Header Ads

പ്രണയം ദുശ്ശീലമാക്കിയ ഒരു കാമുകന്റെ കവിതകള്‍സന്തോഷ് പല്ലശ്ശന


ആകാശത്ത് ഒരു മഴവില്ലു വിരിയുമ്പോള്‍, നിലാവിന്‍റെ ചന്ദനനദി ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഒഴുകിപ്പരക്കുമ്പോള്‍, മുറ്റത്തെ പാരിജാതച്ചില്ലയില്‍ ഒരു പൂവിരിയുമ്പോള്‍ ലോകത്ത് എവിടെയൊക്കെയൊ ഒരു ആണും പെണ്ണും പ്രണയിക്കുന്നുണ്ട്. അവര്‍ പ്രണയിക്കുന്നതുകൊണ്ടാണ്.... പ്രണയിച്ചു കൊണ്ടേയിരിക്കുന്നതു കൊണ്ടാണ് ഇവിടെ ഇപ്പോഴും മഴവില്ലു വിരിയുന്നത്, നിലാവുദിക്കുന്നത്, വസന്തത്തിന്‍റെ നറുംപാല്‍മണ മൊഴുകുന്നത് എന്നൊക്കെ ഇന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടാവുമോ? ആദി കവികള്‍ പ്രണയമെഴുതിയത് ഭാഷയുടേയും ഭാവനയുടേയും ആകാശത്തേരില്‍ ഇരുന്നു കൊണ്ടായിരുന്നു. അന്ന് പ്രണയം മണ്ണിലല്ല  വിണ്ണില്‍ - ശരീരം കൊണ്ടല്ല ഭാവന കൊണ്ട് - ഫാന്‍റസിയല്ല  ഫാല്ലസി കൊമ്പനാന പോല്‍ കാണാനഴകുമായി താഴ് വരയെ തഴുകി വന്നെത്തിടും കാര്‍മുകിലിനെ കണ്ടിതാ കാമുകന്‍ എന്ന് വിരഹിയായ യക്ഷനെ കാളിദാസന്‍ വരയ്ക്കുന്നതോര്‍ക്കുക. കാമുക ഭാവന എത്രമേല്‍ ഉന്മാദാവസ്ഥയിലായിരുന്നു....! മേഘങ്ങളില്‍ സന്ദേശമെഴുതി അയക്കുക! - അസാധ്യം!!. പ്രവാസിയായ കാമുകന്‍ ജന്മാന്തരങ്ങളിലൂടെ ദേശദേശാന്തരങ്ങളിലൂടെ പ്രണയിനിയേത്തേടി നടക്കുക!  ഗംഭീരം!! സാധാരണക്കാരന് അപ്രാപ്യമായതായിരുന്നു കവിതകളിലെ പ്രണയം? ആദി കവികള്‍ എഴുതിയത് മണ്ണിലെ മനുഷ്യന്‍റെ പ്രണയത്തെക്കുറിച്ചല്ല വിണ്ണിലെ ദൈവങ്ങളുടെ പ്രണയത്തെക്കുറിച്ചാണ്. പക്ഷെ പ്രണയത്തിന്‍റെ ആഴവും പരപ്പും, അത് സൃഷ്ടിച്ച് ഭാഷയും ഭാവനയും അന്നത്തെ കവിതകളുടെ ഊടും പാവും നെയ്തു.

