Header Ads

പ്രതിരോധങ്ങളെല്ലാം പിഴച്ചു... ഇറ്റലിക്കിനി അടിമുടി മാറണം


അസൂറികളുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ് ഇന്നലത്തെ രാത്രി. രാജ്യത്തിന്റെ ഫുട്ബോള്‍ അടിത്തറയുടെ ചീഞ്ഞു തുടങ്ങിയ വേരുകള്‍ ഒന്നാകെ പിഴുതെറിയണമെന്ന മുറവിളികള്‍ ആരാധകരില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു


കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ സംഭവിക്കാത്തത് സംഭവിച്ചിരിക്കുന്നു. ലോകഫുട്ബോളിന്റെ മത്സരത്തില്‍ മാറ്റുരയ്ക്കാന്‍ ഇറ്റലിയില്ല. അവരില്ലാത്ത ലോകകപ്പിനാണ് റഷ്യയില്‍ ഇനി പന്തുരുളുക.

സാന്‍ സിറൊയില്‍ സ്വീഡനെതിരെയുള്ള മത്സരത്തിലെ സമനിലയ്ക്ക് മുമ്പ് തന്നെ ഇറ്റാലിയന്‍ ഫുട്ബോളിന്റെ തകര്‍ച്ചയുടെ ആഴം ലോകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. കഴിഞ്ഞ കളികളെല്ലാം പരിശോധിച്ചാല്‍ ഇറ്റലിയുടെ ഭൂതകാലത്തിന്റെ നിഴല്‍ പോലുമാവാന്‍ അവര്‍ക്കു സാധിച്ചിരുന്നില്ലെന്നത് വ്യക്തം. ഒരു രാത്രിയോട് കൂടി അത് പൂര്‍ണ്ണമായിരിക്കുന്നു. 2018 റഷ്യ ലോകകപ്പില്‍ ഇറ്റലിയില്ല. ഇനിയൊരു പുതിയ തുടക്കം വേണ്ടിയിരിക്കുന്നു. ഇറ്റലിക്ക് ഒന്നില്‍ നിന്ന് തന്നെ ഇനി ആരംഭിക്കേണ്ടതുണ്ട്.

ഈ ഒരവസ്ഥയ്ക്ക് ഏറ്റവുമേറെ പഴി കേള്‍ക്കേണ്ടി വന്നിരിക്കുന്നത് പരിശീലകനായ ഗിയാന്‍ പിയറോ വെഞ്ചുറയ്ക്കാണ്. ടീമിന്റെ തെരെഞ്ഞെടുപ്പിലും തന്ത്രങ്ങളുടെ രൂപീകരണത്തിലും അമ്പേ പരാജയപ്പെട്ട് പോയ മനുഷ്യന്‍. 2016 യൂറൊ കപ്പില്‍ അന്റോണിയൊ കോന്റെ എന്ന പരിശീലകന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിച്ച ശേഷമാണ് വെഞ്ചുറോ ഇറ്റലിയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. ആ ഒരവസ്ഥയില്‍ നിന്ന് മാസിഡോനിയയും സ്വീഡനും പോലെയുള്ള ടീമുകളോട് പോരാടാന്‍ പോലും ശേഷിയില്ലാത്ത മാനസികമായി തളര്‍ന്ന ഒരു ടീമാക്കി മാറ്റാനേ വെഞ്ചുറോയ്ക്ക് സാധിച്ചുള്ളൂ.

എന്തുകൊണ്ട് വെഞ്ചുറോ ഇത്രകാലം തുടര്‍ന്നു എന്ന ചോദ്യമാണ് ഇപ്പോള്‍ ഉന്നയിക്കപ്പെടുന്നത്. ഏതൊരു രാജ്യത്തേക്കാളും മികച്ച പരിശീലകന്മാരെ ലോകത്തിന് സമ്മാനിച്ചിട്ടുള്ളത് ഇറ്റാലിയന്‍ ഫുട്ബോളാണ്. യൂറോപ്പിലെ ഏത് ലീഗുകളിലും ഇറ്റാലിയന്‍ മാനേജര്‍മാരുടെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടീമുകളെ നമുക്ക് കാണാന്‍ സാധിക്കും. കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ അഞ്ച് മേജര്‍ ലീഗുകളില്‍ മൂന്നെണ്ണം ഇറ്റാലിയന്‍ പരിശീലകരുടെ കീഴിലാണ് ചാമ്പ്യന്മാരായത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നാല് ഇറ്റാലിയന്‍ പരിശീലകര്‍ക്ക് കീഴില്‍ കളിച്ച ടീമുകളാണ് ഇംഗ്ലീഷ് പ്രീമിയര്‍ ചാമ്പ്യന്മാരായിട്ടുള്ളതും.

