Header Ads

ഇന്ത്യ ഫ്യൂഡലാവുകയാണ്, ഡിജിറ്റല്‍ ആവുകയല്ല: ജിഗ്നേഷ് മേവാനി


രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച അടുത്ത മാസം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ജിഗ്നേഷ് മേവാനി കോൺഗ്രസിനൊപ്പം നില്‍ക്കുമെന്നുള്ള തരത്തില്‍ വായിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജിഗ്നേഷ് മേവാനി നേതൃത്വം നല്‍കുന്ന സാമൂഹ്യ മുന്നേറ്റം ഒരിക്കലും ഒരു രാഷ്ട്രീയസംവിധാനമായി മാറില്ല എന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടും അദ്ദേഹം എതിരാവുന്നത് എന്നും, തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നത് എന്നും ജിഗ്നേഷ് വിവരിക്കുന്നു.

എന്തുകൊണ്ടാണ് നരേന്ദ്ര മോദിക്ക് താങ്കള്‍ എതിരാവുന്നത്? 

അതില്‍ വ്യക്തിപരമായി ഒന്നും തന്നെയില്ല. നിങ്ങള്‍ക്കറിയാമോ രണ്ടര വര്‍ഷം മുമ്പ് എന്റെ അമ്മയുടെ മുമ്പിലൂടെ മുടിയില്‍ കുത്തിപ്പിടിച്ചാണ് പോലീസ് എന്നെ വലിച്ചിഴച്ച് കൊണ്ടുപോയത്.  ഞാന്‍ അന്ന് ചെയ്ത തെറ്റ് എന്റെ അമ്മയുടെ പേരില്‍ ബി പി എല്‍ കാര്‍ഡ് ആവശ്യപ്പെട്ടതായിരുന്നു.

ഏതെങ്കിലുമൊരു ദളിത് സംഘടനയെയോ, എന്‍ ജി ഓയെയോ അവരുടെ ഭരണഘടനാപരമായി ലഭ്യമായ അവകാശങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഒരു പാര്‍ട്ടി/സംഘടന സമ്മതിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ എന്ത് പറയും? ഭരണത്തിന് നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടി അത്തരം നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുമ്പോള്‍ ഏതൊരാളേയ്യും പോലെ ഞാന്‍ ദേഷ്യപ്പെടാതിരിക്കുന്നതെങ്ങനെയാണ്?

ഞാനൊരു ദളിതനായ യുവാവാണ്. ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിക്കും എന്ന തെരെഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയാണ് നരേന്ദ്ര മോദി അധികാരത്തില്‍ വന്നത്. എവിടെയാണ് ആ തൊഴിലുകള്‍? 

ഇന്ത്യയിലെയും ഗുജറാത്തിലെയും ജനങ്ങളെ അദ്ദേഹം വഞ്ചിച്ചു. ഈ നാട്ടിലെ ജനങ്ങളെ വെല്ലുവിളിച്ച് നടപ്പിലാക്കുന്ന സ്വേച്ഛാധിപത്യത്തെയും ധാര്‍ഷ്ട്യത്തെയുമാണ് ഞങ്ങള്‍ നേരിടുന്നത്.   ഗുജറാത്തിലെ ദളിതുകള്‍ രാഷ്ട്രീയമായി അവരുടെ മനസ്സുകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ബി ജെ പിയെ അട്ടിമറിക്കാനുള്ള സമയമായിരിക്കുന്നു. ഉനയില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് നല്‍കാന്‍ അവരുടെ കയ്യില്‍ അഞ്ച് ഏക്കര്‍ ഭൂമിയില്ല. പക്ഷേ, കോര്‍പ്പറേറ്റുകള്‍ക്ക് ആയിരക്കണക്കിന് ഏക്കര്‍ ഭൂമി നല്‍കാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല.

ഞങ്ങള്‍ എന്താണ് ചോദിക്കുന്നത്? സാമൂഹ്യനീതി മാത്രം. ഗുജറാത്തിലെ ആയിരത്തെണ്ണൂറ് ഗ്രാമങ്ങളില്‍ ആയിരത്തി ഇരുനൂറ് ഗ്രാമങ്ങളും ദളിത് ഗ്രാമങ്ങളാണ്. എന്തുകൊണ്ടാണ് അതിലെ ഒരു ഗ്രാമത്തില്‍ നിന്ന് പോലും തൊട്ടുകൂടായ്മ ഇല്ലാതാക്കാന്‍ ഈ സര്‍ക്കാരിന് സാധിക്കാത്തത്? അത് ഒരു രാത്രി കൊണ്ട് മാറ്റാനാവില്ല എന്ന് എനിക്കറിയാം. എന്നാല്‍, ഗവണ്മെന്റിന് അത് നടപ്പിലാക്കണമെന്ന ഒരു ലക്ഷ്യമെങ്കിലും ഉണ്ടാവണം.