മേല്‍പ്പറഞ്ഞ പോലെ ഇന്ന് പ്രണയത്തിന്‍റെ, വിരഹത്തിന്‍റെ, കാവ്യഭാവനയുടെ ഉന്മത്തസ്ഥായിയില്‍ ഏതെങ്കിലും കാമുകന്‍ മേഘസന്ദേശമെഴുതുമൊ - അല്ലെങ്കില്‍ വേണ്ട, എഴുത്തില്‍ മാത്രം സാധ്യമായ ഒരു പ്രണയാനുഭൂതി ഇന്നു സാധ്യമാണോ. പ്രണയിച്ചവളെ കിട്ടിയില്ലെങ്കില്‍ കിട്ടിയവളെ കെട്ടുന്ന പുതുകാലത്തില്‍! കാമുകിയെ നയത്തില്‍ ഒഴിവാക്കി പിന്നെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി മറ്റൊരു പെണ്ണിനെ കെട്ടുന്നു. അനന്തരം ദാമ്പത്യജീവിതത്തില്‍ വിരക്തിപ്രാപിച്ച് വീണ്ടും പൂര്‍വ്വ കാമുകിയെ ഓര്‍ത്ത് മനസ്സു കൊണ്ട് ഉഭയജീവിതം നടത്തുന്ന കാമുകന്മാര്‍ പ്രണയമെഴുതുമ്പോള്‍ എഴുത്തുകളില്‍ നര്‍മ്മം പടരും. ജീവിതത്തില്‍ ആസക്തിയും, അസൂയയും, പകയും കൊണ്ട് പ്രണയങ്ങള്‍ വലിയൊരു സംഘര്‍ഷത്തെ അഭിമുഖീകരിക്കുന്നു. കേട്ടാല്‍ രക്തം മരവിച്ചു പോകുന്ന തരത്തിലുള്ള കൊലപാതകങ്ങളിലേക്കുവരെ എത്തി നില്‍ക്കുന്നു. നിന്നെ എനിക്കു ലഭിച്ചില്ലെങ്കില്‍ നീ മറ്റൊരാളുടേതാകുന്നത് എനിക്കും സഹിക്കാനാ വുന്നില്ല. 'നി.കൊ.ഞാന്‍.ചാ.' (നിന്നെയും കൊന്ന് ഞാനും ചാകും) എന്ന് പ്രണയദിന രക്തപങ്കിലമാകുന്നു.

ഉത്തരാധുനിക കവികള്‍ അവരുടെ ഹൃദയത്തില്‍ വന്നുപെട്ട, അപകര്‍ഷ ബോധത്തില്‍ പെട്ട് ഞെരിയുന്ന പ്രണയത്തെക്കുറിച്ച് എഴുതുകയാണ്. അവരുടെ പ്രണയം ഇവരുടെ എഴുത്തിന്‍റെ ഉപ്പായി മാറുന്നു. എന്തിലും ലയിക്കുന്നു! അതി തീക്ഷ്ണമായ ജീവിതശൈത്യത്തിലെ നെരിപ്പോടുപോലെ പ്രണയത്തെ അവതരിപ്പിച്ചിക്കുന്നു. ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍റെ ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരമായ ഒരു പൂവ് ഞാന്‍ മരിച്ചു കഴിഞ്ഞാലും തന്‍റെ ശവപ്പെട്ടിക്കു മുകളില്‍, ഹൃദയത്തിന്‍റെ സ്ഥാനത്ത്, ഒരു പൂവ് വയ്ക്കണമെന്ന് അയ്യപ്പന്‍ പറയുമ്പോള്‍ പ്രണയം ചോര തുപ്പി വിലപിക്കുന്ന തുടുത്ത ഹൃദയമാവുകയാണ്. "പ്രണയം" എന്നെഴുതുമ്പോഴേക്കും മുറിവേറ്റ ഓര്‍മ്മകളില്‍ പല കവികളും നിന്നു കിതയ്ക്കുകയാണ്.
'ചൂടാതെ പോയ് നീ, നിനക്കായി ഞാന്‍
ചോര ചാറി ചുവപ്പിച്ചൊരെന്‍ പനിനീര്‍ പൂവുകള്‍' - എന്ന് ബാലചന്ദ്രന്‍.
'നിന്‍ കണ്ണില്‍ നിറയുന്നു നിബിഢാന്ധകാരം,
നിന്‍ ചുണ്ടിലുറയുന്നു ഘന ശൈത്യഭാരം,
നിന്നില്‍ പിറക്കുന്നു രാത്രികള്‍, പകലുകള്‍
നിന്നില്‍ മരിക്കുന്നു സന്ധ്യേ' - എന്ന് അയ്യപ്പപ്പണിക്കര്‍.
'കരളു പങ്കിടാന്‍ വയ്യെന്റെ പ്രണയമേ...
പകുതിയും കൊണ്ടുപോയ് ലഹരിയുടെ പക്ഷികള്‍' - എന്ന് വീണ്ടും വിലപിക്കുന്ന എ.അയ്യപ്പന്‍.

