Header Ads

ചോദ്യക്കണ്ണുകൾ


പുതിയ പംക്തി ആരംഭിക്കുന്നു. ഓര്‍മ്മകളെ തന്റെ ഭാഷയിലൂടെ ആവിഷ്കരിക്കുകയാണ് അദ്ധ്യാപികയും എഴുത്തുകാരിയുമായ രേണുക. തന്റെ വേദനകളും, സന്തോഷങ്ങളും, രാഷ്ട്രീയവുമെല്ലാം ഈ എഴുത്തിലൂടെ അവര്‍ പ്രകടിപ്പിക്കുന്നു. 


"അപ്പോ കുട്ടീടെ അമ്മ ക്രിസ്ത്യാനിയാ?"- ദീപ വിശ്വാസം വരാത്ത പോലെ ചോദിച്ചു.
"അതെ" ഞാൻ വനിതയുടെ പേജുകൾ അലസമായി മറിച്ചു കൊണ്ട് മറുപടി നൽകി.
മറുഭാഗത്ത് അസുഖകരമായ ഒരു മൗനം. പതുക്കെ ഇടംകണ്ണിട്ടു നോക്കുമ്പോൾ കണ്ടു, ദീപ സാരിയുടെ തലപ്പ് വിരലിൽ ചുറ്റി ചുളിച്ച നെറ്റിയോടെ എന്നെ നോക്കി ഇരിക്കുന്നു. ഞാനും ഒന്നും മിണ്ടിയില്ല. അസ്വസ്ഥതയോടെ ദീപ വിരലുകളിൽ സാരിത്തലപ്പ് ചുറ്റിക്കൊണ്ടേയിരുന്നു.

എം.എ. മലയാളം ക്ളാസാണ് രംഗം. എല്ലാവരും ഉച്ചഭക്ഷണം കഴിഞ്ഞുള്ള കളി ചിരി സല്ലാപങ്ങളിലാണ്. ഹോസ്റ്റലിൽ താമസിക്കുന്ന ആരോ കൊണ്ടുവന്നതാണ് വനിത മാസിക. അതിലൊരു സ്പെഷ്യൽ ഫീച്ചറുണ്ട്. 'മതവും മംഗല്യവും'. അതാണ് ഫീച്ചറിന്റെ തലക്കെട്ട്. വിവാഹം മതത്തിന്റെ മതിൽക്കെട്ട് തകർക്കുന്നതിന്റെ ഗുണദോഷഫലങ്ങൾ ആണ് ഉള്ളടക്കം. ഉച്ചകഴിഞ്ഞ് നടക്കാൻ പോകുന്ന സംവാദവും ഇതാണ്. അതിനിടയിലാണ് മിശ്ര വിവാഹിതയായ ഞാൻ ദീപക്ക് ഇരയാവുന്നത്.

"അപ്പോൾ രേണു ഏത് മതത്തിലാ വിശ്വസിക്കുന്നത്?"- ദീപ ചോദിച്ചു.

"ഞാൻ..." എനിക്ക് പെട്ടെന്ന് ഒരു മറുപടി കിട്ടിയില്ല. ബാല്യകാലം ചിലവഴിച്ചത് മുഴുവൻ പപ്പയുടെ തറവാട്ടിലാണ്. അവിടെ ഹൈന്ദവ രീതികൾ കണ്ടും പഠിച്ചുമാണ് ഞാൻ വളർന്നത്. പക്ഷേ, തറവാട്ടു നിയമങ്ങൾ കാറ്റിൽ പറത്തി പപ്പ ക്രിസ്ത്യാനിയായ അമ്മയെ വിവാഹം കഴിച്ചത് ആദ്യമൊക്കെ എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും 'പാലം കുലുങ്ങി യാലും കേളൻ കുലുങ്ങില്ല' എന്ന നിലപാടോടെ പപ്പ ജീവിക്കാൻ തുടങ്ങിയതോടെ എതിർപ്പുകളുടെ ജ്വാലകൾ മെല്ലെ കെട്ടടങ്ങി.
വർഷങ്ങൾക്ക് ശേഷം എന്റെ ജീവിതത്തിലും അതാവർത്തിച്ചു. ക്രിസ്ത്യാനിയായ സ്കറിയ എന്റെ കൂട്ടായി ജീവിതത്തിലേക്ക് കടന്നു വന്നു. ഞങ്ങൾ ചിന്തിച്ചിട്ടില്ലാത്ത ഒരേ ഒരു വിഷയവും ഇതായിരുന്നു. ജാതി... മതം... ആചാരങ്ങൾ... ഒന്നും തന്നെ ഞങ്ങളുടെ ജീവിതത്തിൽ താളപ്പിഴ തീർത്തില്ല.

