Header Ads

രാജ്യത്തിനല്ല പ്രാധാന്യം, മോദിയുടെ വ്യക്തിപ്രഭാവത്തിനാണ്: ദി എക്കണോമിസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ


മോദിയെയും ബിജെപിയെയും വിമര്‍ശിച്ചുകൊണ്ട് ദി എക്കണോമിസ്റ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള പരിഭാഷ


ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രീയാവസ്ഥയിലുള്ള മാറ്റം ശ്രദ്ധേയമാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് ചുറ്റും അജയ്യതയുടെ പ്രഭാവലയമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം നേതൃത്വം നല്‍കുന്ന സര്‍ക്കാറിന് അതിന്റെ കാലാവധി പകുതിമാത്രം പിന്നിടുമ്പോഴേക്കും മുമ്പത്തെ സര്‍ക്കാരിനേക്കാള്‍ വളരെ മികച്ച പ്രതിച്ഛായ  ഉണ്ടാക്കിയെടുക്കാനായിട്ടുണ്ടായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയിലെ ഉയര്‍ന്ന ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശീലെ തെരെഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ 1970നു ശേഷം  തിളങ്ങുന്ന വിജയം നേടാനും ഭാരതീയ ജനതാപാര്‍ട്ടിക്ക് സാധിച്ചു. അതിന് ശേഷം ഈ ജൂലയില്‍ തന്റെ പൂര്‍വ്വികര്‍ പതിറ്റാണ്ടുകളായി തുടര്‍ന്ന് പോന്നിരുന്ന രീതികളില്‍ അദ്ദേഹം പരിഷ്കാരങ്ങള്‍ നടപ്പിലാക്കി: ഗുഡ്സ് ആന്റ് സര്‍വ്വീസ് ടാക്സ് അതിലെ പ്രധാനപ്പെട്ടതാണെന്ന് അവര്‍ വിശേഷിപ്പിക്കുന്നുമുണ്ട്. അതേ മാസം തന്നെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയെ സ്വന്തം പാളയത്തിലെത്തിച്ച് ഒരു സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കാനും അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തയ്യാറാവുകയും ചെയ്തു..

2019ല്‍ നടക്കാനിരിക്കുന്ന ദേശീയ തെരെഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ബിജെപിക്ക് ഇതിലേറെ ചെയ്യേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, ബി ജെ പി തന്നെ ആ ഇലക്ഷനില്‍ ജയിച്ചേക്കാം. എന്നാല്‍ മോദി എന്ന പ്രഭാവത്തിന്റെ തിളക്കം നഷ്ടപ്പെടുന്ന കാഴ്ചയാണ് നാം ആ തെരെഞ്ഞെടുപ്പില്‍ കാണാന്‍ പോവുന്നത്. അതിന് ആരെയും കുറ്റപ്പെടുത്തേണ്ടതില്ല, കാരണക്കാരന്‍ അദ്ദേഹം തന്നെയാണ്. എല്ലാ സര്‍ക്കാരുകള്‍ക്കും നേട്ടങ്ങളും കോട്ടങ്ങളും ഉയര്‍ച്ചകളും താഴ്ചകളുമെല്ലാം കാണും.  മോദിക്ക് ഈ അടുത്ത കാലത്തുണ്ടായ തിരിച്ചടികളെല്ലാം ദീര്‍ഘദൃഷ്ടിയില്ലാതെ അദ്ദേഹം നടപ്പാക്കിയ പദ്ധതികള്‍ കൊണ്ടുണ്ടായവ മാത്രമാണ്.

ഇന്ത്യയുടെ സമ്പദ്ഘടനയില്‍ നിന്ന് തന്നെ ആരംഭിക്കാം.

വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞിരിക്കുന്നു. വര്‍ഷത്തിലെ ആദ്യപാദത്തിലെ നിരക്കായ 9.1%ല്‍ നിന്ന് രണ്ടാം പാദത്തില്‍ ആ നിരക്ക്  5.7% ആയി താഴേക്ക് പോയിരിക്കുന്നു. മാര്‍ക്കറ്റില്‍ നിന്നിരുന്ന 86% കറന്‍സി നോട്ടുകളും പൊടുന്നനെ പിന്‍വലിച്ച ഡീമോണിറ്റൈസേഷന്‍ എന്ന അദ്ദേഹം നടപ്പിലാക്കിയ നയത്തിന്റെ ഭാഗമായാണ് ഇത് സംഭവിച്ചിരിക്കുന്നത്. 