ഇന്ത്യയ്ക്കകത്തും പുറത്തും പേരുകേട്ട മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദി. ഗുജറാത്തിലെ ദളിതര്‍ക്ക് ഒന്നും ലഭിച്ചില്ല എന്ന ഈ ചര്‍ച്ച എന്തുകൊണ്ടാണിപ്പോള്‍ ഉയര്‍ന്നു വരുന്നത്?

2002ലാണ് വികസന ബലൂണ്‍ ഗുജറാത്തില്‍ ആദ്യമായി പറന്നുയരുന്നത്. പിന്നീട് 2007ലും, അതിന് ശേഷം 2012ലും ഈ ബലൂണിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഗുജറാത്തിലൊട്ടാകെ നടന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല എന്ന കാര്യം ഇപ്പോള്‍ തിരിച്ചറിയുന്നു. ഞങ്ങളുടെ ജീവിതം അന്നും ഇന്നും ഇതുപോലെ തന്നെയാണ്. ഒന്നും മാറ്റിമറിക്കപ്പെട്ടിട്ടില്ല. ഈ തിരിച്ചറിവ് ദലിതര്‍ക്ക് പുറമേ പട്ടേലുകള്‍ക്കും ഒ.ബി.സിക്കാര്‍ക്കുമെല്ലാം ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഏജന്റുകളെന്ന് വിളിച്ച് ബി ജെ പി ഞങ്ങളെ പുറന്തള്ളിക്കഴിഞ്ഞു. ശരിയാണ്. ജിഗ്നേഷും, അല്പേഷ് താക്കൂറും, ഹര്‍ദ്ദിക് പട്ടേലുമെല്ലാം തെറ്റാണ്. എന്നാല്‍ ബി ജെ പിക്കെതിരെ തെരുവുകളില്‍ പൊരുതിക്കൊണ്ടിരിക്കുന്ന ആ ആയിരക്കണക്കിന് വരുന്ന ജനങ്ങളോ? അവരെല്ലാവരും തെറ്റാണോ? ഞങ്ങള്‍ക്ക് ജീവിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങളുടെ പ്രധാനശത്രു വധിക്കപ്പെടണം. ആശാ വര്‍ക്കര്‍മാര്‍ക്കും, അംഗനവാടി തൊഴിലാളികള്‍ക്കും ഈ സംസ്ഥാനത്ത് മിനിമം വേതനം പോലും ലഭിക്കുന്നില്ല. അറുപതിനായിരം കോടി എഫ് ഡി ഐ അവകാശപ്പെടുന്ന സംസ്ഥാനമാണ് ഇതെന്ന് ഓര്‍ക്കണം. ഗുജറാത്ത് സജീവമാണെങ്കില്‍ (vibrant), ഒന്നാമതാണെങ്കില്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലായിരം രൂപയ്ക്ക് പകരം നാല്പതിനായിരം രൂപ നല്‍കട്ടെ.

ഹര്‍ദീക് പട്ടേലിന്റെയും, അല്പേഷ് താക്കൂറീന്റെയും താങ്കളുടെയും പ്രസ്ഥാനങ്ങള്‍ തികച്ചും പരസ്പരവിരുദ്ധവും, വിഘടിച്ച് നില്‍ക്കുന്നവയുമാണ്. നിങ്ങള്‍ക്കെങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും? 

ഞങ്ങളുടെയെല്ലാം പ്രധാനശത്രു ബി.ജെ.പിയാണ്. ഞങ്ങള്‍ സമ്മതിക്കുന്നു, ഒബിസിയും, പട്ടേലുകളും ദളിതരും പരസ്പരവിരുദ്ധമാണ്. എന്നാല്‍ ഞങ്ങള്‍ക്ക് പൊതുശത്രുവായ ബി.ജെ.പിയെ നേരിടണം. ഗുജറാത്ത് മോഡലിന്റെയും, 'സബ്കാ സാത്ത് സബ്കാ വികാസി'ന്റെയുമെല്ലാം ഇരകള്‍ ഞങ്ങളാണ്. അവര്‍  ഞങ്ങളുമായി സംസാരിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. ബിജെപിക്കാര്‍ ഓരോ മരങ്ങള്‍ പിടിച്ച് കുലുക്കുന്നു. അതില്‍ നിന്ന് വീഴുന്ന ഇലകളെല്ലാം (അവയെ ഹേമമാലിനി, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എന്നെല്ലാം വിളിക്കാം) അടിച്ചുകൂട്ടി അതിലൂടെയുണ്ടാവുന്ന ചര്‍ച്ചകളിലൂടെ പെട്ടെന്നുള്ള പ്രശസ്തിക്ക് വേണ്ടി നടക്കുകയാണ്.

