ്ട്രീയത്തിനകത്തു തന്നെ ദളിതരുടെ ഭൂമിയുടെ അവകാശത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചും സാമ്പത്തികാവകാശങ്ങളെക്കുറിച്ചും നിലപാടെടുക്കുന്നുണ്ട്. അതിനെ എങ്ങനെ കാണുന്നു?

ശരിയാണ്. സ്വത്വവാദരാഷ്ട്രീയത്തിലെ ചിലർ അങ്ങനെ നിലപാടെടുക്കുകയും ഗൗരവമായിത്തന്നെ ആലോചിക്കുകയും ചെയ്യുന്നുണ്ട്. കനയ്യ കുമാറിനെപ്പോലുള്ളവർ സ്വത്വപ്രശ്നങ്ങളെ ഗൗരവമായി അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ സ്വത്വവാദ നിലപാടുകൾക്ക് മാത്രമായി ഒരു പരിധിയിലപ്പുറം ഭാവിയില്ല. ഗുജറാത്തിൽ ഉയർന്ന ജാതിയായ പട്ടേൽ ജാതി സംവരണം ആവശ്യപ്പെടുന്നുണ്ട്. സ്വത്വവാദം സ്വത്വവാദത്തെ മാത്രമേ വളർത്തുന്നുള്ളൂ. ആലോചിച്ചു നോക്കൂ, തൊഴിൽ അവസരങ്ങൾ ചുരുങ്ങുന്ന ഒരു സാഹചര്യത്തിൽ സംവരണം മാത്രമായി ആവശ്യപ്പെടുന്നതിൽ എന്തർത്ഥമാണുള്ളത്? അപ്പോൾ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ ആവശ്യപ്പെടേണ്ടി വരും. സ്വത്വരാഷ്ട്രീയം അത് ചെയ്യുന്നില്ല. സ്വത്വരാഷ്ട്രീയം അത് ചെയ്യാൻ തുടങ്ങുമ്പോൾ അത് വർഗ്ഗരാഷ്ട്രീയമായി മാറുന്നു. ജിഗ്നേഷ് മെവാനിയെപ്പോലുള്ളവർ അത്തരം നിലപാടെടുക്കുമ്പോൾ മനസ്സിലാക്കേണ്ടത് അവർ വർഗ്ഗരാഷ്ട്രീയത്തോടടുക്കുന്നു എന്നാണ്.

ഫാസിസത്തിനെതിരെ ഇന്ത്യയിൽ ഒരു മുന്നണി രൂപപ്പെടുകയാണെങ്കിൽ എന്തായിരിക്കും അതിന്റെ സ്വഭാവം?

ഞാൻ കരുതുന്നത് അത്തരമൊരു മുന്നണി ആധുനികപൗരത്വത്തെ അടിസ്ഥാനമാക്കിയ ഒരു കാഴ്ചപ്പാടിൽ നിന്ന് ഉണ്ടാവേണ്ടിയിരിക്കുന്നു എന്നാണ്. ആ ആധുനിക പൗരത്വത്തിൽ ഗതകാല സ്വതങ്ങളെല്ലാം അപ്രത്യക്ഷമാവണം. അവിടെ ദളിതർ, ബ്രാഹ്മണർ തുടങ്ങിയവർ ഇല്ല. സ്വത്വപ്രശ്നത്തിന്റെ ആവശ്യങ്ങൾക്കപ്പുറം ഓരോ പൗരനും ഒരേ അവകാശങ്ങളുണ്ടാവണം. തീർച്ചയായും ലിബറൽ മൂലധനത്തിനു വേണ്ടി നിന്നുകൊണ്ട് അത്തരമൊരു നിലപാട് സാദ്ധ്യമല്ല. പക്ഷേ, ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന എല്ലാവർക്കും സാമ്പത്തിക അവകാശം എന്ന നിലപാടാണു ശരി. എല്ലാവർക്കും ഭക്ഷണത്തിനും ജോലിക്കും വിദ്യാഭ്യാസം തുടങ്ങി ഭരണഘടനാപരമായി എഴുതപ്പെട്ട മറ്റെല്ലാ അവകാശത്തിനും വേണ്ടിയുള്ള സമരമുന്നണിയാണു രൂപപ്പെടേണ്ടത്. ഇത് നമുക്കു ചെയ്യാൻ കഴിയുമെങ്കിൽ ഇടതുപക്ഷത്തിനു അതിനോട് പ്രതിജ്ഞാബദ്ധമാകാൻ കഴിയുമെങ്കിൽ അധികാരത്തിലെത്തുമ്പോൾ എല്ലാവരുടേയും പിന്തുണയോടെ ആ അജണ്ട നടപ്പിലാക്കാൻ കഴിയും. അപ്പോൾ ദളിതർക്കും തങ്ങളുടെ ഭക്ഷണം, വിദ്യാഭ്യാസം തുടങ്ങി എല്ലാ അവകാശത്തെക്കുറിച്ചും സംസാരിക്കാനാവും. പക്ഷേ ഇത് സ്ഥാപനവൽക്കൃതമാവാത്ത ഒരു മുന്നണിയായിമാറേണ്ടതുണ്ട്.

(പ്രഭാത് പട്നായിക്/ബീജ വി. സി.)
Powered by Blogger.