Header Ads

പത്മാവതി: ആവിഷ്കാരത്തിന് നേരെയുള്ള കടന്നുകയറ്റമോ?


ഡിസംബര്‍ ഒന്നിന് റീലീസ് ചെയ്യാനിരിക്കുന്ന പത്മാവതി എന്ന സിനിമയെ കുറിച്ചുള്ള വിവാദങ്ങളും, അത് വഴിമരുന്നിട്ട പ്രതിഷേധങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രൂക്ഷമാവുകയാണ്. പ്രതിഷേധങ്ങള്‍ക്ക് രാഷ്ട്രീയ രൂപം കൈവന്ന് തുടങ്ങിയിരിക്കുന്നു.


എല്ലായ്പ്പോഴുമെന്ന പോലെ ഈ രാജ്യത്ത്  വികാരങ്ങളെ വ്രണപ്പെടുത്തലുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളുടെ നിരക്കുകളില്‍ വലിയ ഉയര്‍ച്ചയുണ്ട്. ഇതിലെ അവസാന വിഷയം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത 'പത്മാവതി' എന്ന സിനിമയുടെ റിലീസിങ്ങ് തടയപ്പെടുന്നു എന്നതാണ്. റിലീസിങ്ങ് തടയാനാവില്ല എന്ന സുപ്രീം കോടതി വിധി വന്നതിന് ദിവസങ്ങള്‍ക്കകം സിനിമയുടെ റിലീസിങ്ങ് തടയണമെന്നാവശ്യപ്പെട്ട് സെന്റ്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന് മേവര്‍ രാജകുടുംബം നിരന്തരമായി കത്തയക്കുകയാണ്. അതേസമയം ഗുജറാത്തില്‍ രജപുത് കര്‍ണിസേന എന്ന സംഘടനയും, മറ്റ് രജപുത്ത്/ഹിന്ദു സംഘടനകളും വലിയ റാലികളാണ് സിനിമക്കെതിരെ സംഘടിപ്പിച്ചിരുന്നത്. ചരിത്രയാഥാര്‍ത്ഥ്യങ്ങളെ ഈ സിനിമ വളച്ചൊടിക്കുന്നു എന്നതാണ് പ്രധാനമായും പത്മാവതിക്കെതിരെ ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന ആരോപണം. മുഖ്യ ഭരണപക്ഷമായ ബി ജെ പിയുടെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ജനപ്രതിനിധികളും ഈ സിനിമയ്ക്കെതിരെ പരസ്യമായി തന്നെ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ ഇന്ത്യന്‍ ഫിലിം ആന്റ് ടെലിവിഷന്‍ ഡയറക്ടേഴ്സ് അസോസിയേഷന്‍ , സിനി ആന്റ് ടിവി ആര്‍ടിസ്റ്റ് അസോസിയേഷന്‍ എന്നിവര്‍  അടക്കം ബോളിവുഡിലെ പ്രധാനപ്പെട്ട അഞ്ച് അസോസിയേഷനുകള്‍ ഈ സിനിമയ്ക്ക് അനുകൂലമായാണ് രംഗത്തെത്തിയിരിക്കുന്നത്. സിനിമാസാഹോദര്യം തകര്‍ക്കാനുതകുന്ന അക്രമമാണ് പദ്മാവതിക്കെതിരെ നടക്കുന്നത് എന്നാണ് അവരുടെ സംയുക്തപ്രസ്താവനയില്‍ പറയുന്നത്.

ബന്‍സാലിക്കെതിരെ ഇപ്പോള്‍ തുടങ്ങിയ എതിര്‍പ്പല്ല ഇത്. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ നിരന്തരം ഷൂട്ടിങ്ങ് സൈറ്റുകള്‍ക്കെതിരെ അക്രമവും തീയിടലുകളുമെല്ലാം നടന്നിരുന്നു. അതുപോലെ ചരിത്രം പഠിച്ചും, ഗവേഷണങ്ങള്‍ നടത്തിയുമാണ് ഈ സിനിമ ചിത്രീകരിക്കാന്‍ തീരുമാനിച്ചത് എന്നുമുള്ള പ്രസ്താവന നല്‍കിയിട്ടും കഴിഞ്ഞ ജനുവരിയില്‍ ബന്‍സാലിയെ കൈയ്യേറ്റം ചെയ്യുന്നതുവരെയെത്തി കാര്യങ്ങള്‍.