എന്നിട്ടും ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ എന്തുകൊണ്ടാണ് എഴുപത് കഴിഞ്ഞ ഈ പരിശീലകനില്‍ തന്നെ വിശ്വാസമര്‍പ്പിച്ചത്?

തന്റെ പരിശീലനകാലയളവില്‍ ഒരിക്കല്‍ പോലും വെഞ്ചുറോ ഒരു പ്രധാനപ്പെട്ട ടീമിനെയും പരിശീലിപ്പിച്ചിട്ടില്ല. ഇറ്റാലിയന്‍ ലീഗിലെ ഒരു സീരി സി കിരീടവും രണ്ട് സീരി ഡി കിരീടവും മാത്രമാണ് തന്റെ ഒദ്യോഗികജീവിതത്തില്‍ വെഞ്ചുറോയ്ക്ക് എടുത്ത് പറയാന്‍ ആകെയുള്ള നേട്ടം. 

ഒരു പ്രവിശ്യയുടെ പരിശീലകന്‍ എന്നതിലപ്പുറം എന്ത് ഗുണമാണ് അദ്ദേഹത്തെ ഒരു രാജ്യന്തര ടീമിന്റെ പരിശീലകനാക്കാന്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ ഫേഡറേഷന്‍ അദ്ദേഹത്തില്‍ കണ്ടത്. ഫെഡറേഷനകത്തെ  അധികാരപ്രയോഗത്തിന്റെ ഉദാഹരണം മാത്രമാണ് വെഞ്ചുറൊയുടെ നിയമനം. വെഞ്ചുറയെ നിയമിച്ച ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കാര്‍ലോ തവാച്ചിയോ തന്റെ രാഷ്ട്രീയനേട്ടങ്ങള്‍ക്ക് ഫുട്ബോളിനെ ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ്. ലാസിയോയുടെ കാമറൂണ്‍ താരമായ ജോസഫ് മിനാലെയെ വംശീയമായി അധിക്ഷേപ്പിച്ച ഒരു അധികാരിയാണയാള്‍. അത് മാത്രമല്ല, നിരവധി തവണ തന്റെ ഉള്ളിലെ വംശീയതയെ അയാള്‍ പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ട്.  2014ലെ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപില്‍ പുറത്താക്കപ്പെടേണ്ട വ്യക്തിയായിരുന്നു തവാച്ചിയോ. എന്നാല്‍ അയാള്‍ ഇറ്റാലിയന്‍ ഫുട്ബോളിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിയത് ആ രാജ്യത്തിന്റെ കായിക പാരമ്പര്യങ്ങളെ മുഴുവന്‍ റദ്ദ് ചെയ്യാനുള്‍ല നിയോഗവുമായായിരുന്നു എന്നുള്ളതാണ് ഏറ്റവും ദുഃഖകരം.

ഇറ്റാലിയന്‍ ഫുട്ബോള്‍ ഇനി അടിമുടി മാറേണ്ടതുണ്ട്. തവാച്ചിയോയുടെയും, വെഞ്ചുറൊയുടെയും ശേഷിപ്പുകള്‍ പോലുമില്ലാത്ത, രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മുക്തമായ ഒരു ഫുട്ബോളാണ് ഇറ്റലിക്കിനി ആവശ്യം. രാജ്യന്തര ടീമിന് മാത്രമല്ല ഈ അവസ്ഥ നേരിടേണ്ടി വന്നിട്ടുള്ളത്. ഇറ്റലിയിലെ എല്ലാ ലീഗുകളെയും ഇവരുടെ ഭരണം ക്ഷീണിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. മത്സരങ്ങളെ കാണികള്‍ അവഗണിക്കുന്നു. വംശീയമായ പ്രസ്താവനകളും പോസ്റ്ററുകളും ഗാലറിയിലുണ്ടാവുമ്പോള്‍ അതിനെതിരെ നടപടിയെടുക്കാന്‍ പോലും അധികാരികള്‍ തയ്യാറായില്ല. അതിന്റെ ഫലമായി ഒരു വിഭാഗം ആളുകള്‍ ഫാന്‍സ് സംസ്കാരത്തില്‍ നിന്ന് അകന്നു നിന്നു.

ഇപ്പോള്‍ തന്നെ ഇറ്റലിയിലെ മികച്ച അഞ്ച് ക്ലബുകളെടുത്ത് പരിശോധിക്കാം. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ 2-1നാണ് നപ്പോളി മാഞ്ചസ്റ്റര്‍ സിറ്റിയോട് പരാജയപ്പെട്ടത്. അന്ന് രാത്രി ഒരു ഇറ്റലിക്കാരന്‍ പോലും കളിക്കാത്ത നിരയുമായി എ എസ് റോമ 3-3 സമനിലയാണ് ചെല്‍സിക്കെതിരെ നേടിയത്. പരമ്പരാഗതമായി ഇറ്റാലിയന്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന യുവന്റന്‍സ് ബഫണ്‍, ബര്‍സാഗ്ലി,ചെല്ലിനി എന്നീ മൂന്ന് ഇറ്റലിക്കാരെ മാത്രം വച്ചാണ് ആ ആഴ്ച സ്പ്പൊര്‍ട്ടിങ്ങ് ലിസ്ബണെതിരെ കളിച്ചത്. സീരി എ യില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്റര്‍ മിലാനും ലാസിയോയും ശരാശരി രണ്ട് ഇറ്റലിക്കാരെ മാത്രമാണ് ആദ്യ ലൈനപ്പില്‍ ഉള്‍പ്പെടുത്തുന്നത്.