സോഷ്യല്‍ മീഡിയകള്‍ സജീവമാകുന്നതിനും മുന്നെ 'പ്രണയ മീഡിയ'ങ്ങളില്‍, കവിഹൃദയങ്ങള്‍ തലതല്ലിക്കരഞ്ഞ ദുരിതകാലങ്ങള്‍ക്കും മുന്നെ എഴുതപ്പെട്ട ചില കവിതകളാണ് മേല്‍പ്പറഞ്ഞത്. പിന്നീടും പ്രണയത്തിന്‍റെ ലേബലില്‍ കവിതകള്‍ വന്നുകൊണ്ടിരുന്നു, സോഷ്യല്‍ മീഡിയകളിലായിരുന്നു അതൊക്കെ എന്നുമാത്രം.

പെരുച്ചാഴിയെ കൊല്ലാന്‍ വീടിനു ചുറ്റും ഒതുക്കുകളില്‍ മരുന്നുവെയ്ക്കുന്നതു പോലെ സമൂഹത്തില്‍ അവശേഷിക്കുന്ന ഇത്തിരി പ്രണയത്തെ കൊല്ലാനായി പാഷാണം പോലെ ചില നേരംകൊല്ലിക്കവിതകള്‍ 'പ്രണയകവിതകള്‍' എന്ന ലേബലില്‍ എഴുതിത്തുടങ്ങി. ഫേസ്ബുക്കില്‍ സൈബര്‍ കുമാരന്മാരും കുമാരികളും ഒറ്റയ്ക്കിരുന്ന് തലയിലെ പ്രണയമെന്ന പേനിനെ ചോറിഞ്ഞു കൊണ്ടിരിക്കുമ്പോഴും സച്ചിദാനന്ദനും വീരാന്‍ കുട്ടിയും മോഹനകൃ ഷ്ണന്‍ കാലടിയുമൊക്കെ പ്രണയത്തിന്‍റെ പുതിയൊരു ഭാവുകത്വത്തെ സൃഷ്ടിക്കാനുള്ള തങ്ങളുടെ യത്നം തുടര്‍ന്നു കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അങ്ങിനെയൊരു കാലത്താണ് സോഷ്യല്‍ മീഡിയയില്‍ ഒരു ചെറിയ ചില പ്രണയകവിതകളിലൂടെ ഒരു യുവാവ് ശ്രദ്ധേയനാകുന്നത്. തന്‍റെ കവിതയുടെ അലകും പിടിയും പ്രണയം കൊണ്ടുള്ളതാണെന്ന് ഉറച്ചു വിശ്വസിക്കുന്നഒരു യുവാവ് - മനോജ് മേനോന്‍. പ്രണയമില്ലാതെ ഒരു വാക്കും വാക്കാകില്ലെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നതു പോലെ തോന്നും അദ്ദേഹത്തിന്‍റെ കാവ്യസപര്യയിലൂടെ സഞ്ചരിക്കുമ്പോള്‍. അദ്ദേഹത്തിന്‍റെ 'ശീര്‍ഷകമില്ലാതെ പോയ പ്രണയങ്ങള്‍' എന്ന കവിതാ സമാഹാരത്തില്‍ അദ്ദേഹം ആവിഷ്ക്കരിക്കുന്നത് ഏറ്റവും പുതിയ ഒരു യുവാവിന്‍റെ പ്രണയജീവിതമാണ്. താന്‍ പ്രണയിക്കുമ്പോള്‍  'ഉന്മൂലനം ചെയ്യപ്പെട്ട എല്ലാ ഭാഷകളും അതിന്‍റെ ആദിമലിപികളോടൊപ്പം പുനര്‍ജ്ജനിക്കുന്നു' എന്ന് മനോജ് പറയുന്നു. ഈ കവിയുടെ പ്രണയം പൂവരശും പൂക്കൈതയും മുക്കൂറ്റിയും ഇടതൂര്‍ന്നു വളര്‍ന്ന ഒരു തൊടിയാണ്. മരുഭൂമിയിലൂടെ തന്‍റെ പ്രണയിനിയെ അന്വേഷിച്ചു നടക്കുകയാണ് കവി. മനസ്സില്‍ ചെന്തെങ്ങുകളും, മണപ്പാട്ടെ കുളവും, കുറുന്തോട്ടിയും കീഴാര്‍നെല്ലിയും തുമ്പയും മുക്കൂറ്റിയും, കാഞ്ഞിരമുക്കിലെ സ്കൂളുമൊക്കെ അദ്ദേഹം എവിടെ പോകുമ്പോഴും അദ്ദേഹത്തോടൊപ്പം പോകുന്നു.