ചിറ്റൂരിലെ സുന്ദരിയായ രാജ്ഞിയായിരുന്ന റാണി പത്മിനി/ പത്മാവതിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സിനിമയാണിത്. ഡല്‍ഹിയിയുടെ സമ്പന്നനായ ഭരാണാധികാരിയായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാനായി ചിതയിലേക്കെടുത്തുചാടി ആത്മാഹുതി ചെയ്ത രാജ്ഞിയാണ് പത്മാവതി. 1303ല്‍ ചിറ്റൂരിന് മേല്‍ ഖില്‍ജിയുടെ ഉപരോധമുണ്ടായിരുന്നെന്നും, ആക്രമണം നടത്തിയിരുന്നുവെന്നും രേഖകളുണ്ട്. എന്നാല്‍ പിന്നീടുള്ള ചരിത്രത്തെക്കുറിച്ച് വ്യക്തമായ ധാരണ പുറംലോകത്തിനില്ല. 1540ല്‍ എഴുതപ്പെട്ട മാലിക് മുഹമ്മദ് ജയസി എന്ന കവി അവാധി ഭാഷയിലെഴുതിയ 'പത്മാവത്' എന്ന കവിതയില്‍ അവരെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളുണ്ട്. ഈ കവിത അതിന് മുമ്പ് എഴുതപ്പെട്ട മറ്റൊരു കാവ്യത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എഴുതപ്പെട്ടതാണെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ജയസിയുടെ കവിതയില്‍ കഥാപാത്രങ്ങളുടെ ജാതി മാറ്റപ്പെട്ടിട്ടുണ്ട് എന്ന് ഒരു ആരോപണം നിലനില്‍ക്കുന്നുണ്ട്. കൂടാതെ സൂഫി ഫിലോസഫിയും, വാമൊഴിയിലുള്ള ചരിത്രവുമാണ് ഇവരുടെ ജീവിതവുമായി ഈ കഥകളില്‍ ബന്ധപ്പെട്ട് കിടക്കുന്നത്. അതിനാല്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെട്ട പത്മാവതിയുടെ കഥ  മിഥ്യയും, അന്യാപദേശവും, ചരിത്രവുമെല്ലാം കെട്ടുപിണഞ്ഞ, സങ്കീര്‍ണമായ ഒരു കഥാഖ്യാനമാണ്. ഈ ചേരുവകളെല്ലാം യോദ്ധാവായിരുന്ന ഒരു രാജ്ഞിയുടെ കഥയ്ക്ക് അത്യന്താപേക്ഷിതമായ ചേരുവകള്‍ തന്നെയാണ് താനും.