ഗുജറാത്തിലെ ഒരു ലക്ഷത്തോളം വരുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് മിനിമം വേതനം പോലും ലഭിക്കുന്നില്ല. രാജ്യസ്നേഹത്തെ കുറിച്ച് സംസാരിക്കാനും, രാജ്യസ്നേഹികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുമാണ് ബി ജെ പിക്ക് താത്പര്യം. ഗുജറത്തിയാ കിഷോര്‍ ഡൊല്‍മി എന്ന സൈനികന്‍ അതിര്‍ത്തിയില്‍ മരിച്ചിരുന്നു. മുഖ്യമന്ത്രി വിജയ് റുപാനി നാല് ലക്ഷം രൂപ ആ കുടുംബത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാല്‍ ഇതുവരെ ഒരു പൈസ പോലും ആ കുടുംബത്തിന് ലഭിച്ചിട്ടില്ല. അവര്‍ക്ക് കോര്‍പ്പറേറ്റുകള്‍ക്ക് മുപ്പതിനായിരം കോടി രൂപ സബ്സിഡി നല്‍കാം. പക്ഷേ മരിച്ച സൈനികന് നല്‍കാനാവില്ല. എന്നിട്ടാണ് അവര്‍ അവരെ സ്വയം രാജ്യസ്നേഹികള്‍ എന്ന് വിശേഷിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് മുഖ്യമന്ത്രി വിജയ് റുപാനിയെ നിങ്ങളിത്രമാത്രം വിമര്‍ശിക്കുന്നത്? 

മുഖ്യമന്ത്രി ഞങ്ങളോട് പറഞ്ഞ യുക്തിയെ കുറിച്ച് നിങ്ങള്‍ കേട്ടിരുന്നോ? 'രാംജി കാ ബാണ്‍' (രാമന്റെ അസ്ത്രം) ഐ.എസ്.ആര്‍.ഓയുടെ അസ്ത്രത്തേക്കാള്‍ ശക്തമാണത്രെ. റൈറ്റ് സഹോദരന്മാരുടെ കണ്ടെത്തലുകളെ അദ്ദേഹം ഉപമിക്കുന്നത് പുഷ്പക വിമാനത്തോടാണ്. ഇങ്ങനെയാണ് ഇന്ത്യ ഡിജിറ്റലാവുന്നത്? അല്ല. ഇങ്ങനെയാണ് ഇന്ത്യ ഫ്യൂഡലാവുന്നത്. ഇരുപത്തിരണ്ടാം നൂറ്റാണ്ടിലേക്ക് കുതിക്കുന്നതിന് പകരം നമ്മളെ ഇവര്‍ പതിനേഴാം നൂറ്റാണ്ടിലേക്കാണ് കൊണ്ടുപോവുന്നത്.

എന്തുകൊണ്ട് നിങ്ങൾ തിരഞ്ഞെടുപ്പിനെ നേരിടുന്നില്ല?

എന്തിനാണ് ഞങ്ങള്‍ ഒരു സാമൂഹ്യ പ്രസ്ഥാനത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുരുക്കുന്നത്. തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള വിരോധം കൊണ്ടല്ല അങ്ങനെ പറയുന്നത്. ഇന്ന് ഞങ്ങള്‍ തെരുവിലാണ്, നാളെ ഒരുപക്ഷേ ഞങ്ങള്‍ പാര്‍ലിമെന്റിലെത്തിയേക്കാം. എന്നാല്‍ ആ ഒരു ലക്ഷ്യത്തിനായി മാത്രമല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യ മുന്‍പത്തേതിനേക്കാള്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? 

ഗോമാതാവിന്റെ പേരിലോ, ലവ് ജിഹാദിന്റെ പേരിലോ, ഘര്‍ വാപ്സിയുടെ പേരിലോ ആര്‍ക്കും ആരെയും കൊല്ലാനുള്ള അവകാശമില്ല. ബി.ജെ.പി ലവ് ജിഹാദ് എന്ന് പറയുകയാണെങ്കില്‍ ഞങ്ങള്‍ പ്യാര്‍ ഇഷ്ക് മുഹബ്ബത് സിന്ദാബാദ് എന്ന് പറയും. ഞങ്ങള്‍ അംബേദ്കര്‍ ജയന്തിയും വാലന്റൈന്‍സ് ഡേയും ഒരു പോലെ തന്നെ ആഘോഷിക്കും.

കടപ്പാട്: ന്യൂസ് 18
Powered by Blogger.