നികുതിവെട്ടിപ്പുകാര്‍ക്കും, കള്ളപ്പണക്കാര്‍ക്കുമെതിരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നാണ് മോദി ഈ നടപടിയെ വിശേഷിപ്പിച്ചത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അത് വ്യക്തമായ ഒരു പ്രയോജനങ്ങളുമില്ലാതെ രാജ്യത്തിന് വലിയ പ്രതിബന്ധങ്ങളും ബുദ്ധിമുട്ടുകളുമാണ് സൃഷ്ടിച്ചത്.

നിയതമായ ഒരു ഘടന ഇനിയും കൈവരിച്ചിട്ടില്ലാത്ത ജി.എസ്.ടിയുടെ നടപ്പാക്കല്‍ ഇപ്പോള്‍ കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ ഓര്‍മ്മിപ്പിക്കും വിധം അര്‍ദ്ധരാത്രിയില്‍ പാര്‍ലിമെന്റ് സമ്മേളനം വിളിച്ചുകൂട്ടിയാണ് നരേന്ദ്രമോദി ജി.എസ്.ടി പ്രഖ്യാപിച്ചത്. അപൂര്‍വ്വമായ ഒരു നടപടിയായിരുന്നു അത്. രാജ്യം കണ്ടതിലെ ഏറ്റവും ലളിതവും മികച്ചതുമായ നികുതിയായി മോദിയും ബി.ജെ.പിയും ജി.എസ്.ടിയെ വാഴ്ത്തി. എന്നാല്‍ അത് എങ്ങനെ നടപ്പിലാക്കണം എന്നതിനെ സംബന്ധിച്ചുള്ള തന്റെ ഉപദേശകരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പോലും മോദി ചെവി കൊടുത്തില്ല. പല നിരക്കുകളും വര്‍ദ്ധിച്ചു. ചെറുകിട കച്ചവടങ്ങളെ കുഴിച്ചുമൂടാന്‍ പര്യാപ്തമായിരുന്നു ഈ നടപടി. അങ്ങനെ നിയമങ്ങളിലേക്ക് രാഷ്ട്രീയം കയറ്റിവിട്ട് മോദി രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കനത്ത പ്രഹരമാണ് നല്‍കിയത് (ഗുജറാത്തിലെ പ്രശസ്തമായ ലഘുഭക്ഷണമായ ഖക്ക്രാസിന്റെ നികുതി 12% ത്തില്‍ നിന്ന് 5% ആയി കുറച്ചത് ഈ അടുത്താണ്). ഇന്ത്യയിലെ വ്യവസായികളെല്ലാം തന്നെ സങ്കീര്‍ണ്ണമായ ഈ നികുതിപരിഷ്കാരത്തിന്റെ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വിമര്‍ശനങ്ങള്‍ പലയിടങ്ങളില്‍ നിന്നായി ഉയരുന്നു. ഇപ്പോഴും പരിഷ്കരണപ്രക്രിയകള്‍ ജി എസ് ടിയ്ക്കകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. എടുത്തു ചാടി നടപ്പാക്കിയ തന്റെ പരിഷ്കാരങ്ങളുടെ അനന്തരഫലങ്ങള്‍ ഇപ്പോഴാണ് മോദി അനുഭവിക്കാന്‍ തുടങ്ങുന്നത്.

അസാധാരണമായ ഇടപാടുകള്‍ 

ഗവണ്മെന്റിനു നേരെ ഉയരുന്ന വിമര്‍ശനങ്ങളെ നേരിടല്‍ സര്‍ക്കാരിന് അത്ര എളുപ്പമുള്ള കാര്യമായിരിക്കുകയില്ല. മാധ്യമ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ഉത്കണ്ഠാകുലരാണ്, അവരതിനെ എതിര്‍ക്കുന്നില്ല. ഇതിനെ എതിര്‍ത്ത് എഴുതിയ ജേണലിസ്റ്റുകള്‍ക്ക് അവരുടെ തൊഴില്‍ നഷ്ടമാവുന്നു. ബി ജെ പിയിലെ രണ്ടാമനായ അമിത്ഷായുടെ മകന്റെ കമ്പനിയെ കുറിച്ചുള്ള വിവരങ്ങളും, അതിന്റെ ലാഭക്കണക്കുകളും പുറത്ത് വിട്ട് ചില ഒറ്റപ്പെട്ട മാധ്യമങ്ങള്‍ സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ മന്ത്രിമാരെ കൊണ്ടും നിയമനടപടികളെ കൊണ്ടും ഭീഷണിപ്പെടുത്തുകയാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ചെയ്യുന്നത്. മോദിയെ അനുകരിക്കുന്ന കൊമേഡിയന്‍സ് വരെ ടെലിവിഷന്‍ സ്ക്രീനുകളില്‍ നിന്ന് അപ്രത്യക്ഷരാവുന്ന അസാധാരണമായ വാര്‍ത്തകളും ഇന്ത്യയില്‍ കേള്‍ക്കാന്‍ കഴിയുന്നു.