പത്മാവതിയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സിനിമകളും, മറ്റ് കലകളുമെല്ലാം ഈ പുരാവൃത്തത്തെ അടിസ്ഥനപ്പെടുത്തിയാണ് രൂപപ്പെട്ടിട്ടുള്ളത്. 1961-ല്‍ ജയ് ചിറ്റോര്‍ എന്ന പേരിലും 1964-ല്‍ മഹാറാണി പത്മിനി എന്ന പേരിലും ഈ കഥ സിനിമയാക്കപ്പെട്ടിരുന്നു. 1980കളില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത പരമ്പരയില്‍ ഓംപുരിയാണ് അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപിച്ചിരുന്നത്. ആ പരമ്പരയില്‍ ഖില്‍ജി പ്രായോഗികവാദിയും, സുതാര്യതയുമുള്ള ഒരു രാജാവായിരുന്നു. രണ്‍ബീര്‍ അവതരിപ്പിക്കുന്ന സ്ത്രീലമ്പടനായ ഖില്‍ജിയില്‍ നിന്ന് ഏറെ വ്യത്യാസമുണ്ട് ഓംപുരിയുടെ ഖില്‍ജിക്ക്. എന്നാല്‍, പത്മാവത് ഒരു പാരമ്പര്യത്തിന്റെ ചിത്രീകരണമാണെന്നും, ചരിത്രത്തിന്റെ കൃത്യത അവകാശപ്പെടാനാവില്ലെന്നുമുള്ള ഒരു പ്രസ്താവന ദൂരദര്‍ശന്‍ ഈ പരമ്പര സംപ്രേഷണം ചെയ്യുമ്പോള്‍ ആമുഖമായി നല്‍കിയിരുന്നു. സര്‍ക്കാര്‍ കയ്യാളുന്ന ഒരു ദേശീയ മാധ്യമത്തില്‍ പോലും ഇത്തരമൊരു പ്രസ്താവനയോടെ സംപ്രേഷണം ചെയ്യപ്പെട്ടിരുന്ന കഥ ഇക്കാലത്ത് സിനിമയാക്കുമ്പോള്‍ മാത്രമെന്തിനാണ് ചരിത്രത്തിനോട് നീതി പുലര്‍ത്തേണ്ടത്? എവിടെയാണ് ഈ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്?

ഈ സിനിമയ്ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകളില്‍ ഭരണകക്ഷിയും, അവരുടെ ജനപ്രതിനിധികളും ഇപ്പോള്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. ബി.ജെ.പി നിശബ്ദമായി അവര്‍ക്ക് പിന്തുണ നല്‍കുമ്പോള്‍ ചില ജനപ്രതിനിധികള്‍ പരസ്യമായി സിനിമയ്ക്കെതിരെ സംസാരിക്കുന്നു. രാജസ്ഥാനിലെ ബി ജെ പി സര്‍ക്കാര്‍ സിനിമയുടെ ചിത്രീകരണസമയത്തുണ്ടായ ആക്രമണങ്ങളില്‍ നിന്ന് ക്രൂവിനെ സംരക്ഷിക്കാന്‍ വേണ്ട പോലെ ഇടപെട്ടിരുന്നില്ല എന്ന പരാതിയുണ്ടെങ്കിലും, പലപ്പോഴും സംരക്ഷണമൊരുക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു എന്നത് കാണാതിരുന്നുകൂട. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഒരു അക്രമണത്തിന് ശേഷം രാജസ്ഥാന്‍ മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞത്, ഈ കര്‍ണിസേനയുടെ സൂക്ഷ്മപരിശോധനയ്ക്കായി അവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു. ഇപ്പോഴും അതേ ആവശ്യം ചില ഭാഗങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്. അതെന്ത് തന്നെ ആയാലും ഈ വിവാദത്തിന് പരിഹാരം കാണുന്നതിനായി ചരിത്രകാരന്മാര്‍, സംവിധായകര്‍, പ്രതിഷേധക്കാര്‍, സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ട ഒരു പാനല്‍ രൂപീകരിക്കണമെന്നാണ് കേന്ദ്രമന്ത്രി ഉമാഭാരതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ജനാധിപത്യരാജ്യത്തെ സര്‍ക്കാര്‍ ഒരു സംവിധായകന്‍ ആഗ്രഹിക്കുന്ന സിനിമ പുറത്തിറക്കാനുള്ള സുരക്ഷയാണ് നല്‍കേണ്ടത്. പ്രേക്ഷകര്‍ക്ക് ആ സിനിമ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം. അങ്ങനെ പ്രേക്ഷകര്‍ തിരസ്കരിക്കുന്ന സിനിമ പരാജയപ്പെടട്ടെ. അല്ലാത്തവ വിജയിക്കട്ടെ.
Powered by Blogger.