മനോജിന് പ്രണയമെന്നാല്‍ കറുപ്പിനും കഞ്ചാവിനും അപ്പുറത്തെ ലഹരിയാണ്. പ്രണയത്തെക്കുറിച്ച് ഒരിടത്ത് 'നിന്നിലും മുന്തിയ മയക്കുമരുന്ന് ഏത് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലഭ്യമാകും' എന്ന് ചോദിക്കുന്നു. കാമുകി ഒരു ദുശ്ശീലമാണ്.
വലിക്കാറോ കുടിക്കാറോ ഇല്ലാത്ത തനിക്ക്
ആകെക്കൂടിയുള്ളഒരു ദുശ്ശീലം നീ മാത്രമാണ്.
അതാണെങ്കില്‍ മാറുന്നുമില്ല ('ദുശ്ശീലം').
പക്ഷെ
'ഇരുട്ടാണ്...
ലോകത്തിന്‍റെ ഏത് കോണില്‍ ജീവിച്ചാലും
അതുകൊണ്ടാണ്, ഒരു വാതില്‍ നിന്നിലേക്ക്
എപ്പോഴും തുറന്നിടുന്നത്' എന്നും കവി പറയുന്നുണ്ട്. തന്‍റെ ഭാഷ സ്പര്‍ശം, മണം, സ്വപ്നങ്ങള്‍, ഹൃദയമിടിപ്പുകള്‍, പ്രണയനൈരാശ്യങ്ങള്‍, പുതുകാലത്തെ പ്രണയത്തിന്‍റെ സഹജമായ ദ്വേഷങ്ങള്‍ക്കൊപ്പം സമഗ്രമായി അദ്ദേഹം കവിതകളില്‍ നിറച്ചുവയ്ക്കുന്നു.

എ.അയ്യ പ്പനും, ബാലചന്ദ്രനും എഴുതുമ്പോള്‍ ഒരുപക്ഷെ പ്രണയത്തിന് ചാവുകടല്‍ വെള്ളത്തിന്‍റെ ഗാഢത അനുഭവപ്പെടുന്നുണ്ട്. മനോജിന്‍റെ കവിതയില്‍ അദ്ദേഹം ചെയ്യുന്നത് അദ്ദേഹത്തിന്‍റെ ഹൃദയത്തിലെ പ്രണയത്തെ കണ്ടെത്തുകയാണ്. തന്‍റെ സ്പര്‍ശം, ഭാഷ, ശീലങ്ങള്‍.... എല്ലാത്തിലും പ്രണയത്തെ തേടുകയും അനുഭവിക്കുകയും ചെയ്യുകയാണ്. അതിനപ്പുറത്തേക്കുള്ള ജീവിത സമസ്യകള്‍ അദ്ദേഹത്തിന്‍റെ വഴിയല്ല. ഒരുപക്ഷെ അതുകൊണ്ടാവും എ.അയ്യപ്പന്‍റെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെയും കവിതകളുടെ അമ്ലതീക്ഷ്ണത ഈ കവിതകളില്‍ അനുഭവപ്പെടാത്തത്. പക്ഷെ 'ഞാനും നീയും പ്രണയിക്കുമ്പോള്‍ ഒരു ഭാഷ പുനര്‍ജ്ജനിക്കുന്നു' എന്ന തിരിച്ചറിവാണ് മനോജ് മേനോന്‍റെ കവിതകളുടെ ആധാരം. വാനിറ്റി ബാഗില്‍ ഗര്‍ഭനിരോധന ഉറകളുമായി പ്രണയം ഊരു ചുറ്റുന്നതിനെക്കുറിച്ചുള്ള എഴുത്തുകള്‍ വായിച്ച് പ്രണയകവികള്‍ ഞെട്ടിത്തരിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ മനോജിന്‍റെ ഓരോ വാക്കും പ്രണയധീരതയാണ്. സത്യസന്ധമായി തന്‍റെ ഹൃദയത്തില്‍ കൊണ്ടു നടക്കുന്ന പ്രണയം പറയുക എന്നത് ഇന്നത്തെക്കാലത്ത് വെല്ലുവിളി തന്നെയാണ്. മനോജ് മേനോന്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നു- വളരെ വിജയകരമായിത്തന്നെ!! ഒരേസമയം ഒന്നിനെ അകറ്റുകയും മറ്റൊന്നിനെ ചേര്‍ത്തു പിടിക്കുകയും ചെയ്യുന്ന ഉപഭോഗ സംസ്കാരത്തിലെ പ്രണയത്തെക്കുറിച്ച് പരാതി പറയുമ്പോള്‍ പോലും മനോജിന്‍റെ കവിതകളില്‍ നര്‍മ്മം വേദനയുടെ മേമ്പൊടിയുമായി വന്നു നില്‍ക്കുന്നു.
'ഇനിയൊരിക്കലും അവളെ സ്വന്തമാക്കാന്‍ കഴിയില്ലെന്ന്
അറിഞ്ഞുകൊണ്ടുതന്നെ പ്രണയിക്കുക!
പ്രണയിച്ച് പ്രണയിച്ച്, വേദനിച്ച്... വേദനിച്ച്...
മരിക്കാതെ മരിച്ചുകൊണ്ടിരിക്കുക' (പ്രണയം അനശ്വരമാകുന്നത് എങ്ങനെ?)