വാസ്തവത്തില്‍ ബി.ജെ.പിക്ക് ഒരു നയങ്ങളിലും താത്പര്യമില്ല. ബിജെപിയുടെ നയങ്ങളെല്ലാം തങ്ങളുടെ വോട്ടര്‍മാരെ ഏകീകരിക്കാന്‍ മാത്രമുള്ളവയാണ്. ഉദാഹരണത്തിന്, ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ബസുകള്‍ക്കും കാവി നിറം കൊടുക്കാനാണ് പുതിയ സര്‍ക്കാര്‍ ഉത്തരവിട്ടത് (ആ നിറം ഹിന്ദു മതവുമായി ബന്ധപ്പെട്ട ഒരു നിറമാണ്). സംസ്ഥാനത്തിന്റെ പ്രധാനാകര്‍ഷണമായ താജ് മഹല്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക ലിസ്റ്റില്‍ നിന്ന് വെട്ടിമാറ്റുന്നു. അതിനു കാരണം താജ് മഹല്‍ നിര്‍മ്മിച്ചത് ഒരു മുസ്ലീം ചക്രവര്‍ത്തിയായിരുന്നു എന്ന കാരണമാണ്. മുമ്പ് അതൊരു ശിവക്ഷേത്രമായിരുന്നു എന്ന വാദവും ഇപ്പോളവര്‍ ഉന്നയിക്കുന്നുണ്ട്. അങ്ങനെ ഇതരമതങ്ങളെ പ്രകോപിപ്പിക്കുന്ന നടപടികളാണ് ബിജെപി പിന്തുടരുന്നത്.

അധികാരമേഖലയില്‍ ബിജെപി അവരുടെ നയങ്ങളാണ് വ്യാപിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യം പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ ഒരു ചെറു സംസ്ഥാനമായ ഗോവയുടെ മുഖ്യമന്ത്രിയാവുന്നതിനായി മന്ത്രിസ്ഥാനം രാജി വച്ചിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് ഒന്നാമത്തെ വലിയ ഒറ്റക്കക്ഷിയായതായിരുന്നു. എന്നാല്‍ ചില സഖ്യകക്ഷികള്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായാല്‍  പിന്തുണയ്ക്കാമെന്ന് നിര്‍ബന്ധബുദ്ധി പ്രകടിപ്പിച്ചപ്പോള്‍ അധികാരം പിടിക്കാന്‍ അവര്‍ക്ക് മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. ജി.എസ്.ടി നയങ്ങള്‍ രൂപീകരിച്ച ധനമന്ത്രിക്കായിരുന്നു അടുത്ത ആറ് മാസത്തേക്ക് പ്രതിരോധത്തിന്റെ ചുമതല കൂടി നല്‍കിയത്. ചൈനയുമായും, പാക്കിസ്ഥാനുമായും നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്ന ഒരു സമയമായിരുന്നു അത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ദേശീയതയെയും ദേശസ്നേഹത്തെയും അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാര്‍ട്ടിയും, ആ പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരും രാജ്യത്തിന്റെ പ്രതിരോധനയത്തിന് ഒരു വിലയും നല്‍കാതെ,  രാജ്യത്തിന്റെ ജനസംഖ്യയില്‍ 0.1% മാത്രം വരുന്ന ഒരു സംസ്ഥാനത്തിന്റെ ഭരണം പിടിക്കാന്‍ പോയ കാഴ്ച എത്രമാത്രം ഭീതിതമാണ്. 

ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ 18 സംസ്ഥാനങ്ങളിലും സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് ബി.ജെ.പിയോ അവരുടെ സഖ്യകക്ഷികളോ ആണ്. എന്നാല്‍ നയരൂപീകരണത്തിലെ പരാജയങ്ങളും, നിലപാടുകളും ഈ സര്‍ക്കാരിന്റെ പോരായ്മകളായി ഈ അടുത്ത കാലത്ത് ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്. ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ അതുകൊണ്ട് തന്നെ നല്ല പോരാട്ടമുണ്ടാവുമെന്ന് പാര്‍ട്ടി വൃത്തങ്ങളും പറയുന്നു. മോദിക്ക് ഇനിയും വിജയങ്ങളാവശ്യമാണേങ്കില്‍ ക്യാമ്പൈനുകളിലല്ല, അദ്ദേഹം ശ്രദ്ധിക്കേണ്ടത്. മറിച്ച്, ഈ രാജ്യത്തെ എങ്ങനെ നയിക്കാമെന്ന് തനിക്കറിയാം എന്ന് തെളിയിക്കുകയാണ്.
Powered by Blogger.