ഇപ്പോൾ പെട്ടെന്ന് ദീപ ജാതിയെ കുറിച്ച് ചോദിച്ചപ്പോൾ ഞാനമ്പരന്നു.

"ദീപേ... ഞാനിതു വരെ എന്റെ ജാതിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. മനുഷ്യ ജാതിയിൽപെട്ട ഒരു പെണ്ണ് എന്ന് കരുതിക്കോളൂ..'' - ഞാൻ അല്പം നീരസത്തോടെ മറുപടി നൽകി.
ദീപ എന്നെ വെറുതെ വിടാൻ ഭാവമില്ലായിരുന്നു.

"അതൊക്കെ പ്രസംഗിച്ച് നടക്കാൻ കൊള്ളാം. ജാതിയില്ലാതെ തനിക്കെന്ത് മേൽവിലാസമാണെടോ കിട്ടാൻ പോകുന്നത്? മനുഷ്യനായി ജനിച്ചാൽ ഒരു ജാതി വേണം. വേരുകളുണ്ടെങ്കിലേ ഏത് വൻ മരത്തിനും തലയുയർത്തി നിൽക്കാനാവൂ''
- അത് പറയുമ്പോൾ ദീപയുടെ കറുത്ത മുഖം ഒന്നു കൂടെ ഇരുണ്ടു.

ഉളളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം അടക്കി ഞാനിരുന്നു. ചില സമയങ്ങളിൽ നമ്മൾ അങ്ങനെ ഒരവസ്ഥയിലായി പോകും. മറുപടിയായി നമ്മളെന്തു നൽകിയാലും എതിരാളി  ഇനിയും ഒരങ്കത്തിന് ബാല്യമുണ്ടെന്ന മട്ടിൽ നിൽക്കുമ്പോൾ പ്രത്യേകിച്ചും മനസ് നൂലു പൊട്ടിയ പട്ടം പോലെ അങ്ങനെ അലയും.

ക്ളാസ് തുടങ്ങി. സംവാദം പൊടി പാറുകയാണ്. പലരും വ്യവസ്ഥിതിയിൽ ഊന്നി നിന്നുകൊണ്ട് ജാതീയമായ ചട്ടക്കൂടുകൾക്കനുസരിച്ചുളള ജീവിതത്തിന്റെ വിജയസാദ്ധ്യതകളെ കുറിച്ച് വാചാലരായി.

ദീപയുടെ ഊഴമായി. അവള്‍ എഴുന്നേറ്റു.

"എനിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുകളുണ്ട്. ഒന്നാമതായി, വിവാഹം എന്ന സങ്കല്പം തന്നെ ഭാവിജീവിതത്തെ മൊത്തമായി അടിസ്ഥാനമാക്കി നടത്തേണ്ടുന്ന ഒരു പാവന കർമ്മമാണ്. അത് ജാതിക്കും മതത്തിനും പ്രാധാന്യം നൽകിക്കൊണ്ടു തന്നെ വേണം. നമുക്കു ചുറ്റുമുള്ള ബന്ധങ്ങളെ മാനിച്ചു കൊണ്ടേ അത് സുഗമമായി പോകു. അല്ലെങ്കിൽ നമ്മുടെ രേണുന്റെ ജീവിതം പോലെ കാറ്റ് പിടിച്ച വാഴയില പോലെ കീറിപ്പറിഞ്ഞ് പോകും"

ക്ളാസ് നിശ്ശബ്ദമായി. എല്ലാ കണ്ണുകളും എനിക്ക് നേരെ തിരിഞ്ഞു.