മേല്‍ സൂചിപ്പിച്ച പ്രകാരം വിലയിരുത്തുമ്പോള്‍ ഇറ്റലി ഇപ്പോള്‍ ഇംഗ്ലണ്ടിനെ പോലെയാണ്. മികച്ച കളിക്കാരെ വന്‍ പ്രതിഫലം നല്‍കി ലീഗില്‍ കളിപ്പിക്കുകയും, ദേശീയ ടീം മികച്ച പ്രകടനം പുലര്‍ത്താനാവതെ നില്‍ക്കുകയും ചെയ്യുന്നത് ഇംഗ്ലണ്ടില്‍ നാം കണ്ടതാണല്ലോ. എന്നാല്‍ ഇപ്പോള്‍ അവരെക്കാളും ശോചനീയമായ അവസ്ഥയിലാണ് ഇറ്റലി. അവരിപ്പോള്‍ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്നു. അവരുടെ അണ്ടര്‍ 17, അണ്ടർ 20 ടീമുകളാണ് ഈ വര്‍ഷം ലോകചാമ്പ്യന്മാരായത്. അതുകൊണ്ട് പ്രതീക്ഷകളുടെ അമരത്ത് തന്നെയാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ടീം.

1998 ലോകകപ്പില്‍ ഇറ്റലി യോഗ്യത നേടുമ്പോള്‍ ഫ്രാന്‍സിലേക്ക് അവരയച്ചത് റോബര്‍ട്ടോ ബാജിയോ, ഡെല്പിയറോ, ക്രിസ്റ്റ്യന്‍ വിയേരി, ഫിലിപ്പോ ഇന്‍സാഗി എന്നീ മുന്നേറ്റനിരക്കാരെ ആയിരുന്നു. അതിന് ശേഷം പിന്നീട് സോല, മാഞ്ചിനി, ടോട്ടി, സിഗ്നോറീ, മോണ്ടെല്ല എന്നിവര്‍ക്കപ്പുറം മികച്ചവരൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഒരു കോമ്പിനേഷന്‍ കളിക്കാര്‍ പോലും ആ രാജ്യത്തിനായി ഉയര്‍ന്നുവന്നില്ല. 

2010 മുതല്‍ ഒരു ഇറ്റാലിയന്‍ ടീമും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടില്ല. അതുപോലെ വിദേശികളായ പതിനൊന്ന് കളിക്കാരെ കളത്തിലിറക്കി യൂറോപ്പിലെ മേജര്‍ ടൂര്‍ണമെന്റ് കളിച്ച ക്ലബുകളാണ് ഇറ്റലിയന്‍ ഫുട്ബോളിനെ ഇപ്പോള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. 2006 ല്‍ ലോകകിരീടം നേടിയപ്പോള്‍ ഫിഫയുടെ ബാലന്‍ ഡിയോര്‍ പുരസ്കാരം കന്നവാരോ ഇറ്റലിയിലേക്ക് കൊണ്ടുവന്ന ശേഷം പിന്നീട് അത്തരമൊരു പുരസ്കാരം പോലും ഇറ്റലിയെ തേടി വന്നിട്ടില്ല.

ഇത്രയും പറഞ്ഞതൊന്നും യാദൃശ്ചികമായി സംഭവിച്ച കാര്യങ്ങളല്ല. കുത്തഴിഞ്ഞ ഭരണവും, മാനേജ്മെന്റുമാണ് ഇറ്റലി എന്ന മികച്ച ഒരു ടീമിനെ ഒരു ലോകകപ്പ് യോഗ്യത പോലും നേടാനാവാതെ ലോകത്തിന് മുന്നില്‍ തലകുനിപ്പിച്ച് നിര്‍ത്തിയത്. അവര്‍ക്കിനി പഴയ ഭൂതകാലത്തിലേക്ക് തിരിച്ചെത്തണമെങ്കില്‍ തവാച്ചിയോയെയും വെഞ്ചുറോയെയും പോലുള്ളവരെ പുറത്താക്കി, അടിത്തറ മുതല്‍ ആരംഭിച്ച് തുടങ്ങിയേ തീരൂ.


Powered by Blogger.