മനോജിന്‍റെ കവിതകള്‍ വായിച്ചു തീരുമ്പോള്‍ എനിക്ക് മനസ്സിലാകുന്നത്, മനോജിന് 'പ്രണയം' എന്നൊരു ദുശ്ശീലമുണ്ട്. അത് മനോജിനെക്കൊണ്ട് ഇങ്ങിനെ നിരന്തരം കവിതകള്‍ എഴുതിക്കുകയാണ്. പ്രണയം മാത്രമല്ല മനോജിന്‍റെ ദുശ്ശീലങ്ങള്‍. പുതുകവിതയുടെ ലളിതമായ അംഗവടിവും ഭാഷാ സുഗന്ധവും മനോജിന്‍റെ ഇഷ്ടങ്ങളില്‍ ഒന്നാണ് എന്നു തോന്നുന്നു. ഈ ദുശ്ശീലങ്ങള്‍ വെടിഞ്ഞാല്‍ മനോജിന് പിന്നെ തന്‍റെ അസ്ഥിത്വം തന്നെ നഷ്ടപ്പെടും.

'പ്രണയം അനശ്വരമാകുന്നത് എങ്ങിനെ?' എന്ന ഒറ്റക്കവിത മതി മനോജ് മേനോന്‍ എന്ന കവിയുടെ കൈയ്യൊതുക്കം അടുത്തറിയാന്‍. ഏറ്റവും മികച്ച തന്‍റെ സമകാലികരുടെ കവിതകളുമായി നിരന്തര സഹവാസത്തിലൂടെ അദ്ദേഹം കാലികമായ കാവ്യഭാവുകത്ത്വത്തെ ഉള്‍ക്കൊള്ളുകയും അതിനെ ഹൃദയത്തില്‍ ആവാഹിച്ചിരുത്തുകയും ചെയ്തിട്ടുണ്ട്. ക്ലിഷ്ടത, ഭാഷയുടെ നവസൗന്ദര്യം, ഇതാണ് ഈ കവിതകളുമായി അനുവാചകനെ അടുപ്പിക്കുന്നതിലെ മുഖ്യഘടകം. പിന്‍കുറിപ്പില്‍ കവി വീരാന്‍ കുട്ടി പറയുന്നതു പോലെ 'മേതില്‍ ഭാഷയുടെ ദുര്‍ബലാനുകരണങ്ങള്‍ പുതുകവിത എന്ന മട്ടില്‍ പെരുകുന്ന ഇക്കാലത്ത്' മനോജിന്‍റെ ലളിത കവിതകള്‍ വല്ലാത്തൊരു ആശ്വാസം പകരുന്നു. കവിതയുമായി ഒരു തരത്തിലും സഹവസിച്ചിട്ടില്ലാത്ത ഒരാള്‍ക്കു പോലും, എന്നാല്‍ പ്രണയം മനസ്സില്‍ കൊണ്ടു നടക്കുന്ന ഏതൊരു അനുവാചകനിലേക്കും വളരെ പെട്ടെന്ന് കടന്നു ചെല്ലുന്ന കവിതകള്‍. അതാണ് ഈ കവിതാ സമാഹാരത്തിന്‍റെ ഏറ്റവും വലിയ നന്മ.

സന്തോഷ് പല്ലശ്ശന

പാലക്കാട് പല്ലശ്ശന സ്വദേശി. ഇപ്പോള്‍ മുംബൈയില്‍ സ്ഥിരതാമസം. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.
Powered by Blogger.