"രേണുന്റെ കാര്യം നോക്കു... അച്ഛൻ ഹിന്ദു, അമ്മ ക്രിസ്ത്യാനി. താൻ ഏത് ജാതിയാണെന്ന് പോലും അവൾക്ക് നിശ്ചയമില്ല. പാരമ്പര്യം കൈമാറി കിട്ടുന്ന തലമുറകളുടെ പുണ്യം ഏറ്റ് വളരാൻ അവൾക്ക് വിധിയുണ്ടായില്ല. ഫലമോ..? ഏതോ ഒരു ക്രിസ്ത്യാനി കുടുംബത്തിലേക്ക് വധുവായി ചെല്ലാൻ നിർബ്ബന്ധിതയായി. ആദർശം പറയാനേ പറ്റു. പ്രാവർത്തികമാക്കാൻ ഇത്തിരി ബുദ്ധിമുട്ടാ. ഈ ക്ളാസിലെ ഏറ്റവും ദു:ഖിതയായ പെൺകുട്ടി രേണു തന്നെയാണെന്ന് എനിക്ക് ഉറപ്പാണ്. കാരണം പൈതൃകമായി എടുത്ത് കാട്ടാൻ മാത്രം ഒരു നല്ല ഭൂതകാലം അവൾക്കില്ലാതെ പോയി"

അവൾ ഒന്നു നിർത്തി. വീണ്ടും തുടർന്നു...

"എനിക്കോ നിങ്ങൾക്കോ കിട്ടിയിരുന്ന ബന്ധങ്ങളുടെ ഊഷ്മളത അനുഭവിക്കാൻ അവൾക്കായില്ല. ഇനി അവൾക്കുണ്ടാവുന്ന കുട്ടികൾക്ക് എത് ജാതിയാണ് അവകാശപ്പെടാൻ കഴിയുക? നമ്മളെന്തൊക്കെ പുരോഗമനം പറഞ്ഞാലും ജാതിയും മതവും വ്യക്തിക്ക് നൽകുന്ന സാമൂഹികവും മാനസികവുമായ സുരക്ഷിതത്വം ഒന്നു വേറെത്തന്നെയാണ്. എന്റെ അഭിപ്രായത്തിൽ ജാതിയിൽ ഒതുങ്ങി നിന്നുള്ള വിവാഹത്തിനേ അന്തസും നിലനില്പും ഉണ്ടാവു"

സംസാരം കഴിഞ്ഞ് ഒരു വിജയച്ചിരിയും ചുണ്ടിൽ വിടർത്തി അവൾ പിൻവാങ്ങി. അടുത്തത് എന്റെ ഊഴം. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.

എന്റെ മനസിലപ്പോൾ സ്നേഹം പൂത്തു വിടർന്ന എന്റെ സ്കറിയയുടെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇളം നീല ബംഗാൾ കോട്ടൺ സാരി ഒതുക്കിപ്പിടിച്ച് ഞാൻ തലയുയർത്തി നിന്നു.

"ഇവിടെ മതവും വിവാഹവും ആണ് വിഷയം. അല്ലാതെ രേണു എന്ന ഞാനോ സ്കറിയ എന്ന എന്റെ ഭർത്താവോ അല്ല. ദീപ കഴിഞ്ഞ ഒരു മണിക്കൂറായി നിരവധി ചോദ്യങ്ങൾ തലങ്ങും വിലങ്ങും ചോദിച്ച് എന്നെ വെറുപ്പിച്ച് കൊണ്ടിരിക്കയായിരുന്നു. ദീപയുടെ ബാലിശവും പിന്തിരിപ്പനുമായ ചോദ്യങ്ങൾ മറുപടി അർഹിക്കാത്തത് കൊണ്ടു മാത്രമാണ് ഞാൻ നിശ്ശബ്ദത പാലിച്ചത്. അല്ലാതെ എന്റെ ജാതിയില്ലായ്മയെ കുറിച്ച് ദു:ഖിച്ചിട്ടല്ല. അന്തസ്സായി ജീവിക്കാനും സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാനുമാണ് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത്. എന്റെ അച്ഛനോ അമ്മയോ ജാതിയുടേയും മതത്തിന്റെയും പേരിൽ കലഹിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. അവരുടെ ജീവിതം പകർന്നു തന്ന ഊർജ്ജം തന്നെയാണ് എന്റെ പാരമ്പര്യം. അവരുടെ സ്നേഹം കൊളുത്തി വെച്ച പ്രകാശം തന്നെയാണ് എന്റെ മതം."

കൈയടികളാൽ നിറഞ്ഞ നിമിഷങ്ങൾ! പിന്നെ ഒന്നു നിർത്തി ഞാൻ തുടർന്നു ..

"ദീപക്ക് എന്റെ ജീവിതത്തെ കുറിച്ചുള്ള ഉൽക്കണ്ഠ കണ്ടപ്പോൾ എന്റെ മനസ് നിറഞ്ഞു. മുള്ളൂവേലിക്കകത്ത് കുടുങ്ങിക്കിടക്കുന്ന താറാവിന്റെ ജീവിതം എനിക്ക് വേണ്ട. ജാതിയും മതവും അതിരു തീർക്കാത്ത നീലവാനത്തിൽ ഒരു കാക്കയായി പറന്നു നടക്കാൻ തന്നെയാണ് എനിക്കിഷ്ടം. കൂടെ ക്രിസ്ത്യാനി എന്നു ദീപ വിളിച്ച എന്റെ സ്കറിയയും ഉണ്ടാവും. ഞങ്ങൾക്ക് താഴെ അലയടിക്കുന്ന കടലു കാണാം. ഉന്നതമായ പർവ്വതങ്ങൾ കാണാം. ഈ കാഴ്ചയുടെ സുഖം വാക്കുകളിൽ ഒതുക്കിയിടാനാവില്ല. അത് കൊണ്ട് സഹതാപം എനിക്കാവശ്യമില്ല. കാരണമില്ലാതെ മറ്റുള്ളവരുടെ ജീവിതത്തെ തുളച്ചു നോക്കാനും എനിക്കിഷ്ടമില്ല"

"അവസാനമായി ഒരു തിരുത്തൽ കൂടി.. ഈ ക്ളാസിലെ എന്നല്ല, ഈ കോളേജിലെ തന്നെ ഏറ്റവും ഭാഗ്യവതിയും സന്തോഷവതിയും ഞാൻ തന്നെയാണ്"

നിലക്കാത്ത കരഘോഷം!

ദീപ ചുണ്ടുകൾ കോട്ടി ജനാലയിലൂടെ പുറത്ത് തിളക്കുന്ന ഉച്ചവെയിലിനെ ആദ്യമായി കാണുകയാണെന്ന നാട്യത്തിൽ ഇരിക്കുന്നത് അല്പം ക്രൂരമായ ഒരാനന്ദത്തോടെ ഞാൻ കണ്ടു.

ജീവിക്കാൻ എല്ലാർക്കും ഈ ഭൂമിയിൽ അവകാശമുണ്ട്. പക്ഷേ, ചിലർ മൊത്തമായി മറ്റുള്ളവരുടെ അവകാശങ്ങളെ കൂടി ഏറ്റെടുക്കുന്നത് കാണുമ്പോൾ എനിക്ക് ദേഷ്യമല്ല സഹതാപമാണ് തോന്നുന്നത്.

ജാതിയും മതവും വേണ്ടവർ അതിനനുസരിച്ച് ജീവിക്കുക.അതല്ലാതെ ജീവിക്കാൻ തീരുമാനിച്ച വരെ അവരുടെ പാട്ടിന് വിടുക.

കാലം മുന്നോട്ടും മനുഷ്യമനസുകൾ പുറകോട്ടും ജീവിക്കുന്ന ഈ പടു കാലത്തിൽ ദീപയെ പോലുള്ളവർ വർധിക്കുകയാണ്. ഒ.എൻ.വി.കുറുപ്പിന്റെ വരികൾ കടമെടുത്ത് ഞാൻ നിർത്തട്ടെ..

"ദീപങ്ങളൊക്കെ കെടുത്തി ഞാൻ പ്രാർത്ഥിച്ചു, "ദീപമേ നീ നയിച്ചാലും... "
Powered by Blogger.